കഴിഞ്ഞയാഴ്ച കൃഷി വകുപ്പിന്റെ പരിശീലന കേന്ദ്രമായ ആനയറ 'സമേതി'യിൽ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഒരു ശില്പ ശാലയിൽ പങ്കെടുത്തപ്പോൾ മലപ്പുറത്ത് കൊണ്ടോട്ടിയിൽ നിന്നുമുള്ള ഒരു കർഷക സുഹൃത്തുമായി കൃഷിയുടെ ലാഭനഷ്ടങ്ങളെ കുറിച്ച് സംസാരിക്കുവാൻ ഇടയായി. പറഞ്ഞു വന്നപ്പോൾ കൃത്യമായി ഒരു ബഡ്ജറ്റോ കണക്ക് പുസ്തകമോ ആക്‌ഷൻ പ്ലാനോ ഒന്നുമില്ല എന്ന് അദ്ദേഹം സമ്മതിച്ചു.
ഏതൊരു വരുമാനദായക പ്രവർത്തനത്തിനും ഒരു പ്ലാനും ബഡ്ജറ്റും അവലോകനവും ഒക്കെ വേണ്ടതല്ലേ?
* പക്ഷെ കർഷകരിൽ ഗണ്യമായ വിഭാഗത്തിനും ഇതൊന്നുമില്ല.
* കണക്കൊക്കെ വച്ചിട്ട് എന്താകാനാ? ഒക്കെ നഷ്ടം തന്നെ എന്ന സ്ഥിരം പല്ലവി...
* ഒക്കെ നഷ്ടമാകുന്ന ഒരു തൊഴിൽ ചെയ്യുന്ന ആളെ ആര് ബഹുമാനിക്കാൻ..
വ്യത്യസ്തനായ ഒരാളെ അതിന് മുൻപേ പരിചയപ്പെട്ടു. കോലോത്തുംപാടം പാടശേഖര സമിതി സെക്രട്ടറിയും കർഷകോത്തമ പുരസ്‌കാര ജേതാവുമായ എടപ്പാളിലെ ശ്രീ അബ്ദുൾ ലത്തീഫ്. മതിപ്പുളവാക്കുന്ന പെരുമാറ്റം, കൃത്യതയോടെ ഉള്ള കണക്കുകൾ, ആസൂത്രണ മികവിന്റെ നേർ ചിത്രം. ഒരു ലേഖനം അദ്ദേഹത്തെ കുറിച്ച് മാത്രം എഴുതുന്നുണ്ട്.
ഏറ്റവും കൂടുതൽ ലാഭവും എന്നാൽ നഷ്ട സാധ്യതയും ഉള്ള കൃഷിയാണ് ഓണവാഴ കൃഷി. കൃത്യമായ ആസൂത്രണം നടീൽ സമയത്തിന്റെ കാര്യത്തിലും വള പ്രയോഗത്തിലും നനയിലും ഉണ്ടെങ്കിൽ, കാറ്റു ചതിച്ചില്ലെങ്കിൽ മികച്ച വരുമാനം ഉറപ്പ്.
ശാസ്ത്രീയ പരിപാലന മുറകൾ പാലിക്കുകയും ഓരോ നാലില വരുമ്പോഴും സന്തുലിതമായ വളപ്രയോഗം നടത്തുകയും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷിക്കാൻ വിള ഇൻഷുർ ചെയ്യുകയും കുല വരുമ്പോൾ വാഴയ്ക്ക് അത്യാവശ്യം താങ്ങു കൊടുക്കുകയും കുറച്ചൊക്കെ കുടുംബദ്ധ്വാനം ഉപയോഗിക്കുകയും ചെയ്താൽ ഒരു വാഴയ്ക്ക് 170-180 രൂപ ചെലവ് വന്നേക്കാം.
നാല് ശതമാനം പലിശക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പ്രയോജനപ്പെടുത്തുകയും ആകാം.
വിളവെടുക്കുമ്പോൾ 10-12കിലോ ഉറപ്പാണ്. കിലോയ്ക്ക് 56-60രൂപ കൂട്ടിയാൽ തന്നെ 500-600രൂപ ഒരു വാഴയിൽ നിന്നും കിട്ടും. കോസ്റ്റ് -ബെനെഫിറ്റ് റേഷ്യോ 1:3.സ്വന്തം അധ്വാനം കൂടുതൽ പ്രയോജനപ്പെടുത്താമെങ്കിൽ ചെലവ് 120-130 രൂപയിൽ ചെലവൊതുക്കാം.
* നേന്ത്ര വാഴ കൃഷിയ്ക്ക് നല്ല തുറസ്സായ സ്ഥലം നിർബന്ധം.
* വെള്ളക്കെട്ട് ഒരു കാരണവശാലും ഉണ്ടാകരുത്.
* രണ്ടു മീറ്റർ അകലം വാഴകൾ തമ്മിൽ കൊടുത്തില്ലെങ്കിൽ ഇലപ്പുള്ളി രോഗം ഗുരുതരമാകും.
* കന്ന് നന്നായി വൃത്തിയാക്കി തിളച്ച വെള്ളത്തിൽ 20സെക്കന്റ് മുക്കി പച്ചചാണക കുഴമ്പിൽ മുക്കി വെയിലത്തുണക്കി നടണം.
അടിസ്ഥാന വളമായി 10കിലോ അഴുകി പൊടിഞ്ഞ ചാണകപ്പൊടി, കാൽ കിലോ വീതം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ കന്നിന് ചുറ്റുമായി മണ്ണുമായി ചേർത്ത് കരിയിലകൾ കൊണ്ട് പുതയിടണം.
* ഓരോ വളപ്രയോഗത്തിനും പത്തു ദിവസം മുൻപ് 100ഗ്രം കുമ്മായം വാഴയ്ക്ക് ചുറ്റുമായി അകലത്തിൽ വിതറി മണ്ണിലെ പുളിപ്പിനെ മെരുക്കണം.
* രണ്ടാം മാസത്തിലും നാലാം മാസത്തിലും സൂക്ഷ്മമൂലക മിശ്രിതം കൊടുക്കണം.
ഓരോ മുപ്പതു ദിവസം കൂടുമ്പോഴും അല്ലെങ്കിൽ നാലില വരുമ്പോഴും ഒരു വളപ്രയോഗം വേണം. അങ്ങനെ കുലയ്ക്കുന്നതിനു മുൻപ് അഞ്ച് തവണയും കുല വന്ന് അവസാന പടല വിരിയുമ്പോൾ കൂമ്പൊടിച്ചു അവസാന വളവും കൊടുത്ത് മണ്ണടുപ്പിച്ചാൽ പിന്നെ വായുദേവനെ പ്രാർഥിച്ചു പിണ്ടിപ്പുഴു വരാതെ തോട്ടം കണ്ണാടി മിനുസത്തിൽ സൂക്ഷിച്ചാൽ ഒരുത്തനെയും പേടിക്കേണ്ട... മിന്നിക്കും.
ഇതൊക്കെ ഇത്ര കൃത്യമായി ചെയ്യണമെങ്കിൽ ആസൂത്രണം (planning )വേണം, Action Plan വേണം, കണക്ക് പുസ്തകവും വേണം.
മിടുക്കുണ്ടെങ്കിൽ ഇടവിള ചെയ്തും ഇട വരുമാനം നേടാം. വള്ളിപ്പയർ ആദായ ഇടവിള. ഒടുവിൽ വിളവെല്ലാം എടുത്ത് കഴിഞ്ഞ്, വളമായി വാഴച്ചുവട്ടിൽ അടുപ്പിക്കുകയും ചെയ്യാം.
നനച്ചു വളർത്തുന്ന നേന്ത്രവാഴക്കൃഷിയിൽ വളപ്രയോഗത്തിന്റെ കൂടുതൽ -കുറവ് കൊണ്ട് ഉണ്ടാകുന്ന ഒരു പിടി പ്രശ്നങ്ങൾ ഉണ്ട്. അത് ഉണ്ടാകാതെയും ഉണ്ടായാൽ കൃത്യമായി പരിഹരിച്ചും പോകാൻ ഒരു കര്ഷകന് കഴിയണം. അതിന് അറിവ് നേടണം. കൃഷി വകുപ്പിന്റെ കേരള കർഷകൻ വായിക്കണം. (ബ്ലീസ് )
എന്തൊക്കെ ആണ് നേന്ത്രവാഴയിൽ വളപ്രയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ?
കുട്ടികളിൽ ഭക്ഷണക്കുറവ് മൂലം ഉള്ള അവസ്ഥയെ Malnutrition എന്ന് പറയും. പക്ഷെ ഇപ്പോൾ കുട്ടികളിൽ ഭക്ഷണ കൂടുതൽ കൊണ്ടുള്ള Mall Nutrition ആണ് കൂടുതൽ. അതായത് രമണാ... കണ്ട മാളിൽ ഒക്കെ കയറി പിസയും ബർഗറും 'ശവാ'യിയും അൽഫാമും ഒക്കെ അടിച്ചു വീക്കി ഗുണ്ടപ്പൻ ആയിരിക്കുന്ന അവസ്ഥ.
ഇത് പോലെ വാഴയിലും വരാം. വളം കുറഞ്ഞുള്ള പ്രശ്നങ്ങൾ, അമിതമാകുമ്പോൾ ഉള്ള പ്രശ്നങ്ങൾ.
കുറവുണ്ടെങ്കിൽ പിന്നെ വേഗം അറിയാം. മഞ്ഞളിപ്പ്, ഇലകൾ വരാൻ താമസം, ചുരുൾ നിവരാൻ വൈമനസ്യം, വിരിവ് കുറവ്, ഓണത്തിന് കുല വെട്ടേണ്ടത് പിന്നെ മണ്ഡല കാലത്തായിരിക്കും വെട്ടുക. പല വള വിരോധികളുടെയും തോട്ടത്തിന്റെ അവസ്ഥ...
പക്ഷെ വളം കൂടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.
പോള പൊളിച്ചിൽ :- അമിതമായി നൈട്രജൻ വാഴയിൽ എത്തിയാൽ (ചാണകം, കോഴി വളം, യൂറിയ, ഫാക്റ്റം ഫോസ്, മറ്റ് സാന്ദ്രീകൃത ജൈവ വളങ്ങൾ )ഒരേ സമയം പല രൂപത്തിൽ ചെടിയിൽ എത്തുമ്പോൾ പോളകൾ പൊളിഞ്ഞു തുടങ്ങും. അത് Mall ന്യൂട്രിഷന്റെ ലക്ഷണമാണ്. മുളയിലേ നുള്ളണം. അടുത്ത വളത്തിൽ നൈട്രജന്റെ കാര്യത്തിൽ മിതത്വം പാലിക്കണം. പൊട്ടാഷ് അല്പം കൂട്ടി നല്കണം.
വാഴപ്പനി :- ഇത് പാട്ടകൃഷി ചെയ്യുന്ന തോട്ടങ്ങളിൽ കൂടുതൽ കാണാം. അമിതമായ രാസ വള പ്രയോഗം, ലുബ്ധിച്ചുള്ള ജൈവ വള പ്രയോഗം, പൊട്ടാഷ് വേണ്ടത്ര ചേർക്കാത്ത വള പ്രയോഗ രീതി, ഫാക്റ്റം ഫോസ് കൂടിയ അളവിൽ കുറെ വര്ഷങ്ങളായി നൽകുമ്പോൾ ഉണ്ടാകുന്ന നൈട്രജൻ -പൊട്ടാസ്യം അസന്തുലിതാവസ്ഥ.വാഴകൈകൾ ഒടിഞ്ഞു പോളയിൽ വെള്ളം കെട്ടി അഴുകി പോകും. തൊട്ടാൽ നല്ല ചൂട് തോന്നും (അതാണ് പനി എന്ന് ഉദ്ദേശിച്ചത് ). ഇലകൾ ആയുസ്സറാതെ ഉണങ്ങും. വാഴയ്ക്കനുസരിച്ചു കുലകൾക്കു വലിപ്പം ഉണ്ടാകില്ല.
വെള്ളതൂമ്പ് :- അമിതമായി നൈട്രജൻ പ്രയോഗം തുടരുമ്പോൾ (പോള പോളിയൽ കണ്ട് തുടങ്ങിയിട്ടും ഗൗനിക്കാതെ ) അമിതമായ ജലസേചനവും കൂടി ആകുമ്പോൾ ആഴ്ചയിൽ ഒരില എന്ന കണക്കിന് വിരിയേണ്ട ഇലകൾ പ്രായം തികയാതെ പച്ച നിറം ഇല്ലാതെ വെള്ള നിറത്തിൽ തള്ളി വന്ന് അഴുകുന്ന ലക്ഷണം.അപ്പോൾ നൈട്രജൻ മിതമാക്കണം, പൊട്ടാഷ് കൂടുതൽ കൊടുക്കണം. നന അല്പം കുറയ്ക്കണം
ക്യടം പൊട്ടൽ :- വാഴക്കുല പുറത്ത് കാണുമ്പോൾ തെക്കൻ കേരളത്തിൽ കുടം വന്നു എന്ന് പറയും. അമിതമായ നൈട്രജൻ, പൊട്ടാസ്യത്തിന്റെയും കാൽസിയത്തിന്റെയും കുറവ് എന്നിവ മൂലം പടല വിരിയുന്നതിന് മുൻപ് തന്നെ കുടം പൊട്ടി താഴെ കിടക്കും. അതിലും സങ്കടകരമായ ഒരു കാഴ്ച വാഴ കൃഷിയിൽ ഇല്ല.
പിന്നെ കാൽസ്യം, ബോറോൺ എന്നിവയുടെ അപര്യാപ്തത കൊണ്ടുള്ള പ്രശ്നങ്ങൾ, അത് മറ്റൊരു ലേഖനത്തിൽ.
അപ്പോൾ വള പ്രയോഗത്തിൽ ഉള്ള മിതത്വം, കൃത്യത, ശരിയായ നന എന്നിവ ഏറ്റവും പ്രധാനം എന്ന് ഇനി പറയേണ്ടല്ലോ...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ (കൃഷി ഓഫീസർ ചാത്തന്നൂർ)