നിങ്ങളുടെ വീട്ടിൽ ചക്കയുണ്ടോ എങ്കിൽ ഓരോ ദിവസവും ട്രൈ ചെയ്തു നോക്കൂ. ചക്ക കൊണ്ടുള്ള 10 വിഭവങ്ങളെ പരിചയപ്പെടാം.
1. ഇടിച്ചക്കത്തോരൻ
🔹ചേരുവകൾ
1. ഇടിച്ചക്ക പ്രായത്തിലുള്ള
ചക്ക– ഒന്ന്
2. നാളികേരം–ഒന്ന് (ചിരവിയത്)
3. കടുക്, വറ്റൽ മുളക്,
ഉഴുന്നുപരിപ്പ്, പച്ചരി–ഒരു ടീസ്പൂൺ
4. കറിവേപ്പില–ഒരു തണ്ട്
5. വെളിച്ചെണ്ണ–രണ്ടു ഡിസേർട്ട് സ്പൂൺ
6. മഞ്ഞൾപ്പൊടി, മുളകുപൊടി–കാൽ ടീസ്പൂൺ വീതം
7. ഉപ്പ്–പാകത്തിന്
🔹പാചകം ചെയ്യുന്നവിധം
ഇടിച്ചക്കയുടെ പുറം ചെത്തി തൊലി മാത്രം കളഞ്ഞ് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഇതിൽ വെള്ളമൊഴിച്ച് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞ് ചക്ക ഉടച്ച് തേങ്ങ ചിരവിയതും ചേർത്തു യോജിപ്പിക്കുക. കടുകു വറുത്ത് അതിലേക്ക് ഉടച്ചുവച്ച ചക്കക്കൂട്ട് ഇട്ട് ചെറുതീയിൽ വേവിക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർക്കുക. അടുപ്പിൽനിന്ന് എടുക്കും മുമ്പ് വെളിച്ചെണ്ണ അൽപ്പം ഒഴിച്ചു ഇറക്കിവയ്ക്കുക.
2. കൊത്തുചക്കത്തോരൻ
🔹ചേരുവകൾ
1. മൂക്കാത്ത ചക്ക– ഇടത്തരം ചക്കയുടെ കാൽ ഭാഗം
2. തേങ്ങ– ഒരു മുറി
3. മഞ്ഞൾപ്പൊടി–അര ടീസ്പൂൺ
മുളകുപൊടി– ഒരു ടീസ്പൂൺ
4. കടുക്– ഒരു ടീസ്പൂൺ
വറ്റൽ മുളക്–അഞ്ചെണ്ണം
ഉഴുന്നുപരിപ്പ്–ഒരു ടീസ്പൂൺ
അരി–രണ്ട് ടീസ്പൂൺ
5. കറിവേപ്പില– നാലു തണ്ട്
6. ഉപ്പ്– പാകത്തിന്
7. വെളിച്ചെണ്ണ – അഞ്ച് ടീസ്പൂൺ
🔹പാചകം ചെയ്യുന്ന വിധം
ചൂടായ എണ്ണയിൽ കടുക്, അരി ഇവയിട്ടു മൂക്കുമ്പോൾ അതിലേക്ക് കൊത്തിയരിഞ്ഞ ചക്കയും മഞ്ഞൾപ്പൊടി, മുളകുപൊടി. ഉപ്പ് എന്നിവയും ഇട്ട് വേവിക്കുക. ഇതിൽ തേങ്ങ ചിരവിയത് ചേർത്ത് അഞ്ചു മിനിറ്റ് ആവി കയറ്റുക. തീ അണയ്ക്കുന്നതിനു മുൻപ് വെളിച്ചെണ്ണയും കറിവേപ്പിലയും ഇടുക.
3. ചക്ക എരിശേരി
🔹ചേരുവകൾ
1. ചക്ക (ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി–ഒന്നര ടീസ്പൂൺ
3. മഞ്ഞൾപ്പൊടി–ഒന്നര ടീസ്പൂൺ
4. മുളകുപൊടി– ഒന്നര ടീസ്പൂൺ
5. ഉപ്പ്– പാകത്തിന്
6. വെളിച്ചെണ്ണ– അഞ്ച് ആറ് ടീസ്പൂൺ
7. തേങ്ങ (അരയ്ക്കാൻ)– ഒരു മുറി
വറുക്കാൻ– ഒരു തേങ്ങ
8. ജീരകം– ഒരു ടീസ്പൂൺ
9. നെയ്യ്–ഒന്നര ടീസ്പൂൺ
10. കടുക്– രണ്ടു ടീസ്പൂൺ
🔹പാചകം ചെയ്യുന്ന വിധം
അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തു വേവിക്കുക. വെന്തു വരുമ്പോൾ ജീരകം ചേർത്തരച്ച തേങ്ങയും ചേർക്കുക. അതിലേക്ക് നെയ്യിൽ വറുത്ത ജീരകം, കുരുമുളകുപൊടി, കറിവേപ്പില , വറുത്ത തേങ്ങ എല്ലാം ഇളക്കി യോജിപ്പിച്ച് തിളക്കുമ്പോൾ തീയണച്ചു ഇറക്കി വയ്ക്കുക. ചക്ക വേവിച്ചതിൽ വെള്ളം അധികം ഉണ്ടാകാൻ പാടില്ല.
4. ചക്ക മുളോഷ്യം
1. ചക്ക (മൂത്ത ഇടത്തരം)– കാൽ ഭാഗം
2. കുരുമുളകുപൊടി– അര ടീസ്പൂൺ
3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ
4. പച്ചമുളക്– ആറ്/ഏഴ് എണ്ണം
5. വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ
6. ഉപ്പ്– പാകത്തിന്
7. തേങ്ങ– ഒന്ന്
8. ജീരകം– അര ടീസ്പൂൺ
9. കറിവേപ്പില–മൂന്നു തണ്ട്
🔹പാചകം ചെയ്യുന്ന വിധം
അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ജീരകവും പച്ചമുളകും ചേർത്ത് അരച്ച തേങ്ങ വെന്ത ചക്കയിലേക്ക് ചേർത്ത് തിളപ്പിക്കുക. പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീയണയ്ക്കുക.
5. ചക്കപ്പുഴുക്ക്
1. ചക്ക (വിളഞ്ഞത്)– കാൽ ഭാഗം
2. തേങ്ങ– ഒന്ന്
3. മഞ്ഞൾപ്പൊടി– അര ടീസ്പൂൺ
മുളകുപൊടി– ഒരു ടീസ്പൂൺ
ജീരകം– അര ടീസ്പൂൺ
4. ചെറിയ ഉള്ളി– 8 /10 ചുള
5. പച്ചമുളക്– 5 / 6 എണ്ണം
6. വെളിച്ചെണ്ണ– രണ്ടു ടീസ്പൂൺ
7. കറിവേപ്പില– അഞ്ചു തണ്ട്
🔹പാചകം ചെയ്യുന്ന വിധം
അരിഞ്ഞ ചക്ക കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് ജീരകം, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചതച്ച തേങ്ങയും കൂടി ചേർക്കുക. പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തീ ആണയ്ക്കുക. പച്ചമുളകിനു പകരം കൊല്ലമുളക് ഉപയോഗിക്കാം.
6. ചക്കബജി
1. ചക്കച്ചുള (വിളഞ്ഞത്)–10 എണ്ണം
2. കടലമാവ്–50 ഗ്രാം
3. അരിപ്പൊടി–രണ്ടു ടീസ്പൂൺ
4. മുളകുപൊടി–മുക്കാൽ ടീസ്പൂൺ
5. മഞ്ഞൾപ്പൊടി–കാൽ ടീസ്പൂൺ
6. കായപ്പൊടി–കാൽ ടീസ്പൂൺ
7. കുരുമുളകുപൊടി–കാൽ ടീസ്പൂൺ
8. ഉപ്പ്–പാകത്തിന്
🔹പാകം ചെയ്യുന്ന വിധം
കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് ഇഡ്ഡലി മാവിെൻറ പാകത്തിൽ തയാറാക്കുക. ചൂടായ എണ്ണയിൽ ഓരോ ചക്കച്ചുള വീതം മാവിൽ മുക്കി വറുത്തെടുക്കുക.
7. ചക്കപ്പലഹാരം
1. പഴുത്ത ചക്ക–അര കിലോ ( ശർക്കരയും നെയ്യും
ചേർത്തു വരട്ടിയത്)
2. അരിപ്പൊടി–250 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരെണ്ണം
4. തേങ്ങ ചെറുതായി
നുറുക്കിയത് –കാൽ മുറി
5. എടനയുടെ ഇല അല്ലെങ്കിൽ
വാഴയില–20 എണ്ണം
🔹പാചകം ചെയ്യുന്ന വിധം
വരട്ടിയ ചക്കയും അരിപ്പൊടിയും തേങ്ങ ചിരകിയതും നുറുക്കിയതും അൽപ്പം നെയ്യും കൂടി കുഴച്ച് യോജിപ്പിക്കുക. എടനയിലയിൽ മാവ് കുറച്ചെടുത്ത് ചുരുട്ടുക. ആവിയിൽ വച്ച് വേവിച്ചെടുക്കുക.
8. ചക്കചീഡ
1. ചക്ക വരട്ടിയത് –250 ഗ്രാം
2. അരിപ്പൊടി–200 ഗ്രാം
3. വെളിച്ചെണ്ണ–അര കിലോ
🔹പാകം ചെയ്യുന്ന വിധം
ചക്ക വരട്ടിയതും അരിപ്പൊടിയും കൂട്ടി യോജിപ്പിച്ച് ചെറിയ ഉരുളകൾ ആക്കുക. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരുക.
9. ചക്കപ്രഥമൻ
1. ചക്ക വരട്ടിയത്–500 ഗ്രാം
2. ശർക്കര–
3. തേങ്ങ–മൂന്നെണ്ണം
4. ചുക്കുപൊടി–ഒരു ടീസ്പൂൺ
5. ജീരകപ്പൊടി–അര ടീസ്പൂൺ
6. ഏലയ്ക്കാപ്പൊടി–കാൽ ടീസ്പൂൺ
7. തേങ്ങാപ്പാൽ–മൂന്നാംപാൽ (ഒരു ലീറ്റർ), രണ്ടാം പാൽ (മുക്കാൽ ലീറ്റർ), ഒന്നാം പാൽ (കാൽ ലീറ്റർ)
8. നെയ്യ്–അഞ്ച് ടീസ്പൂൺ
🔹പാകം ചെയ്യുന്ന വിധം
തേങ്ങ ചിരകി ചതച്ച് മൂന്നു പാലും എടുക്കുക. വരട്ടിയ ചക്കയിൽ ആദ്യം മൂന്നാം പാലും പിന്നെ രണ്ടാം പാലും ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ അടുപ്പിൽനിന്നു വാങ്ങി തലപ്പാൽ ചേർക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തുചേർക്കുക.
10. ചക്ക അട
1. ചക്കപ്പഴം–നുറുക്കിയത് (നാല് ചുളയുടെ)
2. അരിപ്പൊടി–100 ഗ്രാം
3. തേങ്ങ ചിരകിയത്–ഒരു മുറി
4,. ശർക്കര–200 ഗ്രാം
5. ഏലയ്ക്കാപ്പൊടി–കാൽ ടീസ്പൂൺ
6. വാഴയില വാട്ടിയത്–15 എണ്ണം
🔹പാകം ചെയ്യുന്ന വിധം
അരിപ്പൊടി ഇഡ്ഡലി മാവിെൻറ പാകത്തിന് കുഴയ്ക്കുക. നുറുക്കിയ ചക്കച്ചുള, തേങ്ങ ചിരകിയത്, ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ തിരുമ്മിവയ്ക്കുക. വാട്ടിയ വാഴയിലയുടെ നടുക്ക് കൂട്ടുവച്ച് ഇലയട ഉണ്ടാക്കുമ്പോൾ മടക്കുന്നപോലെ മടക്കി ആവിയിൽ വേവിക്കുക.