"അന്ന് വയ്ക്കണം അല്ലെങ്കിൽ കൊന്നു വയ്ക്കണം"
വാഴക്കന്ന് പിരിച്ച് നടുന്നതിനെ കുറിച്ചുള്ള ഒരു ചൊല്ലാണിത്.
സാധാരണഗതിയിൽ നേന്ത്രവാഴ ഒഴികെയുള്ള ഇനങ്ങളിലെല്ലാം മാതൃവാഴയുടെ ചുവട്ടിൽ ഉള്ള കന്നുകൾ പിരിച്ച് മാറ്റി അപ്പുറത്ത് മറ്റൊരു കുഴിയെടുത്തു അന്ന് തന്നെ നേരിട്ട് നടുകയാണ് പതിവ്. പിന്നെ കന്ന് മുളച്ചതിനു ശേഷമായിരിക്കും വളപ്രയോഗവും മറ്റും. അതു കൊണ്ടാണ് വാഴക്കന്ന് പിരിച്ചു അന്ന് തന്നെ വയ്ക്കണം എന്ന് പറഞ്ഞത്.
ഇനി, അന്ന് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കൊന്ന് വയ്ക്കാനാണ് നിർദേശം. അതായതു വേരൊക്കെ നീക്കം ചെയ്തു, തൊലി ചെത്തി,ചാണകപ്പാലിൽ മുക്കി, വെയിലത്തുണക്കി നടാനാണ് വിധി. അതാണ് കൊന്ന് വയ്ക്കണം എന്ന് പറഞ്ഞതിന്റെ പൊരുൾ.
എന്തായാലും കൊന്ന് വയ്ക്കുമ്പോൾ കുറെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്.
കന്ന് വഴി വരുന്ന അഞ്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വാഴയ്ക്കുണ്ട്.
1. മാണ വണ്ട് /മാണപ്പുഴു
2. കൊക്കാൻ രോഗം /മാഹാളി /പോള ചുമപ്പൻ രോഗം(Banana Bract Mosaic Virus)
3. കുറുനാമ്പ് രോഗം(Bunchy Top disease )
4. പനാമ വാട്ടം
5. നിമാ വിരകൾ.
ഇതിൽ ആദ്യത്തേത് കീടവും,രണ്ടും മൂന്നും വൈറസ് രോഗവും, നാലാമത്തേത് കുമിൾ രോഗവുമാണ്. അഞ്ചാമത്തേത് വാഴയുടെ വേരിൽ നീളത്തിൽ കീറൽ ഉണ്ടാക്കി, വേര് ചീഞ്ഞു പോകാൻ കാരണമാകുന്ന, മൈക്രോസ്കോപിലൂടെ മാത്രം കാണാൻ കഴിയുന്ന ഒരു വിരയുമാണ്.
കൊന്ന് വച്ചത് കൊണ്ട് വൈറസ് ബാധ പോകുമെന്ന് ആരും കരുതേണ്ട.
തുടർച്ചയായി വാഴ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന മണ്ണിൽ മാണവണ്ടും നിമാവിര ശല്യവും കലശ്ശലായിരിക്കും.
പോയ സീസണിലെ അവശിഷ്ടങ്ങൾ ശരിയായി മറവ് ചെയ്തില്ലെങ്കിൽ കുറച്ച് വാഴകളുടെ ശൈശവ മരണങ്ങൾ കാണേണ്ടി വരും.
ആയതിനാൽ താഴെ പറയുന്ന രീതിയിൽ വാഴക്കന്ന്, 'കൊന്ന്' വയ്ക്കുക.
1. ഒഴുകുന്ന വെള്ളത്തിൽ കുറച്ച് നേരം കന്നുകൾ മുക്കിയിട്ട് കന്നിൽ പറ്റിയിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം. അതിലൂടെ മാണ വണ്ടിന്റെ മുട്ടയും നിമാ വിരയുടെ കുഞ്ഞുങ്ങളും നീക്കം ചെയ്യപ്പെടും.
2. ആപ്പിളിന്റെ തൊലി ചെത്തുന്നത് പോലെ, നൈസ് ആയി കന്നിന്റെ തൊലി ചെത്തുന്നതും നിമാവിരകളുടെ എണ്ണം കുറയ്ക്കും.
3. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ 20 സെക്കന്റ് നേരം മുക്കി വാഴക്കന്നിനെ 'കൊല്ലുന്നതും 'കീടബാധ കുറയ്ക്കും.
4. അതിന് ശേഷം കന്ന്,ചാണകപ്പാലിൽ മുക്കി,നാല് ദിവസം വെയിലത്തുണാക്കി 'കൊല്ലുന്നതും 'കീടബാധ കുറയ്ക്കും.
ഈ സമയം കൊണ്ട് അര മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികൾ എടുത്ത്,മേൽമണ്ണ് തിരികെ കുഴിയിൽ ഇട്ട്, കാൽകിലോ കുമ്മായം ചേർത്ത് മണ്ണ് നന്നായി അറഞ്ഞു പതിനഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം 'കൊന്ന കന്ന് 'എടുത്ത് കുഴിയിൽ വച്ചു ചുറ്റുമായി 10കിലോ അഴുകിപ്പൊടിഞ്ഞ കാലിവളം,100ഗ്രാം എല്ലുപൊടി, കാൽ കിലോ പൊടിച്ച വേപ്പിൻപിണ്ണാക്ക് എന്നിവ ചുറ്റുമായി ചേർത്ത് ചവിട്ടിയുറപ്പിച്ചു കരിയിലകൾ ഇട്ട് മണ്ടഭാഗം പുറത്ത് കാണത്തക്ക വിധം സംരക്ഷിക്കുക.
പിന്നെ ഇലകൾ വരാൻ തുടങ്ങിയാൽ,നാലിലയ്ക്ക് ഒരു മേൽ വളം എന്ന രീതിയിൽ കുലയ്ക്കുന്നതിനു മുൻപ് അഞ്ച് വളങ്ങളും,,കുലച്ച് കൂമ്പ് ഒടിച്ചതിന് ശേഷം ഒരു വളവും കൂടി ചെയ്യുക. ഓരോ മേൽവള പ്രയോഗത്തിനും രണ്ടാഴ്ച മുൻപ് 100 ഗ്രാം വീതം കുമ്മായം /ഡോളമൈറ്റ് വളമിടാൻ പോകുന്ന ഭാഗത്ത് വിതറി ക്കൊടുക്കുന്നത് ഏറെ ഗുണം ചെയ്യും.
"അപ്പോൾ വാഴക്കന്ന്, ഒന്നുകിൽ അന്ന് വയ്ക്കുക, അല്ലെങ്കിൽ കൊന്ന് വയ്ക്കുക"
കടപ്പാട്:പ്രമോദ് മാധവൻ
കൃഷി ഓഫീസർ
💥💥💥💥💥
ReplyDelete🌺🌺🌺
ReplyDelete