കർഷകർക്ക് കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള കർഷക രജിസ്ട്രേഷൻ നിങ്ങൾ ചെയ്തിട്ടുണ്ടോ?
* കാർഷിക വിള ഇൻഷ്വറൻസ്,
* പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ നിന്ന് കൃഷി നാശം സംഭവിച്ചതിനുള്ള ധനസഹായം
* കാർഷികോൽപന്നങ്ങളുടെ വിപണനത്തിനുള്ള അടിസ്ഥാന വില,
* നെൽവയൽ ഉടമസ്ഥർക്കുള്ള റോയൽറ്റി തുടങ്ങിയ കാർഷികാനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാകുന്നത് കർഷക രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ്.
* തുടർന്നുള്ള ദിവസങ്ങളിൽ കൃഷിഭവൻ വഴിയുള്ള എല്ലാ ആനുകൂല്യങ്ങളും രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമായേക്കും.
കർഷകരജിസ്ട്രേഷൻ നടത്തുന്നത് എങ്ങനെ?
* സ്വന്തമായി കമ്പ്യൂട്ടർ അനുബന്ധ സൗകര്യങ്ങളും ഇൻ്റർനെറ്റ് കണക്ഷനും ഉള്ള ആർക്കും നേരിട്ട് രജിസ്ട്രേഷൻ നടത്താം.
* ഇതിനായി www.aims.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് പുതിയ രജിസ്ട്രേഷൻ എന്ന സൗകര്യം തെരഞ്ഞെടുത്ത് മുന്നോട്ട് പോയി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
* ആധാർ നമ്പരും ബാങ്ക് പാസ് ബുക്ക്, ഭൂനികുതി രശീതി എന്നിവയുടെ സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പിയും രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നതിന് ആവശ്യമാണ്.
* അടുത്തുള്ള അക്ഷയ കേന്ദ്രം, കോമൺസർവീസ് സെൻ്റർ (CSC) എന്നിവ വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ആരൊക്കെ രജിസ്റ്റർ ചെയ്യണം?
* കാർഷികവൃത്തിയിലേർപ്പെട്ട് കൊണ്ടിരിക്കുന്ന ഏതൊരാൾക്കും രജിസ്ട്രേഷൻ നടത്താം.
* കർഷക പെൻഷൻ, പി.എം. കിസാൻ, കാർഷിക വൈദ്യുതി സൗജന്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന കർഷകർ എത്രയും പെട്ടന്ന് തന്നെ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കുക.
കർഷക രജിസ്ട്രേഷൻ നടത്തിയാൽ കാർഷികാനുകൂല്യങ്ങൾ ലഭ്യമാകുമോ?
* ഇല്ല.
* രജിസ്ട്രേഷൻ പൂർത്തിയാക്കിയ കർഷകർ വിവിധ പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തങ്ങളുടെ രജിസ്ട്രേഷൻ നമ്പരുപയോഗിച്ച് പദ്ധതിക്കായി പോർട്ടലിൽ അപേക്ഷിക്കണം.
* വിള ഇൻഷ്വറൻസ് പോലുള്ള പദ്ധതിക്ക് അപേക്ഷിക്കാൻ നിലവിൽ കർഷക രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
'aims' പോർട്ടലിൽ കർഷകരജിസ്ട്രേഷൻ നടത്താൻ സമയ പരിധിയുണ്ടോ?
നിലവിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ നമുക്ക് അർഹമായ കാർഷികാനുകൂല്യങ്ങൾ ഉറപ്പാക്കാൻ ഏറ്റവും അടുത്ത ദിവസം തന്നെ കർഷക രജിസ്ട്രേഷൻ പൂർത്തീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ
കൃഷി ഓഫീസുമായി ബന്ധപ്പെടുക