coconut tree
ഇന്ന് ലോക നാളികേര ദിനം. ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു. തെങ്ങ് കൃഷി ചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഏഷ്യൻ പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ നിർദ്ദേശപ്രകാരമാണ് 1999 മുതൽ നാളികേര ദിനമായി ആചരിച്ചു വരുന്നത്.
ലോകത്ത് ഏറ്റവും അധികം നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയെടുത്താൽ മൂന്നാം സ്ഥാനമാണ് നമ്മുടെ ഭാരതത്തിന്. ഇന്ത്യയിൽ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്നത് ആകട്ടെ നമ്മുടെ കേരളവും. കല്പ വൃക്ഷങ്ങളുടെ നാടായ കേരളത്തിൻറെ സമ്പദ്ഘടനയിൽ നാളികേരവും, അതിൽനിന്ന് ഉല്പാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും പ്രധാന പങ്കുവഹിക്കുന്നു.
കൂടാതെ ഔഷധഗുണങ്ങൾ കൊണ്ടും പോഷകഗുണങ്ങൾ കൊണ്ടും സമ്പന്നമായ നാളികേര ഉൽപ്പന്നങ്ങൾക്ക് ആഗോളവിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയും എടുത്തുപറയേണ്ടതാണ്. വിദേശനാണ്യം നേടിത്തരുന്നതിൽ പ്രധാനം പങ്കുവഹിക്കുന്ന ഒരു മേഖല കൂടിയാണ് കയർ വ്യവസായം. 1953 ൽ കയർബോർഡ് രൂപീകൃതമാവുകയും, ഈ മേഖലയിലെ സമഗ്രവികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എന്നാൽ പൂർണ്ണമായും യന്ത്രവൽക്കരണം കടന്നുവരാത്ത ഈ മേഖലയിലെ കയർ ബോർഡിന്റെ പ്രവർത്തനങ്ങളെ വളരെ ശ്ലാഘനീയമായി കാണുന്ന ഒരുകൂട്ടം തൊഴിലാളികൾ ഇവിടെയുണ്ട്. തൊണ്ട് ശേഖരണം മുതൽ ഉല്പന്നങ്ങളുടെ വിപണനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ തൊഴിലാളികൾ ഇവിടെ ചൂഷണം ചെയ്യപ്പെടുന്നു. നാളികേരത്തിന്റെ വിലയിടിവും, നാളികേരത്തിൽ നിന്നും ഉണ്ടാകുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും കയർ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഇക്കൂട്ടർ അവകാശപ്പെടുന്നു. നമ്മൾക്ക് സാമ്പത്തികമായി ലാഭം ഉണ്ടാക്കാൻ കഴിയുന്ന കയറുൽപന്നങ്ങളുടെ പ്രചാരണം നല്ല രീതിയിൽ നടത്തുവാൻ സംവിധാനങ്ങളും നമ്മുടെ നാട്ടിൽ വരേണ്ടതുണ്ട്.
പണ്ടത്തെ അപേക്ഷിച്ച് കേരളത്തിൽ തെങ്ങ് കൃഷി ജീവനോപാധിയുടെ ഭാഗമാക്കിയവർ വളരെ കുറവാണ്. നാളികേരത്തിന് വില കുറയുന്നതും, റബ്ബർ കൃഷിയിലേക്ക് വ്യക്തികൾ ചേക്കേറിയതും, വെളിച്ചെണ്ണ വില നിയന്ത്രിക്കുന്ന അന്തർസംസ്ഥാന ലോബികളും, തെങ്ങ് കൃഷി ചെയ്യുന്നവർക്ക് സഹായകമായ പദ്ധതികൾ ഈ മേഖലയിൽ കടന്നു വരാത്തതും, തെങ്ങുകളിൽ കാണുന്ന രോഗങ്ങളും ഇതിൻറെ ഘടകങ്ങളാണ്. എന്നാലും തെങ്ങ് കൃഷി ജനകീയമാകുവാൻ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.