വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. അത് ഇങ്ങനെയാണ്

 നാഗപടവലം

നാഗപടവലം എങ്ങനെ നന്നായി വളർത്തി വിളവെടുക്കാമെന്നതിനെ കുറിച്ചാണ് ഈ ലേഖനം.  ഈ പടവലത്തിനെ നാഗപടവലം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതിൻറെ ആകൃതി വളഞ്ഞു പാമ്പു പോലെയിരിക്കുന്നു.  ഇതിന് പ്രത്യേകം ഉയർന്ന പന്തൽ വേണം നിർമിക്കാൻ. കാരണം ഇത് വളർന്ന് നിലം മുട്ടും. വലിയ ഇനം നാഗപടവലം ഉണ്ടാകാനായി ഒരു പ്രത്യേക വളപ്രയോഗമുണ്ട്. പാളയംകോടൻ പഴം ഉപയോഗിച്ചാണ്  ഈ പ്രയോഗം. നാഗപടവലം മാത്രമല്ല, പാവൽ, ചുരക്ക, തുടങ്ങി എല്ലാ പച്ചക്കറികൾക്കും ഇത് പ്രയോഗിക്കാം.

നട്ടുവളർത്തേണ്ട രീതി

             ♦ വിത്ത് മുളപ്പിക്കൽ

 വിത്ത് പാകുന്നതിനു മുൻപ്, 3% വീര്യമുള്ള ഹൈഡ്രജൻ പേറോക്സൈഡ് 5ml, ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയതിൽ കുറച്ചെടുത്ത്, അതിൽ വിത്തുകൾ 2-3 മണിക്കൂർ മുക്കി വെക്കുക. ഈ വിത്തുകൾ തുണിയിൽ കെട്ടിവെച്ച ശേഷമോ, നേരിട്ടോ മണ്ണിൽ പാകാം. ബാക്കി വന്ന ഹൈഡ്രജൻ പേറോക്സൈഡ് വിതയ്ക്കുന്ന മണ്ണിൽ ഒഴിച്ചുകൊടുക്കാം. ഇത് വളരെ നല്ലതാണ്.


             ♦ മുള വന്നതു മുതൽ ശ്രദ്ധിക്കേണ്ടത്

പടവലം മുളക്കുവാൻ 4 ദിവസമെടുക്കും. വള്ളി വരാൻ തുടങ്ങുമ്പോൾ തന്നെ വടി കുത്തി കൊടുക്കുകയും, വളർന്ന ശേഷം ഉയർന്ന ഉറപ്പുള്ള പന്തൽ കെട്ടികൊടുക്കുകയും വേണം. പുഴുക്കളുടെ ശല്യം ധാരാളമുണ്ടാകും. ആക്രമണം കൂടിയാൽ ബുദ്ധിമുട്ടാണ്. അതിനാൽ ആരംഭത്തിൽ തന്നെ ഒരു ലിറ്റർ വെള്ളത്തിൽ 3-4gm കായം കലക്കിവെക്കുക. 3-4 ദിവസം കഴിഞ്ഞശേഷം ഈ ലായിനി ഒന്നോ രണ്ടോ ആഴ്ച്ച അടുപ്പിച്ച് സ്പ്രൈ ചെയ്താൽ പുഴുശല്യം പാടെ മാറിക്കിട്ടും.

     

             പെൺ പൂവ് ഉണ്ടാകാൻ ചെയ്യേണ്ടത്

ഒന്നാം ഘട്ടം

ഇനി പടവലത്തിൽ ധാരാളം കായ് ഉണ്ടാകുന്നതിനായി പെൺപൂവ്‌ ഉണ്ടാകണം. അതിന് എന്ത് ചെയ്യാമെന്ന് നോക്കാം. ഇതിനായി പാളയംകോടൻ പഴം കൊണ്ടുണ്ടാക്കിയ ഒരു ടോണിക്ക് പ്രയോഗിക്കാം. ഇതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

രണ്ടാം ഘട്ടം

പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാം അറിയാം. ധാരാളം പെൺപൂവ്‌ വിരിയാനായി ഈ പൊട്ടാസ്യം സഹായിക്കും. രണ്ടു പിടി പച്ചച്ചാണകം ഒരു ബക്കറ്റിൽ ഇടുക, വെള്ളമൊഴിച്ച് ഇളക്കുക. ഇതിലേക്ക് കടലപ്പിണ്ണാക്ക് കുതിർത്തിയത് ഒരു കപ്പ് ഒഴിക്കുക. ഇതിലേക്കാണ് നല്ല പഴുത്ത പാളയംകോടൻ പഴം ചേർത്തേണ്ടത്. തൊലി കറുത്ത തുടങ്ങിയ പഴമാണെങ്കിൽ ഉത്തമം. കാരണം തൊലിയും കൂടി മിക്സ് ചെയ്‌തു കൊടുത്താൽ കൂടുതൽ ഗുണം ലഭ്യമാക്കാം. പഴങ്ങൾ വലിയതാണെങ്കിൽ എട്ടും, ചെറുതാണെങ്കിലും പത്തും വേണം. നന്നായി ഉടച്ച് മിക്സ് ചെയ്യണം.

മൂന്നാംഘട്ടം

ഈ മിശ്രിതം മൂന്ന് ദിവസത്തിന് ശേഷമാണ് ചെടികളിൽ പ്രയോഗിക്കേണ്ടത്.  മൂന്ന് ദിവസം  മിശ്രിതം ദിവസേന നന്നായി ഇളക്കി കെട്ടിവെക്കണം.  ഇതുമൂലം നല്ല fermentation നടക്കുന്നു. ഈ ജൈവ ഫെർട്ടിലൈസറിൽ അടങ്ങിയിരിക്കുന്ന ചാണകം, കടലപ്പിണ്ണാക്ക്, പഴം, എന്നിവ ചേരുമ്പോൾ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ലഭ്യമാകുന്ന ഒരു അനുഭവമാണ് ഉണ്ടാകുന്നത്.

നാലാം ഘട്ടം

നാലാം ദിവസം ഈ മിശ്രിതത്തിൽ നിന്ന് ഒരു കപ്പ് എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തി ചെടികളുടെ കടയ്ക്കൽ ഒഴിച്ചുകൊടുക്കണം. ആഴ്ചയിൽ ഒരിക്കൽ ഒഴിക്കാം. ഉണ്ടാക്കി വെച്ച മിശ്രിതം രണ്ടാഴ്ചയിൽ കൂടുതൽ ഉപയോഗിക്കരുത്. പിന്നീടുള്ള ആഴ്ചകൾക്ക് വേറെ വേണം ഉണ്ടാക്കാൻ. ഇങ്ങനെ ചെയ്താൽ തീർച്ചയായും പടവലം കരുത്തോടെ വളർന്ന് ധാരാളം പെൺപൂവുണ്ടാകുകയും നല്ല കായ്‌ഫലമുണ്ടാകുകയും ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section