ഈന്തിനെ പരിചയപ്പെടാം
മലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമില്ലാത്ത ഒരു മരം. അഞ്ചു മുതല് എട്ടുവരെ മീറ്റര് ഉയരം വരെ വളരുന്ന അനാവൃതബീജ സസ്യമാണ് ഈന്ത്.
പറമ്പുകളുടെ അതിര്ത്തിയിലും വരമ്പുകളിലുമാണ് സാധാരണ ഈ മരം കാണാറുള്ളത്. അതിര്ത്തികളെല്ലാം കരിങ്കല്ലും മറ്റുമുപയോഗിച്ച് കെട്ടുകവഴി ഈ മരവും ഒരു അപൂര്വ്വമായി മാത്രം കാണുന്ന ഒന്നായി.
Cycas circinalis Linn എന്ന ശാസ്ത്ര നാമമുള്ള ഈ മരത്തിന് ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്.
കാലം ഭൂമിക്കും അതിലെ വിഭവങ്ങള്ക്കും മാറ്റങ്ങള് (പരിണാമം) വരുത്തിയെങ്കിലും ഒരു മാറ്റത്തിനും വഴങ്ങാതെ നിലനിന്ന ചില അപൂര്വ്വ വര്ഗ്ഗങ്ങളില്പെട്ട ഒന്നാണ് ഈന്ത്.
അതുകൊണ്ടായിരിക്കാം ഇവയുടെ കായക്കും ഇലക്കും ഔഷധഗുണങ്ങളുള്ളതായി എഴുതപ്പെട്ടത്. ഈന്തിന് നൂറ് വർഷത്തിലധികം ആയൂര്ദൈര്ഘ്യം കണക്കാക്കുന്നു.
വംശവർദ്ധനവ്
മറ്റെനേകം മരങ്ങളുടെ കാര്യം പോലെത്തന്നെ ഇതിന്റെ വിത്തുവിതരണം ഏറ്റെടുത്തിരുന്നത് വവ്വാലുകളായിരുന്നു.
ഈന്തിന് കായയുടെ പുറംഭാഗം മാത്രം കഴിച്ച് ഇവ ബാക്കി ഒഴിവാക്കുന്നു. അതുവഴി വിത്ത് പലസ്ഥലങ്ങളിലായി വിതരണം ചെയ്യപ്പെടുന്നു.
ഔഷധ ഗുണങ്ങൾ
നൂറിലധികം രോഗപ്രതിരോധശേഷി കൂട്ടാന് ഇന്ത് നല്ല ഒരു ഔഷധമാണെന്നാണ് ആയൂര് വേദ വാദം. കൂടാതെ വാതം, പിത്തം, നീരുവീക്കം തുടങ്ങിയ രോഗപീഡകള്ക്ക് ഈന്ത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഈന്ത് ലേഹ്യവും ആയൂര് വേദത്തില് ലഭ്യമാണ്.
ഉപയോഗങ്ങൾ
മലബാറില് ഈന്തിന് കായ കൊണ്ട് ഈന്തിന്പുടി എന്ന ഒരു പ്രത്യേകതരം വിഭവം ഉണ്ടാക്കാറുണ്ട്. പഴുത്ത ഈന്തിന് കായ നടുകെ ഛേദിച്ച് വെയിലത്ത് വെച്ച് ഉണക്കുന്നു. ഒരു വർഷം പഴകിയ ഈന്തിൻ കായയാണ് ഉപയോഗിക്കുന്നത് ,
അതേ വർഷത്തെ ഈന്തിൻ കായ ഉപയോഗിച്ചാൽ തല കറക്കവും ഛർദിയും ഉണ്ടാവാം..നന്നായി ഉണങ്ങിയാല് ഉരലില് ഇട്ട് ഇടിച്ച്പൊടിക്കുന്നു. പത്തിരിക്കും ചപ്പാത്തിക്കും മാവു കുഴക്കുന്നതുപോലെ കുഴച്ച് ഒരു വിരലിന്റെ പകുതി നീളത്തില് ഉരുട്ടിയെടുത്ത് വിരലുകൊണ്ട് അമര്ത്തിയെടുക്കുന്നു. ഇങ്ങിനെ ഉണ്ടാക്കുന്ന പിടികൾ പകുതി വേവ് ആയ ഇറച്ചിയില് ഇട്ട് വേവിച്ച് എടുക്കുന്നു. ഇതാണ് ഈന്തിന് പിടി (പുടി) തെക്കന് കേരളത്തില് ഈന്തന് കായ ഉണക്കിപ്പൊടിച്ച് ഈന്തുപുട്ടും മറ്റു വിഭവങ്ങളും ഉണ്ടാക്കാറുണ്ട്.
ഈന്തിൻ പട്ട
മുമ്പ് കല്യാണപന്തലുകള് അലങ്കരിച്ചിരുന്നത് ഈന്തിന് പട്ട ഉപയോഗിച്ചായിരുന്നു.
ഈന്തിന് പട്ട ഉപയോഗിച്ചുള്ള കമാനങ്ങളില്ലാത്ത ഒരു കല്യാണപ്പന്തലും കാണാറാറില്ലായിരുന്നു.
ഈന്തിന് പട്ടകള് ഉപയോഗിച്ച് കുട്ടികള് കളിവീടുണ്ടാക്കാറുണ്ടായിരുന്നു. വേനലവധിക്ക് കുട്ടിപ്പീടികകളും ഈന്തിന്പട്ടകള് ഉപയോഗിച്ച് ഉണ്ടാക്കാറുണ്ടായിരുന്നു.
ഈന്തിന്റെ തടി ഉപയോഗിച്ച് ഈന്ത് വണ്ടി ഉണ്ടാക്കുമായിരുന്നു. തടി ഉപയോഗിച്ച് ചക്രം ഉണ്ടാക്കും. തടി നാല്-അഞ്ച് ഇഞ്ച് കനത്തില് വെട്ടിയെടുത്ത് ഉള്ളിലെ ചോറ് കളഞ്ഞാണ് ചക്രം ഉണ്ടാക്കുക. ഇങ്ങനെ നാലു ചക്രങ്ങളും മരപ്പലകകളും മറ്റുമുപയോഗിച്ച് അത് ഒരു വണ്ടിയാക്കി മാറ്റും. കയര് കെട്ടായണ് വലിക്കുന്നത്. ഒരു വണ്ടിയില് നാലും അഞ്ചും കുട്ടികള് വരെ കയറി ഇരിക്കും. എത്ര കുട്ടികള് കയറിയാലും ടയര് പഞ്ചാറാകുമെന്ന ഭയം ഉണ്ടാവുകയില്ല.
ഈന്തിന് കായയുടെ ഉള്ളലുള്ള കാന്പ് കളഞ്ഞ് നൂലും ആണിയുമുപയോഗിച്ച് കറക്കുന്ന ഒരു വിദ്യയും മുന്പ് കുട്ടികളുടെ ഇടയില് പ്രചാരത്തിലുണ്ടായിരുന്നു.
ഇങ്ങിനെ ഈന്ത് എന്ന മരംകൊണ്ടുള്ള ഉപയോഗം പലവിധമാണ്. എന്റെ അനുഭവത്തിലെയും ഓര്മ്മകളിലെയും ഈന്തിനെയാണ് ഞാനിവിടെ സ്മരിച്ചത്. മറ്റുള്ള നാടുകളില് മറ്റു പലരീതികളിലുമണ് ഈ മരത്തെ ഉപയോഗിച്ചിരുന്നതെന്നാണ് മനസ്സിലാക്കാന് കഴിഞ്ഞത്.
വംശനാശഭീഷണി
ഈന്ത് മരം വെട്ടി കറ എടുത്തു വില്ക്കുകയും ചെയ്യുന്നു. ഈന്തിന്റെ തടി ഉണക്കി പൊടിച്ചു ലഹരി വസ്തുക്കൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു എന്നാണ് അറിവ് . ഇത് വംശനാശഭീഷണിക്ക് കാരണമാകുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയില് മനുഷ്യന് ഭൂമിയെ കൈക്കുള്ളിലാക്കിയപ്പോള് വംശം അറ്റുപോകുന്ന വിഭവങ്ങളുടെ നിരയിലേക്ക് ഈന്തും നീങ്ങുകയാണ്. പരിണാമത്തെ അതിജീവിച്ച ഔഷധഗുണം മാത്രമുള്ള ഒരു ഒറ്റത്തടിവൃക്ഷത്തെ ഇന്ന് കാണ്മാനില്ല. പുതിയ തലമുറക്ക് ഈന്തിന്റെ നാനാതലത്തിലുള്ള ഉപകാര-ഉപയോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലാതാക്കി മനുഷ്ന് മുന്നേറുകയാണ്. ഇന്തിന് കായ പോലുള്ള ഔഷധ ഗുണങ്ങളുള്ള പ്രകൃതി വിഭവങ്ങള്ക്ക് പകരം മായവും കളറും ചേര്ത്ത പാക്കറ്റ് ഭക്ഷണ പദാര്ത്ഥങ്ങളും ഫാസ്റ്റ് ഫുഡും ആണ് ഇന്നത്തെ തലമുറയുടെ ഇഷ്ട ആഹാരം.
ഇന്തിന് പട്ടകള്കൊണ്ടുണ്ടാക്കിയ കളിവീടുകളും പന്തലുകളും നാടന് കളിസാധനങ്ങള്ക്കും പകരം പ്ലാസ്റ്റിക്കുകള് പോലെയുള്ള മാരകവിശാംഷം അടങ്ങിയ കളിപ്പാട്ടങ്ങളും കംപ്യൂട്ടറും മൊബൈലുമാണ് കുട്ടിള്ക്ക് ഇന്ന് നാം ലഭ്യമാക്കികൊണ്ടിരിക്കുന്നത്. ഇന്നത്തെ അവസ്ഥയിൽ വംശനാശം സംഭവിക്കാൻ സാധ്യതയുള്ള ഒരു വിശേഷ സസ്യവർഗമാണ് ഈന്ത് .