ടെറസ് കൃഷി ലേഔട്ട്: വിളവ് വർദ്ധിപ്പിക്കാൻ ചെടികൾ എങ്ങനെ ക്രമീകരിക്കണം?



ഇന്നത്തെ തിരക്കേറിയ നഗരജീവിതത്തിൽ പലർക്കും ഒരു വലിയ ആഗ്രഹമായിരിക്കും സ്വന്തമായി കുറച്ച് പച്ചക്കറികളോ പഴങ്ങളോ കൃഷി ചെയ്യുക എന്നത്. എന്നാൽ അതിനായി വീട്ടുമുറ്റത്തോ പറമ്പിലോ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർക്ക്, അതിന് ഏറ്റവും നല്ല പരിഹാരമാണ് വീടിന്റെയോ ,ഫ്ലാറ്റിന്റെയോ മുകളിലുള്ള ടെറസ് കൃഷി. ടെറസ് ഗാർഡനിംഗ് ഇന്ന് ഏറെ പ്രചാരമുള്ള ഒരു രീതിയാണെങ്കിലും നിങ്ങളുടെ വീടിന്റെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ ടെറസ്സിൽ കൃഷി ആരംഭിക്കാൻ പാടുള്ളൂ. ടെറസ്സിന്റെ ബലവും സുരക്ഷയും കൃഷിയുടെ വിജയവും ഉറപ്പാക്കാൻ ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.


ടെറസ് കൃഷിയുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഘടകം ടെറസ്സിന്റെ ഭാരം താങ്ങാനുള്ള ശേഷിയാണ്. ടെറസ് കൃഷി ചെയ്യുമ്പോൾ പലരും വിസ്മരിക്കുന്ന ഒരു കാര്യമാണിത്. നിങ്ങൾ വെക്കുന്ന ഗ്രോ ബാഗുകൾക്കോ ചട്ടികൾക്കോ ഒറ്റയ്ക്ക് വലിയ ഭാരം തോന്നില്ലെങ്കിലും, എല്ലാംകൂടി ചേരുമ്പോൾ ഉണ്ടാകുന്ന മൊത്തം ഭാരം വളരെ വലുതായിരിക്കും. നടീൽ മിശ്രിതങ്ങളായ മണ്ണ്, ചകിരിച്ചോറ്, വളം, ചെടികൾ, നനയ്ക്കുന്ന വെള്ളം എന്നിവയെല്ലാം ചേരുമ്പോൾ  സാധാരണയായി ഒരു ഗ്രോ ബാഗിന് ഏകദേശം 8 മുതൽ 10 കിലോ വരെ ഭാരം ഉണ്ടാകും. ഇങ്ങനെ നിരവധി ഗ്രോ ബാഗുകൾ അല്ലെങ്കിൽ ചട്ടികൾ  അടുക്കി വെക്കുമ്പോൾ, ടെറസ് താങ്ങേണ്ടി വരുന്ന ഭാരം വർദ്ധിക്കുന്നു. ടെറസ്സിന്റെ കാലപ്പഴക്കം അനുസരിച്ച്, ഇത്രയും ഭാരം താങ്ങാനുള്ള ശേഷി അതിനുണ്ടോ എന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ വിദഗ്ദ്ധരുമായി ആലോചിക്കുന്നതും നല്ലതാണ്.


കൃഷിക്ക് വെള്ളം അത്യാവശ്യമാണ്. എന്നാൽ, ടെറസ്സിൽ അധികമായി കെട്ടിനിൽക്കുന്ന വെള്ളം ചോർച്ചയ്ക്ക് കാരണമാകും, ഇത് വീടിന്റെ ആയുസ്സിനെ ബാധിക്കും. നിലവിൽ ലീക്ക് ഉള്ള ടെറസ് ആണെങ്കിൽ, കൃഷി തുടങ്ങുന്നതിന് മുൻപ് തന്നെ അത് പൂർണ്ണമായും പരിഹരിക്കണം. ഒരിക്കൽ കൃഷി തുടങ്ങിയാൽ, ഗ്രോ ബാഗുകളെല്ലാം നീക്കി ചോർച്ച അടയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.. ചോർച്ചയില്ലാത്ത ടെറസ് ആണെങ്കിൽ പോലും, സുരക്ഷയ്ക്കായി തറ വൃത്തിയാക്കി സിമന്റിട്ട് തേച്ചതിന് ശേഷം ലീക് പ്രൂഫ് കെമിക്കലും വൈറ്റ് സിമന്റും ചേർത്ത മിശ്രിതം ഉപയോഗിച്ച് 2-3 കോട്ട് അടിക്കുന്നത് നല്ലതാണ്. 2-3 വർഷത്തിലൊരിക്കൽ ടെറസ്സിൽ ലീക് പ്രൂഫിംഗ് ചെയ്യുന്നത് ദീർഘകാല സുരക്ഷയ്ക്ക് ഉത്തമമാണ്.


കൃഷി ചെയ്യുന്ന ഗ്രോ ബാഗുകൾ, ചട്ടികൾ, അല്ലെങ്കിൽ ഡ്രമ്മുകൾ എന്നിവ ഒരിക്കലും ടെറസ്സിൽ നേരിട്ട് വയ്ക്കാൻ പാടില്ല. അതിനടിയിൽ ഇഷ്ടിക, പഴയ ഓട്, അല്ലെങ്കിൽ മെറ്റൽ, പ്ലാസ്റ്റിക് സ്റ്റാൻഡുകൾ  എന്നിവയിലേതെങ്കിലും വെച്ച് ഉയർത്തി വെക്കുക. ഇത് ചെടികൾ നനയ്ക്കുമ്പോൾ അധികമായി വരുന്ന വെള്ളം എളുപ്പത്തിൽ വാർന്നുപോയി, ടെറസ്സിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ചട്ടികൾക്കടിയിൽ ഈർപ്പം നിലനിൽക്കുന്നത് തടയുകയും, അതുവഴി ടെറസ്സിന് കേടുപാടുകൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. അതുപോലെ ചട്ടികളിൽ നിന്ന് പുറത്തുവരുന്ന വെള്ളം ടെറസ്സിൽ കെട്ടിനിൽക്കാതെ, കൃത്യമായി ടെറസ്സിന്റെ ഓവുചാലിലൂടെ  ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.


ടെറസ് കൃഷിയുടെ സുരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഗ്രോ ബാഗുകളിലെ ഭാരം. നനഞ്ഞ മണ്ണ് ഇഷ്ടികയേക്കാൾ കനമുള്ളതാണ്. ഈ ഭാരം കുറയ്ക്കുന്നതിനും, അതേ സമയം ചെടിക്ക് മികച്ച വളർച്ച ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഭാരം കുറഞ്ഞ നടീൽ മിശ്രിതങ്ങൾ ഉപയോഗിക്കേണ്ടത്. മണ്ണിന്റെ അളവ് കുറയ്ക്കുകയും ഭാരം കുറഞ്ഞ മറ്റ് വസ്തുക്കൾ ചേർക്കുകയും ചെയ്യണം. അതിനായി ചകിരിച്ചോറ്, പെർലൈറ്റ്, വെർമികുലൈറ്റ്, മണൽ  തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കൾ ചേർത്ത നടീൽ മിശ്രിതം ഉപയോഗിക്കാം. അവയോടൊപ്പം ചാണകപ്പൊടിയും, പിണ്ണാക്കുകളും മറ്റു ജൈവവളങ്ങളും ചേർക്കാം. ഈ മിശ്രിതം ഗ്രോ ബാഗുകളിൽ നിറച്ച് കൃഷി തുടങ്ങുമ്പോൾ, നിങ്ങളുടെ ടെറസ്സിൽ ഭാരത്തിന്റെ പ്രശ്നങ്ങളില്ലാതെ കൃഷി ചെയ്യാൻ സാധിക്കും.


ടെറസ്സിൽ കൃഷി തുടങ്ങുമ്പോൾ, ചെടികൾ നടുന്നതിന് മുൻപ് തന്നെ ഗ്രോ ബാഗുകളും ചട്ടികളും ടെറസ്സിൽ സ്ഥാപിക്കേണ്ട രീതി ആസൂത്രണം ചെയ്യണം. ഒരൊറ്റ സ്ഥലത്ത് അമിത ഭാരം കേന്ദ്രീകരിക്കുന്നത് ടെറസ്സിന് ബലക്ഷയം ഉണ്ടാക്കും. ഗ്രോ ബാഗുകൾ ഒന്നിനോടൊന്ന് ചേർത്ത് തിങ്ങി നിറച്ച് വെക്കാതെ, കഴിയുന്നത്ര വിടവുകൾ നൽകി ടെറസ്സിന്റെ എല്ലാ ഭാഗത്തേക്കും ഭാരം തുല്യമായി വിതരണം ചെയ്യുക. വലിയ ചട്ടികൾ, മരം നടാൻ ഉപയോഗിക്കുന്ന ഡ്രമ്മുകൾ, വലിയ ഗ്രോ ബാഗുകൾ എന്നിവ പോലുള്ള ഏറ്റവും ഭാരം കൂടിയവ  കെട്ടിടത്തിന്റെ പ്രധാന ചുമരുകൾക്ക് അടുത്തായി അല്ലെങ്കിൽ തൂണുകൾക്ക് മുകളിലായി വെയ്ക്കാൻ ശ്രദ്ധിക്കുക. ടെറസ്സിന്റെ മധ്യഭാഗത്തേക്കാൾ കൂടുതൽ ഭാരം താങ്ങാനുള്ള ശേഷി ചുമരുകൾക്ക് സമീപമുണ്ടാകും.


ഗ്രോ ബാഗുകൾ വരിവരിയായി ക്രമീകരിക്കുന്നതും, ഗ്രോ ബാഗുകൾക്കിടയിൽ കുറഞ്ഞത് ഒന്നരയടി മുതൽ രണ്ടടി വരെ വീതിയുള്ള നടപ്പാതകൾ നൽകുന്നതും ചെടികൾക്ക് വെള്ളം ഒഴിക്കാനും, വളമിടാനും, കീടങ്ങളെ ശ്രദ്ധിക്കാനും എളുപ്പമാക്കുകയും ചെടികൾക്കിടയിൽ കൂടി നടക്കാനും, പരിചരണത്തിനും, വിളവെടുപ്പിനും അത് സൗകര്യപ്രദമായിരിക്കും. ടെറസ്സിൽ ഏറ്റവും കൂടുതൽ വെയിൽ കിട്ടുന്ന ഭാഗങ്ങൾ കണ്ടെത്തി അവിടെ പച്ചക്കറി ചെടികൾ ക്രമീകരിക്കുക. ഒരു ചെടിക്ക് മറ്റൊരു ചെടി മറയാകാത്ത രീതിയിൽ വേണം വെക്കാൻ. ഉയരം കുറഞ്ഞ ചെടികളെ മുന്നിൽ ക്രമീകരിക്കുക. ഉദാഹരണത്തിന് ചീര, കാബേജ്, ചെറിയ ഇനം മുളകുകൾ, മറ്റ് ഇലക്കറികൾ എന്നിവ, പടരുന്നതോ ഉയരം കൂടുതലുള്ളതോ ആയ ചെടികളായ  വെണ്ട, പയർ, തക്കാളി പിന്നിലുമായി ക്രമീകരിച്ചാൽ എല്ലാ ചെടികൾക്കും കൃത്യമായി വെയിൽ ലഭിക്കും. 


ടെറസ് കൃഷി വിജയിപ്പിക്കുന്നതിൽ ഗ്രോ ബാഗുകൾ ക്രമീകരിക്കുന്ന രീതിക്ക് നിർണായകമായ പങ്കുണ്ട്. വെറും ഗ്രോ ബാഗുകൾ വെക്കലല്ല, കൃത്യമായ ഒരു ലേഔട്ട് നൽകി അവയെ ചിട്ടപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ടെറസ്സിന്റെ സുരക്ഷ ഉറപ്പുവരുത്താനും, കൃഷി എളുപ്പമാക്കാനും, മികച്ച വിളവ് നേടാനും സാധിക്കും..........


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section