"എരിവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി അമൃതം പെയ്തവളെ തഴുകിയുണർത്താം"
കവി ഓഎൻവി കുറുപ്പിന്റെ വരികളാണ്.
ഇന്ന് ധനുമാസത്തുടക്കം... മലയാളിയുടെ മഞ്ഞുമാസങ്ങളാണ് വൃശ്ചിക -ധനു -മകര ത്രയങ്ങൾ. അതിന് ശേഷം കുംഭ -മീന -മേട പുഴുക്കത്തിന്റെ അസ്വാസ്ഥ്യങ്ങളിലേക്ക് പോകുന്നതിന് മുൻപുള്ള ശാന്തത.
പകലുള്ള ചൂടും രാത്രിയുടെ തണുപ്പും കൂടി ചേരുമ്പോൾ വാത -പിത്ത-കഫദോഷങ്ങൾ മനുഷ്യന് നിരവധിയായ അസ്‌കിതകൾ ഉണ്ടാക്കുന്ന കാലമാണ്.
ജല സമൃദ്ധിയുള്ളവർക്ക് പച്ചക്കറി വിളകളിറക്കാൻ കൺകണ്ടമാസങ്ങൾ. നല്ല വെയിലും മിതമായ നനയും പച്ചക്കറി വിളവ് മിന്നിക്കും. നീരൂറ്റുന്ന കീടങ്ങളുടെ മേൽ ഒരു കണ്ണുണ്ടാകണമെന്ന് മാത്രം.
ഈ വർഷം മെയ് 18 ന് തുടങ്ങിയ 'വർഷം "ഏതാണ്ട് നവംബർ അവസാനം വരെ വർഷിച്ചു. ആയതിനാൽ തന്നെ നേന്ത്രവാഴകൾക്ക് നല്ല കാലമായിരുന്നു. പക്ഷേ വില കുത്തനെ ഇടിഞ്ഞു.
പച്ചക്കറികൾക്ക് അത്ര മെച്ചമായിരുന്നില്ല. വിലയും താരതമ്യേനെ ഉയർന്നു നിന്നു.
മൂന്നരക്കൊല്ലം മുന്നേയുള്ള പരിപാലനത്തിന്റെ കേമത്തം കൊണ്ട് തെങ്ങുകൾ പിണങ്ങി നിന്നു. വെളിച്ചെണ്ണ വില താഴാൻ മടിച്ചുനിന്നു.
വരാൻ പോകുന്ന കടുത്ത വേനലിനെ നേരിടാൻ എത്ര കർഷകർ മുന്നൊരുക്കം തുടങ്ങി?
താഴെപ്പറയുന്ന കാര്യങ്ങളൊക്കെ ചെയ്യാൻ തുടങ്ങിയോ?
1. വേനൽ ആദ്യം ബാധിയ്ക്കുക ഏത്തവാഴകളെയും കുരുമുളകിനെയുമാണ്. കുലയ്ക്കാറായി നിൽക്കുന്ന നേന്ത്രവാഴകളുടെ മൂടും മാറും മനസ്സും കുതിർക്കേ ഇനിയുള്ള ദിവസങ്ങൾ നനയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹത് പോയി എന്ന് കരുതിയാൽ മതി. കരപ്രദേശങ്ങളിൽ ഇനിയുള്ള മാസങ്ങളിൽ കുലയ്ക്കുന്ന രീതിയിൽ ആണ് വാഴ വച്ചത് എങ്കിൽ സ്ഥിതി റൊമ്പ കഷ്ടം.
2. കുരുമുളക് കൊടിത്തടങ്ങളിൽ കരിയിലകൾ നന്നായി തൂത്തുകൂട്ടി പുതയിട്ട് സംരക്ഷിച്ച് കൊടുക്കുന്നത് ഏറ്റവും ഗുണം ചെയ്യും. അടുത്ത സീസണിൽ നല്ല വിളവ് കിട്ടാൻ വേനലിൽ കൊടികൾ ഒന്ന് കായുന്നത് നല്ലതാണ്. വളയ്ക്കാനേ പാടുള്ളൂ... ഒടിയരുത്.
3. ചേന, ഇഞ്ചി, മഞ്ഞൾ എന്നിവ പട്ട് തുടങ്ങിയെങ്കിൽ മണ്ണ് കൂടുതൽ കടുത്തുപോകുന്നതിന് മുൻപ് കിഴങ്ങിൽ വെട്ട് കിട്ടാത്ത രീതിയിൽ വിളവെടുത്ത് സൂക്ഷിക്കാം.
4. ചേനയുടെ കുഞ്ഞ് വിത്തുകൾ അടുത്ത സീസണിലെ വിത്ത് ചേന ഉണ്ടാക്കാനായി പ്രത്യേകം തയ്യാറാക്കിയ ചാലുകളിൽ അല്പം അടുപ്പം കൂടുതൽ കൊടുത്ത് കുംഭമാസത്തിൽ നടാവുന്നതാണ്.
5. തേങ്ങകൾ കൂടുതലുള്ള ഭാഗ്യവാന്മാർക്ക് /വതികൾക്ക് അത് വെട്ടി കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണയാക്കി മാറ്റാം.
6. വീട്ടുവളപ്പിലെ വാഴത്തടങ്ങളിൽ കരിയിലകളും മറ്റും ഇട്ട് നന്നായി പുതപ്പിക്കാം. ഒന്നോ രണ്ടോ കന്നുകൾ മാത്രമേ ഒരു വാഴയുടെ ചുവട്ടിൽ നിർത്താവൂ.. "നാം രണ്ട് നമുക്ക് ഒന്നോ രണ്ടോ" എന്നല്ലേ കവിവാക്യം.
7. തെങ്ങിൻ തടങ്ങൾ മുഴുവൻ നന്നായി പുതയിട്ട് സംരക്ഷിച്ചതിന് ശേഷം ആഴ്ചയിൽ ഒരിക്കൽ അല്പം കടുപ്പത്തിൽ നനയ്ക്കുന്നത് മൂന്നരക്കൊല്ലം കഴിഞ്ഞാൽ മൂഞ്ചിയിൽ പുഞ്ചിരി വിടർത്താൻ സഹായിക്കും. മെയ് വരെ നനക്കാൻ കഴിവുണ്ടെങ്കിലേ ആ പാതകത്തിന് തുനിയാവൂ.. ഇടയ്ക്ക് വച്ച് നന ഒഴിവാക്കി തെങ്ങിനെ ഏടങ്ങേറാക്കരുത്.
8. തടങ്ങളോ ചാലുകളോ കീറി പച്ചക്കറിക്കൃഷി ആരംഭിക്കാം, നനയ്ക്ക് കെൽപ്പുണ്ടെങ്കിൽ മാത്രം.
9. ജാതിയ്ക്ക് നന ഇതിനകം തുടങ്ങിയിട്ടിട്ടുണ്ടാകും എന്ന് കരുതാം. പുത മുഖ്യം ബിഗിലെ...
10. ആഴ്ചയിൽ ഒരിക്കൽ ജീവാമൃത ലാളനം കൂടി ചെടിത്തടങ്ങളിൽ കൊടുത്താൽ അവറ്റകൾ പട്ടിണിയില്ലാതെ കഴിഞ്ഞു കൂടും.
വരാൻ പോകുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി മുന്നൊരുക്കം നടത്തുന്നതിലാണ് കൃഷിയുടെ വിജയം. തുണ്ട് വത്കരിക്കപ്പെട്ട കൃഷിയിടങ്ങൾ കേരളത്തിന്റെ ശാപമാണ് എന്ന് പറയുമ്പോൾ തന്നെ അത് ഒരു അനുഗ്രഹവുമാണ്. കാരണം ഓരോ തുണ്ട് ഭൂമിയും ശാസ്ത്രീയമായി, വൃത്തിയായി പരിപാലിക്കാൻ ഒരു ചെറിയ കുടുംബത്തിന് കഴിയും. അതിന് പുറത്തുള്ള ഒരാളെ കൂലികൊടുത്ത് നിർത്തുന്നത് ഭാവിയിൽ ജീവിതശൈലി രോഗങ്ങളെ മാടിവിളിക്കുന്നതിന് തുല്യമാണ്. ഓരോ ദിവസവും അരമണിക്കൂർ കളപറിക്കാനും വെയിൽ കൊള്ളാനും വെള്ളമൊഴിക്കാനും മണ്ണിളക്കാനുമൊക്കെ ചെലവഴിക്കാൻ കഴിയുന്നില്ലയെങ്കിൽ നിങ്ങൾ നിങ്ങൾക്ക് സാവധാനത്തിൽ കുഴിമാടം ഒരുക്കുകയാണെന്ന് കരുതാം.
ഇതിനിടയിൽ മകരത്തിൽ മഴപെയ്ത് പ്രകൃതി നമ്മുടെ മാവിനെയും പ്ലാവിനെയും കശുമാവിനെയും കുഴപ്പത്തിലാക്കില്ല എന്ന് കരുതാം.
'ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘനസേനകൾ' മേടത്തിൽ നമ്മളെ കടാക്ഷിക്കാൻ പ്രാർത്ഥിക്കാം.
'ആലോലം പൊന്നും പൂവും പുടവയും അണിയിക്കാം ഭൂമിയെ'..
അലസത വെടിയൂ... പറമ്പിലേക്കിറങ്ങൂ...
✍️ പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ

