എള്ള് ചെറുതെങ്കിലും എള്ളെണ്ണ (നല്ലെണ്ണ) തന്നെ ബൽത് ... | പ്രമോദ് മാധവൻ



ലോകത്തിന്റെ ഓരോ പ്രദേശങ്ങളിലുമുള്ള ആളുകൾ പാചകത്തിനായി ഉപയോഗിക്കുന്നത് ഓരോ തരം എണ്ണയാണ്. അത് അവർ ജീവിക്കുന്ന ഭൗമ പാരിസ്ഥിതിക മേഖലകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. വെളിച്ചെണ്ണ, എള്ളെണ്ണ,പനയെണ്ണ (Palm oil) കപ്പലണ്ടിയെണ്ണ, കടുകെണ്ണ, ഒലിവെണ്ണ, ആർഗൺ ഓയിൽ, വാൽനട്ട് ഓയിൽ,ബദാം ഓയിൽ സൂര്യകാന്തിയെണ്ണ, തവിടെണ്ണ എന്നിങ്ങനെ ഓരോ പ്രദേശത്തും അവ വ്യത്യാസപ്പെട്ടിരിക്കും. പാരമ്പര്യമായി കഴിച്ചു വരുന്നതാകയാൽ അതിന് നമ്മുടെ രുചിമുകുളങ്ങളുമായും അഭേദ്യമായ ബന്ധമുണ്ട്.


 ഓരോ തരം എണ്ണകളിലും അതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പുകളുടെയും ഫാറ്റി ആസിഡുകളുടെയും അടിസ്ഥാനത്തിൽ ഗുണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. 


എണ്ണകളിൽ ഏറ്റവും ഗുണമുള്ളതായി കരുതുന്നത് എള്ളെണ്ണയാണ്. 'Queen of Oils' എന്നും അതിനെ വിളിക്കാറുണ്ട്. നമ്മൾ നല്ലെണ്ണയെന്നും വിളിക്കും.


തിലം എന്നാണ് എള്ളിന്റെ മറ്റൊരു പേര്. തിലത്തിൽ ഉണ്ടാകുന്ന എണ്ണയെ തൈലം എന്നും വിളിക്കാം. ഹിന്ദിയിൽ തേൽ എന്ന് പറയും. Til എന്ന് ഹിന്ദിയിൽ എള്ളിനെ വിളിക്കും. Til for Dil എന്നൊരു ചൊല്ലുണ്ട്. ഹൃദയത്തിന് നല്ലത് എള്ളാണ്‌  എന്ന്.


 പണ്ടുകാലത്ത് (ഒരുപാട് പണ്ടൊന്നുമല്ല)  രണ്ടാം വിള നെൽകൃഷി വിളവെടുത്തു കഴിഞ്ഞാൽ ഏതെങ്കിലും ഒരു വിളയും കൂടി പാടത്ത് ചെയ്യുന്ന പതിവുണ്ടായിരുന്നു.  അത് ചിലപ്പോൾ പയറുവർഗ്ഗത്തിൽപ്പെട്ട വിളകളോ എള്ളോ പച്ചക്കറികളോ ആകാം. നെൽ കൃഷിയിൽ എങ്ങാനും അമിത വളപ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിനെ ക്രമീകരിക്കാൻ എള്ള് കൃഷി ചെയ്യും. ആ വളം വലിച്ചെടുത്ത് എള്ള് നല്ല വിളവ് തരും.


 പ്രത്യേകമായി വളവും വെള്ളവും കൊടുക്കാതെ തന്നെ ഈ മൂന്നാം വിള കൃഷിയിൽ നിന്നും കർഷകന് നല്ല വരുമാനം ലഭിച്ചിരുന്നു. വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന് എന്നിങ്ങനെയുള്ള പയർ വർഗ്ഗങ്ങൾ പണ്ട് വീടുകളിൽ സുലഭമായിരുന്നു .മൂന്ന് മാസത്തിനുള്ളിൽ വിളവെടുക്കാം എന്ന മെച്ചം ഇവർക്കുണ്ട്. 


അതിന്റെ വിളവെടുപ്പും വിളവെടുപ്പിന് ശേഷമുള്ള കൈകാര്യം ചെയ്യലും (Post harvest handling)  എല്ലാം തന്നെ കുടുംബാധ്വാനത്തിൽ നടന്നിരുന്നു.

ഇന്ന് കാർഷികവിളകൾ ഒന്നും തന്നെ വീട്ടിലേക്ക് കൊണ്ടുവരരുതേ എന്നാണ് വീട്ടിലുള്ളവരുടെ പ്രാർത്ഥന. വീടും പരിസരവും എപ്പോഴും പൊടികൂടാതെ വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ.അപ്പോൾ കാർഷിക വിഭവങ്ങൾ വിളവെടുപ്പിന് ശേഷം വീട്ടിലേക്ക് വരുമ്പോൾ അതല്പം പൊടിയൊക്കെ ഉണ്ടാക്കും . ആയതിനാൽ മുറ്റമൊക്കെ നല്ല ടൈൽസ് ഒക്കെയിട്ട വീടുകളിലേക്ക് നെല്ലും എള്ളും  ഒന്നും കൊണ്ട് വരുന്ന രീതിയിന്ന് കാണുന്നില്ല. 


"കല്ലാടും മുറ്റത്ത് നെല്ലാടില്ല".


 സ്വാഭാവികമായും കേരളത്തിൽ പയർ വർഗ്ഗങ്ങളുടെയും എള്ളിന്റെയും കൃഷി ഭീഷണമാം വിധം കുറഞ്ഞിരിക്കുന്നു. ഈ വിളകൾ കൃഷി ചെയ്യാൻ കേന്ദ്രം ഫണ്ട്‌ തരുമ്പോൾ പലപ്പോഴും നമുക്കത് ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്നില്ല.


നമുക്ക് ആവശ്യമുള്ള ഈ കാർഷിക വിഭവങ്ങൾ എല്ലാം തന്നെ ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നുണ്ട്. നമ്മുടെ ഈ അലസത അവിടെയുള്ളവർക്ക് ഒരു വലിയ അവസരം കൂടിയാണ്.


കൊല്ലം,ആലപ്പുഴ, പത്തനം തിട്ട ജില്ലകളിലായിപരന്ന് കിടക്കുന്ന സവിശേഷഭൂവിഭാഗമാണ് ഓണാട്ടുകര. 'ഓണമൂട്ടുന്ന കര' എന്നർത്ഥം. ഒരു കാലത്ത് ഋതു ഭേദങ്ങൾക്കനുസരിച്ചു മറ്റ് പ്രദേശങ്ങളിലേക്ക് കാർഷിക വിഭവങ്ങൾ വിളയിച്ചു നൽകുന്ന നാടായിരുന്നു ഓണാട്ടുകര. സവിശേഷമായ കൃഷി രീതികൾ നിലനിന്നിരുന്ന ഒരു ഭാഗമാണവിടം. തീരദേശ സ്വഭാവമുള്ള മണൽമണ്ണു  കൂടിയാകുമ്പോൾ മണ്ണൊരുക്കലും വിളയിറക്കലുമൊക്കെ താരതമ്യേനെ എളുപ്പവുമാണ്. എണ്ണയുടെ അംശം നന്നായുള്ള 'ആദിനാട് തെങ്ങ്' പോലെയുള്ള ഇനങ്ങൾ,കിഴങ്ങ് വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ, എള്ള്, കരനെല്ല് പോലെയുള്ള വിഭവങ്ങൾ എന്നിവയെല്ലാം ഓണാട്ടുകരയിൽ സുലഭമായിരുന്നു. പാടങ്ങളിലും തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായും ഇവ പരക്കെ കൃഷി ചെയ്തിരുന്ന ഒരു  കാലമുണ്ടായിരുന്നു. 


മൂന്നാം വിളക്കാലത്ത് എള്ള് കൃഷി സർവ്വസാധാരണമായിരുന്നു അവിടങ്ങളിൽ. സ്വാഭാവികമായും അതിന്റെ കൃഷിരീതികളും വിളവെടുപ്പാനന്തര കൈകാര്യം ചെയ്യലും (Post Harvest Handling)  എണ്ണയാക്കുന്ന രീതിയും (Processing ),എള്ളുണ്ട യുണ്ടാക്കുന്ന രീതിയും ഒക്കെ തന്നെ അന്നത്തെ തലമുറയ്ക്ക് അന്യമായിരുന്നില്ല.


 ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു വിളയാണ്  എള്ള്. 25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള കാലാവസ്ഥയിൽ എള്ള് നന്നായി വിളയും.  വലിയ വളപ്രയോഗമോ  ജലസേചനമോ ഒന്നും ആവശ്യമില്ല ഈ വിളയ്ക്ക്.


 ഒരേക്കറിലേക്ക് രണ്ട് കിലോഗ്രാമിൽ താഴെ വിത്ത് മതിയാകും. ഓരോ ചെടിയും തഴച്ചു വളർന്ന് ശിഖരങ്ങൾ ആയി ശരാശരി 30 ഗ്രാമോളം എള്ള് വിത്ത് തരാൻ കഴിവുള്ളവയാണ്. നൂറ് ചെടിയുണ്ടെങ്കിൽ 3 കിലോ എള്ള് വിത്ത് കിട്ടും 🙄.


 നന്നായി പൂട്ടി പൊടിയാക്കിയ മണ്ണിലേക്ക് (എള്ളിന് ഏഴുഴവ്  കൊള്ളിന് (മുതിരയ്ക്ക് )ഒരുഴവ് എന്നാണ് ) തീരെ ചെറിയ വിത്താകയാൽ നാലിരട്ടി മണലും ചേർത്ത് എള്ള് വിതച്ചു കഴിഞ്ഞാൽ, മുളച്ചു ചെറിയ ചെടികൾ ആകുമ്പോൾ തിങ്ങി നിൽക്കുന്ന  ഭാഗങ്ങളിൽ നിന്നും എള്ള് ചെടികൾ പറിച്ച് മാറ്റി രണ്ടു ചെടികൾ തമ്മിൽ 20 സെന്റീമീറ്റർ എങ്കിലും അകലം വരത്തക്ക രീതിയിൽ എണ്ണം ക്രമീകരിക്കണം. 20- 25 ദിവസത്തിനുള്ളിൽ തന്നെ  കളകളെയെല്ലാം നീക്കം ചെയ്യണം.  30- 35 ദിവസമാകുമ്പോഴേക്കും പൂക്കാൻ തുടങ്ങുന്ന സമയമായി. അപ്പോൾ ഒരു നന ആവശ്യമെങ്കിൽ നൽകാവുന്നതാണ്. മണ്ണിൽ ഈർപ്പമുണ്ടെങ്കിൽ നന ആവശ്യമില്ല. അടിസ്ഥാനവളമായി ചാണകപ്പൊടിയും ആവശ്യമെങ്കിൽ ചെറിയതോതിൽ എൻ പി കെ വളങ്ങളും പൂക്കുന്ന സമയമാകുമ്പോഴേക്കും ഗോമൂത്രം അല്ലെങ്കിൽ യൂറിയ പോലെയുള്ള നൈട്രജൻ വളങ്ങൾ സ്പ്രേ ചെയ്തു കൊടുക്കലും ഒക്കെ വിളവ് കൂട്ടാൻ സഹായിക്കും.60- 65 ദിവസം കഴിഞ്ഞാൽ പിന്നെ നന ആവശ്യമില്ല. പിന്നെ കായ്കൾ മൂത്തു ഭാഗമാകാനുള്ള സമയമാണ്. അപ്പോൾ മഴ പെയ്താലാണ് ബുദ്ധിമുട്ടാകുക. അടിയിലകളൊക്കെ മഞ്ഞളിച്ച് ഏറ്റവും അടിവശത്തുള്ള കായ്കൾ മഞ്ഞനിറം ആകാൻ തുടങ്ങുമ്പോൾ ചെടിയോടുകൂടി മുറിച്ച് ഒരു പനമ്പിൽ നിരത്തിവെച്ച് വെയില് കൊള്ളിക്കലാണ് രീതി. കായ്കൾ ഒരുപാട് മൂത്ത് പോയാൽ അവ പൊട്ടി വിത്തുകൾ നഷ്ടപ്പെടും. കൂട്ടിയിട്ടിരിക്കുന്ന എള്ള് ചെടികളിൽ മൂന്നു നാലുദിവസം വെയിൽ കൊള്ളുമ്പോൾ ആ കായ്കൾ പൊട്ടി വിത്തുകൾ പുറത്തേക്ക് വരും. ആവശ്യമെങ്കിൽ ഒരു വടികൊണ്ട് തല്ലി ബാക്കിയുള്ള വിത്തുകളും പുറത്തേക്ക് കൊണ്ടുവരാം . അതിലെ പൊടികളും മാലിന്യങ്ങളും ഒക്കെ നീക്കം ചെയ്ത് പാറ്റി എടുക്കണം. അതിന് ഇച്ചിരി നല്ല പണിയുണ്ട്.


 നന്നായി കൃഷി ചെയ്യുകയാണെങ്കിൽ ഒരേക്കറിൽനിന്നും 250 മുതൽ 300 കിലോ വരെ എള്ള് നമുക്ക് ലഭിക്കും . ഈ എള്ള് വൃത്തിയാക്കി  ചക്കിലാട്ടി എടുത്തു കഴിഞ്ഞാൽ 40 മുതൽ 50 ശതമാനം വരെ എള്ളെണ്ണ നമുക്കിതിൽ ലഭിക്കും .'എള്ളിനൊത്ത എണ്ണ' എന്നാണ് പഴമൊഴി.


ഹൃദയാരോഗ്യത്തിന് ഉത്തമമാണ് എള്ളെണ്ണ അഥവാ നല്ലെണ്ണ. കാരണം അതിൽ അപൂരിത ഫാറ്റി ആസിഡുകൾ ആയ ഒലിയിക്കാസിഡ്, ലിനോലിക് ആസിഡ് എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. നന്നായി നാരുകൾ ഉള്ള ഒരു വിഭവം കൂടിയാണ് എള്ള്. അത് നല്ല പ്രീ ബയോട്ടിക് ആണ്. ദഹനവ്യൂഹത്തിലുള്ള നല്ല ബാക്ടീരിയകളെ അത് വളർത്തും. പ്രോട്ടീൻ അംശവും വളരെ കൂടുതലാണ് .ഏതാണ്ട് 25%.  ആയതിനാൽത്തന്നെ എള്ള് പച്ചയ്ക്കോ ചെറുതായി വറുത്തോ കരുപ്പട്ടിയുമായി ചേർത്ത് ഉണ്ടയാക്കിയോ ചവച്ചരച്ച് കഴിക്കുന്നത് വായിക്കും ദഹനവ്യൂഹത്തിനും ശരീരത്തിനും ഒക്കെ വളരെ നല്ലതാണ്. ഭക്ഷ്യ വിഭവങ്ങൾ വറുത്തെടുക്കാൻ ആയി ഏറ്റവും നല്ല എണ്ണയാണ് എള്ളെണ്ണ. അതിൽ അടങ്ങിയിരിക്കുന്ന സെസാമോൾ എന്ന ആന്റിഓക്സിഡന്റ് ശരീരകോശങ്ങളെ അകാലമൃത്യുവിൽ നിന്നും സംരക്ഷിക്കുന്നു. Tryptophan, Methionine എന്നിങ്ങനെയുള്ള അമിനോ അമ്ലങ്ങളുടെ നിറകുടമാണ് എള്ള്. അതുപോലെതന്നെ കാൽസ്യം, ഫോസ്ഫറസ്,ഇരുമ്പ് മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയാലും സമൃദ്ധമാണ്. ഹീമോഗ്ലോബിൻ വർധനയ്ക്ക് എള്ള് ഉപകരിക്കും.  'അമരത്വത്തിന്റെ വിത്തായി' എള്ളിനെ സങ്കൽപ്പിക്കാറുണ്ട്. തിലഹോമം, പിതൃതർപ്പണക്രിയകളിലുള്ള പ്രാധാന്യമൊക്കെ അതിനെ സൂചിപ്പിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നതിന് എള്ളിന് വിരുത് കൂടും.  അമിതമായ രക്തസ്രാവം ഉണ്ടാകുന്ന ഘട്ടങ്ങളിൽ എള്ള് ചവച്ച് കഴിക്കുകയോ എള്ളെണ്ണ ഒരു ടീസ്പൂൺ കുടിക്കുകയോ എള്ളുണ്ട കഴിക്കുകയോ ഒക്കെ ചെയ്യുന്നത് ഗുണം ചെയ്യും. ആദ്യമായി മാസമുറ ഉണ്ടാകുന്ന പെൺകുട്ടികൾക്ക് കുടിക്കാൻ കൊടുക്കുന്നത് എള്ളെണ്ണയാണെന്നതും നമ്മുടെ ഒരാചാരമാണ്.


ലോകത്തെ ഏറ്റവും വലിയ എള്ള് ഉത്പാദകൻ ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ എള്ള് കൃഷി ചെയ്യുന്നത് രാജസ്ഥാനാണ്. അതുകഴിഞ്ഞാൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ. ഇവിടങ്ങളിലൊക്കെ കൃഷിയെ ആശ്രയിക്കുന്ന ഒരു ജനത  ഉള്ളതുകൊണ്ട് നമുക്ക് സമൃദ്ധമായി എള്ളും എള്ളെണ്ണയും  ലഭിക്കുന്നു. നാളെ അവരുടെ മക്കളും മികച്ച വിദ്യാഭ്യാസവും  തൊഴിലവസരങ്ങളും തേടി വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് തുടർന്നും എള്ളും എള്ളെണ്ണയുമൊക്കെ  കിട്ടുമോ എന്ന് സംശയമാണ്.


 ആയുർവേദത്തിൽ എള്ളിന് വലിയ പ്രാധാന്യമാണുള്ളത്.  എള്ളെണ്ണയ്ക്ക് വാത രോഗങ്ങൾ കുറയ്ക്കാൻ കഴിവ് കൂടുതലുണ്ട്.തൈലം പുരട്ടിയാൽ സന്ധിവാതത്തിന് ശമനം കിട്ടും. എള്ളെണ്ണ   ചെറുചൂടുവെള്ളം ചേർത്ത് രാവിലെ വായിൽ കുറച്ചുനേരം  നിർത്തുന്നത് മോണരോഗങ്ങളും വായ്നാറ്റവും ഇല്ലാതാക്കാൻ സഹായിക്കും.വരണ്ട ചർമ്മത്തെ മെച്ചപ്പെടുത്താൻ കഴിയും . മുടി വളരാനും എള്ളെണ്ണ സഹായിക്കും. ചെറിയ അളവിൽ എള്ള് സ്ഥിരമായി കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും. കാല്പാദത്തിൽ എള്ളെണ്ണ നന്നായി പുരട്ടുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.ഓസ്റ്റിയോപൊറോസിസ്

(Osteo porosis) പോലെയുള്ള പ്രശ്നങ്ങൾക്കും സ്ഥിരമായി ചെറിയ അളവിൽ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും.അങ്ങനെ ഏത് തരത്തിൽ നോക്കിയാലും എള്ള് ഒരു പണമിട മുന്നിൽ തന്നെയാണ്. എല്ലാ വീടുകളിലും കുറച്ചു സ്ഥലം നന്നാക്കി എള്ള് വിതച്ചാൽ അത്യാവശ്യം വീട്ടാവശ്യത്തിനുള്ള എള്ള് നമുക്ക്  തന്നെ ഉണ്ടാക്കാൻ പറ്റും. 


വാൽക്കഷ്ണം :പ്രിയ സഹോദരി ഹരിപ്പാട്കാരി വാണി, ഓണാട്ടുകരയുടെ തനതായ എള്ളുണ്ട ഉണ്ടാക്കുന്നതിൽ അതിസമർഥയാണ്. ഓരോ ദിവസവും കുറഞ്ഞത് മൂന്ന് നാല് കിലോ എള്ളുണ്ട വാണിയുടെ പ്രകൃതി ജൈവ കലവറയിൽ നിന്നും വിറ്റ് പോകുന്നുണ്ട്. നല്ല എള്ളെണ്ണയും അവിടെ ലഭ്യമാണ്.ഫോൺ നമ്പർ +918281420170. പ്രകൃതി ജൈവകലവറയിലെ എള്ളുണ്ട കഴിച്ചാൽ നമുക്ക് ബേക്കറികളിൽ നിന്നും കിട്ടുന്ന എള്ളുണ്ട കിണറ്റിലിടാൻ തോന്നും.


തോല മഹാകവിയുടെ സ്ത്രീ സൗന്ദര്യ ലക്ഷണങ്ങളിൽ സുന്ദരികളുടെ മൂക്ക് എള്ളിൻപൂവ് പോലെ എന്നാണ്. തില പുഷ്പ മൂക്കീ എന്നാണ് കവിവചനം. (അന്നത്തെ പോക്കീ, കുയിലൊത്ത വാക്കീ, തിലപുഷ്പമൂക്കീ...എന്നിങ്ങനെ)


ന്നാൽ അങ്ങട്.... 

✍️ പ്രമോദ് മാധവൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section