ശബരിമലയും കാർഷിക മേഖലയും | പ്രമോദ് മാധവൻ

   


ബാല്യകാലം മുതൽ തന്നെ മണ്ഡലകാലം കുളിരുള്ള ഒരോർമ്മയാണ്.


 വൃശ്ചികം, ധനു, മകരം എന്നിവയാണല്ലോ മലയാളിയുടെ മഞ്ഞുകാലം. 


 രാവിലെ റേഡിയോയിൽ ഉദയഗീതം മുടങ്ങാതെ കേൾക്കും. യേശുദാസ്, ജയചന്ദ്രൻ, ജയവിജയന്മാർ എന്നിവരുടെ പുണ്യം ചെയ്ത കണ്ഠങ്ങളിൽനിന്നും അനർഗ്ഗളം ഒഴുകിയിറങ്ങി കർണപുടങ്ങളെയും ആത്മാവിനെയും വിമലീകരിയ്ക്കുന്ന പുണ്യഗീതങ്ങൾ. 


 ഗംഗയാറ് പിറക്കുന്നു ഹിമാവൻമലയിൽ.. പമ്പയാറ് പിറക്കുന്നു ശബരിമലയിൽ, ഒരേ ഒരു ലക്ഷ്യം ശബരിമാമല.. ഒരേ ഒരു പുണ്യം ദിവ്യദർശനം, നല്ലത് വരുത്തുക നമുക്ക് നിലവയ്യാ..., മനസ്സിനെ മാംസത്തിൽ നിന്നുണർത്തേണമേ മലയിൽ വാഴും ഭാഗവാനേ.., ആ ദിവ്യനാമം അയ്യപ്പാ നമുക്കാനന്ദദായക നാമം, സ്വാമി സംഗീതമാലപിക്കും താപസഗായകനല്ലോ ഞാൻ എന്നിങ്ങനെ ഇന്നും മനസ്സിനെ ശാന്തമാക്കുന്ന എത്രയെത്ര ഗാനങ്ങൾ...


 വീടുകളിൽ 41 ദിവസവും പൂക്കളമിടും അക്കാലത്ത്. കാളപ്പൂ എന്ന മുള്ളുള്ള ചെമ്പരത്തിക്കുടുംബത്തിലെ ചെടിയുടെ പൂവാണ് മുഖ്യം. പിന്നെ കാട്ടുതെറ്റി (തെച്ചി ), ആറ്റിൻകരകളിൽ സമൃദ്ധമായി കാണുന്ന കലമ്പോട്ടി (അതിരാണി ), ചെമ്പരത്തി എന്നിവയാണ് പ്രധാന പൂക്കൾ. 


 അന്ന് കുടവട്ടൂർ LP സ്കൂളിലെ ക്ലാസ് റൂമിലും പൂക്കളം ഇടാറുണ്ട്. കാളപ്പൂവിന്റെ മധ്യഭാഗത്തുള്ള വെൽവെറ്റിന്റെ പതുക്കമുള്ള ഭാഗം ഹീറോ പേനയുടെ ക്യാപ് ഉപയോഗിച്ച് അമർത്തി ഉണ്ടാക്കുന്ന പൊട്ടും പെൺകുട്ടികൾ ഇടുമായിരുന്നു. (ഇന്ന് എവിടെയും കാളപ്പൂ കാണാനില്ല. കലമ്പോട്ടിയും. പക്ഷേ Melastoma എന്ന കലമ്പോട്ടിയുടെ ഒരു കസിൻ ഇപ്പോൾ താരമാണ് ). 


 പിന്നെ അടുത്തുള്ള പ്രധാന അമ്പലങ്ങളായ കുടവട്ടൂർ ശിവ-ശാസ്താ ക്ഷേത്രം, ചെറുകരക്കോണം പരബ്രഹ്മക്ഷേത്രം എന്നിവിടങ്ങളിലെ നാൽപ്പത്തൊന്ന് വിളക്ക്, അവിടുത്തെ ചെണ്ടമേളം, താലപ്പൊലി എന്നിവ. ചില ദിവസങ്ങളിൽ അമ്പലങ്ങളിൽ താലപ്പൊലി കഴിഞ്ഞ് പായസം ഉണ്ടാകും. സാമ്പത്തിക ശേഷിയുള്ള വീട്ടുകാരുടെ വിളക്കാണെങ്കിൽ പന്തനാഴി (അര, ഒന്ന് ) എന്ന കണക്കിന് പായസം ഉണ്ടാകും. അത് നേരത്തേ അറിയും. അപ്പോൾ കൂടുതൽ ആളുകൾ  പായസം കുടിക്കാനുണ്ടാകും. വട്ടയിലയിൽ ആണ് പായസം വിളമ്പുക. ചൂടോടെ ഊതിയാറ്റി രുചിയോടെ കുടിയ്ക്കുന്നതൊക്കെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്.


 തൃക്കാർത്തിക ദിവസം അമ്പലം മുഴുവൻ കുരുത്തോലകൾ കൊണ്ട് അലങ്കരിക്കും. വാഴത്തടയിൽ ഈർക്കിൽ വളച്ച് വച്ച് അതിൽ മരോട്ടിക്കായയിൽ എണ്ണ നിറച്ച് വിളക്ക് കത്തിയ്ക്കും. (ത്വക് രോഗങ്ങൾക്ക് കൺകണ്ട ഔഷധമാണ് മരോട്ടിയെണ്ണ ). എല്ലാ വീടുകളിലും ഇത്‌ പോലെ തന്നെ വിളക്കുകൾ കത്തിക്കും. ആ ദിവസം വാഴത്തടകൾക്ക് വലിയ പ്രിയമാണ്. ആയക്കോട് മലയിൽ പോയി വെട്ടിയെടുത്ത് കൊണ്ട് വരുന്ന കാക്കണം കമ്പിൽ (ഒരു തരം നീണ്ട കട്ടിയുള്ള തണ്ടോടു കൂടിയ പുല്ല് )ചൂട്ടും ഓലയും കൊണ്ട് കെട്ടുന്ന പന്തം കത്തിച്ചു 'അരിയോരരിയോര'എന്ന് വിളിച്ച് പുരയിടത്തിന്റെയും പാടത്തിന്റെയും അതിരുകളിൽ കുത്തിനാട്ടും. ചീനി, കപ്പ, ചേന, കാച്ചിൽ, കിഴങ്ങ് എന്നിവ പുഴുങ്ങിയത് മുളക് ചമ്മന്തി കൂട്ടി കഴിക്കും. ഇതൊക്കെ എഴുപതുകൾ വരെ ജനിച്ചവരുടെ ഓർമ്മകൾ ആകാനാണ് സാധ്യത.


 ശബരിമലയിൽ പോവുക എന്നത് അക്കാലത്ത് എന്നെപ്പോലെയുള്ള കുട്ടികളുടെ കണ്ണിൽ ഒരു വലിയ കാര്യമാണ്. വ്രതശുദ്ധിയുടെ മാസങ്ങൾ ആണ്. പഞ്ചശുദ്ധി പാലിക്കണം. വസ്ത്രം, ശരീരം, മനസ്സ്, വാക്ക്, ഭക്ഷണം എല്ലാം ശുദ്ധമായിരിക്കണം. അയ്യപ്പന്മാർ എല്ലാവരും മാലയിട്ട് എല്ലാ ദിവസവും അമ്പലത്തിൽ പോയി, ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടും കെട്ടി ശരണം വിളി മുഴക്കി പോകുന്നത് കൗതുകത്തോടെ നോക്കി നിൽക്കും. (ആറാം ക്‌ളാസിലോ മറ്റോ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി അച്ഛനോടൊപ്പം മലയ്ക്ക് പോകുന്നത്. പിന്നെ രണ്ട് തവണ കൂടി പോയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മൂത്ത മകളോടൊപ്പം ).


നമ്മുടെ ഇന്നത്തെ വിഷയം ശബരിമലയും കൃഷിയുമായുള്ള പരസ്പര്യമാണ്. 


 ഒരു മണ്ഡലകാലം എന്നത് തദ്ദേശീയ സമ്പദ്വ്യവസ്ഥയെ ഏറ്റവും കൂടുതൽ ചലിപ്പിക്കുന്ന കാലമാണ്. റെയിൽവേ, KSRTC, ടാക്സികൾ, തട്ടുകടക്കാർ, ഹോട്ടലുകൾ എന്നിവർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന കാലം. അയ്യപ്പന്മാരുടെ ഇരുമുടിക്കെട്ടുകളിൽ നിറയെ കാർഷിക ഉത്പന്നങ്ങളാണ്. തേങ്ങ, നെയ്യ്, പായസത്തിനുള്ള അരി, മലര്, മഞ്ഞൾപ്പൊടി, നല്ലെണ്ണ എന്നിവയുണ്ടാകും. ഇതെല്ലാം കാർഷിക മേഖലയിൽ നിന്നും വരണം. കുറഞ്ഞത് ശരാശരി മൂന്ന് തേങ്ങായെങ്കിലും ഒരയ്യപ്പൻ ഉപയോഗിക്കും. അതിൽ കൂടുതൽ ഉപയോഗിക്കുന്നവരാകും കൂടുതൽ. ഇരുമുടിയിൽത്തന്നെ രണ്ട് തേങ്ങകളെങ്കിലും വേണം. മുൻകെട്ടിൽ നെയ്യഭിഷേകത്തിനും പിൻകെട്ടിൽ പമ്പാഗണപതിക്കും ഉടയ്ക്കാൻ. മാലയിട്ടാൽ പിന്നെ ഭക്തനും ഭഗവാനും തമ്മിൽ ഭേദമില്ല. സന്നിധാനത്ത് എത്തിയാലും അങ്ങനെ തന്നെ. തത്വമസി. (ഇതൊന്നും മനസിലാക്കാത്ത രാഷ്ട്രീയ കോമരങ്ങൾ ശബരിമലയെ മലിനമാക്കി എന്ന് പറയാതെ വയ്യ ).


 ഓരോ മണ്ഡലകാലത്തും (41 ദിവസം ) എങ്ങനെ നോക്കിയാലും അൻപത് ലക്ഷത്തിൽ കുറയാതെ അയ്യപ്പന്മാർ മല കയറുന്നുണ്ട്. അപ്പോൾ അവർ ഉപയോഗിക്കുന്ന തേങ്ങ, അരി, മലര്, എണ്ണ, നെയ്യ്, മഞ്ഞൾപ്പൊടി എന്നിവയുടെ അളവ് ഒന്ന് പരിശോധിച്ച് നോക്കൂ. എത്ര വലിയ അളവാണത്. അത് മുഴുവൻ ഉണ്ടാക്കുന്ന നാട്ടിലെയും മറുനാട്ടിലെയും കർഷകരുടെ നിലനിൽപ്പിന് സഹായിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ് ശബരിമല. പക്ഷേ പലപ്പോഴും ശബരിമലയും അയ്യപ്പന്മാരും അർഹിക്കുന്ന പരിഗണന ഭരണകൂടങ്ങൾ അതിന് നൽകുന്നില്ല എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്.


 കാർഷിക മേഖലയുടെ നിലനിൽപ്പിനു ക്ഷേത്രങ്ങൾ നൽകുന്ന പിന്തുണ ഏറ്റവും പ്രധാനമാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ പറയെടുപ്പിനും പായസത്തിനും വേണ്ട നെല്ലിന്റെ /അരിയുടെ അളവ് എത്ര വലുതാണ്? ഓരോ ദിവസവും വിളക്കുകൾ കത്തിയ്ക്കാൻ വേണ്ട എണ്ണയുടെ അളവ് എത്രയാണ്? അഭിഷേകത്തിനുള്ള നെയ്യ് എത്രയാണ്? പൂജയ്ക്കായി ഉപയോഗിക്കുന്ന പൂക്കളുടെയും വാഴപ്പഴത്തിന്റെയും അളവ് എത്രയാണ്? ഇവയുടെ ഉത്പാദനത്തിലൂടെ കർഷകർക്ക് കിട്ടുന്നത് എത്ര ആയിരം കോടിയുടെ വരുമാനമാണ്?


 നമ്മുടെ ആചാരങ്ങൾ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതും അടിസ്ഥാനവർഗത്തിന്റെ ഉപജീവനഭദ്രത ഉറപ്പ് വരുത്തുന്നതുമാണ്. മറ്റൊരാളുടെ വിശ്വാസങ്ങളെ ഹനിക്കാത്ത ഏത് സദ് ആചാരങ്ങളും നിലനിൽക്കേണ്ടത് കാർഷിക മേഖലയുടെ നിലനിൽപ്പിനും അനിവാര്യമാണ്...


പല 'ഇസങ്ങൾക്കൊപ്പം"ഈശ്വര വിശ്വാ'സം' എന്ന ഇസവും നിലനിൽക്കട്ടെ, മറ്റുള്ളവരെ കൊല്ലാൻ അത് ഉപകരണം ആകാത്തിടത്തോളം... 


"മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന്...

മനസ്സിന്നുള്ളിൽ മഹിമകൾ വന്നാൽ മഹേശ്വരൻ വരുമന്ന്"...


സ്വാമി ശരണം...

✍️ പ്രമോദ് മാധവൻ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section