ഇങ്ങളുദ്ദേശിച്ച MH അല്ല ഈ MH.. ആരാണീ MH? | പ്രമോദ് മാധവൻ



സുരപാനതത്പരനായ മല്ലുവിനോട് നിങ്ങൾ MH എന്താണ് എന്ന് ചോദിച്ചുനോക്കൂ.. ഓല് കണ്ടിപ്പാ മറുമൊഴിയും. Mansion House(MH) എന്ന്. 42.8% ആൾക്കഹോൾ അടങ്ങിയ ഒരു ബ്രാണ്ടിയാണത്.


പക്ഷേ നുമ്മ ഇന്ന് പോസ്റ്റുന്ന MH അതുക്കും റൊമ്പ മേലേ.. അവൻ താൻ  Manuka Honey 


ഇവൻ തേനോം കാ തേൻ.. തേനുകളിലെ ചക്രവർത്തി. ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തീരദേശങ്ങളിൽ മാത്രം പ്രകൃത്യാ വളരുന്ന Leptospermum scoparium എന്ന ചെടികളിൽ നിന്നും മാത്രം തേനീച്ചകൾ ശേഖരിക്കുന്ന ഏകപുഷ്പ തേൻ (Unifloral Honey ). അവിടങ്ങളിൽ വേറേ പൂവുള്ള ചെടികൾ ഇല്ലാത്തത് കൊണ്ട് തേനീച്ചകൾക്ക് ഏക പൂന്തേൻ സ്രോതസ് ഇത് മാത്രമാണ്.


ന്യൂസീലാൻഡിലെ ആദിമ നിവാസികളാണ് മാവോരി(Maori)കൾ. അവിടെ വെള്ളക്കാർ അധിനിവേശം നടത്തിയാണ് ഇന്നത്തെ NZL രൂപപ്പെട്ടത്. (അത് ലോകത്ത് മിക്കവാറും സ്ഥലങ്ങളിൽ അങ്ങനെ ആയിരുന്നല്ലോ ). മാനുക തേൻ എന്നാൽ മാവോരികൾക്ക് ദൈവതുല്യമാണ്. മാനുക എന്നാൽ നിധി എന്നാണ് അവരുടെ ഭാഷയിൽ അർത്ഥം. അവരുടെ സാംസ്‌കാരിക ചിഹ്നം കൂടിയാണിത്. പക്ഷേ ഇന്നവർ അതിനെ ഒരു വലിയ വരുമാന സ്രോതസ് ആക്കി മാറ്റിയിട്ടുണ്ട്. അതിന്റെ വിലയോർത്താൽ 'Liquid Gold 'എന്ന് തന്നെ വിളിക്കേണ്ടി വരും.ഒരു ലിറ്ററിന് 25000 രൂപയിൽ കൂടുതലാണ് വില.


Apis mellifera എന്ന യൂറോപ്യൻ തേനീച്ചയാണ് ഇതിന്റെ ഉത്പാദകർ. ഒരുമിച്ചു പൂക്കുന്ന മാനുകപ്പൂക്കളിൽ നിന്നും നുകരുന്ന പൂന്തേനിനെ ആറ്റിക്കുറുക്കി അവ ശരിക്കുമുള്ള തേനാക്കിമാറ്റുന്നു.


മറ്റ് തേനുകളെപ്പോലെ തന്നെ വലിയ അളവിൽ ഗ്ലുക്കോസ്, ഫ്രക്ടോസ് എന്നിവയും ചെറിയ അളവിൽ സൂക്രോസ്, മാൾട്ടോസ് എന്നിവയും അടങ്ങിയിരിക്കുന്നു. ക്രീം നിറത്തിലും ചിലപ്പോൾ അല്പം ഇരുണ്ടും ഇത് കാണുന്നുണ്ട്. ആസ്വാദ്യകരമായ മണം ഇതിനുണ്ട്. മാനുകപ്പൂക്കളിലുള്ള Leptosperin, Lepteridine, ഫ്‌ളവനോയ്‌ഡ്‌സ്, ഫനോളിക് സംയുക്തങ്ങൾ എന്നിവ ഇതിലുണ്ട്. പക്ഷേ ഏറ്റവും പ്രധാനം 'മാനുക ഫാക്ടർ' എന്നറിയപ്പെടുന്ന Methyl Glyoxal(MGO), Dihydroxy Acetone (DHA)എന്നിവയാണ്.


ഇതിന്റെ അളവ് അനുസരിച്ച് അവ ഗ്രേഡ് ചെയ്യുന്നു. അതിന് പ്രത്യേക മാനദണ്ഡങ്ങളും ലാബുകളും ഉണ്ട്‌. കുറഞ്ഞത് 85മില്ലി ഗ്രാം MGO യും 170 മില്ലി ഗ്രാം DHA യും ഓരോ കിലോ മാനുകത്തേനിലും ഉണ്ടാകണം എന്നാണ് നിഷ്കർഷ. Leptospermum ചെടിയുടെ പരാഗരേണുക്കൾ (pollen grains ) ഉണ്ടോ എന്നത് അടക്കം അവർ പരിശോധിക്കും. അതിന്റെ ജനിതകം വരെ അവർ തെരെയും. ന്യൂസീലാൻഡിൽ നിന്നുമുള്ള തേൻ ഏറ്റവും അനന്യവും അന്യൂനവും ആണെന്ന് അവർ ഉറപ്പിക്കും രമണാ...


 ഒരിക്കൽ മേടിച്ചവർ പിന്നെയും വാങ്ങണം എന്നവർക്ക് നിർബന്ധമാണ്. ലോക കയറ്റുമതി വിപണിയിൽ വെറും ഒരു ശതമാനം മാത്രമാണ് മാനുകത്തേനിന്റെ പങ്കെങ്കിലും മൂല്യത്തിന്റെ ഒൻപത് ശതമാനം അതിനാണ് എന്നോർക്കണം.


Myrtaceae എന്ന സസ്യകുടുംബത്തിലാണ് മാനുകചെടിയുടെ ജനനം. നമ്മുടെ പേരയൊക്കെ പെടുന്ന തറവാടാണ്. ഈ ചെടികൾക്ക് കാട്ടുതീയെ ചെറുക്കാനുള്ള കഴിവുണ്ട്. അത് പോലെ തന്നെ മാവോരികളുടെ പാരമ്പര്യവൈദ്യത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. മുറിവുണ്ടാക്കാനും പനി വരുമ്പോൾ ചൂട് കുറയ്ക്കാനും ഒക്കെ അവർ ഇതിന്റെ ഇലകളും പുറംതൊലിയുമൊക്കെ ഉപയോഗിക്കുന്നു. ഇതിൽ നിന്നും Essential oil ഉം അവർ ഉത്പാദിപ്പിക്കുന്നു.തേനിന്റെ Peroxidase Activity മൂലം മുറിവുണക്കാനുള്ള കഴിവ് കൂടുന്നു.


വാൽക്കഷ്ണം : ഒരിക്കൽ എന്റെ അളിയൻ (ഭാര്യാ സഹോദരൻ ) ജയകുമാർ ഓസ്ട്രേലിയയിൽ നിന്നും ഈ തേൻ കൊണ്ടുവന്നു. അങ്ങനെ നോം അത് രുചിച്ചു. അസാധ്യ രുചിയും മണവും. അത് കഴിക്കുമ്പോൾ നമുക്ക് മാർക്കറ്റിൽ നിന്നും കിട്ടുന്ന തേനൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.


 ലോകത്ത് ഏറ്റവും കൂടുതൽ പറ്റിയ്ക്കപ്പെടുന്ന തേനും ഇത് തന്നെ. ഒരു കൊല്ലം ഏതാണ്ട് 1800 ടൺ മാത്രമാണ് ഉത്പാദനം. പക്ഷെ അതിന്റെ ആറിരട്ടി തേൻ എങ്കിലും മാനുകത്തേൻ എന്ന പേരിൽ ലോകത്ത് വിൽക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ച്യവനപ്രാശം വിൽപ്പന പോലെ. ഇന്ത്യയിൽ മൊത്തം ഉത്പാദിപ്പിക്കുന്ന നെല്ലിയ്ക്കയിൽ നിന്നും ഉണ്ടാക്കാവുന്നതിന്റെ ഇരട്ടി അളവ് ച്യവനപ്രാശം ഇവിടെ വിൽക്കുന്നുണ്ടത്രേ. അതിന്റെ പ്രധാന ചേരുവ നെല്ലിയയ്ക്കയാണല്ലോ.


മറ്റൊരു രസകരമായ കാര്യം ഓസ്ട്രേലിയ, ന്യൂ സീലാൻഡ് എന്നിവിടങ്ങളിലെ ഒരു തരം തത്തകൾ (Kakariki Parakeets ) തങ്ങളുടെ തൂവലുകൾക്കിടയിൽ കയറുന്ന പേനുകളെ ഓടിക്കുന്ന രീതിയാണ്. അവ മാനുക ചെടിയുടെ ഇലകൾ കടിച്ചു ചതച്ച് അതിൽ തങ്ങളുടെ തൈലഗ്രന്ഥി സ്രവിക്കുന്ന എണ്ണയും ചേർത്തിളക്കി തൂവലിന്റെ ഇടയിൽ കൊക്കുകൾ കൊണ്ട് പുരട്ടിക്കൊടുക്കും. അവിടെ അവർക്കിത് ചെയ്ത് കൊടുക്കാൻ ആരും ഇല്ലല്ലോ? അവരുടെ പ്രശ്നങ്ങൾക്ക് അവർ തന്നെ വൈദ്യൻ...


✍️ പ്രമോദ് മാധവൻ 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section