ഒരു ജീവിയെയും കൊല്ലാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. പക്ഷേ രാജ്യത്തെ അന്നമൂട്ടാൻ പൊരിവെയിലത്ത്, കടം മേടിച്ച പണം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ചെറുകിട നാമമാത്ര കർഷകന്റെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കാൻ നമുക്ക് കഴിയുമോ?
സ്വന്തം കൃഷിയിടത്തിൽ വന്ന്, കൃഷിനാശം വരുത്തുന്ന വന്യജീവികളോട് അടിച്ചാൽ തിരിച്ചടിയ്ക്കാത്ത ഗാന്ധിനയം പ്രായോഗികമോ?
എത്ര നാൾ ഈ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ കഴിയും?
ഇത് അധിനിവേശത്തിന്റെ കാലം....
രാജ്യങ്ങൾ അവരുടെ രാഷ്ട്രീയഭൂപടങ്ങൾ മാറ്റി വരയ്ക്കാൻ കൊതിക്കുന്ന കാലം.
അമേരിക്കയും റഷ്യയും ചൈനയും ഒക്കെ കുറുക്കൻ കണ്ണുകളോടെ, ചെറുരാജ്യങ്ങളെ തങ്ങളുടേതാക്കാൻ മത്സരിക്കുന്ന കാലം.
ഒരിക്കൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അടക്കിഭരിച്ചിരുന്ന ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ എന്നിവർക്ക് സട കൊഴിയും കാലം...
അധിനിവേശത്തിന്റെ കാര്യത്തിൽ ചെടികളും, ജന്തുജാലങ്ങളും മത്സരിക്കുന്ന കാലവും കൂടിയാകുന്നു ഇത്. സൂപ്പർ കീടങ്ങളും (Super Pests ) ആഗോള പകർച്ചവ്യാധികളും (Pandemics ) സൂപ്പർ കളകളും (Super weeds ) അരങ്ങുവാഴാൻ തുടങ്ങിയിരിക്കുന്നു.
മനുഷ്യനിർമ്മിതമായി (Anthropogenic ) എന്ന് പറയാവുന്ന തരത്തിൽ നമ്മൾ ലോകം മുഴുവൻ യൂക്കാലിപ്റ്റസ്, അക്കേഷ്യ എന്നിവയെ കയറൂരി വിട്ടു. അത് നെൽപ്പാടങ്ങളെയും ചതുപ്പുകളെയും മലനിരകളെയും വിഴുങ്ങി, അവിടങ്ങളിലെ ജൈവ വൈവിദ്ധ്യം തകർത്തു, അവിടങ്ങളിലെ വെള്ളം മുഴുവൻ ഊറ്റി, കാലാവസ്ഥ തന്നെ മാറ്റി മറിച്ചു.തീർത്തും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായിപ്പോയി അത്.
കാടകങ്ങളിൽ മഞ്ഞക്കൊന്നകൾ (Senna spectabilis ) വളർത്തി അവിടുത്തെ ജൈവ വൈവിധ്യം മുടിച്ച്, തൽഫലമായി മൃഗങ്ങൾ ജനപഥങ്ങളിലേക്കിറങ്ങി, ജീവനും സ്വത്തിനും ഭീഷണിയായി.
അലങ്കാര-ഗവേഷണ ആവശ്യങ്ങൾക്ക് കൊണ്ട് വന്ന അരിപ്പൂച്ചെടി (Lantana camera ), കിഴുക്കുത്തി മുല്ല (Quiscalis indica ) പോലെയുള്ളവ കാടും നാടും മുഴുവൻ നിറഞ്ഞു. Wedelia (മഞ്ഞക്കമ്മൽ ചെടി ), Parthenium, ധൃതരാഷ്ട്ര പച്ച എന്നിങ്ങനെയുള്ളവ നാട്ടിൻ പുറങ്ങളിൽ കൃഷിയ്ക്കും ജൈവവൈവിധ്യത്തിനും വലിയ വെല്ലുവിളിയാകുന്നു.
അത് പോലെ തന്നെ അക്വെറിയങ്ങളിൽ വളർത്താൻ കൊണ്ട് വന്ന ആഫ്രിക്കൻ മുഷി, ഇറക്കുമതി ചെയ്ത തടികൾ വഴിയോ കശുവണ്ടി വഴിയോ ഇവിടെയെത്തിയ ഭീമൻ ആഫ്രിക്കൻ ഒച്ച്, എങ്ങനെയൊക്കെയോ എത്തിയ കുളവാഴ, നാഗപ്പോള എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.
അങ്ങനെ ഒരു കഥയാണ് ചെകുത്താൻ മത്‍സ്യം അഥവാ Suckermouth Catfish (Pez Diablo )ന്റേത്. Hypostomus plecostomus എന്നാണ് വിദ്വാന്റെ ശാസ്ത്രീയ നാമം.
അക്വെറിയങ്ങളിൽ, ഗ്ലാസിൽ പറ്റിവളരുന്ന പായലുകളെ തിന്നാൻ വേണ്ടി നിയന്ത്രിതമായി വളർത്തിയിരുന്ന, പുറം തോൽ ശല്ക്കങ്ങളെപോലെയുള്ള കണ്ടാൽ പേടി തോന്നുന്ന Armour fish ആണിത്. വെള്ളമില്ലെങ്കിൽ പോലും നാല് മണിക്കൂറോളം ജീവിക്കാൻ കഴിവുള്ള ഒരു ഭീകരനാണ് ഇയാൾ.
ഇവയ്ക്ക്, ഫിഷ് ടാങ്കുകൾക്ക് താങ്ങാൻ പറ്റാത്ത വലിപ്പം എത്തിയപ്പോൾ ഏതോ കുബുദ്ധികൾ ഇതിനെ ജലാശയങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ടാകാം. മറ്റ് മീനുകൾ ഒന്നും തന്നെ ഇതിനെ പിടിച്ചു തിന്നാറുമില്ല. അങ്ങനെ ആൾ അവധ്യനും അനിഷേധ്യനുമായി വിലസാൻ തുടങ്ങി. ഏഴ് കൊല്ലം വരെ ജീവിക്കാനും ആയിരക്കണക്കിന് ഉണ്ണികളെ ഉണ്ടാക്കാനുള്ള കഴിവ് കൂടിയായപ്പോൾ ജലാശയങ്ങൾ ഇവർ ഭരിക്കാൻ തുടങ്ങി. പതുക്കെ ഇത് അമേരിക്കയുടെയും മെക്സിക്കോയുടേയും കടലുകൾ അടക്കിവാണുകൊണ്ട് അവിടങ്ങളിലെ മുക്കുവരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ആരംഭിച്ചു. വലകൾ മുഴുവൻ ചെകുത്താൻ മീനിന്റെ ചാകരയായി. അവ മുഴുവൻ ഇവരുടെ കടുപ്പമുള്ള ശല്ക്കങ്ങൾ മൂലം കീറി നശിച്ചു. മറ്റ് തൊഴിലുകളിലേക്ക് തിരിയാൻ മുക്കുവർ നിർബന്ധിതരായി. ഇതിനെ ആരും തന്നെ ഭക്ഷിക്കാൻ ഇഷ്ടപ്പെട്ടുമില്ല.
"ആവശ്യം സൃഷ്ടിയുടെ മാതാവ്" ആണല്ലോ. എങ്ങനെ ചെകുത്താൻ
മത്സ്യത്തെ തളയ്ക്കാം എന്ന കാര്യത്തിൽ ആളുകൾ തല പുകഞ്ഞു ഗവേഷിക്കാൻ തുടങ്ങി. പല വഴികളും പരീക്ഷിച്ചു. ഒടുവിൽ അവർ രണ്ട് ഉത്പന്നങ്ങൾ ഇതിൽ നിന്നും ഉണ്ടാക്കാം എന്ന് തീരുമാനിച്ചു. പ്രോസസ്സ് ചെയ്തെടുക്കുമ്പോൾ വെറും ഇരുപത് ശതമാനം മാത്രമാണ് ഇറച്ചി എന്നുള്ളത് ഒരു പോരായ്മയായി നിന്നു. പക്ഷെ എത്ര വേണമെങ്കിലും കിട്ടാനുണ്ട് എന്നതായിരുന്നു അവിടെ ഏറ്റവും വലിയ ശക്തി. അങ്ങനെ ഈ മീനുകളെ മുക്കുവരിൽ നിന്നും വാങ്ങി, ഇറച്ചി വേഗത്തിൽ എടുക്കാനുള്ള വഴികൾ കണ്ടെത്തി, അവയെ fillets, ബർഗർ എന്നിവയുടെ ഭാഗമാക്കി. ആദ്യമൊന്നും ഇത് വാങ്ങിക്കഴിക്കാൻ ആളുകൾ തയ്യാറായില്ല. പക്ഷെ ഇത് കഴിച്ച് പരിസ്ഥിതിയെയും മുക്കുവരുടെ പരമ്പരാഗത തൊഴിലിനെയും കാപ്പാത്തണം എന്ന emotional appeal വിജയിച്ചു. മാത്രമല്ല ഈ ഇറച്ചി omega 3 fatty acid കളാൽ സമ്പന്നവുമായിരുന്നു. എന്തായാലും പതിയെപ്പതിയെ പരിസ്ഥിതി സ്നേഹവും പൗരബോധവുമുള്ള മെക്സിക്കോ -അമേരിക്ക നിവാസികൾ ഇതിനോട് സഹകരിക്കാൻ തുടങ്ങി. സംഗതി ക്ലിക്കായി. അത് പോലെ തന്നെ ഇതിൽ നിന്നും രുചികരമായ dog food ഉം ഉണ്ടാക്കാൻ തുടങ്ങി. നായകൾ, വായിൽ വെള്ളമൂറി, ചെകുത്താൻ ഫിഷിൽ നിന്നുള്ള dog food നായി pet shop കൾ കീഴടക്കാൻ തുടങ്ങി. അങ്ങനെ, ഇപ്പോൾ ചെകുത്താൻ ഫിഷ്, പ്രത്യേകമായി കൃത്രിമ ജലാശയങ്ങളിൽ വളർത്തണോ എന്ന നിലയിൽ വരെ കാര്യങ്ങൾ എത്തി 😳🤣.
ഇതാണ് ആ കഥ.
അപ്പോൾ സംഗതി വളരെ സിമ്പിൾ.
If you can't beat them, eat them എന്ന strategy ഫലിച്ചു എന്ന് പറയാം.
ഇതേ മാർഗം നമ്മുടെ സർക്കാരിന് കാട്ടുപന്നിയുടെ കാര്യത്തിൽ നടപ്പാക്കരുതോ? അല്ലെങ്കിൽ അതിന് അനുസൃതമായി നിയമങ്ങൾ പൊളിച്ചെഴുതരുതോ?
ആഫ്രിക്കൻ ഒച്ചിനെ കൃഷിയ്ക്കുപയോഗിക്കാൻ പറ്റിയ അമിനോ ആസിഡോ മാംസകുനപജലമോ ആക്കി മാറ്റരുതോ?
ആഫ്രിക്കൻ പായലിനെയും കുളവാഴയെയും പേപ്പറും തടിയും പ്ലൈവുഡും കരകൗശല വസ്തുക്കളും ആക്കരുതോ?
ഗവേഷകർ ശ്രദ്ധിക്കുന്നുണ്ടാകും അല്ലേ?
കാടിറങ്ങി കൃഷിക്കാരന്റെ തോട്ടത്തിനുള്ളിൽ കടന്ന്, അവൻ നട്ടുനനച്ചുണ്ടാക്കിയ കാർഷിക വിളകൾ നശിപ്പിക്കുന്ന ജീവികളെ, പ്രധാനമായും കാട്ടുപന്നിയെ നിയന്ത്രിക്കാൻ കർഷകന് അനുവാദം നൽകണം.
Fecundity rate കൂടിയ പന്നികൾ ഏറ്റവും വേഗത്തിൽ പെറ്റ് പെരുകുന്നവയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കഴിയ്ക്കപ്പെടുന്ന ഇറച്ചിയും ഇത് തന്നെ. ഇത്രയും പോഷകസമ്പുഷ്ടമായ ഇറച്ചി പാഴാക്കി ക്കളയാനും പാടില്ല. അത് നിയന്ത്രിത വിലയ്ക്ക് ആളുകൾക്ക് ലഭ്യമാക്കാനോ അല്ലെങ്കിൽ അതിനെ സർക്കാർ-സ്വകാര്യ സംരംഭകരുടെ സഹായത്തോടെ മൂല്യവർധിത ഉത്പന്നങ്ങൾ ആക്കാനോ (Pet Food പോലെയുള്ളവ) എന്ത് കൊണ്ട് ഭരണകൂടങ്ങൾ ചിന്തിക്കുന്നില്ല?
വനാതിർത്തി ഇല്ലാത്ത സ്ഥലങ്ങളിൽ പോലും കിഴങ്ങ് വർഗ വിളകളുടെയും വാഴയുടെയും എന്തിന് നെൽകൃഷി പോലും ആളുകൾ നിർത്തി തുടങ്ങിയിരിക്കുന്നു.
സംസ്ഥാനം ഭക്ഷ്യ സ്വയം പര്യാപ്തത നേടണമെങ്കിൽ കാട്ടുപന്നിയുടെ കാര്യത്തിൽ അടിയന്തിര തീരുമാനം അതിവേഗം എടുക്കേണ്ടിയിരിക്കുന്നു.
വെള്ളമെല്ലാം ഒഴുകിപ്പോയിട്ട് അണ കെട്ടിയിട്ട് ഒരു കാര്യവുമില്ല രമണാ....
✍️ പ്രമോദ് മാധവൻ
പടം കടം : ശാസ്ത്രീയ നേന്ത്രവാഴക്കൃഷി വാട്സ്ആപ്പ് ഗ്രൂപ്പ്

