അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താൻ രാസകീടനാശിനികൾ ഉപയോഗിക്കുന്നതിന് പകരം, വീട്ടിലെ മാലിന്യം കുറയ്ക്കുകയും ചെലവ് ലാഭിക്കുകയും ചെയ്യുന്ന ലളിതവും പ്രകൃതിദത്തവുമായ ഒരു മാർഗ്ഗമാണ് ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ ഉപയോഗശേഷം കളയുന്ന തൊലികളും അവശിഷ്ടങ്ങളും ഉപയോഗിച്ച് ജൈവ കീടനാശിനികൾ ഉണ്ടാക്കുക എന്നത്. ഈ അവശിഷ്ടങ്ങളിൽ അടങ്ങിയിട്ടുള്ള ശക്തമായ ഗന്ധമുള്ള സൾഫർ സംയുക്തങ്ങളും മറ്റ് പോഷക ഘടകങ്ങളും, മുഞ്ഞ, വെള്ളീച്ച, കായീച്ചകൾ, ഉറുമ്പുകൾ തുടങ്ങിയ സാധാരണ അടുക്കളത്തോട്ട കീടങ്ങളെ ഫലപ്രദമായി അകറ്റാൻ സഹായിക്കുന്നു. ഈ മാലിന്യങ്ങൾ വെള്ളത്തിൽ കുതിർത്ത് ലായനിയാക്കി ചെടികളിൽ തളിക്കുന്നതിലൂടെ, നമ്മുടെ അടുക്കള മാലിന്യം പൂജ്യമാക്കി മാറ്റാനും, ചെടികൾക്ക് സുരക്ഷിതവും വിഷരഹിതവുമായ ഒരു സംരക്ഷണം നൽകാനും സാധിക്കും
ലായനി തയ്യാറാക്കുന്ന വിധം:
*******************************
ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ ഉപയോഗം കഴിഞ്ഞ പുറംതൊലികളും ബാക്കി വരുന്ന ഭാഗങ്ങളും ഒരുമിച്ച് 1 ലിറ്റർ വെള്ളം നിറച്ച പാത്രത്തിലേക്ക് ഇടുക. പാത്രം നന്നായി അടച്ച്, തണലുള്ളതും ഇരുട്ടുള്ളതുമായ ഒരിടത്ത് ഒരാഴ്ചയോളം കുതിർക്കാൻ വെക്കുക. ഈ സമയംകൊണ്ട് തൊലിയിലെ സൾഫർ സംയുക്തങ്ങളും മറ്റ് ഘടകങ്ങളും വെള്ളത്തിലേക്ക് ലയിച്ചിറങ്ങും. ഒരാഴ്ചയ്ക്ക് ശേഷം, ലായനിയിലുള്ള തൊലികൾ എല്ലാം നന്നായി പിഴിഞ്ഞ് എടുത്തതിനു ശേഷം ഒരു നേരിയ തുണിയോ അരിപ്പയോ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക. ഈ ലായനിയിലേക്കു കൈ കഴുകാൻ ഉപയോഗിക്കുന്നതോ പാത്രം കഴുകാൻ ഉപയോഗിക്കുന്നതോ ആയ ഒരു ടീസ്പൂൺ വീര്യം കുറഞ്ഞ സോപ്പ് ലായനികൂടി ചേർത്ത് ഇളക്കുക. ഈ സോപ്പ് ലായനി ചെടിയുടെ ഇലകളിൽ പറ്റിപ്പിടിച്ചിരിക്കാൻ സഹായിക്കും. ഈ അരിച്ചെടുത്ത ലായനി ചെടികളിൽ കീടബാധയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്യുക.
ജൈവ കീടനാശിനി പ്രയോഗിക്കേണ്ട രീതി:
*******************************************
മുഞ്ഞ, വെള്ളീച്ച തുടങ്ങിയ കീടങ്ങൾ സാധാരണയായി ഇലകളുടെ അടിഭാഗത്താണ് ഒളിച്ചിരിക്കുന്നത്. അതിനാൽ, ഇലകളുടെ മുകൾഭാഗത്തും അടിഭാഗത്തും നന്നായി നനയുന്ന രീതിയിൽ സ്പ്രേ ചെയ്യുക. ചെടികളിൽ കീടനാശിനി പ്രയോഗിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. ചൂടുള്ള സമയത്ത് സ്പ്രേ ചെയ്യുന്നത് ലായനി വേഗത്തിൽ ബാഷ്പീകരിക്കപ്പെടാനും ചെടികളുടെ ഇലകൾക്ക് കേടുപാടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതുപോലെ മഴ പെയ്യാത്ത ദിവസങ്ങളിൽ മാത്രം പ്രയോഗിക്കുക. സ്പ്രേ ചെയ്ത ഉടൻ മഴ പെയ്താൽ ലായനി ഒലിച്ചുപോവുകയും ഫലം കുറയുകയും ചെയ്യും. കീടങ്ങളുടെ ആക്രമണം രൂക്ഷമാണെങ്കിൽ, ആദ്യത്തെ മൂന്ന് ദിവസം തുടർച്ചയായി വൈകുന്നേരം സ്പ്രേ ചെയ്യുക. അതിനുശേഷം, കീടങ്ങളുടെ സാന്നിധ്യം അനുസരിച്ച് ഒരാഴ്ചയിൽ ഒരിക്കൽ സ്പ്രേ ചെയ്യുന്നത് പതിവാക്കുക. ഇത് കീടങ്ങൾ വീണ്ടും വരുന്നത് തടയാൻ സഹായിക്കും.
മണ്ണിൽ വളമായും ഇവ ഉപയോഗിക്കാം:
******************************************
ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ തൊലികൾ അടുക്കളത്തോട്ടത്തിലെ കീടനിയന്ത്രണത്തിനും പോഷകസമൃദ്ധമായ വളമായും ഉപയോഗിക്കാനും സാധിക്കും. ഈ അവശിഷ്ടങ്ങൾ ചെറുതായി നുറുക്കി ചെടികളുടെ ചുവട്ടിലെ മണ്ണിൽ വിതറുന്നത്, ഇവയിലുള്ള ശക്തമായ ഗന്ധമുള്ള സംയുക്തങ്ങൾ കാരണം മണ്ണിനടിയിലെ ഉപദ്രവകാരികളായ ചില കീടങ്ങളെയും നിമാവിരകളെയും അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ, ഈ ജൈവവസ്തുക്കൾ മണ്ണിൽ സാവധാനം അഴുകിചേരുമ്പോൾ ചെടികൾക്ക് ആവശ്യമായ പൊട്ടാസ്യം പോലുള്ള പോഷകങ്ങൾ ലഭിക്കുകയും, ഇത് വിളകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ ലളിതമായ രീതിയിലൂടെ മാലിന്യം കുറയ്ക്കാനും, ചെടിച്ചട്ടികളിലെയും തോട്ടത്തിലെയും മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുകയും, ചെലവില്ലാതെ കീടങ്ങളെ നിയന്ത്രിക്കാനും സാധിക്കും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
************************************
ഇത് സാധാരണ നേർപ്പിക്കാതെ തന്നെ ഉപയോഗിക്കാം. പക്ഷെ, ലായനി ആദ്യമായി ഉപയോഗിക്കുമ്പോൾ, ചെടിയുടെ ഒന്നുരണ്ട് ഇലകളിൽ മാത്രം സ്പ്രേ ചെയ്ത് 24 മണിക്കൂർ നിരീക്ഷിക്കുക. ഇലകളിൽ കരിഞ്ഞുപോവുകയോ മറ്റ് ദോഷങ്ങളോ കാണുന്നില്ലെങ്കിൽ, ധൈര്യമായി മറ്റ് ചെടികളിലും ഉപയോഗിക്കാം. അങ്ങനെ ചെയ്യുമ്പോൾ ഇലകളിൽ കരിയുന്നുണ്ടെങ്കിൽ ലായനി നേർപ്പിച്ചും ഉപയോഗിക്കാം. വിളവെടുപ്പിന് അടുത്ത് നിൽക്കുന്ന പച്ചക്കറികളുടെ കായകൾ, ഇലകൾ എന്നിവയിൽ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുക. അഥവാ സ്പ്രേ ചെയ്താൽ, വിളവെടുപ്പിന് മുമ്പ് നന്നായി കഴുകണം. തയ്യാറാക്കിയ ലായനി രണ്ടാഴ്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. പുതിയ ലായനി ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

