പണ്ടത്തെപ്പോലെയല്ല കാര്യങ്ങൾ.
കഴിഞ്ഞ ദിവസം സാമ്പത്തിക സ്ഥിതിവിവര വകുപ്പ് (Department of Economics and Statistics) വികാസ് ഭവനിലെ ഡയറക്ടറേറ്റിൽ വച്ച് നടന്ന കൃഷിചെലവ് കണക്ക് ശേഖരിക്കലുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഏറ്റവും മനോഹരമായിരുന്നു.
കൃഷി ചെലവ് കണക്കുകൾ ഫീൽഡിൽ നിന്നും ശേഖരിക്കുന്ന പരിപാടിയുമായി സഹകരിക്കുന്ന രണ്ട് കർഷകരെ അവർ ക്ഷണിയ്ക്കുകയും വേദിയിൽ സമുചിതമായി ആദരിയ്ക്കുകയും ചെയ്തു. അവരെപ്പറ്റി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആദ്യം വേദിയിൽ പ്രദർശിപ്പിക്കുകയും പിന്നീടവരെ വേദിയിൽ ഇരുത്തി അവർക്ക് പൊന്നാടയും ഫലകവും നൽകുകയും ചെയ്തു. അന്ന് ആ രണ്ട് കർഷകർ ആയിരുന്നു അവിടുത്തെ താരങ്ങൾ. ഈ വീഡിയോ കണ്ടിരുന്നവർ എല്ലാം തന്നെ കഴിയുമെങ്കിൽ ഇവരെപ്പോലെ ഒരു കർഷകനോ കർഷകയോ ആകണം എന്ന് മനസ്സ് കൊണ്ട് ചിന്തിച്ചിട്ടുണ്ടാകണം.
ഇവർ രണ്ടുപേരും വെറും കൃഷിക്കാർ അല്ല.
ശ്രീ സുബിത് പൂവറ്റൂർ ആണെങ്കിൽ നെല്ലും വാഴയും പച്ചക്കറികളും വെറ്റിലയും എല്ലാം കൃഷി ചെയ്യുന്ന ആളാണ് . അതും ഒരു സർക്കാർ ഉദ്യോഗസ്ഥന് കിട്ടുന്ന പരിമിതമായ സമയം മാത്രം ഉപയോഗിച്ചുകൊണ്ട്. ഒരു വർഷം ഏതാണ്ട് 13 ലക്ഷം രൂപ തൊഴിലാളികൾക്ക് കൂലി നൽകാൻ വേണ്ടി മാത്രം അയാൾ ചെലവഴിക്കുന്നുണ്ട്. കുളക്കട പഞ്ചായത്തിലെ തരിശായി കിടക്കുന്ന സ്ഥലങ്ങൾ കൃഷി ചെയ്ത് ആ പ്രദേശത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയാണ് അയാൾ. അതും മണ്ണിൽ കാലുറപ്പിച്ചു നിന്ന്. ചെളി ശരീരത്തിൽ പുരണ്ടു കൊണ്ട്. അവരെ പോലുള്ളവർക്ക് എല്ലാ വകുപ്പുകളുടെയും പ്രത്യേകമായ ശ്രദ്ധയും കരുതലും സഹായങ്ങളും ആവശ്യമുണ്ട്.
അതുപോലെ തന്നെയാണ് ഹരിപ്പാട്ടെ വാണി എന്ന യുവകർഷകയും. സാധാരണഗതിയിൽ കൃഷിശാസ്ത്രം പഠിച്ചവർ ഒന്നും തന്നെ ഒരു കർഷകയോ കർഷകനോ ആകാൻ മുന്നോട്ടു വരാറില്ല.ഒരു സർക്കാർ ജോലിയോ ബാങ്ക് ഉദ്യോഗമോ ഗവേഷകമേഖലയോ ഒക്കെ തെരെഞ്ഞെടുക്കാനാണ് അവരുടെ പരിശ്രമം.
എന്നാൽ ഈ പെൺകുട്ടി MSc(Agri) ബിരുദം നേടിയിട്ടും,അത്തരം ഭ്രമങ്ങളിൽ ഒന്നും പെടാതെ സ്വന്തമായി കൃഷി ചെയ്യുകയും ഹരിപ്പാടും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ അഞ്ഞൂറോളം വരുന്ന കർഷകരുടെ (അവരുടെ കൃഷി രീതികളെക്കുറിച്ച് പൂർണ്ണ ബോധ്യമുള്ള കൃഷിക്കാരിൽ നിന്നും മാത്രം) കാർഷിക ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് വാങ്ങുകയും അത് 'പ്രകൃതി ജൈവ കലവറ' എന്ന തന്റെ റീടെയ്ൽ ഔട്ട്ലെറ്റിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുകയാണ്.
അവരുടെ കൃഷിത്തോട്ടത്തിൽ പശുവും കോഴിയും താറാവും മത്സ്യവും മുളങ്കാടുകളും കാവും കുളവും എല്ലാം നമുക്ക് കാണാൻ കഴിയും. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എങ്ങനെ കൃഷിയുമായി സമരസപ്പെട്ടു പോകുന്നു എന്ന് അവിടെ നമുക്ക് കാണാൻ കഴിയും. ശാസ്ത്രീയ ജൈവ/പ്രകൃതി കൃഷി എന്ന രീതിയാണ് അവരുടെ മുഖമുദ്ര. പശുക്കളുടെ മുഴുവൻ വിസർജ്യവും ബയോഗ്യാസ് പ്ലാന്റുകളിലൂടെ(അതും മൂന്നെണ്ണം) പാചകവാതകം ഉത്പാദിപ്പിച്ചതിനു ശേഷം തിരികെ കൃഷിയിടത്തിലേക്ക് തന്നെ എത്തുകയാണ് ചെയ്യുന്നത്.പ്രകൃതിയെ കാര്യമായി പരിക്കേൽപ്പിക്കാതെയുള്ള എന്നാൽ ശാസ്ത്രീയമായ എല്ലാ തന്ത്രങ്ങളും പയറ്റുന്ന ഒരു കൃഷിയിടം.
ഒപ്പം കഴിയുന്നത്ര കാർഷിക ഉത്പന്നങ്ങളെ മൂല്യവർദ്ധനവരുത്തി ആളുകൾക്ക് യഥേഷ്ടം ലഭ്യമാക്കുകയും ചെയ്യുന്നു . ഓണാട്ടുകര എന്ന 'ഓണമൂട്ടുന്ന കര' യുടെ സവിശേഷ ഉത്പന്നമായ ഭൗമ സൂചികാ പദവിയുള്ള ഓണാട്ടുകര എള്ള് കൊണ്ടുണ്ടാക്കുന്ന (ഉരലിൽ ഇടിച്ചു ഉണ്ടാക്കുന്ന) എള്ളുണ്ട അവരുടെ ഒരു സ്പെഷ്യൽ ഉത്പന്നമാണ്. സാധാരണ നമ്മൾ കഴിക്കുന്ന എള്ളുണ്ടയെ പോലെയുള്ള രുചിയല്ല ഇതിന്.
ഒരുമാസം രണ്ടരലക്ഷം രൂപയുടെ എള്ളുണ്ട മാത്രം പ്രകൃതി ജൈവ കലവറയിലൂടെ വിൽക്കുന്നുണ്ട് എന്നറിയുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. ഇതുപോലെ ഭൗമസൂചിക പദവിയുള്ളതും ഇല്ലാത്തതുമായ നാടൻ രുചികൾ ഗുണമേന്മയോടെ, വൃത്തിയോടെ, പൊതുസമൂഹത്തിൽ എത്തിക്കാൻ ഓരോ പ്രദേശത്തെയും യുവതി യുവാക്കൾക്ക് സാധിക്കും അതിനനുകൂലമായ ഒരു സംരംഭകത്വ അനുകൂല ആവാസവ്യവസ്ഥയും ഇവിടെ നിലവിലുണ്ട്.
ഈ രണ്ടുപേരെയും സമുചിതമായി ഒരു കൃഷിയിതര സർക്കാർ വകുപ്പ് ആദരിച്ചതിൽ എനിക്ക് വലിയ സന്തോഷം തോന്നി.ഈ ചടങ്ങിന് ആശംസകൾ അർപ്പിക്കാൻ ഞാനും അവിടെ ഉണ്ടായിരുന്നു . രണ്ട് സുഹൃത്തുക്കൾ 150 പേരോളം വരുന്ന നിറഞ്ഞ സദസ്സിന്റെ കയ്യടിയും വാത്സല്യവും അഭിനന്ദനങ്ങളും ഒക്കെ ഏറ്റുവാങ്ങുന്നത് കണ്ടപ്പോൾ എന്റെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് ആദരം ലഭിച്ച പോലെയായി.
അവർക്ക് രണ്ടുപേർക്കും കാർഷിക സപര്യയിൽ തിളക്കമാർന്ന ഭാവി ആശംസിക്കുന്നു.
ഇവരെ മാതൃകയാക്കി കൂടുതൽ ചെറുപ്പക്കാർ കാർഷിക മേഖലയിലേക്ക് വരട്ടെ. കൃഷി എന്നുള്ളത് ഒരു സംസ്കാരവും ഒരു വരുമാനദായക പ്രക്രിയയും ഒരു ബിസിനസും ആണ് എന്ന് മനസ്സിലാക്കി ചെയ്യുകയാണെങ്കിൽ, തുടക്കം അൽപ്പം ക്ലേശകരമായേക്കാമെങ്കിൽ പോലും വിപണി അറിഞ്ഞും വിളയറിഞ്ഞും മണ്ണറിഞ്ഞും കാലാവസ്ഥ അറിഞ്ഞും കസ്റ്റമറുടെ മനസ്സറിഞ്ഞും കൃഷി ചെയ്താൽ വിജയം അകലെയല്ല എന്ന് ഇവർ തെളിയിക്കുന്നു..
Everything else can wait, not Agriculture എന്ന് നമ്മൾ ഒരിക്കൽ പറഞ്ഞതുപോലെ Everyone else can wait, but not Farmer എന്ന രീതിയിൽ സർക്കാരും ബാങ്കുകളും ബന്ധപ്പെട്ട വകുപ്പുകളും പൊതുസമൂഹവും ചിന്തിക്കാൻ തുടങ്ങിയാൽ കാർഷിക മേഖലയിൽ കൂടുതൽ ആളുകൾ വരും. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. പ്രാദേശിക സമ്പദ് വ്യവസ്ഥ മെച്ചപ്പെടും.
പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ച വകുപ്പിന്റെ ഡയറക്ടർ രജത് സർ,അഡിഷണൽ ഡയറക്ടർ മാരായ രശ്മി, ഷൈലമ്മ, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. അഭിലാഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു.
✍️ പ്രമോദ് മാധവൻ