മലയാളിയുടെ മനസ്സിലെ കർഷകന് എന്നും ഒരൊറ്റ രൂപമാണ്—ദാരിദ്ര്യവും കടക്കെണിയുമായി, ഒരു തുണ്ട് ഭൂമിയിൽ കഷ്ടപ്പെടുന്ന, പ്രായം ചെന്ന ഒരാൾ. എന്നാൽ, നമ്മുടെ മണ്ണിലുള്ള യഥാർത്ഥ സാധ്യതകൾ തിരിച്ചറിഞ്ഞാൽ ഈ ചിത്രം മാറും. അപ്രിയസത്യം പറയട്ടെ, ആ മാറ്റത്തിന് തടസ്സമായി നിൽക്കുന്നത് നിയമത്തിന്റെ ചില പഴയ കെട്ടുപാടുകൾ മാത്രമാണ്.
കാർഷിക മേഖല നഷ്ടത്തിലാണ് എന്ന് പറയുന്നത് ശരിയാണ് — കർഷകനെ കെട്ടിയിടുകയും, അയാൾക്ക് ഇഷ്ടമുള്ളത് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്താൽ, കൃഷി എന്നും നഷ്ടത്തിൽ തന്നെയായിരിക്കും. കർഷകന് സ്വാതന്ത്ര്യം നൽകി നോക്കൂ, അയാൾക്ക് എന്തെല്ലാം ചെയ്യാൻ കഴിവുണ്ടെന്ന് നമുക്ക് കാണാം.
കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പഴയ നിയമത്തെ പറ്റി പറയാം - ഭൂപരിഷ്കരണ നിയമം. കേരളത്തിന്റെ ഭൂപരിഷ്കരണം ഒരു ചരിത്രവിജയമായിരുന്നു, നാടുവാഴികൾ കൊണ്ടുനടന്ന ജന്മിത്തം അവസാനിപ്പിച്ച്, കുടിയാൻമാർക്ക് അവകാശവും അന്തസ്സും നൽകിയ മഹത്തായ നിയമം. പക്ഷേ, പാവപ്പെട്ടവന് ഭൂമി നൽകി മോചിപ്പിച്ച അതേ നിയമം, ഇന്ന് 2025 ൽ കർഷകന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണ്! കാരണം മറ്റൊന്നുമല്ല, കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 ആം വകുപ്പാണ്. 1960-കളിൽ ഉണ്ടാക്കിയ നിയമം, തേയില, കാപ്പി, റബ്ബർ, ഏലം, കറുവപ്പട്ട എന്നീ വിളകളുടെ പേരിൽ ഏതാണ്ട് ഏഴ് ലക്ഷം ഹെക്ടർ ഫലഭൂയിഷ്ഠമായ ഭൂമിയെ ഒരു "നിയമക്കൂട്ടിനുള്ളിൽ" പൂട്ടിയിട്ടു. കൊക്കോ പിന്നീട് 1985 ൽ ഉൾപ്പെടുത്തി. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഈ 6 ഒറ്റവിള കൃഷികളെ (Monocrops) നിലനിർത്താൻ വേണ്ടിയുള്ള നിയമം, ഇന്ന് കാലഹരണപ്പെട്ട ബാധ്യതയായി മാറിയിരിക്കുന്നു.
കേരളം ഒരു സാധാരണ ഭൂമിയല്ല. കടൽത്തീരം മുതൽ മലമുകളിലെ തണുപ്പ് വരെ 13 തരം കൃഷി-കാലാവസ്ഥാ മേഖലകൾ. വർഷത്തിൽ എട്ട് മാസം മഴ തരുന്ന രണ്ട് മൺസൂണുകൾ. ഈ അമൂല്യമായ സമ്പത്ത് ഉപയോഗിച്ച് നമ്മൾ എന്താണ് ചെയ്യുന്നത്? ഏറ്റവും കുറഞ്ഞ വരുമാനം തരുന്ന 6 അശാസ്ത്രീയ ഒറ്റ വിളകൾ കൃഷി ചെയ്യുന്നു! അതായത് ഈ 6 വിളകൾക്ക് മാത്രം ലാൻഡ് സീലിങ് ബാധകമല്ല.
ഇന്നത്തെ കണക്ക് നോക്കൂ: 10 ഏക്കർ റബ്ബറിൽ നിന്ന് കഷ്ടിച്ച് രണ്ട് ലക്ഷം രൂപ ലാഭം കിട്ടുമ്പോൾ, അതേ മണ്ണിൽ ശാസ്ത്രീയമായി റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവ കൃഷി ചെയ്ത് മൂല്യവർദ്ധനവ് നടത്തിയാൽ ₹15 ലക്ഷം മുതൽ ₹25 ലക്ഷം വരെ വരുമാനം നേടാനാകും. റംബുട്ടാൻ, മാംഗോസ്റ്റിൻ, അവോക്കാഡോ തുടങ്ങിയ ഫലങ്ങൾ നൽകുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ, റബ്ബർ, കാപ്പി, തേയില, ഏലം, കൊക്കോ, കറുവപ്പട്ട എന്നീ ആറ് പരമ്പരാഗത വിളകൾ ഒന്നുമല്ല. ഒരു കർഷകന്റെ അന്തസ്സ്, മെച്ചപ്പെട്ട വരുമാനം നേടി മാന്യമായി ജീവിക്കുന്നതിലാണ്. നിയമങ്ങൾ അതിന് തടസ്സം നിൽക്കരുത്, കാലത്തിനനുസരിച്ച് മാറണം.
കാലഹരണപ്പെട്ട 6 വിളകൾ കൂടാതെ കാലാകാലങ്ങളിൽ കൃഷിവകുപ്പ് നോട്ടിഫൈ ചെയ്യുന്ന വിളകൾ കൃഷി ചെയ്യാൻ എസ്റ്റേറ്റുകളെ അനുവദിച്ചാൽ കേരളം ഒറ്റ വർഷം കൊണ്ട് മാറിമറിയും. ഈ വലിയ എസ്റ്റേറ്റുകൾ കുടുംബശ്രീ/കൃഷിക്കൂട്ടം/കർഷക സംഘങ്ങൾക്ക് കരാറിലേർപ്പെട്ട് കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. കൃഷിവകുപ്പ് അംഗീകരിച്ച “സഹകാരി സർവീസ് ലെവൽ കരാറുകൾ” ഇതിനായി ഉപയോഗിക്കാവുന്നതേ ഉള്ളൂ.
കേരളം ഒരു വർഷം 40 ലക്ഷം ടൺ പഴങ്ങളും 25 ലക്ഷം ടൺ പച്ചക്കറികളുമാണ് ഭക്ഷിക്കുന്നത്, ആഭ്യന്തര ഉത്പാദനം ഇതിന്റെ പകുതിയിൽ താഴെ മാത്രവും. നമ്മുടെ ഫലഭൂയിഷ്ഠമായ തോട്ടങ്ങൾ നിയമത്തിന്റെ ചങ്ങലയിൽ കിടക്കുമ്പോൾ, നമ്മൾ അശാസ്ത്രീയമായി കീടനാശിനികൾ ഉപയോഗിച്ച് വളർത്തിയ പച്ചക്കറികൾ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നു! നമ്മുടെ കുഞ്ഞുങ്ങൾ ഈ വിഷം കഴിച്ചാണ് വളരുന്നത്. നമ്മുടെ തോട്ടങ്ങളെ കയറ്റുമതി നിലവാരമുള്ള പഴങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കുമായി തുറന്നാൽ ഇതിനൊരു ശാശ്വത പരിഹാരമാവും. കയറ്റുമതിക്കായി കൃഷി ചെയ്യുമ്പോൾ ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങൾ (രോഗ കീട വിമുക്തമാക്കാനുള്ള കർശനമായ നിലവാരം) പാലിച്ചേ മതിയാകൂ. അതോടെ, തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യുന്ന പച്ചക്കറികൾ പോലും കയറ്റുമതി നിലവാരത്തിൽ എത്തും. അങ്ങനെ, നമ്മുടെ ജനങ്ങൾക്ക് വിപണിയിൽ ലഭിക്കുന്നത് സുരക്ഷിതമായ, ഫ്രഷായ, ലാഭകരമായ, ലോകോത്തര ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളായിരിക്കും.
ഈ 6.85 ലക്ഷം ഹെക്ടർ തോട്ടങ്ങളെ വൈവിധ്യവൽക്കരിച്ച് ആധുനികവൽക്കരിച്ചാൽ, കേരളത്തിന് പ്രതിവർഷം ₹27,000 കോടി മുതൽ ₹45,000 കോടി വരെ അധിക വരുമാനം നേടാൻ കഴിയും. മൂല്യവർദ്ധനവ് (Processing) കൂടി ചേർത്താൽ ഈ കണക്ക് ₹50,000 കോടി കടക്കും!
ഇപ്പറഞ്ഞ കാര്യങ്ങളത്രയും വിശദമായി കണക്കുകൾ സഹിതം വിദഗ്ദ്ധരെകൊണ്ട് പരിശോധിപ്പിച്ച് കൺസൾട്ടന്റുകളെ കൊണ്ട് ക്രോസ് ചെക്ക് ചെയ്യിച്ച് റിപ്പോർട്ട് ആക്കിയ വസ്തുതകളാണ്. ദിവാസ്വപ്നമല്ല.
ചുരുക്കിപ്പറഞ്ഞാൽ, വൈവിധ്യവൽക്കരണം, സംസ്കരണം, ഫാം ടൂറിസം എന്നിവയിലൂടെ ഒരു വർഷം ₹50,000 കോടി വരെ പുതിയ വരുമാനം നേടാൻ സാധിക്കും. ലക്ഷക്കണക്കിന് തൊഴിൽ സൃഷ്ടിക്കാൻ സാധിക്കും. ഇതിന് ഫാക്ടറി വ്യവസായം പോലെ വർഷങ്ങൾ കാത്തിരിക്കേണ്ട. ഒരു വിളവെടുപ്പ് ചക്രത്തിൽ (3-6 മാസം) തന്നെ ആദ്യത്തെ വരുമാനം കാണാൻ സാധിക്കും.
ഈ തുക, കേരളത്തിന്റെ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ (SGDP) ഏകദേശം 4.5% വരും. ഇത് കേരളത്തിന്റെ വാർഷിക ഐ.ടി. കയറ്റുമതിക്ക് ഏകദേശം തുല്യമാണ്; അല്ലെങ്കിൽ സംസ്ഥാനത്തിന്റെ മൊത്തം കൃഷിയും അനുബന്ധ മേഖലയും ചേർന്നുള്ള GVA-യുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വരും. കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ സംസ്ഥാനത്തിന് ടൂറിസം വഴി ലഭിച്ചിരുന്ന മൊത്തം വിദേശനാണ്യ വരുമാനത്തിന്റെ അഞ്ച് മടങ്ങോളം വരുമിത്. ഈ സാധ്യതയുടെ പകുതി (ഏകദേശം ₹25,000 കോടി) യാഥാർത്ഥ്യമായാൽ പോലും, നിലവിലെ 0.5-1% എന്ന നിലയിലുള്ള കാർഷിക GVA വളർച്ചാ നിരക്ക് 5-6% ആയി ഉയരും. കേരളത്തിലെ കർഷകരുടെ കൈകളിലേക്കാണ് ഈ പണം വരുന്നത്. ഇത് സംസ്ഥാനത്തിന്റെ നികുതി വരുമാനം (tax buoyancy) വർദ്ധിപ്പിക്കുകയും ചെയ്യും. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നമ്മൾ കടമെടുക്കാൻ കാലുപിടിക്കാൻ നടക്കണം?
നമ്മുടെ മുൻഗാമികൾ ഭൂരഹിതർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകി. ഇനി ഈ തലമുറയിലെ പരിഷ്കർത്താക്കൾ കർഷകർക്ക് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകണം—ഏതോ കാലത്ത് നിശ്ചയിച്ച ഒറ്റവിളകളല്ല, വിപണി ആവശ്യപ്പെടുന്ന വിളകൾ കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം! 1985 ൽ കൊക്കോ ഉൾപ്പെടുത്തിയ ശേഷം നമ്മൾ എന്ത് കൊണ്ട് അഗാധമായ ഉറക്കത്തിലേക്ക് പോയി? പിന്നീട് വന്ന വിളകൾക്ക് എന്ത് അസ്വീകാര്യതയാണ് ഉള്ളത്? റമ്പൂട്ടാനേക്കാൾ എന്ത് ദിവ്യത്തമാണ് റബറിനുള്ളത്? ചിന്തിക്കണം. നമ്മുടെ കർഷകന്റെ ചങ്ങലകൾ അഴിച്ചുമാറ്റി, അവരെ വിശ്വസിക്കാനുള്ള ധൈര്യം കാണിച്ചാൽ, ആ മാറ്റം നമ്മുടെ യുവജനങ്ങളെ മണ്ണിലേക്ക് തിരികെ കൊണ്ടുവരും. നികുതിയില്ലാത്ത, ലക്ഷങ്ങൾ വരുമാനം നൽകുന്ന, അന്താരാഷ്ട്ര നിലവാരമുള്ള വിളകൾ കൃഷി ചെയ്യുന്ന, പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു യുവകർഷകന്റെ രൂപമായിരിക്കും കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്. കർഷകന് സർക്കാരിന്റെ ഔദാര്യമോ സബ്സിഡിയോ അല്ല വേണ്ടത്, കൃഷിചെയ്യാൻ ഭൂമിയും അതിനുള്ള സ്വാതന്ത്ര്യവുമാണ് —നവീകരിക്കാനും, വൈവിധ്യവൽക്കരിക്കാനും, അഭിവൃദ്ധി നേടാനും.
നമ്മുടെ അവസ്ഥ, സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച ദാരിദ്ര്യമല്ല, മറിച്ച് നമ്മൾ സ്വയം തിരഞ്ഞെടുത്ത ദാരിദ്ര്യമാണ്. കൺമുന്നിൽ കണ്ട ₹50,000 കോടിയുടെ വരുമാനം നമ്മൾ സ്വയം ചങ്ങലക്കിട്ട് നിഷേധിക്കുകയാണെങ്കിൽ, നമ്മൾ ആരെയാണ് പഴിക്കേണ്ടത്? വിഷമടിച്ച പച്ചക്കറികളിൽ നിന്നൊരു മോചനം വേണ്ടെന്ന് തിരുമാനിച്ചാൽ പിന്നെന്ത് ചെയ്യാനാവും? കർഷകന് നല്ല വരുമാനം വേണ്ടെന്ന് തിരുമാനിച്ചാൽ എന്ത് ചെയ്യും? ഓർക്കുക, കൃഷിയിലൂടെ നേടുന്ന ഈ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം പൂർണമായും നികുതി രഹിതമാണ് (Zero Tax). ഈ നേട്ടങ്ങൾ കയ്യെത്തും ദൂരത്ത് നിലനിൽക്കുമ്പോഴും, കൃഷിയെ ലാഭം കുറഞ്ഞ വിളകളിൽ നമ്മൾ തളച്ചിടുന്നു.
അല്ല, നമുക്ക് വല്ല കുഴപ്പവും ഉണ്ടോ? ലോകം മുഴുവൻ സംയോജിത കൃഷിയിലേക്ക് (Integrated Farming) മാറുമ്പോൾ, ഇത്രയും വലിയ ഭൂപ്രദേശങ്ങളിൽ അശാസ്ത്രീയമായ ഒറ്റവിളകൾ അടിച്ചേൽപ്പിക്കാൻ നിർബന്ധിക്കുന്ന ഈ വിഡ്ഢിത്തം തുടരുന്നതിന് ഒരൊറ്റ നല്ല കാരണം പോലും പറയാനുണ്ടോ? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ആരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ?