കൃഷിയെ പ്രധാനമായി ആശ്രയിക്കുന്ന കേരളത്തിന്, ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന വടക്ക് കിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ജീവനാഡിയാണ്. കാരണം, ഇത് സംസ്ഥാനത്തെ രണ്ടാമത്തെ പ്രധാന മഴക്കാലമാണ്. ഗുണപരമായി നോക്കിയാൽ, തുലാവർഷം മണ്ണ് നനവുള്ളതാക്കുകയും ഭൂഗർഭജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നതിനാൽ, ഇടവപ്പാതിക്ക്  ശേഷം നടത്തുന്ന നെൽകൃഷി ഉൾപ്പെടെയുള്ള വിളകൾക്ക് ഇത് അത്യാവശ്യമാണ്. എന്നാൽ ദോഷകരമായ വശങ്ങൾ പരിഗണിക്കുമ്പോൾ, തുലാവർഷം ചിലപ്പോൾ വൈകുകയോ അല്ലെങ്കിൽ അമിത തീവ്രതയോടെ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്യുകയോ ചെയ്താൽ, വിളകൾക്ക് നാശനഷ്ടമുണ്ടാക്കുകയും വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാവുകയും ചെയ്യാം. അതിനാൽ, കൃത്യമായ അളവിലും സമയത്തും ലഭിക്കുന്ന തുലാവർഷം കർഷകർക്ക് ഏറെ ഗുണകരമാണെങ്കിലും, അതിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ കൃഷിക്ക് വെല്ലുവിളിയുയർത്തുന്ന ഒരു  വിഷയമാണ്.
തുലാവർഷക്കാലത്ത് ചെയ്യാവുന്ന കൃഷികൾ:
********************************************
കേരളത്തിലെ പ്രധാന നെൽകൃഷി സീസണുകളിൽ ഒന്നാണ് മുണ്ടകൻ കൃഷി അഥവാ രണ്ടാം വിള. ഇത് സാധാരണയായി ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തുടങ്ങി ഡിസംബർ-ജനുവരിയോടെ വിളവെടുക്കുന്ന ഒരു കൃഷി കാലമാണ്. ഈ സമയത്ത്, അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന തുലാവർഷം, മുണ്ടകൻ നെൽകൃഷിക്ക് അത്യന്താപേക്ഷിതമാണ്. അത് പോലെ തുലാവർഷം, അതിന്റെ അവസാന ഘട്ടത്തിലേക്കോ അല്ലെങ്കിൽ ശക്തി കുറഞ്ഞോ തുടങ്ങുന്ന സമയത്താണ് അന്തരീക്ഷത്തിൽ ചൂട് കുറഞ്ഞ് തണുപ്പ് വർധിച്ചു വരുന്നത്. ഈ സമയം  കാരറ്റ്, കാബേജ്, കോളിഫ്ലവർ, ബീറ്റ്‌റൂട്ട്, ചിലതരം ബീൻസ് തുടങ്ങിയ ശീതകാല പച്ചക്കറികളുടെ നടീൽ ജോലികൾ തുടങ്ങാൻ അനുകൂലമാണ്. പയർ പോലുള്ള വിളകൾ ഏത് സീസണിലും കൃഷി ചെയ്യാമെങ്കിലും ഈ സമയത്തെ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകരുമുണ്ട്. മരച്ചീനി (കപ്പ), ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾക്ക് തുലാവർഷക്കാലത്തെ ഈർപ്പം നല്ലതാണ്. അതുപോലെ തെങ്ങ്, കമുക്, ഏലം, കുരുമുളക് തുടങ്ങിയ തോട്ടവിളകൾക്ക് ഈ മഴക്കാലം നല്ല വളർച്ചയ്‌ക്കും കായ്‌ഫലം നൽകുകയും ചെയ്യുന്ന സമയംകൂടിയാണ്.
കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
********************************************
നെൽപ്പാടങ്ങളിലും കൃഷിയിടങ്ങളിലും നല്ല നീർവാർച്ചാ സൗകര്യം ഉറപ്പാക്കണം. വെള്ളക്കെട്ട് വിളകളെ, പ്രത്യേകിച്ച് നെല്ലിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴയിൽ വളക്കൂറുള്ള മേൽമണ്ണ് ഒലിച്ചുപോകാതിരിക്കാൻ ചരിഞ്ഞ പ്രദേശങ്ങളിൽ മണ്ണിന് കുറുകെ ചെറിയ വരമ്പുകളോ തടസ്സങ്ങളോ (ബണ്ടുകൾ പോലെ) നിർമ്മിക്കുന്നത് മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയും അതിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. ഇത് വെള്ളം മണ്ണിൽ കൂടുതൽ സമയം കെട്ടിനിൽക്കാനും താഴോട്ട് ഊർന്നിറങ്ങാനും സഹായിക്കുന്നതിലൂടെ മണ്ണൊലിപ്പ് തടയും. അതേപോലെ പുൽമേടുകൾ വെച്ചുപിടിപ്പിച്ചാൽ പുല്ലുകളുടെയും ചെടികളുടെയും വേരുകൾ ഒരു വല പോലെ മണ്ണിനെ മുറുക്കിപ്പിടിക്കുന്നു. ഇത് കാരണം, ശക്തമായ മഴ വരുമ്പോൾ മേൽമണ്ണ് ഒലിച്ചുപോകാതെ ഉറച്ചുനിൽക്കും. കൂടാതെ, ചെടികൾ മഴത്തുള്ളികളെ നേരിട്ട് മണ്ണിൽ വീഴാൻ അനുവദിക്കാതെ തടയുകയും, വെള്ളം സാവധാനം ഊർന്നിറങ്ങാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ മണ്ണൊലിപ്പ് ഉണ്ടാകുന്നത് ഒഴിവാക്കാം. തോട്ടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാൻ മതിയായ ചാലുകളും തോടുകളും വൃത്തിയാക്കി സൂക്ഷിക്കുക.
തുലാവർഷം കൊണ്ടുവരുന്ന തുടർച്ചയായ ഈർപ്പവും (Humidity) ഇടവിട്ടുള്ള ചൂടുള്ള കാലാവസ്ഥയും ഫംഗസ് രോഗങ്ങളായ ഇലപ്പുള്ളി, തണ്ട് അഴുകൽ, കുമിൾ ബാധ തുടങ്ങിയവ  പടരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ്. ഇത് ചെടികളുടെയും വൃക്ഷങ്ങളുടെയും വിളവിനെ ദോഷകരമായി ബാധിക്കും. തുലാവർഷത്തിന്റെ മറ്റൊരു  പ്രധാന സവിശേഷതയാണ് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും അതിനുശേഷം വരുന്ന ഇടവിട്ടുള്ള വെയിലും. ഇത് വിളകൾക്ക് Stress ഉണ്ടാക്കുകയും, രോഗകീടബാധ വർദ്ധിപ്പിക്കുകയും ചെയ്യും.  കർഷകർ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുകയും, ഉടൻ തന്നെ ഉചിതമായ ജൈവ/രാസ കീടനാശിനികൾ ഉപയോഗിച്ച് രോഗനിയന്ത്രണം നടത്തുകയും വേണം. രോഗം ബാധിച്ച ഭാഗങ്ങൾ നീക്കം ചെയ്യുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. അമിത മഴ കാരണം കുരുമുളക് വള്ളികൾക്ക് അഴുകൽ രോഗം വരാനും, ഏലത്തിന് മൊസൈക്ക് പോലുള്ള രോഗങ്ങൾ പടരാനും സാധ്യതയുണ്ട്. വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടാൻ ശ്രദ്ധിക്കണം. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങൾ കടപുഴകി വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ഇലകൊഴിച്ചിലിനു ശേഷം ഇല തളിർക്കുന്ന സമയത്ത് ലഭിക്കുന്ന മഴ മരങ്ങൾക്ക് ഉത്തേജനം നൽകുന്നു.
തോട്ടവിളകളിൽ പ്രധാനിയായ തെങ്ങിന് കൃത്യമായ വളപ്രയോഗം ആവശ്യമാണ്. തുലാവർഷം ആരംഭിക്കുന്ന സമയത്തെ വളപ്രയോഗം പ്രധാനമാണ്. സാധാരണയായി തെങ്ങിന് വർഷത്തിൽ രണ്ടു തവണയാണ് പ്രധാന വളപ്രയോഗം നടത്തേണ്ടത്. ഒന്നാമത്തേത് മെയ്-ജൂൺ മാസങ്ങളിലെ ഇടവപ്പാതിയുടെ തുടക്കത്തിലും. രണ്ടാമത്തേത്, തുലാവർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപോ (സെപ്റ്റംബർ അവസാനം/ഒക്ടോബർ ആദ്യം) അല്ലെങ്കിൽ തുലാവർഷക്കാലത്ത് മഴ കുറവുള്ള ദിവസങ്ങളിലോ നൽകുന്നത് വളം പൂർണ്ണമായി ചെടിച്ചുവട്ടിൽ എത്താൻ സഹായിക്കും. അമിത മഴയുള്ള സമയത്ത് വളം ചേർക്കരുത്. കാരണം മഴ വെള്ളത്തോടൊപ്പം വളങ്ങൾ ഒലിച്ചുപോവുകയും അത് ചെടികൾക്ക് ലഭിക്കാതെ നഷ്ടപ്പെടുകയും ചെയ്യാൻ കാരണം ആകും. ഈ സമയത്ത് വിളവെടുപ്പിന് പാകമായ വിളകൾ ഉണ്ടെങ്കിൽ, മഴയില്ലാത്ത ദിവസങ്ങൾ നോക്കി വേഗത്തിൽ കൊയ്തെടുത്ത് സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രമിക്കുക.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. ഇടിമിന്നലുള്ള സമയത്ത് തോട്ടങ്ങളിൽ ജോലിയെടുക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക. ഒറ്റപ്പെട്ട മരങ്ങൾ, റബ്ബർ ഷെഡ്ഡുകൾ തുടങ്ങിയവ ഇടിമിന്നലേൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്. സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക. ഈ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി, കർഷകർക്ക് തുലാവർഷത്തിന്റെ ഗുണങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താനും നാശനഷ്ടങ്ങൾ ലഘൂകരിക്കാനും സാധിക്കും..........


 
 
 
 
