പഴം, ഇല, വേര്, തൊലി, വിത്ത് തുടങ്ങിയ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. ഇതിന്റെ ഇലകൾ കുത്തിപ്പിഴിഞ്ഞു കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നത് മുറിവുകൾ കരിയാൻ സഹായിക്കും. ഇതിൻ്റെ കായ്കൾക്ക് കീട സംഹാരശക്തി ഉള്ളതിനാൽ ചിതൽ അടുക്കില്ല.
വിളയാത്ത കായ്കളിൽ ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ കായ്കൾ ഉണക്കിപ്പൊടിച്ചത് വയറിളക്കത്തിന് മരുന്നാണ്. വയറിളക്കം, ഛർദ്ദി എന്നിവയ്ക്കു പ്രതിവിധിയായി തൊലി കഷായംവച്ചതും നന്ന്. ആത്തച്ചക്കയിൽ ധാരാളം ധാതുക്കൾ, ജീവകങ്ങൾ 'സി', 'എ' എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തിലുള്ള മഗ്നീഷ്യമാണ് മാംസപേശികളുടെ സംരക്ഷണത്തിന് നല്ലത്. സീതപ്പഴത്തിന്റെ വിത്ത് പൊടിച്ച് കീടനിയന്ത്രണത്തിന് ഉപയോഗിക്കാറുണ്ട്.
പച്ചനിറത്തിലുള്ള കായ്കളാണ് വിളവെടുക്കാൻ ഏറ്റവും നല്ലത്. തണലിൽ സൂക്ഷിച്ചാൽ ഒരാഴ്ചവരെ കേടുകൂടാതെയിരിക്കും. കുറഞ്ഞ പരിചരണത്തിൽ കൂടുതൽ നല്ല വിളവ് തരാൻ കഴിവുള്ള ഈ മധുരമൂറുന്ന പഴം കൃഷി ചെയ്യുന്നതിലൂടെ കർഷകർക്ക് നല്ല വരുമാനം ലഭിക്കും.
തൈകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിത്ത് പാകി മുളപ്പിച്ചെടുക്കുന്നതാണ് ഇതിന് ഏറ്റവും നല്ല മാർഗ്ഗം. നഴ്സറികളിൽ ഇതിൻ്റെ തൈകൾ ലഭ്യമാണ്. എന്നാൽ വിത്ത് പാകി മുളപ്പിക്കുമ്പോൾ കായ്ക്കാൻ താമസം ഉണ്ടാകാം. ഗ്രാഫ്റ്റിംഗ് രീതി വഴി നല്ല കായ്കൾ ലഭിക്കുകയും രോഗങ്ങളെ നന്നായി പ്രതിരോധിക്കുകയും ചെയ്യും.
വിത്തുകൾ തടങ്ങളിൽ പാകിയ ശേഷം രണ്ടുമാസം കഴിഞ്ഞാൽ ഒട്ടിക്കാൻ പാകമാകും. ഇതിനുപയോഗിക്കുന്ന ഒട്ടിച്ചെടുക്കുന്ന കമ്പ് കായ്ഫലമുള്ള മരത്തിൻ്റെ ഇളം തണ്ടിൽ നിന്നെടുക്കാൻ ശ്രദ്ധിക്കണം. ഒട്ടിച്ചെടുക്കുന്ന തണ്ടുകൾ 4-5 മാസമാകുമ്പോൾ സ്ഥിരമായി നടാനുള്ള കുഴിയിലേക്ക് മാറ്റാവുന്നതാണ്. ഓഗസ്റ്റ് - സെപ്റ്റംബർ മാസമാണ് നടാൻ ഉചിതം. തൈകൾ നടുന്നതിന് 15 ദിവസങ്ങൾക്ക് മുൻപ് കുഴികളിൽ ചാണകപ്പൊടി, മേൽമണ്ണ്, രാസവളങ്ങൾ എന്നിവ ചേർത്തുകൊടുക്കുന്നത് നല്ലതാണ്.