നമുക്ക് വേണം കരിക്കിനായി തെങ്ങിൻ തോട്ടങ്ങൾ.. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഈ തെങ്ങുകൾ നോക്കൂ... | പ്രമോദ് മാധവൻ

 ഇവിടെ  അരയ്ക്കാനും ആട്ടാനും പോലും തേങ്ങയില്ല. പിന്നെയാണോ കരിയ്ക്കിനായി തെങ്ങ് വയ്ക്കാൻ പറയുന്നത് രമണാ...



സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ 8 ലക്ഷം ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷിയുണ്ട്.  എന്ന് പറയുമ്പോൾ  ഇതര സംസ്ഥാനങ്ങളിലെപ്പോലെ വൻകിട തോട്ടങ്ങൾ ഒന്നുമല്ല കൂടുതലും.  വീട്ടുവളപ്പുകളിൽ വേണ്ടത്ര വെയിലോ പരിചരണങ്ങളോ കിട്ടാതെ വളരുന്ന തെങ്ങുകളാണ് ഏറിയകൂറും.  


ഓരോ മാസവും ഓരോ ഓല വരേണ്ട വിളയായതിനാൽ അത് കൃത്യമായി രൂപപ്പെട്ട് വരാനുള്ള പരിചരണങ്ങൾ നിർബന്ധമാണ്. കാരണം ഈ ഓരോ ഓലയുടെയും കക്ഷത്തിൽ ഭദ്രമായി ഒളിപ്പിച്ചു വച്ചിരിക്കുന്ന കൂമ്പ് (പൂങ്കുല)  പൊട്ടി അതിലെ വെള്ളയ്ക്കകൾ അഥവാ പെൺപൂവ്,  പുംബീജം ഏറ്റുവാങ്ങാൻ തയ്യാറാകുമ്പോൾ അതിനെ സഹായിക്കാൻ ഷഡ്പദങ്ങൾ പ്രധാനമായും തേനീച്ചകൾ അവിടെ ഉണ്ടാകണം.  


അവരുടെ സഹായത്താൽ ബീജസംയോഗം നടന്നാൽ അതിന്റെ തുടർന്നങ്ങോട്ടുള്ള വളർച്ചയ്ക്ക് വേണ്ട ബോറോൺ പോലെയുള്ള സൂക്ഷ്മ മൂലകങ്ങൾ മണ്ണിൽ ലഭ്യമല്ലെങ്കിൽ വെള്ളയ്ക്ക കൊഴിഞ്ഞു പോവുകയോ വളരാതെ ക് രാഞ്ഞിലിൽ പറ്റിയിരിക്കുകയോ ചെയ്യും. 


ഒരു തെങ്ങിൽ അതിന്റെ കൂമ്പ് അഥവാ പൂങ്കുല രൂപപ്പെടാനുള്ള ആദ്യ കോശം ഉണ്ടാകുന്നതുമുതൽ അത് ഓല മടലിന്റെ ഇടയിൽ നിന്നും പുറത്തുവന്ന വിടരുന്നത് വരെ(നമ്മൾ കാണുന്നത് അപ്പോഴായിരിക്കും)  ഏകദേശം 33 മാസങ്ങൾ എടുക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനങ്ങൾക്കും കാലാവസ്ഥയ്ക്കും ഒക്കെ അനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഇതിൽ വന്നേക്കാം. അതിനുശേഷം ആ പൂങ്കുലയിലെ പെൺപൂവുകൾ  (മച്ചിങ്ങ, വെള്ളയ്ക്ക)  പരാഗണം നടന്ന് കരിക്ക് അഥവാ ഇളനീരായി, ഏറ്റവും മധുരം ആകുന്ന സമയം ഏതാണ്ട് ഏഴ് മാസമാണ്. വീണ്ടും മൂന്നുമാസങ്ങൾ കഴിയുമ്പോൾ ആണ് അത് മൂപ്പെത്തിയ തേങ്ങയായി മാറുന്നത്.വീണ്ടും ഒന്ന് ഒന്നര മാസം കഴിയുമ്പോൾ വിത്ത് തേങ്ങയായി വിളവെടുക്കാം.


ഏഴുമാസം മുപ്പത്തിയ ഒരു കരിയ്ക്കിൽ,  ഇനത്തിനനുസരിച്ച് ഏകദേശം 200 മില്ലി  മുതൽ 600 മില്ലി വരെ വെള്ളം ലഭിക്കും. മൂപ്പെത്തുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവ് കുറഞ്ഞു വരും.


 തുടക്കത്തിൽ പഞ്ചസാരയുടെ അളവ് ഒന്നര ശതമാനത്തിൽ നിന്നും പിന്നീട് ഏതാണ്ട് അഞ്ചര ശതമാനം വരെ ക്രമമായി വർദ്ധിച്ച് പൂർണ്ണവളർച്ച എത്തുമ്പോൾ രണ്ടു ശതമാനത്തിൽ എത്തി നിൽക്കും.


വളർച്ചയുടെ ആദ്യഘട്ടത്തിൽ ഗ്ലൂക്കോസും ഫ്രാക്‌റ്റോസ്സും ആയി പിന്നീട് 50 ശതമാനത്തോളം സൂക്രോസ് (സാധാരണ പഞ്ചസാര) ആയി മാറും.

  നല്ല രുചിയും മധുരവും ഉള്ള ഇനമായി ചാവക്കാട് കുള്ളൻ ഓറഞ്ച് അഥവാ ഗൗരി/ഗൗളി ഗാത്രം അഥവാ ചെന്തെങ്ങ് കണ്ടെത്തിയിട്ടുണ്ട്. അതിൽ നിന്നും ശരാശരി 350 മില്ലി വെള്ളം കിട്ടും. ചാവക്കാട് കുറിയ പച്ച  (പതിനെട്ടാം പട്ട)  ഇനത്തിൽ ശരാശരി 160 മില്ലി വെള്ളമാണ് കിട്ടുന്നത്. കുറിയ മഞ്ഞ (Malayan Yellow Dwarf ) ഇനത്തിൽ ഏതാണ്ട് 330 മില്ലി വരെ വെള്ളം കിട്ടും.


 തേങ്ങയുടെ വിലയിടിവ് തടയാനുള്ള ഒരു വഴിയാണ് കുറച്ചു തേങ്ങകൾ കരിയ്ക്കായി തന്നെ വിളവെടുക്കുകയെന്നത്. കേരളത്തിലെ ആവശ്യങ്ങൾക്കുള്ള കരിക്കുകൾ ഏറെക്കുറെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് വരുന്നത്. തേങ്ങയെക്കാൾ വില കരിക്കിന് കിട്ടാറുമുണ്ട്. കരിയ്ക്കായി വിളവെടുക്കുമ്പോൾ തെങ്ങിന്റെ ഭാരം  (load)  കുറയുന്നതിനാൽ തെങ്ങ് കൂടുതൽ ഉത്പാദനത്തിന് തയ്യാറെടുക്കുന്നു എന്ന് വേണമെങ്കിൽ പറയാം.


ഫിലിപ്പൈൻസിൽ നിന്നുള്ള നാളികേര കയറ്റുമതിയുടെ 47 ശതമാനവും ഇളനീരായിട്ടാണ്.


ഈ വീഡിയോ നോക്കൂ. 


കായംകുളം കൃഷ്ണപുരത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്ര (CPCRI )ത്തിലെ Dr. നിഹാദിന്റെ പരീക്ഷണത്തോട്ടമാണ് വീഡിയോയിൽ. ചാവക്കാട് കുള്ളൻ ഓറഞ്ച് (Chowghat Dwarf Orange ) അഥവാ ചെന്തെങ്ങിന്റെ മികച്ച തൈകളാണ് ഈ തോട്ടത്തിൽ വളർത്തിയിട്ടുള്ളത്. മറ്റ് ഇനങ്ങളും ഉണ്ട്. ഇവ തമ്മിലുള്ള താരതമ്യപഠനം നടന്നുകൊണ്ടിരിക്കുന്നു. 


കൃത്യമായി വെള്ളവും വളവും മറ്റ് പരിചരണങ്ങളും കൊടുക്കുമ്പോൾ കുള്ളൻ ഇനങ്ങൾ വേഗത്തിൽ ചൊട്ടയിടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.


രണ്ട് തെങ്ങുകൾക്കിടയിൽ എന്ത് കൊണ്ട് 25 അടി അകലം കൊടുക്കണമെന്ന് വീഡിയോയിലെ തെങ്ങുകളുടെ ഓലകളുടെ നീളവും അവയുടെ വിന്യാസവും കാണിയ്ക്കുന്നു.


കൃഷി ശാസ്ത്രീയമെങ്കിൽ വിളവ് മോശമാകില്ല രമണാ...


✍️പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section