Soil Day-മണ്ണാണ് ജീവൻ... മണ്ണിലാണ് ജീവൻ... ഇന്ന് ലോക മണ്ണ് ദിനം



 അന്താരാഷ്ട്ര മണ്ണ് ദിനം...

 "മണ്ണിന് കരുതൽ -അറിയുക, നിരീക്ഷിക്കുക, പരിപാലിക്കുക "(Caring for Soil -Measure, Monitor and Manage) എന്നതാണ് ഈ മണ്ണ് ദിനത്തിന്റെ സന്ദേശം.


മനുഷ്യൻ എത്ര പുരോഗമിച്ചാലും മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണം വേണം എന്നുള്ള കാര്യത്തിൽ സംശയമേതുമില്ല.


"മേൽമണ്ണ് പോയാൽ മാമുണ്ണ് മുട്ടും " എന്ന് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ മനസ്സിലാക്കിക്കണം.


ഭൂമി ഉണ്ടായ കാലം മുതൽ ഉള്ള വെള്ളവും മണ്ണും തന്നെയാണ് ഇന്നുമുള്ളത്. ഒന്നും പുതുതായി ഈ ഭൂമിയിൽ ഉണ്ടാകുന്നില്ല.ഒന്നും നശിക്കുന്നുമില്ല. ചിലപ്പോൾ ഒരു രൂപത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നു എന്ന് മാത്രം.പക്ഷെ വിഭവങ്ങളുടെ ഗുണമേന്മ കുറഞ്ഞു വരുന്നു. മണ്ണും വെള്ളവും മലിനമാകുന്നു.


എഴുതാനും വായിക്കാനും ഉള്ള കഴിവ് മലയാളിയ്ക്കുണ്ടെങ്കിലും, Eco literacy പൊതുവെയും, Water literacy, Soil Literacy എന്നിവ പ്രത്യേകിച്ചും, ഇല്ല എന്ന് തന്നെ പറയാം.


 ഭാവിയിൽ വലിയ വിലയ്ക്ക് വിൽക്കാനുള്ള ഒരു ചരക്ക് മാത്രമാണ് മലയാളിയ്ക്ക് ഭൂമി. ഭക്ഷ്യോത്പാദനത്തിനുള്ള ഒരു അവശ്യഘടകമായി മണ്ണിനെ കാണുന്നവർ തുലോം കുറവ്.


"മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ' എന്ന് ഏറെപ്പേരും ചിന്തിക്കുന്നില്ല.


കൃഷി ചെയ്യാൻ താല്പര്യം ഇല്ലാത്തവരിൽ ഭൂമി കുമിഞ്ഞുകൂടുന്നു. ലളിതമായ നടപടിക്രമങ്ങളിലൂടെ അത്‌ വാർഷിക പാട്ടത്തിന് കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് കൊടുക്കാൻ ഒരു പ്രാദേശിക സംവിധാനം ഇനിയും രൂപം കൊണ്ടിട്ടില്ല. (NAWO -DHAN, Service Level Agreement എന്നിവ വിസ്മരിക്കുന്നില്ല.) കൃഷിഭൂമി തരിശ്ശിടുന്നത് കുറ്റകരമാക്കി അതിന് 'ഹരിത പിഴ '(Green penalty ) ഈടാക്കാൻ ഒരു നിയമവും പാസ്സായിട്ടില്ല. അനധികൃതമായി നികത്തിയ നെൽപ്പാടങ്ങളും ചതുപ്പുകളും പൂർവ്വസ്ഥിതിയിൽ ആകുന്നുമില്ല.


 "കുളിച്ചില്ലെങ്കിലും കൌപീനം പുരപ്പുറത്ത് കിടക്കട്ടെ" എന്ന മട്ടിലുള്ള നാട്യങ്ങൾക്കും വാചാടോപങ്ങൾക്കും കുറവൊട്ടില്ല താനും എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനും നമുക്ക് കഴിഞ്ഞേക്കില്ല.


'ഹരിതമൃദുകഞ്ചുകം തെല്ലൊന്ന് നീക്കി നീയരുളിയ മുലപ്പാൽ കുടിച്ച് തെഴുത്തവർക്കൊരു ദാഹമുണ്ടായ്,ഒടുക്കത്തെ ദാഹം,തിരുഹൃദയ രക്തം കുടിക്കാൻ 'എന്ന് ക്രാന്തദർശിയായ ONV നാല് ദശാബ്ദങ്ങൾക്ക് മുൻപെഴുതി. എന്നിട്ടും പിന്നെയും മൂന്ന് ദശാബ്ദം കഴിഞ്ഞപ്പോൾ ആണ് പ്രകൃതിവിഭവ സംരക്ഷണത്തെക്കുറിച്ച് ഭരണാധികാരികൾക്ക് ബോധം വച്ചത്.


ഇന്ന് തീരദേശത്തെ സംരക്ഷിക്കാൻ നിയമങ്ങളുണ്ട്(CRZ Rules ), ചതുപ്പിനെയും നെൽ വയലിനെയും സംരക്ഷിക്കാൻ നിയമങ്ങളുണ്ട്(Kerala Paddy Land & Wetland Act) , മലയോരത്തെ സംരക്ഷിക്കാനും(Gadgil Report ) നിയമങ്ങൾ ഉണ്ട്.


 പക്ഷെ...Selective Amnesia, Convenient enforcement, Ideological morbidity എന്നിവയാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു ഇത് നടപ്പിലാക്കേണ്ടവർ.


"Know Soil

Know Life


No Soil

No Life ".


കഴിഞ്ഞ ദിവസങ്ങളിലെ മഴ, കൊയ്യാൻ ഇരുന്നവരെയും വിതച്ചവരെയും എങ്ങനെ ബാധിച്ചു എന്നറിയുക..


കാലാവസ്ഥാ വ്യതിയാനത്തിന്റെ കരാളമുഖം കാണാൻ ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കും നോക്കുക...


 കാലാവസ്ഥാ അഭയാർഥികൾ (Climate Refugees )ആകാൻ നമ്മൾ തയ്യാറെടുക്കുക....


ഈ ദിവസത്തിൽ കുറച്ച് പ്രതിജ്ഞകളും ഗിരിപ്രഭാഷണങ്ങളും നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല. പ്രകൃതി സംരക്ഷണത്തെ പ്രോത്‌സാഹിപ്പിക്കുന്നതും പ്രകൃതി ധ്വoസനത്തെ ശിക്ഷിക്കുന്നതുമായ നയങ്ങൾ ഉണ്ടാക്കി നടപ്പാക്കപ്പെടണം.


ഇക്കോളജിയോടൊത്ത് ഇക്കോണമി ചലിക്കണം, വളരണം.


Happy Soil Day......


✍️പ്രമോദ് മാധവൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section