തിരുവനന്തപുരം ജില്ലയിൽ ,കേരളത്തിൻ്റെ തെക്കേ അറ്റത്തോട് ചേർന്നു നിൽക്കുന്ന ,ഒരു കാർഷിക പഞ്ചായത്താണ് ചെങ്കൽ .ചെങ്കൽ ഗ്രാമ പഞ്ചായത്തിൻ്റെ തനതു ചീരയാണ് വ്ളാത്താങ്കര ചീര .വ്ളാത്താങ്കരയെന്ന കാർഷിക ഗ്രാമം ഏറെ ശ്രദ്ധേയമായത് പാവൽ കൃഷിയിലൂടെയാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ പാവൽ കൃഷി ചെയ്യുന്ന ഒരു സ്ഥലമായിരുന്നു വ്ളാത്തങ്കര.മറ്റു ജില്ലകളിലേക്ക് ലോഡ് കണക്കിന് പാവലാണ് വ്ളാത്താങ്കരയിൽ നിന്ന് കയറ്റി അയച്ചിരുന്നത്. വ്ളാത്താങ്കരയിലെ തോട്ടവാരം എന്ന സ്ഥലം പാവൽ കൃഷിയുടെ കേന്ദ്രമായിരുന്നു. പിൽക്കാലത്ത് വ്ളാത്താങ്കരയിലെ കർഷകർ പാവൽ കൃഷി അവസാനിപ്പിച്ച് മറ്റു തൊഴിലുകളിലേക്ക് വഴിമാറിയപ്പോൾ ,വ്ളാത്തങ്കരയെന്ന കാർഷിക ഗ്രാമം അന്നേ വരെ താലോലിച്ചു പോന്നിരുന്ന കാർഷിക മുന്നേറ്റങ്ങൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. .വർഷങ്ങൾക്കു ശേഷം വ്ളാത്താങ്കരയെന്ന കാർഷിക ഗ്രാമം കേരളത്തിൻ്റെ കാർഷിക മേഖലയിൽ വീണ്ടും ഇടം പിടിക്കുകയാണ്. വ്ളാത്തങ്കര ചീരയെന്ന , അത്ഭുത ചീരയിലൂടെ. വ്ളാത്താങ്കരയുടെ പേര് ലോകമെമ്പാടുമെത്തും എന്ന സന്തോഷത്തിലാണ് വ്ളാത്തങ്കരയിലെ കർഷകർ.അതിതീഷ്ണമായ അരുണ ശോണിമയാണ് വ്ളാത്താങ്കര ചീരയെ മറ്റു ചീരകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്. തിരുവനന്തപുരം ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കരയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ ഏറെയുണ്ടാകും. എന്നാൽ വൈകാതെ അവർ ഈ കരയെക്കുറിച്ചും അവിടുത്തെ പച്ചക്കറിക്കർഷകരുടെ മികവിനെക്കുറിച്ചും അറിയും. നല്ല ‘ചൊകചൊകപ്പൻ വ്ലാത്താങ്കരചീര’യുടെ വിത്തുകൾ കേരളമെമ്പാടും എത്തുന്നതോടെ നാട് ‘ഫേമസാ’കുമെന്ന സന്തോഷമാണ് വ്ളാത്താങ്കരയിലെ കൃഷിക്കാർ. വിത്ത് വാങ്ങി കൃഷി ചെയ്യുന്നവരും ആ ചീരയില കറി വയ്ക്കുന്നവരും വ്ലാത്താങ്കരയെന്ന പേര് മനസ്സിൽ സൂക്ഷിക്കും. അത്രയ്ക്കു സുന്ദരവും രുചികരവുമാണ് ഈയിനം.
തീക്ഷ്ണമായ ചുവപ്പുനിറമാണ് വ്ലാത്താങ്കരച്ചീരയുെട സെല്ലിങ് പോയിന്റ്. മറ്റു ചീരകൾക്കില്ലാത്ത ഒരു അരുണശോണിമ ഇവിടുത്തെ ചീരയ്ക്കു കൂടുതലായുണ്ട്. മറ്റു ചീരയിനങ്ങൾക്ക് ഇരുണ്ട ചുവപ്പാണെങ്കിൽ വ്ലാത്താങ്കര ചീരയ്ക്ക് അസ്സൽ ചുവപ്പുനിറം മാത്രം. പാടം നിറയെ ചീര വളർന്നു നിൽക്കുന്നതു കണ്ടാൽ ആരും ഒരിക്കൽ കൂടി നോക്കിപ്പോകും, അതാണ് അതിന്റെ പകിട്ട്. ‘‘ഒരു ഇല പറിച്ചു വായിലിട്ടുചവച്ച ശേഷം തുപ്പിയാൽ ചോര തുപ്പുകയാണെന്നു തോന്നും’’. മാത്രമല്ല പച്ചയ്ക്കു ചവയ്ക്കുമ്പോൾപോലും ഏറെ രുചിപ്രദവുമാണ്. മാംസളമായ ഇലകളും തണ്ടുമാണ് ഈയിനത്തിനുള്ളത്. ദീർഘ കാലം വിളവ് തരുമെന്നതും കൂടുതൽ രുചിയുണ്ടെന്നതും വ്ലാത്താങ്കര ഇനത്തിന്റെ മറ്റു സവിശേഷതകളാണ്. മുറിക്കുന്നതനുസരിച്ച് കൂടുതൽ ശാഖകളുണ്ടായി ഒരു വർഷംവരെ ഈ ചീര വിളവു തരുന്നതിനാൽ ,കർഷകർക്ക് സാമ്പത്തിക ലാഭമുണ്ടാക്കുവാനും കഴിയുന്നു.
എവിടെനിന്നാണ് വ്ലാത്താങ്കരക്കാർക്ക് സവിശേഷമായ ഈ ചീരയിനം കിട്ടിയതെന്ന് അന്വേഷിക്കുന്നവരുണ്ടാകാം. ഈ നാടിന്റെ കണ്ടെത്തലാണത്. വ്ലാത്താങ്കരയിലെ കൃഷിക്കാരനായ തങ്കയ്യൻ പ്ലാങ്കാല ,മാർക്കറ്റിൽ വിൽപനയ്ക്കെത്തിയ ചീരയുടെ കെട്ടുകളിൽനിന്നാണ് ഒരു കുഞ്ഞൻതൈ കണ്ടെത്തിയത്. പ്രത്യേകതയുള്ള നിറമാണതിനെന്നു തോന്നിയതുകൊണ്ട് ആ ചീരത്തൈ വീട്ടിൽ കൊണ്ടുവന്നു വളർത്തുകയായിരുന്നു. കൃഷിക്കാരന്റെ നിരീക്ഷണം തെറ്റിയില്ല. കാണുന്നവരെയെല്ലാം മോഹിപ്പിക്കുന്ന സുന്ദരിയായി ആ ചീരച്ചെടി വളർന്നു. അതിൽനിന്നുള്ള വിത്തെടുത്ത് വീണ്ടും പാകി. കൂടുതൽ ചെടികളിൽനിന്നു കൂടുതൽ വിത്തുകൾ കിട്ടിയപ്പോൾ ചോദിച്ചുവാങ്ങാൻ നാട്ടുകാരും കൂട്ടുകാരുമെത്തി. അങ്ങനെ ആ ഇനം വ്ലാത്താങ്കരയുടെ സ്വന്തമായി. കൃഷിവകുപ്പ് ,ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി പ്രകാരവും ,BPKP സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരവും, പരമ്പരാഗദ വിത്തിനങ്ങളുടെ സംരക്ഷണത്തിൻ്റെ ഭാഗമായി , സംസ്ഥാനത്തുടനീളം വ്ളാത്താങ്കര ചരകൃഷി വ്യാപന പ്രവർത്തനങ്ങൾ നടത്തി വരുന്നു. വ്ളാത്താങ്കര ചീരയുടെ വിത്തിന് കിലോയ്ക്ക് 3500/- രൂപയാണ് . കാഴ്ച്ചക്കാർക്ക് വില കൂടുതലാണെന്ന് തോന്നുമെങ്കിലും ,ചീരവിത്ത് ഉൽപ്പാദനം കർഷകനെ സംബന്ധിച്ചടുത്തോളം വളരെ പ്രയാസകരമായ കാര്യമാണ്. നല്ല ആരോഗ്യമുള്ള ചീരകളെയാണ് വിത്തുൽപ്പാദനത്തിനായി തിരഞ്ഞെടുക്കുന്നത്. ചീരനട്ട് ആറുമാസം കഴിയുമ്പോഴെ വിത്ത് പാകമാവുകയുള്ളു. വിത്തെടുക്കാൻ പാകമാവുമ്പോൾ വ്ളാത്തങ്കര ചീര ഒരാൾ പൊക്കത്തിൽ വളർന്നിരിക്കും. വിത്ത് പാകമായ ചീരയെ ചുവട്ടിൽ നിന്നും വെട്ടിയെടുത്ത് 3 ദിവസം വെയ്ലത്തും ,2 ദിവസം തണലത്തും ഉണക്കും. ചീര നന്നായി ഉണങ്ങിയ ശേഷം, ചെടിയിൽ നിന്നും വിത്ത് വേർതിരിച്ച് ,മുറം ഉപയോഗിച്ച് പാറ്റിയ ശേഷം ,ചീരവിത്ത് വേർതിരിച്ചെടുക്കുന്നു. നല്ല വളർച്ചയെത്തിയ ഒരു ചീരയിൽ നിന്ന് 250 ഗ്രാം വിത്തു വരെ ലഭിക്കാം. വിത്തുൽപ്പാദനവും കർഷകർക്ക് ലാഭകരമാണ്. കൃഷിയിടത്തിൽ വിത്തുപാകി മൂന്നാം ദിവസം ചീരമുളക്കാൻ തുടങ്ങും. വിത്ത് പാകുന്നതിന് മുന്നോടിയായി കൃഷിയിടമൊരുക്കുമ്പോൾ ഒരു സെൻ്റിന് 100 Kg കാലി വളമോ കമ്പോസ്റ്റോ ,അടിവളമായി നൽകണം ,തവാരണകളിൽ വിത്ത് പാകിയശേഷം ,എല്ലാ ദിവസവും നനയ്ക്കണം ,മഴക്കാലത്ത് നനയുടെ ആവശ്യമില്ല. ചീരവിത്ത് മുളച്ചാൽ വളപ്രയോഗം തുടങ്ങാവുന്നതാണ്. ഗോമൂത്രം വെള്ളത്തിൽ ചേർത്ത് തടത്തിൽ ഒഴിക്കുകയാണെങ്കിൽ ചീര തഴച്ചുവളരും. വിത്ത് പാകി ഇരുപത്തിയെട്ടാം ദിവസം ചീര വിളവെടുക്കാനും കഴിയും ,തവാരങ്ങളിൽ വിത്തുപാകി നേരിട്ടും ,അല്ലെങ്കിൽ 20 ദിവസം പാകമായ തൈകൾ പറിച്ചുനട്ടും വ്ളാത്താങ്കര ചീര കൃഷിചെയ്യാം. മറ്റു ചീരകളെ അപേക്ഷിച്ച് ഇലപ്പുള്ളി രോഗത്തെ അതിജീവിക്കുവാനുള്ള കഴിവും വ്ളാത്താങ്കര ചീരയ്ക്കുണ്ട്.🌿
വ്ളാത്താങ്കര ചീരയുടെ വിത്തെന്ന പേരിൽ വ്യാജ വിത്തുകൾ പിപണിയിലുണ്ട്. ഒറിജിനൽ വിത്ത് ആവശ്യമുള്ളവർ വ്ളാത്താങ്കരയിലെ കർഷകരുടെ കയ്യിൽ നിന്ന് വാങ്ങുക.
SK.ഷിനു ,
ഫോൺ: 9847168656,