സ്ത്രീശരീരത്തിന് മാത്രമായി പ്രകൃതി നൽകിയ ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനമാണ് മാതൃത്വം.
കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും മുലപ്പാലൂട്ടിവളർത്താനും സ്ത്രീയ്‌ക്കേ കഴിയൂ. അതിന് സ്ത്രീയെ പ്രാപ്തമാക്കുന്ന പ്രക്രിയയാണ് ആർത്തവം. ഋതുമതിയായി തുടങ്ങിയാൽ പിന്നെ ഓരോ മാസവും ചാക്രികമായി അത് സംഭവിക്കും. ആ ദിവസങ്ങൾ അവർക്ക് നൽകുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളാണ്.
ഇന്ത്യൻ ജനസംഖ്യയിൽ ഏതാണ്ട് എഴുപത് കോടി വരും സ്ത്രീകളുടെ എണ്ണം. അതിൽ menstrual age ൽ ഉള്ളവർ ഒരു നാല്പതു കോടി എങ്കിലും വരും. പൊതുവിൽ, സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ മൂലവും പൊതുശൗചാലയങ്ങളുടെ അപര്യാപ്തതയും വൃത്തിക്കുറവും മൂലം എപ്പോഴെങ്കിലുമൊക്കെ എല്ലാ സ്ത്രീകളും മൂത്രനാളിസംബന്ധമായ അണുബാധ (Urinary Tract Infection, UTI) നേരിടുന്നു.അതിൽ തന്നെ എഴുപത് ശതമാനം പേർ ഉത്പാദന നാളി സംബന്ധമായ (Reproductive Tract Infection, RTI) അണുബാധ നേരിടുന്നു.
ഇതിന്റെ ഒരു പ്രധാന കാരണം ആർത്തവ ശുചിത്വം ഇല്ലായ്മയാണ് എന്നതിൽ തർക്കമില്ല. വൃത്തിയുള്ള തുണിയോ സാനിറ്ററി പാഡുകളോ ഉപയോഗിക്കത്ത, അല്ലെങ്കിൽ അതിന് സാഹചര്യമില്ലാത്ത അവസ്ഥ ഇന്ത്യൻ വനിതകൾ പ്രത്യേകിച്ചും ഗ്രാമീണവനിതകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
നമുക്ക് ചില കണക്കുകൾ നോക്കാം
1. ഋതുമതികളായ 23 ദശലക്ഷം പെൺകുട്ടികൾ മതിയായ ശുചിത്വസൗകര്യങ്ങൾ ഇല്ലാത്തതിനാൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു.
2. 36 % വനിതകൾക്ക് മാത്രമേ രാജ്യത്ത് ശുചിയായ സാനിറ്ററി പാഡുകൾ ലഭിക്കുന്നുള്ളൂ
3. ഇന്ത്യയിൽ ഒരു വർഷം 12 ബില്യൺ സാനിറ്ററി പാഡുകൾ ഉപയോഗിക്കപ്പെടുന്നു.ഇത് വലിയ തോതിലുള്ള പരിസ്ഥിതി മാലിനികരണത്തിനും ഡ്രൈനേജ് ചാനലുകളുടെ ബ്ലോക്കിനും കാരണമാകുന്നു.
4. ഇന്ത്യയിലെ എല്ലാ വനിതകളും സാനിറ്ററി നപ്കിനുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ 10 ലക്ഷം ടൺ വേസ്റ്റ് അതിലൂടെ ഉണ്ടാകും.
5. ഒരു സാനിറ്ററി പാഡിൽ 3.4 ഗ്രാം പ്ലാസ്റ്റിക് ഉണ്ട്. അങ്ങനെ നോക്കിയാൽ സാനിറ്ററി പാഡുകൾ ആരംഭം മുതലേ ഉപയോഗിക്കുന്ന ഒരു വനിത തന്റെ ആർത്തവവിരാമം വരെ ഉപയോഗിക്കുന്ന പാഡുകളിലൂടെ ഏതാണ്ട് 60 കിലോ പ്ലാസ്റ്റിക് പുറം തള്ളാൻ കാരണക്കാരിയാകുന്നു.
അപ്പോൾ വൃത്തിയുള്ള പാഡുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയണം. പക്ഷെ അവ പ്ലാസ്റ്റിക് രഹിതമാകുകയും വേണം. ഈ വെല്ലുവിളി ആര് ഏറ്റെടുക്കും?
അതേ, ആവശ്യം സൃഷ്ടിയുടെ മാതാവ് ആണല്ലോ. മൂന്ന് ചുണക്കുട്ടികൾ ആ വെല്ലുവിളി 2015 ൽ ഏറ്റെടുത്തു. അമേരിക്കയിലെ Massachusets Institute of Technology യിലെ Kristi Kagetsu, Grace Kane എന്നിവരും Nirma University യിലെ Tarun Bothra യും ചേർന്നു ഗുജറാത്തിൽ SAATHI എന്ന സാമൂഹ്യ സംഘടന രൂപീകരിക്കുകയും വാഴനാരിൽ നിന്നും പ്ലാസ്റ്റിക് രഹിത സാനിറ്ററി നാപ്കിനുകൾ(Plastic Free Sanitary Napkins ) ഉണ്ടാക്കാൻ ആരംഭിക്കുകയും ചെയ്തു.
അവരുടെ ഉത്പന്നത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. പരിസ്ഥിതി സൗഹൃദം (Eco friendly )
2. കമ്പോസ്റ്റ് ഉണ്ടാക്കാൻ അനുയോജ്യം (Compostable )
3. സുസ്ഥിരമായവ (Sustainable )
4. ദ്രവിക്കുന്ന സ്വഭാവം ഉള്ളത് (Bio degradable )ആറ് മാസം കൊണ്ട് അവ പൂർണമായും ദ്രവിയ്ക്കും.
5. സസ്യ ജന്യം (Plant based )
6. രാസ രഹിതം (Chemical Free )
വാഴ വെട്ടിക്കഴിഞ്ഞാൽ കർഷകരിൽ നിന്നും വില കൊടുത്ത്, വാഴത്തടകൾ SAATHI ശേഖരിക്കുന്നു. അത് ഫാക്റ്ററിയിൽ കൊണ്ട് വന്ന് ഓരോ പോളയും ഇളക്കിയെടുത്ത് യന്ത്ര സഹായത്തോടെ നാരുകൾ ആക്കുന്നു. അതിൽ നിന്നും ബാക്കി വരുന്ന വേസ്റ്റ് വളമാക്കി മാറ്റുന്നു. ഈ നാരിനെ അരച്ച്, രാസവസ്തുക്കൾ ഒന്നും ചേർക്കാതെ കോട്ടൺ പൾപ്പ് ആക്കി മാറ്റുന്നു. അത് മുതൽ ഉള്ളത് അവരുടെ patented technology ആണ്. അതിനെ പല പാളികളാക്കി മുറിച്ച്, ഒട്ടിച്ചു ചേർത്ത്, ഗുണമേന്മ പരിശോധന പൂർത്തീകരിച്ച് പരിസ്ഥിതി സൗഹൃദ പാക്കിങ് വഴി വിപണിയിൽ എത്തിക്കുന്നു.
വിപണിയിൽ കിട്ടുന്ന ഏത് നാപ്കിനോടും കിടപിടിക്കും സാത്തിയുടെ ഉത്പന്നം. ഈ നിർമാണത്തിൽ മുഴുവൻ പ്രാദേശിക ജനങ്ങൾ പങ്കെടുക്കുന്നു. അതിന്റെ കൂലി അവർക്ക് ലഭിക്കുന്നു. ഗ്രാമീണ മേഖലകളിൽ ഇതുപയോഗിക്കാൻ ഉള്ള അവബോധ ക്‌ളാസുകൾ അവർ നൽകുന്നു. വിപണനത്തിലും അവിടെയുള്ള വനിതകൾ തന്നെ പങ്കെടുത്തു വരുമാനം നേടുന്നു.
ഇത് ഒരു വലിയ വിപ്ലവമാണ്. ഈ ഭൂമിയെ നിത്യഹരിതയാക്കി നില നിർത്താനുള്ള വലിയ ശ്രമം. ഹരിത ഗൃഹ വാതക വമനം (Green House Gas Emission ) കുറയ്ക്കാനും പ്ലാസ്റ്റിക് ദൂഷണം ഇല്ലാതാക്കാനുമുള്ള ഒരു എളിയ ശ്രമം. ഒരു Circular /Green Economy ഉണ്ടാക്കാനുള്ള ശ്രമം. ഉത്പാദന -വിപണന പ്രക്രിയയിൽ പ്രാദേശിക ജനങ്ങളെ ഉൾപ്പെടുത്തി ഒരു സുസ്ഥിര Supply chain /Value Chain ഉണ്ടാക്കി നില നിർത്താനുള്ള ശ്രമം.
സാധാരണ സാനിറ്ററി നാപ്കിനുകൾ ഉണ്ടാക്കുന്നത് പരുത്തിചെടിയിൽ നിന്നുമുള്ള Cotton Pulp ഉപയോഗിച്ചാണ് വാഴയേക്കാൾ ആറിരട്ടി വെള്ളവും പത്തിരട്ടിവളവും വേണം പരുത്തിച്ചെടിയെ വളർത്തി എടുക്കാൻ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസമരുന്നുകൾ ഉപയോഗിക്കുന്നതും പരുത്തിയിലാണ്. അപ്പോൾ വാഴയിൽ നിന്നും ഉണ്ടാക്കുന്ന നാപ്കിനുകൾ പരിസ്ഥിതിയ്ക്ക് എത്രമാത്രം വിലപ്പെട്ടതാണ് എന്നോർക്കുക.
ഒരിക്കൽ എങ്കിലും Saathi സാനിറ്ററി നാപ്കിനുകൾ വാങ്ങി ഉപയോഗിച്ച് ഈ സംരംഭത്തെ നമ്മളാൽ കഴിയുന്ന രീതിയിൽ സഹായിക്കുക. ഭൂമിയെ നിത്യഹരിതയാക്കി നില നിർത്തുന്നതിൽ പങ്കാളിയാകുക.
ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോയും സാത്തി website address ഉം comment box ൽ കൊടുക്കുന്നു.
ന്നാൽ അങ്ങട്....
✍🏼പ്രമോദ് മാധവൻ