ഭാരതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് കാർഷിക മേഖലയിലാണ്. പക്ഷെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റ് മേഖലകളെ അപേക്ഷിച്ച് കാർഷിക മേഖലയുടെ പങ്ക് കുറവാണ്.
ഒരാൾ ഒരു ബിസിനസ് ചെയ്യാൻ തുനിയുന്നു എന്നിരിക്കട്ടെ. അതിലേക്ക് നിക്ഷേപം ഇറക്കും മുൻപ് അദ്ദേഹം ചിന്തിക്കുന്ന /ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
1. ചെയ്യാൻ പോകുന്ന സംരഭത്തെ ക്കുറിച്ച് പൂർണമായ അറിവ് തനിയ്ക്കുണ്ടോ?
2. അതിന്റെ ശക്തി /ദൗർബല്യങ്ങൾ ശരിയായി ചിന്തിച്ചുറപ്പിച്ചിട്ടുണ്ടോ?
3. അതേ ബിസിനസ് സമീപപ്രദേശത്ത് ചെയ്യുന്നത് ആരൊക്കെയാണ്? അവരുടെ ഉത്പന്നം/സേവനവുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ സേവനം /ഉത്പന്നത്തിന് എന്ത് മേൽക്കൈ ആണുള്ളത്? (ഗുണമേന്മ, വിലക്കുറവ്, മറ്റെന്തെങ്കിലും സവിശേഷതകൾ...).
4. പുതിയ സംരംഭം ചെയ്യുമ്പോൾ അതിൽ ഏറ്റവും മോശമായത് സംഭവിച്ചാൽ, അതിന്റെ പ്രത്യാഘാതം നേരിടാൻ താൻ സജ്ജനാണോ?
5. സംരംഭത്തിന് എത്ര സ്ഥിരമുതൽ മുടക്ക് (Fixed Capital- സ്ഥലം, കെട്ടിടം, യന്ത്ര സാമഗ്രികൾ മുതലായവ ) ആവശ്യമുണ്ട്?
6. ഒരു മാസം ബിസിനസ് നടത്താൻ എത്ര പ്രവർത്തന മൂലധനം (working capital ) ആവശ്യമുണ്ട്?
7. ബിസിനസ് പ്ലാൻ പ്രകാരം ഒരു മാസം എത്ര അസംസ്കൃത വസ്തുക്കൾ, തൊഴിലാളികൾ (നിർമ്മാണം, വിതരണം, വിപണനം മുതലായവ ചെയ്യാൻ ) ആവശ്യമുണ്ട്?
8. വായ്പ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ പ്രതിമാസ വരുമാനം മറ്റ് ചെലവുകൾക്ക് പുറമേ വായ്പ തിരിച്ചടയ്ക്കാൻ പര്യാപ്തമാണോ?
9. തന്റെ സ്വന്തം അധ്വാനം എത്രത്തോളം വേണ്ടി വരും , അതിന് എങ്ങനെ പ്രതിഫലം എടുക്കാനാണ് ഉദ്ദേശ്യം?
10. സംരംഭത്തിന്റെ അക്കൗണ്ടിങ് (വരവ് ചെലവ് വിവരങ്ങൾ രേഖപ്പെടുത്തൽ )എങ്ങനെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്
എന്നിങ്ങനെ ഓരോ ചോദ്യത്തിനും വ്യക്തവും സ്പഷ്ടവുമായ ഉത്തരം നൽകാൻ സംരംഭകന് കഴിയണം.അതിന് കഴിയുന്നില്ല എങ്കിൽ അദ്ദേഹം ഒരു Venture അല്ല Adventure ആണ് നടത്താൻ പോകുന്നത് എന്നുറപ്പിക്കാം.
പലപ്പോഴും വായ്പ കൊടുക്കുന്ന ബാങ്ക്കാരും ഇത്തരം കാതലായ ചോദ്യങ്ങൾ ചോദിച്ചു ആ നവസംരംഭകനെ ബുദ്ധിമുട്ടിക്കില്ല. ഇനി അങ്ങനെ കുറേ ചോദ്യങ്ങൾ ചോദിച്ചാൽ ബാങ്കിന് തനിയ്ക്ക് ലോൺ തരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് എന്ന് നവസംരംഭകൻ കരുതും. അത് പിന്നെ പിണക്കമായി, വഴക്കായി, അപവാദമായി....ഫലമോ, വ്യക്തമായ ആസൂത്രണം കൂടാതെ ബിസിനസ് ചെയ്യും. ഒടുവിൽ വലിയ ഒരു തുക മുടക്കി കുറേ ജീവിത പാഠങ്ങൾ അയാൾ പഠിക്കും.
കൃഷിയും ഒരു ബിസിനസ് /Enterprise ആണ്. അതിലും Fixed Capital, Working Capital എന്നിവ അനിവാര്യമാണ്.
ഒരു കൃഷിയ്ക്ക് വേണ്ടി ഇറങ്ങി പുറപ്പെടുമ്പോൾ വ്യക്തമായ പ്ലാൻ ഇല്ലെങ്കിൽ, ഒരു നല്ല പ്ലാൻ ഇല്ലാതെ വീട് പണിയാൻ പുറപ്പെട്ടയാളുടെ അവസ്ഥ ആയിരിക്കും ഫലം. ഉദ്ദേശിച്ചതിലേറെ ചെലവ് വരുത്തി, ഒരു പണി തീരാത്ത വീട് പണിയും. പിന്നെ അതിന്റെ അനന്തരഫലങ്ങൾ ജീവിത കാലം അനുഭവിക്കും.
ആയതിനാൽ ഒരു കൃഷി ചെയ്യാൻ ഇറങ്ങുമ്പോൾ അതിന്റെ റിസ്കുകളെക്കുറിച്ചും അതിന് വേണ്ടി വരുന്ന മുതൽ മുടക്കിനെ കുറിച്ചും, ഏറ്റവും മോശം വില കിട്ടിയാൽ എത്രത്തോളം നഷ്ടം ഉണ്ടാകാം എന്നതിനെ കുറിച്ചും ഒരു രൂപരേഖ എഴുതി തയ്യാറാക്കുന്നത് വലിയ ഗുണം ചെയ്യും.
അതിനു ഫാം അക്കൗണ്ടിങ് വളരെ അനിവാര്യമാണ്.
ഉദാഹരണത്തിന് അടുത്ത ഓണക്കാലത്തേക്ക് കുല വെട്ടാൻ തക്കവണ്ണം ഏത്തവാഴ ഈ നവംബർ പതിനഞ്ചോടെ വയ്ക്കാൻ തീരുമാനിക്കുകയാണെന്നിരിക്കട്ടെ.
250 വാഴകൾ വയ്ക്കുക എന്നതാണ് ഉദ്ദേശം. ഇതിന് വേണ്ട ഉത്പാദന സാമഗ്രികൾ എന്തൊക്കെയാണെന്ന് നോക്കാം.
1. സ്ഥലം (25 സെന്റ് ) സ്വന്തം ആണെങ്കിൽ അതിന് തല്ക്കാലം ചെലവു വരുന്നില്ല. പാട്ടത്തിന് ആണെങ്കിൽ നാട്ടിൽ നില നിൽക്കുന്ന പാട്ടത്തുക എസ്റ്റിമേറ്റ് ചെയ്യണം.
2. വാഴക്കന്ന്. 250 വാഴക്കന്ന് വാങ്ങി, തോട്ടത്തിൽ എത്തിയ്ക്കുന്നതിനുള്ള ചെലവ് കണക്കാക്കണം. കടത്തുകൂലിയടക്കം.
3. കന്ന് ഒരുക്കി (ചെത്തി വൃത്തിയാക്കി ചാണകപ്പാലിൽ മുക്കി ഉണക്കി വയ്ക്കുന്നതിനുള്ള കൂലിചെലവ് കണക്കാക്കണം. സ്വന്തം അധ്വാനം ആണെങ്കിൽ പോലും അതിനായി എത്ര മണിക്കൂർ ചിലവഴിച്ചു എന്ന് എഴുതി സൂക്ഷിക്കണം. അങ്ങനെ സ്വന്തം അധ്വാനം എട്ട് മണിക്കൂർ എത്തുമ്പോൾ ഒരാളുടെ പണിക്കൂലി അതിനായി വന്നു എന്ന് കണക്കാക്കണം.
4. നിലം ഒരുക്കൽ. സ്ഥലം കാട് ചെത്തി, അര മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും 250 കുഴികൾ എടുക്കാൻ ഉള്ള ചെലവ് കണക്കാക്കണം. ജെസിബി ഉപയോഗിച്ചാണെങ്കിൽ അതിന്റെ മണിക്കൂർ കണക്കാക്കി എസ്റ്റിമേറ്റ് ചെയ്യണം.
5. അടിസ്ഥാന വളം (അഴുകിപ്പൊടിഞ്ഞ ചാണകം-10 കിലോ , വേപ്പിൻ പിണ്ണാക്ക് -100 ഗ്രാം കുറഞ്ഞത്, എല്ലുപൊടി -100 ഗ്രാം കുറഞ്ഞത് )എന്നിവയുടെ വില കണക്കാക്കണം.
6. വാഴക്കന്നു കുഴിയിൽ ഇറക്കി നടാൻ ഉള്ള കൂലി. ഒപ്പം തടത്തിന് ചുറ്റുമായി 10 ഗ്രാം കുറ്റിപ്പയർ വിതയ്ക്കാൻ ഉള്ള ചെലവ് കൂടി കണക്കാക്കണം. (ഇത് മുളച്ച് 30-35 ദിവസം കഴിയുമ്പോൾ പിഴുത് വളമായി വാഴത്തടത്തിൽ ചേർക്കാനാണ് ).
7. വാഴ നട്ട് 30,60,90,120,150 ദിവസങ്ങളിൽ ചേർക്കേണ്ട മേൽ വളങ്ങളായ NPK വളങ്ങളുടെ അളവും ചെലവും കണക്കാക്കണം.
8. മേൽ വളങ്ങൾ ഇടാനുള്ള കൂലിചെലവും കണക്കാക്കണം.ജല സേചനത്തിനുള്ള ചെലവും കണക്കാക്കണം. ഫിറ്റിംഗ്സ്, കറണ്ട് ചാർജ് മുതലായവ.
9. ഇടവിളകൾ (ചീര, വള്ളിപ്പയർ, ചേന, ചേമ്പ്, കാച്ചിൽ മുതലായവ )ചെയ്യാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ അതിന് വേണ്ടി വരുന്ന വിത്ത്, വളം, കൂലിചെലവ്, വിളവെടുപ്പ് ചെലവ്, കടത്തുകൂലി, വിൽക്കാൻ വേണ്ടി വരുന്ന ചെലവ് എന്നിവയും പ്രത്യേകമായി കണക്കാക്കണം.
10. വയലിൽ ആണ് കൃഷിയെങ്കിൽ ഏരി(പണ കോരുന്നതിന് പിടിയ്ക്കുന്നതിനും മറ്റും ഉള്ള കൂലിചെലവ് കണക്കാക്കണം.
11. കള നിയന്ത്രണം ആവശ്യമെങ്കിൽ അതിന്റെ ചെലവ്
12. വാഴ ഇൻഷുർ ചെയ്യേണ്ട ചെലവ്
13. വായ്പ എടുക്കുന്നുവെങ്കിൽ അതിന്റെ ഒരു കൊല്ലത്തേക്കുള്ള പലിശ
14. യഥാസമയം ഉണങ്ങിയ ഇലകൾ മുറിച്ച് മാറ്റി, വാഴത്തോട്ടം വൃത്തിയായി സൂക്ഷിയ്ക്കുന്നതിനുള്ള ചെലവ്.
15. കുലച്ചു കഴിഞ്ഞാൽ, കൂമ്പ് ഒടിച്ചു മാറ്റി, അവസാനം മേൽ വളം കൊടുക്കുന്നതിനു വരുന്ന ചെലവ്.
16. കീടങ്ങൾ, രോഗങ്ങൾ എന്നിവ വരുന്നുണ്ട് എങ്കിൽ അതിനെ നിയന്ത്രിക്കാൻ വേണ്ടി വരുന്ന മരുന്ന്, അത് പ്രയോഗിക്കാൻ ഉള്ള കൂലിചെലവ് എന്നിവ എസ്റ്റിമേറ്റ് ചെയ്യണം.
17. കുലച്ചു കഴിഞ്ഞാൽ അത് കാറ്റിൽ മറിഞ്ഞു വീഴാതിരിക്കാൻ, താങ്ങ് നൽകേണ്ടതിന്റെ ചെലവ്.
18. സൂക്ഷ്മ മൂലക വളങ്ങൾ (Micro food, Ayar മുതലായവ )ഉപയോഗിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അത് എസ്റ്റിമേറ്റ് ചെയ്യണം.
19. ഒടുവിലായി കുലകൾ വെട്ടി, ഒരുക്കി, റോഡിൽ എത്തിച്ചു വിപണിയിൽ എത്തിയ്ക്കാൻ വരുന്ന ചെലവ്.
ഇത്രയും കാര്യങ്ങൾ കുറഞ്ഞത് എസ്റ്റിമേറ്റ് ചെയ്യണം. ഇനി നമ്മുടെ യന്ത്രങ്ങളുടെ തേയ്മാനം (Depreciation ) കൂടി കാണിക്കണം. ഒപ്പം സ്വന്തം ഭൂമി ആണെങ്കിൽ അതിന് അടയ്ക്കുന്ന ഭൂനികുതിയും.
ഇത്രയും ചെയ്ത്, മുഴുവൻ ചെലവും കൂട്ടി നോക്കുമ്പോൾ ആ കൃഷിയ്ക്കായി മൊത്തം എത്ര മൂലധനം കരുതി വയ്ക്കണം എന്ന് മനസ്സിലാകും. അത് പല സമയത്തായിട്ടാകും വേണ്ടി വരിക. ആയതിനാൽ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ തേടാം. ആവശ്യമുള്ളപ്പോൾ മാത്രം പണം ബാങ്കിൽ നിന്നും എടുത്താൽ മതിയാകും. അങ്ങനെ പലിശ കുറച്ച് നിർത്താൻ സാധിക്കും.വായ്പയുടെ ദുർവിനിയോഗം ഒഴിവാക്കാനും കഴിയും.
ഒരു പുസ്തകത്തിൽ ഇപ്രകാരം ഇനം തിരിച്ചു എസ്റ്റിമേറ്റ് എഴുതി സൂക്ഷിക്കണം.
ഇനി കൃഷി തുടങ്ങിയാൽ ഓരോ തീയതിയ്ക്കും നേരെ അന്ന് കയ്യിൽ നിന്നും ചെലവായ തുക ഇനം തിരിച്ച് എഴുതി സൂക്ഷിക്കണം. ഒരു Ledger system പിന്തുടർന്നാൽ ഓരോ പേജിലും ഓരോ തരം ചെലവുകൾ മാത്രം താഴെത്താഴെ, തീയതി സഹിതം എഴുതി സൂക്ഷിക്കാം. അപ്പോൾ ഓരോ പ്രവൃത്തിയ്ക്കും മാത്രമായി എത്ര ചെലവ് വന്നു എന്ന് കണ്ടെത്താൻ കഴിയും.
വരവും ഇത് പോലെ തന്നെ തീയതി സഹിതം ഇനം തിരിച്ച് എഴുതി രേഖപ്പെടുത്തി സൂക്ഷിച്ചാൽ കൃഷിയുടെ വിളവെടുപ്പ് കഴിയുമ്പോൾ ആ കൃഷിയുടെ വരവ് -ചെലവ് കണക്ക്(Income -Expenditure Statement ) , വിശകലനം ചെയ്ത് അതിന്റെ Benefit -Cost അനുപാതം (BC Ratio ) കണക്കാക്കാം.
അന്തിമമായി നമ്മൾ ചിലവഴിച്ച ഓരോ രൂപയും, നമുക്ക് എത്ര ലാഭം /നഷ്ടം ഉണ്ടാക്കി എന്ന് കണക്കാക്കാൻ കഴിയും.
ഉദാഹരണത്തിന്, 250 ഏത്തവാഴ വയ്ച്ചു വിളവെടുക്കാൻ 37500 രൂപ ചെലവായി എന്നിരിക്കട്ടെ. അതിൽ നിന്നുള്ള വരവ് 37500 രൂപ തന്നെ ആണെങ്കിൽ BC Ratio എന്നത് (37500/37500=1) ആണെന്ന് കാണാം. അതായത് ലാഭവുമില്ല നഷ്ടവുമില്ല എന്ന അവസ്ഥ ആണെന്ന് തോന്നുമെങ്കിലും നിങ്ങൾക്ക് യഥാർത്ഥത്തിൽ നഷ്ടമാണ് എന്ന് കാണാം. കാരണം ആ തുക വെറുതേ ബാങ്കിൽ ഇട്ടിരുന്നു എങ്കിൽ 8-8.5% പലിശ നമുക്ക് കിട്ടുമായിരുന്നേനെ.
പക്ഷെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അത് ചെലുത്തിയ സ്വാധീനം നോക്കുകയാണെങ്കിൽ അത് നഷ്ടമല്ല ലാഭമാണ് എന്ന് കാണാം. കാരണം നിങ്ങൾ മൂലം ഏതോ കർഷകന്റെ കന്നിന് വില കിട്ടി, അയാൾക്ക് വരുമാനമുണ്ടായി, കുറേ പേർക്ക് തൊഴിൽ/കൂലി കിട്ടി, വളം -മരുന്ന് കമ്പനികൾക്ക് വരുമാനം ഉണ്ടായി, അവരുടെ തൊഴിലാളികൾക്ക് പണി കിട്ടി, യന്ത്രനിർമ്മാതാക്കൾക്ക് ഗുണം ഉണ്ടായി, ബാങ്കുകൾക്ക് ഗുണം ഉണ്ടായി, സാധനങ്ങൾ കടത്തിയ വകയിൽ നാട്ടിലെ പെട്ടി ആട്ടോ കാർക്ക് ഗുണം ഉണ്ടായി, എന്തിന് കുറെയേറെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കഴിക്കാൻ സാധിച്ചു. അങ്ങനെയങ്ങനെ പോകുന്നു ഇക്കോണമിയിൽ അത് വരുത്തിയ ചലനങ്ങൾ.
അപ്പോൾ കർഷകന് കൃഷി നഷ്ടമായാൽപ്പോലും സമ്പദ് വ്യവസ്ഥയെ അത് ചലിപ്പിക്കുന്നുണ്ട് എന്നത് പകൽ പോലെ വ്യക്തം.
വാൽക്കഷ്ണം :ഇത്തരത്തിൽ കൃത്യമായി എസ്റ്റിമേറ്റ് തയ്യാറാക്കി, വരവ് ചെലവ് തീയതി സഹിതം എഴുതി സൂക്ഷിച്ചു കൃഷി ചെയ്യാൻ കഴിയുമോ സക്കീർ ഭായിയ്ക്ക്...
ഇല്ല, ഇത് ഭാരിച്ച പണിയാണ് എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഗൗരവത്തോടെയല്ല കൃഷിയെ സമീപിക്കുന്നത് എന്നാണ് എന്റെ വിലയിരുത്തൽ.
Failing to plan, means, you are planning to fail എന്നാണ്.
കർഷകരുമായി കഴിഞ്ഞ 26 വർഷത്തെ അടുപ്പം കൊണ്ട്, കൃത്യമായി കണക്കുകൾ സൂക്ഷിക്കുന്ന ചില കർഷകരെ ഞാൻ ഓർക്കുന്നു. ഒന്ന് പാലക്കാട് തച്ചനാട്ടുകാരയിൽ ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട കർഷകൻ വേട്ടെക്കാരൻകളം ശ്രീ. വി. കെ. അപ്പുക്കുട്ടി മാഷ്, പൊന്നാനി കോലളമ്പ്, കോലോത്തുമ്പാടം കർഷകോത്തമ പുരസ്കാര ജേതാവ് ശ്രീ. അബ്ദുൾ ലത്തീഫ് ജി, ചാത്തന്നൂർ മണ്ണ് വീട് ശ്രീ. രവി സർ എന്നിവരെയാണ്. വളരെ കൃത്യമായ കണക്കുകൾ ഇവർ എഴുതി സൂക്ഷിയ്ക്കുന്നുണ്ട്.
മറ്റു പലരും ഇതൊക്കെ കൃത്യമായി എഴുതി സൂക്ഷിയ്ക്കുന്നുണ്ടാകാം. ഇവരുടെ കണക്കുകൾ ഞാനുമായി പങ്ക് വയ്ക്കുന്നത് കൊണ്ട് പെട്ടെന്ന് ഓർമ്മ വന്നു എന്ന് മാത്രം.
അപ്പോൾ പറയാൻ ഉദ്ദേശിച്ചത് ഇത്ര മാത്രം.
കൃഷിയിൽ നല്ല ആസൂത്രണം (Planning )വേണം. വരവ് ചെലവ് കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിച്ച് , ഓരോ പുതിയ സീസണിലും വരുത്തേണ്ട മാറ്റങ്ങൾ കൊണ്ട് വരണം.അനാവശ്യമായ ചെലവുകൾ കുറയ്ക്കണം.ലാഭമില്ലാതെ ഒരു സംരഭവും ഏറെ നാൾ മുന്നോട്ട് പോകില്ല. സംരംഭം പക്ഷെ നഷ്ടമാണെങ്കിൽ പോലും അത് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കും എന്നത് മറ്റൊരു കാര്യം.
..ന്നാൽ അങ്ങട്...
പ്രമോദ് മാധവൻ