കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്നതിന്റെയും കൂടി ഭാഗമായി മനുഷ്യ -വന്യജീവി സംഘർഷം വലിയ തോതിൽ ഇനിയും പ്രതീക്ഷിക്കാം.
ആന പോലെയുള്ള ജീവികളുടെ കാടിറക്കം മലയോരമേഖലയിൽ ഉള്ളവരുടെ പേടിസ്വപ്നമാണ്.
ഇന്നത്തെ എഴുത്ത് വന ആവാസവ്യവസ്ഥയിൽ ആനകൾ എത്രമാത്രം നിർണായകമാണ് എന്നതിനെക്കുറിച്ചാണ്.
അതിന് പ്രചോദനമായതാകട്ടെ ഇതേ വിഷയത്തിൽ മറ്റൊരു ഗ്രൂപ്പിൽ കണ്ട പോസ്റ്റും.
വന ആവാസവ്യവസ്ഥയിലെ (Forest Ecosystem ) താക്കോൽസ്ഥാനം(Keystone species ) കയ്യാളുന്ന ജീവിയായി ആനയെ കരുതുന്നു. കാട്ടിലെ രാജാവ് സിംഹമായിരിക്കാം. പക്ഷെ കാടിന്റെ നൈരന്തര്യം ഉറപ്പ് വരുത്തുന്നതിൽ ആന ഒരു പണത്തൂക്കം മുന്നിൽ തന്നെ. അതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. കരയിലെ ഏറ്റവും വലിപ്പമുള്ള ജീവിയാണ് ആന. ഏഷ്യയിലെയും ആഫ്രിക്കയിലെയും വനങ്ങളിൽ അവ സുലഭമാണ്. ഓരോ ആനയും ദിവസവും ഇരുന്നൂറ്റമ്പതിലേറെ കിലോ സസ്യഭാഗങ്ങൾ കഴിക്കുകയും അതിന്റെ എൺപത് ശതമാനത്തോളം 12-15 തവണകളായി വിസ്സർജ്ജിക്കുകയും ചെയ്യുന്നു. ഈ വിസർജ്യങ്ങൾ കാട്ടിലെ ചെടികൾക്ക് വളമാകുന്നു. അതോടൊപ്പം ഏതാണ്ട് 200 ലിറ്റർ വരെ വെള്ളം കുടിക്കുന്നു. മൂത്രം വഴിയും വേണ്ടത്ര നൈട്രജൻ മണ്ണിലേക്ക് ചേർക്കപ്പെടുന്നു.
2. ആനയുടെ ദഹനക്ഷമത വളരെ കുറവാണ്. ഏതാണ്ട് 50-60% മാത്രം. അതായത് കഴിയ്ക്കുന്ന സസ്യഭാഗങ്ങളുടെ പകുതിയും ദഹിയ്ക്കാതെ പുറത്ത് വരും. അതിൽ ധാരാളം വിത്തുകൾ ഉണ്ടാകും. ഇതിൽ പല വിത്തുകളും മുളയ്ക്കണമെങ്കിൽ ആനയുടെ ദഹനവ്യൂഹത്തിലൂടെ പുറത്ത് വരണം. അങ്ങനെ പല ചെടികളുടെയും പ്രത്യുത്പാദനത്തിനും തുടർച്ചയ്ക്കും ആനകൾ വഴിമരുന്നാകുന്നു.
3. ഒരു ദിവസം അറുപത് കിലോമീറ്റർ വരെ ആനകൾ സഞ്ചരിയ്ക്കുമത്രേ. ആ പോക്കിൽ മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ പിണ്ഡം വഴി കാടിന്റെ പല ഭാഗങ്ങളിലായി എത്തിയ്ക്കുന്നു. അത് മുളച്ച് അവിടങ്ങളിൽ പുതിയ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കപ്പെടുന്നു.
4. ആനയുടെ പിണ്ടത്തിൽ നിന്നും ധാരാളം പൂമ്പാറ്റകൾ ആവശ്യമായ ധാതുലവണങ്ങൾ തേടും. (ചിത്രം കാണുക ).ചൂട് പിണ്ടത്തിൽ നിന്നും ഇവ ശേഖരിയ്ക്കുന്ന പൂമ്പാറ്റകൾ കാട്ടിലെ ഒരു മനോഹരകാഴ്ചയാണ്.
5. ആനപിണ്ടത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് Dung roller എന്ന വണ്ടാണ്.(ചിത്രം കാണുക ).അവ ആനപ്പിണ്ടത്തെ ചെറിയ ഉരുളകളാക്കി അത് ഭക്ഷിച്ചു, അതിൽ മുട്ടകളിട്ട് മണ്ണിൽ താഴ്ത്തിവയ്ക്കും. അതിൽ തന്റെ സന്തതികൾ വിരിഞ്ഞ്, വളർന്ന് സമാധിയിരുന്ന് പുതിയ തലമുറ പുറത്ത് വരും. ഇത്തരം പുഴുക്കൾ കൂടുതൽ ഉള്ള സ്ഥലത്ത് കുഞ്ഞെലികളും Honey badger കളും എത്തി അവയുടെ വിശപ്പടക്കും. ഏന്തൊരു പരസ്പരാശ്രിതത്വം. ഏന്തൊരു സർഗാത്മകത.
6. വേനൽക്കാലമാകുമ്പോൾ കാട്ടിൽ ജലക്ഷാമം തുടങ്ങും. അപ്പോൾ ഈർപ്പമുള്ള സ്ഥലങ്ങളിൽ ആനകൾ കൊമ്പും തുമ്പിക്കൈയ്യും ഉപയോഗിച്ച് ചെറുകുളങ്ങളുണ്ടാക്കും. ഇത് അവർക്കും മറ്റ് വന്യജീവികൾക്കും ജീവജലം ഉറപ്പ് വരുത്തും.
7. ചതുപ്പുള്ള സ്ഥലങ്ങളിൽ ആനകൾ നടക്കുമ്പോൾ, കാല്പാടുകളിൽ വെള്ളം നിറയും. അതിലാണ് പലപ്പോഴും കാട്ടുതവളകൾ മുട്ടയിട്ടു വാൽമാക്രികൾ വളരുന്നത്. മഴ പെയ്യുമ്പോൾ ഈ ചെറുജലാശയങ്ങൾ വീണ്ടും റീചാർജ് ചെയ്യപ്പെടും.
8. വലിയ മരങ്ങളിൽ നിന്നും ചില്ലകൾ ഒടിച്ചിടുമ്പോൾ അത് പിന്നാലെ വരുന്ന, പൊക്കം കുറഞ്ഞ സസ്യാഹരികളായ ജീവികൾക്ക് ഭക്ഷണമാകും. അവർക്ക് ഒരിയ്ക്കലും ഇത്ര വലിയ ഉയരത്തിൽ നിന്നും ഈ പച്ചിലകൾ കഴിക്കാൻ കഴിയില്ലല്ലോ.
9. ഇങ്ങനെ കൊമ്പുകൾ ഒടിക്കുമ്പോൾ മരങ്ങൾക്ക് ഒരു prunning ന്റെ ഫലം കിട്ടുകയും അവ പൂർവാധികം ശക്തിയായി തളിർക്കുകയും ചെയ്യും.
10. ഇങ്ങനെ മരങ്ങൾ ആനകൾ വഴി കൊമ്പ് കോതലിനു വിധേയമാകുമ്പോൾ കൂടുതൽ സൂര്യപ്രകാശം താഴേക്ക് അരിച്ചിറങ്ങുകയും അടിക്കാടുകളിൽ കൂടുതൽ സസ്യവളർച്ച ഉണ്ടാകുകയും ചെയ്യും.
11. സാവന്ന പോലെയുള്ള പുൽമേടുകളിൽ വലിയ മരങ്ങൾ വളരാതെ അവയെ ചെറുപ്രായത്തിൽ തന്നെ ആനകൾ തിന്ന് നിയന്ത്രിക്കും.
12. ദുർഘടമായ കാടുകളിൽ ആനകൾ ഉണ്ടാക്കുന്ന വഴിത്താരകൾ പിന്നാലെ വരുന്ന ജീവികൾക്ക് സഞ്ചാരം സുഗമമാക്കും.
ഇനി ഒന്ന് ചിന്തിക്കൂ.. എത്ര മനോഹരമായാണ് പ്രകൃതി ആനയിലൂടെ ഒരു ആവാസവ്യവസ്ഥ സംരക്ഷിയ്ക്കുന്നതെന്ന്... ആനകൾ ഇല്ലാതായാൽ കാടുകൾ എന്താകുമെന്ന്.. അതിശയകരം തന്നെ പ്രകൃതിയുടെ വ്യൂഹ-വിന്യാസങ്ങളും ദീർഘവീക്ഷണവും.
വാൽക്കഷ്ണം :കരജീവികളിൽ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി ആനയാണ്. ആയതിനാൽ തന്നെ ആനകൾക്ക് നല്ല ഓർമ്മശേഷിയുണ്ട്. ചുറ്റുപാടുകൾ മനഃപാഠമാക്കാനും വഴികൾ ഓർത്ത് വയ്ക്കാനും ആനയ്ക്ക് കഴിയും.
കൂട്ടത്തിലെ മുതിർന്ന പിടിയാനയുടെ സംരക്ഷണയിൽ ബാല്യം കഴിച്ച് കൂട്ടുന്ന ആനക്കുട്ടികൾക്ക് പഴയ തലമുറയിൽ നിന്നുള്ള അറിവുകളും പകർന്ന് കിട്ടും.
ആനകളുടെ തൊലിയ്ക്ക് രണ്ട് സെന്റി മീറ്റർ കനമുണ്ടെങ്കിലും ചൂട് സഹിക്കാൻ കഴിയില്ല. അതിനാണ് മണ്ണും ചെളിയും വാരി സ്വന്തം പുറം പൂശുന്നത്. ആ ജീവിയെ ആണ് നമ്മൾ കൊടും ചൂടത്ത് നടത്തിയ്ക്കുന്നത്.
ആനകൾക്ക് മനുഷ്യരെപ്പോലെ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും.
തന്റെ തുമ്പിക്കൈ കൊണ്ട് ഏറ്റവും ചെറിയ വസ്തുക്കൾ പെറുക്കിയെടുക്കാനും കഴിയും. തുമ്പിക്കൈ ഏതെങ്കിലും കാരണത്താൽ നഷ്ടമായാൽ പിന്നെ ആ ആനകൾക്ക് അധികനാൾ ആയുസ്സില്ല.
തായ്ലന്റിന്റെ ദേശീയ മൃഗമാണ് ആന. ഭാരതത്തിന്റെയും സാംസ്‌കാരികചിഹ്നമാണ് ആന.
ഈ മനോഹരസൃഷ്ടിയ്ക്ക്, കാടിന്റെ ആവാസവ്യവസ്ഥയുടെ കാവലാളിന്, ഒരു വലിയ നമസ്കാരം.
നീ ഞങ്ങളുടെ കർഷകരെ കുഴപ്പത്തിലാക്കരുത് എന്ന അപേക്ഷ മാത്രം.
പ്രമോദ് മാധവൻ