മുള്ളിനെ മുള്ള് കൊണ്ടെടുക്കണം രമണാ.... | പ്രമോദ് മാധവൻ

ഈ ഭൂമിയിൽ മനുഷ്യർ ഇല്ലായിരുന്നുവെങ്കിൽ കാടും കടലും ജലാശയങ്ങളും മരുഭൂമികളും പുൽമേടുകളും നിറഞ്ഞ ഒരു ഭൂപ്രകൃതി ആകുമായിരുന്നു. അവിടെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച് സസ്യജന്തുജാലങ്ങൾ തിന്നും കുടിച്ചും കൊന്നും കൊടുത്തും പ്രത്യുല്പാദിപ്പിച്ചും അങ്ങനെ രസമായി കഴിഞ്ഞേനെ...

 പക്ഷെ പ്രകൃതിയുടെ ഇച്ഛ മറ്റൊന്നായിരുന്നു. അവർ മനുഷ്യനേക്കൂടി സൃഷ്ടിച്ചു. അതോടെ ഇവിടുത്തെ സസ്യ -ജന്തുജാലങ്ങളുടെ പരസ്പരാശ്രിതത്വത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകാൻ തുടങ്ങി. തന്റെ ബൗദ്ധികവീര്യം കൊണ്ട് ഇന്ന് പ്രകൃതി ഒന്നാകെ മനുഷ്യന്റെ കനിവ് കാത്ത് നിൽക്കുന്നു. ഇടയ്ക്കൊക്കെ പ്രകൃതി തന്റെ തിരിച്ചടിയ്ക്കാനുള്ള കഴിവ് കാട്ടിത്തരുന്നു. 

അങ്ങനെ വെന്നും വെല്ലുവിളിച്ചും കീഴടങ്ങിയും ഇങ്ങനെ മുന്നോട്ട് പോകുന്നു.

മനുഷ്യന്റെ സംഖ്യ ക്രമാതീതമായി പെരുകിയതോടെ ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി കൂടുതൽ കാടുകൾ വെട്ടിത്തെളിച്ചു കൃഷി ചെയ്യേണ്ടി വന്നു. അങ്ങനെ ഒരു കാലത്ത് കാടുകൾ ആയിരുന്ന ഇടങ്ങൾ, ഇന്ന് ജനപഥങ്ങളായി. എന്നാൽ മൃഗങ്ങൾ ഇക്കാര്യങ്ങളൊക്കെ പലപ്പോഴും മറന്ന് കാടിറങ്ങുന്നു. പലപ്പോഴും തിരിച്ച് കയറാനുള്ള യോഗമില്ലാതെ മനുഷ്യന് കീഴടങ്ങുന്നു.

പ്രകൃതിയിൽ ഒരു താളമുണ്ട്. അവിടെ ഒരു പാരസ്പര്യമുണ്ട്. ഒന്ന് മറ്റൊന്നിന് വളമാകുന്നു. ഒന്ന് മറ്റൊന്നിന്റെ നിലനിൽപ്പ് ഉറപ്പ് വരുത്തുന്നു. അവിടെ ഒരു ഋഷിമനസ്സോടെ, "എന്റേതായൊന്നുമില്ലെന്നാൽ, എല്ലാറ്റിന്റേതുമാണ് ഞാൻ 'എന്ന മനസ്സോടെ ജീവിക്കാൻ കഴിയാത്തത് മനുഷ്യന് മാത്രമാണ് എന്ന് തോന്നുന്നു.

 ആഹാരത്തിന് വേണ്ടിയല്ലാതെ മറ്റ് ജീവികളെ മൃഗങ്ങൾ കൊല്ലുന്നത് വിരളമാണ്. എന്നാൽ ആഹാരത്തിന് വേണ്ടിയല്ലാതെ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത് സാധാരണവുമാണ്.

 പ്രകൃതിയിൽ ഒരു ആഹാരശൃഖല (Food web /Food chain )യുണ്ട്. അതിന്റെ ഏറ്റവും അടിത്തട്ടിൽ ചെടികളാണ്. അത് കാട്ടിലായാലും നാട്ടിലായാലും കടലിലായാലും. ചെടികളെ ആഹാരമാക്കുന്ന സൂക്ഷ്മജീവികൾ, അവയെ തിന്നുന്ന ചെറുജീവികൾ, ഷഡ്പദങ്ങൾ, അവയെ ആഹാരമാക്കുന്ന കിളികളും ഉരഗങ്ങളും. വലിയ ചെടികളെ ആഹാരമാക്കുന്ന സസ്യാഹാരികൾ, അവയെ തിന്നുന്ന മാംസഭോജികൾ, അവയെ ആശ്രയിക്കുന്ന പരാന്നഭോജികൾ, ശവം തീനികൾ.....

 അങ്ങനെ ഒടുവിൽ ഇവയെല്ലാം തന്നെ ബാക്റ്റീരിയകൾക്കും ഫംഗസ്സുകൾക്കും കീഴടങ്ങി വീണ്ടും പ്രകൃതിയിൽ തന്നെ വിലയം പ്രാപിക്കുന്നു. പഞ്ചഭൂതങ്ങളുടെ സങ്കലനമായി ഉരുവം കൊള്ളുന്ന എല്ലാം തന്നെ വിഘടിച്ച് പഞ്ചഭൂതങ്ങളുടെതന്നെ ഭാഗമാകുന്നു.

പ്രകൃതി സൗഹൃദകൃഷിയെ ക്കുറിച്ച് ചിന്തിക്കുമ്പോൾ ചിലപ്പോൾ ചിരി വരാറുണ്ട്. കാരണം കൃഷിയെന്നത് അടിസ്ഥാനപരമായി പ്രകൃതിവിരുദ്ധമാണല്ലോ.. പ്രകൃതി ഒരുക്കിയ ഒരു ആവാസവ്യവസ്ഥയെ തകർത്ത് (manipulate )അവിടെ നമ്മുടെ ഇച്ഛയ്ക്കനുസരിച്ച് ഒരു പുതിയ സംവിധാനം ഒരുക്കുകയാണല്ലോ കർഷകൻ ചെയ്യുന്നത്. അവന് ആവശ്യമില്ലാത്ത ചെടികളെ മുഴുവൻ ഒഴിവാക്കുന്നു, ആവശ്യമുള്ളവയെ മാത്രം നില നിർത്തുന്നു, അവിടെ മുൻപില്ലാത്ത ചെടികളെ അവിടേയ്ക്ക് കൊണ്ട് വരുന്നു, മണ്ണ് ഇളക്കി മറിച്ച് വെയിൽ കൊള്ളിച്ച് തൽക്കാലത്തേയ്ക്കെങ്കിലും അവിടുത്തെ സൂക്ഷ്മ -ചെറുജീവികളെ കൊല്ലാൻ കൂട്ടുനിൽക്കുന്നു, മണ്ണിലേക്ക് രാസവും ജൈവവുമായ അന്യവസ്തുക്കൾ കൊണ്ട് കലർത്തുന്നു, ചെടികളെ ഏതെങ്കിലും തരത്തിൽ ദോഷകരമായി ബാധിക്കുന്ന എല്ലാത്തിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നു, അവശിഷ്ടങ്ങൾ കത്തിക്കുന്നു.... അങ്ങനെയങ്ങനെ...

 പ്രകൃതിവിരുദ്ധതയുടെ അങ്ങേയറ്റമാണ് കൃഷി എന്ന് പറയേണ്ടി വരും. അതിപ്പോൾ രാസകൃഷിയായാലും ജൈവ കൃഷിയായാലും പ്രകൃതിവിരുദ്ധം എന്ന് പറയേണ്ടി വരും. ആ വിരുദ്ധതയിൽ എത്രമാത്രം കുറവ് കൊണ്ട് വരാൻ കഴിയും എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.

കാട് എന്ന ആവാസവ്യവസ്ഥയിൽ ജീവികളുടെ സന്തുലനത്തിന് മനുഷ്യസഹായം ആവശ്യമില്ല. അത് സ്വയം നിലനിൽക്കും(Self sustaining). ചെടികളെ സൂക്ഷ്മജീവികളും കീടങ്ങളും സസ്യാഹാരികളും ഒക്കെ തിന്നുമെങ്കിലും അവ യഥാകാലം പുനരുജ്ജീവിയ്ക്കും (Regeneration ). ജന്തുക്കളുടെ കാര്യവും ഇങ്ങനെ തന്നെ.

കൂടുതൽ ഉത്പാദിപ്പിക്കുക എന്ന സമ്മർദ്ദം വന്നപ്പോഴാണ് മനുഷ്യൻ രാസവസ്തുക്കൾ കൃഷിയിൽ ഉപയോഗിക്കാൻ തുടങ്ങിയത്. (എല്ലാ ലോകരാഷ്ട്രങ്ങളും സന്തോഷമായി, യുദ്ധങ്ങൾ ഇല്ലാതെ ജീവിച്ചിരുന്നെങ്കിൽ, മനുഷ്യപ്പെരുപ്പം കൊണ്ട് ഈ ഭൂമി കൂടുതൽ കഷ്ടപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്. എല്ലാ രാജ്യക്കാരും സന്തോഷവാന്മാർ ആണെങ്കിൽ ജനസംഖ്യ ഇതിലും എത്രയോ അധികമാകുമായിരുന്നു).
 നിലവിൽ ഉള്ള കൃഷി ഭൂമിയുടെ വിസ്തൃതിയും ജൈവരീതിയിൽ ചെയ്യുമ്പോൾ ഉള്ള ഉത്പാദനക്ഷമതയുടെ പരിമിതിയും പരിഗണിച്ചാൽ ഇന്നുള്ള മനുഷ്യരെ തീറ്റിപ്പോറ്റാൻ വേറൊരു ഭൂമി കൂടി കണ്ടെത്തി കൃഷി ചെയ്യേണ്ടി വന്നേക്കാം. പക്ഷെ നിർഭാഗ്യത്തിന് വേറൊരു ഭൂമിയില്ലല്ലോ.

 പ്രശസ്ത കവി പ്രമോദ് മാധവൻ (🤣🤣🤣) എഴുതിയ പോലെ "നിലമുഴുതിടാൻ കാലിയും നുകവുമായ് കാലമൊട്ടിനിത്തിരികെയെത്തില്ലെങ്കിലും നമ്മുടെ കുഞ്ഞുമക്കൾക്ക് പാർക്കുവാൻ ഭൂമിയൊന്നിനി വേറെയുണ്ടാകുമോ "എന്ന് നമുക്കാർക്കും ഉറപ്പില്ല. ഇനി ഇലോൺ മസ്കിനെ പോലെയുള്ളവർ ഭൂമിസമാനമായ എന്തെങ്കിലും, എവിടെങ്കിലും,  എന്നെങ്കിലും ഉണ്ടാക്കിയേക്കാം. കവി  "പണ്ടൊരിന്ത്യക്കാരനാകാശഗംഗയെ കൊണ്ട് പോയ്‌ മണ്ണിലൊഴുക്കീ ഭഗീരഥൻ, നാളെയവന്റെ പിൻഗാമികളിസ്സുരഗോളലക്ഷങ്ങളെയമ്മാനമാടിടും "എന്നെഴുതിയിട്ടുണ്ടല്ലോ. കവികൾ ക്രാന്തദർശികൾ...

ഈ വീഡിയോ കാണുക. ജൈവിക കീടനിയന്ത്രണം  (Biological Pest Control ) ആണവിടെ നടക്കുന്നത്.കാർഷിക വിളകളുടെ നീരൂറ്റിക്കുടിയ്ക്കുന്ന മുഞ്ഞകളെ (Aphids ) 'ഞ്ഞം ഞ്ഞം'  ആക്കുന്ന Ladybird beetles (Lady bugs) നെ നമുക്ക് കാണാം. എത്ര വേഗതയിൽ ആണ് അവർ ഇരപിടിയ്ക്കുന്നത് എന്ന് കാണുക. അങ്ങനെയെങ്കിൽ അവർ ഒരു ദിവസം എത്ര മുഞ്ഞകളെ തിന്നും?...ഇവരെ കൃഷിയിടത്തിൽ സംരക്ഷിച്ചാൽ പ്രകൃതിനിയമങ്ങൾ അനുസരിച്ചുള്ള കീടനിയന്ത്രണം അവിടെ ഒരു പരിധിവരെ നടന്നുകൊള്ളും. തോട്ടത്തിൽ ജൈവ വൈവിദ്ധ്യം ഉറപ്പ് വരുത്തിയാൽ ഇത്തരത്തിലുള്ള Predators ആയ ഇരപിടിയൻ ചിലന്തികൾ, വണ്ടുകൾ, കടന്നലുകൾ എന്നിവ കൂടുതലായി തോട്ടത്തിൽ ഉണ്ടാകും. ആരോഗ്യകരമായ ഒരു Pest /Predator അനുപാതം തോട്ടത്തിൽ സംജാതമാക്കണം. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയുമോ രമണന്... എങ്കിൽ കൃഷിയിലെ പ്രകൃതിവിരുദ്ധത ഒരല്പമെങ്കിലും കുറയ്ക്കാൻ നമുക്ക് കഴിഞ്ഞേക്കും....

ന്നാൽ അങ്ങട്...
പ്രമോദ് മാധവൻ 

വീഡിയോ കാണാം...


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section