സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയിൽ അറുനൂറ്റിയമ്പതാം റാങ്കോടെ,1992 ൽ വെള്ളായണി കാർഷിക കോളേജിൽ ഞാൻ BSc(അഗ്രികൾച്ചർ ) കോഴ്സ് പഠിക്കാനായി ചേർന്നു.
ആദ്യമായാണ് വീട്ടിൽ നിന്നും മാറി ഹോസ്റ്റലിൽ നിൽക്കുന്നത്. റാഗിംഗ് ഇല്ലാത്ത കോളേജ് ആയതിനാലും സീനിയേർസ് നമ്മൾ വിചാരിച്ചതിലും അപ്പുറം സൗഹാർദ്ദം പുലർത്തുന്നവരുമായതിനാൽ വളരെ വേഗം തന്നെ അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു.വെള്ളായണി കോളേജിലെപ്പോലെ ഇത്രയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മറ്റൊരു കലാലയം കേരളത്തിലുണ്ടോ എന്ന അന്വേഷണത്തിലാണ് ഞാൻ ഇപ്പോഴും.
സമയത്ത് സെമെസ്റ്ററുകൾ തീരാത്ത സാഹചര്യം അക്കാലത്ത് കേരള കാർഷിക സർവ്വകലാശാലയിൽ കലശ്ശലായിരുന്നു. എന്തിന്, ഒരേ കോഴ്സിന് ഒരേ വർഷം വെള്ളായണിയിലും, അന്ന് ഈ കോഴ്സ് കേരളത്തിൽ ഉണ്ടായിരുന്ന മറ്റൊരേയൊരു കോളേജായ വെള്ളാണിക്കരയിലും ഉള്ള കുട്ടികൾ കോഴ്സ് പൂർത്തിയാക്കുന്നത് തന്നെ രണ്ട് സമയത്തായിരുന്നു.( അന്ന് വെള്ളായണി കോളേജിലെ അധ്യാപകർ കുറച്ച് കൂടി sensitive ആയി ചിന്തിച്ചിരുന്നുവെങ്കിൽ നൂറ് കണക്കിന് കുട്ടികൾക്ക് അത് വളരെ പ്രയോജനം ചെയ്യുമായിരുന്നേനെ എന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.)
1992 നവംബറിൽ പ്രവേശനം കഴിഞ്ഞ് 1997 മെയ് മാസത്തിൽ കാർഷിക ബിരുദവുമായി പുറത്തിറങ്ങി. ഉപരിപഠനത്തേക്കാൾ ഒരു ജോലിയായിരുന്നു അന്നത്തെ സാഹചര്യത്തിൽ അനിവാര്യം എന്നുള്ളതിനാൽ ഉടൻ തന്നെ അപേക്ഷകൾ അയയ്ക്കാൻ തുടങ്ങി. ആ മാസം തന്നെ കൊല്ലം, കൊട്ടാരക്കരയ്ക്കടുത്തുള്ള കാർഷിക സർവ്വകലാശാലയുടെ സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്ര (Farming System Research Station, FSRS )ൽ 100 രൂപ ദിവസക്കൂലി വേതനത്തിൽ NWDPRA (National Watershed Development Programme for Rainfed Areas)എന്ന പദ്ധതിയിൽ Research Investigator ആയി ജോലിയിൽ കയറി. ജോലിയുള്ള ദിവസം മാത്രം ശമ്പളം കിട്ടും. മാസം ശരാശരി 2200 രൂപ കിട്ടും. പക്ഷെ അതിന് നല്ല മൂല്യമുള്ള സമയമാണ്. അടുത്ത വർഷം മെയ് വരെ അവിടെ തുടർന്നു.
അപ്പോഴാണ് Kerala Horticulture Development Programme (KHDP )യിൽ ജോലിയ്ക്കായി അപേക്ഷിക്കുന്നത്. അക്കാലത്ത് കേരളത്തിൽ ഒരു കാർഷിക ബിരുദധാരിയ്ക്ക് പെട്ടെന്ന് ജോലി കിട്ടാനുള്ള ഒരു വലിയ സാധ്യതയായിരുന്നു KHDP. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ Technical Assistant ആയി പാലക്കാട്, ആലത്തൂരിൽ ജോലിയിൽ പ്രവേശിച്ചു. പാലക്കാട് ജില്ലയിലെ KHDP യുടെ കർഷക പരിശീലനത്തിന്റെ ചുമതലയാണ് ലഭിച്ചത്.
കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ പഴം -പച്ചക്കറി (Horticulture )മേഖലയിൽ പണിയെടുക്കുന്ന വാണിജ്യകർഷകരുടെ സ്ഥായിയായ സാമ്പത്തിക ഉന്നമനം (Sustainable Economic Development ) ലക്ഷ്യമാക്കി കേരള സർക്കാരും യൂറോപ്യൻ സാമ്പത്തിക സമൂഹവും (European Economic Community @ഇന്നത്തെ European Union )ചേർന്ന് 1993 ൽ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു KHDP.
1996 ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതി പല വികസന ലക്ഷ്യങ്ങളും കാർഷിക മേഖലയിൽ മുന്നോട്ട് വച്ചെങ്കിലും ഇന്നും സ്ഥായിയായ ഒരു വികസന മാതൃകയായി (Sustainable & Replicable Model ) നില നിൽക്കുന്നത് KHDP യിലൂടെ ഉരുത്തിരിഞ്ഞ SHG -SKV (SKS ) മാതൃകയാണ്.
അതായത് വ്യക്തമായ, cross verify ചെയ്യാൻ കഴിയുന്ന കർഷക യോഗ്യതാ മാനദണ്ഡ ങ്ങളോടെ (Farmer Eligibity Criteria ) അടുത്തടുത്ത കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരെ ഒരു സ്വാശ്രയ സംഘത്തിൽ (Self Help Group ) അംഗമാക്കുന്നു. അവരുടെ കൃഷിയിടങ്ങൾ കൃത്യമായി സന്ദർശിക്കാനും ഓരോ മാസവും SHG മീറ്റിംഗിൽ പങ്കെടുക്കാനും അവർക്ക് ആവശ്യമായ കാർഷിക വായ്പകൾ ലളിതമായ വ്യവസ്ഥയിൽ (Simple Conditions ) , പങ്കാളിത്ത രീതിയിൽ (Participatory ആവശ്യാധിഷ്ഠിതമായും (Need based )തരപ്പെടുത്തി (Facilitate ) നല്കാനും അവർക്ക് ആവശ്യമായ വിള ഇൻഷുറൻസ് ഇതോടൊപ്പം നല്കാനും ഒക്കെയായി ഒരു കാർഷിക ബിരുദധാരിയായ ഉദ്യോഗസ്ഥനും ഉണ്ടാകും. അതോടൊപ്പം കർഷകർക്ക് ആവശ്യമായ പരിശീലനങ്ങൾ കൃഷിയിടത്തിൽ വച്ചോ അല്ലാതെയോ നൽകാൻ ഞങ്ങളെ പോലെയുള്ള ഉദ്യോഗസ്ഥർ ഫീൽഡ് തലത്തിൽ ജോലി ചെയ്തിരുന്നവരെ സഹായിച്ച് പോന്നു. ഓരോ കർഷക സ്വാശ്രയ സംഘത്തിലും കർഷകരുടെ കൃഷി സംബന്ധമായ കാര്യങ്ങൾ നോക്കാനായി കർഷകർ തന്നെ തെരെഞ്ഞെടുത്ത Master Farmers ഉണ്ടായിരുന്നു. അവരിൽ ഒരാൾ Production (ഉത്പാദനം ), ഒരാൾ വായ്പ (Credit ),ഒരാൾ വിപണനം (Marketing ) എന്നീ കാര്യങ്ങൾ നോക്കിവന്നു.
അവർക്കാവശ്യമായ പരിശീലനങ്ങളും KHDP നൽകി വന്നു. അങ്ങനെ സ്വാശ്രയ സംഘങ്ങൾ ശക്തി പ്രാപിച്ചു എന്ന ബോധ്യം വരുമ്പോൾ (ബോധ്യം വരുമ്പോൾ മാത്രം ) ആ സംഘങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് കർഷകർക്കും കച്ചവടക്കാർക്കും സൗകര്യം പ്രദമായ സ്ഥലത്ത് ആദ്യം ഒരു കാർഷിക ഉത്പന്ന ശേഖരണ -വിപണന കേന്ദ്രം (Bulking Point )ആരംഭിച്ച്, ക്രമേണ അതിനെ വിപുലീകരിച്ച്, കർഷകർക്ക് ഓഹരി പങ്കാളിത്തമുള്ള ഒരു സൊസൈറ്റി (Swasraya Karshaka Vipani /Samithy, SKV /SKS ) ആക്കി മാറ്റുന്നു.
ഇതാണ് ആ SHG -SKV മാതൃക. അങ്ങനെ തെരെഞ്ഞെടുത്ത ജില്ലകളിൽ, തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ KHDP സ്വാശ്രയ സംഘ ശാക്തീകരണത്തിലൂടെ ഒരു നവ മാതൃക കേരളത്തിൽ സൃഷ്ടിക്കാൻ തുടങ്ങി.
ഇതിൽ ഏറ്റവും രസകരമായ കാര്യം, ഈ കാര്യങ്ങളിൽ ഒന്നും തന്നെ പ്രാദേശിക സർക്കാരുകളായ ഗ്രാമ -ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകൾക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നതായിരുന്നു. അത് അതിന്റെ ശക്തിയായിരുന്നോ, ദൗർബല്യമായിരുന്നോ എന്ന് പിന്നീട് കാലം തെളിയിച്ചിട്ടുണ്ട്.
(തുടരും )
പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ