എന്നൊരു മലയാളി കവിവചനമുണ്ട്.
എന്നത് പോലെ ആരാണ് കർഷകോത്തമൻ?
1. കൃഷി മുഖ്യ ഉപജീവനമാർഗം ആയവൻ
2. അല്പം സമയം പോലും അലസൻ ആകാതെ സ്വപ്രയത്നവും ആവശ്യമെങ്കിൽ സഹായികളെയും കൂട്ടി കാർഷികവൃത്തിയിലേർപ്പെടുന്നവൻ
3. തന്റെ കൃഷിഭൂമിയുടെ ഒരിഞ്ച് പോലും പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നവൻ
4. തന്റെ പ്രയത്നത്തിലൂടെ പൊതുസമൂഹത്തിന് ഭയാശങ്കകൾ ഇല്ലാതെ കഴിയ്ക്കാവുന്ന ഭക്ഷണവും വ്യവസായങ്ങൾക്ക് അസംസ്കൃതവസ്തുക്കളും കഴിയുമെങ്കിൽ രാജ്യത്തിന് വിദേശനാണ്യവും കൊണ്ട് വരുന്നവൻ
5. അവനവന്റെ കഴിവ് പോലെ കുറേ പേർക്ക് തൊഴിൽ കൊടുക്കുന്നവൻ
6. കഴിയുന്നത്ര, പരിസ്ഥിതിയ്ക്ക് ദ്രോഹം വരാതെ കൃഷി നടത്തിക്കൊണ്ട് പോകുന്നവൻ
7. വിള വൈവിധ്യം കാത്ത് സൂക്ഷിക്കുന്നവൻ
8. പരമ്പരാഗത കൃഷി അറിവുകൾക്കൊപ്പം ആധുനിക വിദ്യകളും സമർത്ഥമായി സംയോജിപ്പിച്ചു കൃഷി ചെയ്യുന്നവൻ
9. വിളകൾക്കൊപ്പം പക്ഷി -മൃഗ സമ്പത്ത് കൂടി പരിപാലിച്ച് നിശ്ചിത ഭൂമിയിൽ നിന്നും കൂടുതൽ മൂല്യം സൃഷ്ടിക്കുന്നവൻ
10. സ്വന്തം അനുഭവത്തിലൂടെ പുതിയ രീതികളും മാതൃകകളും കണ്ടെത്തലുകളും നടത്തി മറ്റ് കർഷകർക്ക് വഴിവിളക്കാകുന്നവൻ
11. കാർഷിക ഉത്പന്നങ്ങൾ ലാഭകരമായ വിലയ്ക്ക് വിൽക്കാൻ കഴിവുള്ളവൻ
12. വിളവിന്റെ ഒരു ഭാഗം സംസ്കരിച്ചു മൂല്യവർധിത ഉത്പന്നങ്ങളാക്കി വിറ്റ് കൂടുതൽ വരുമാനം ഉണ്ടാക്കുന്നവൻ
13. തന്റെ ഫാമിലെ അധ്വാനം ലഘുകരിയ്ക്കാൻ അനിവാര്യമായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നവൻ
14. ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ സ്വന്തം കൃഷിയിടത്തിൽ അനുവർത്തിച്ച്, അതിന്റെ നെല്ലും പതിരും വേർതിരിച്ചു ഗവേഷകർക്ക് നിർദേശങ്ങൾ നൽകാൻ കഴിവുള്ളവൻ
15. സർവ്വോപരി തന്റെ കഴിവുകൾ, താൻ ആർജ്ജിച്ചെടുത്ത അറിവുകൾ, വിനയത്തോടെ, കലർപ്പില്ലാതെ മറ്റുള്ളവർക്ക് പകർന്ന് നൽകാൻ മനസ്സുള്ളവൻ...
(എല്ലായിടത്തും പുല്ലിംഗം ഉപയോഗിച്ചത് കാര്യമാക്കേണ്ട.' ൻ ' ഉള്ളിടത്തെല്ലാം 'ൾ 'ആക്കി ലിംഗനീതി കൊണ്ട് വരാം.)
നിങ്ങൾ ഈ പതിനഞ്ച് കാര്യങ്ങളുടെ വെളിച്ചത്തിൽ സ്വയം വിലയിരുത്തുക. ഒരു എൺപത് ശതമാനം മാർക്കെങ്കിലും കിട്ടുന്നുവെങ്കിൽ കൃഷി വകുപ്പിന്റെ അടുത്ത വർഷത്തെ 'കർഷകോത്തമ' പുരസ്കാരത്തിനായി ഇപ്പോൾ മുതൽ തയ്യാറെടുക്കുക.
13 ഏക്കർ ഭൂമി സ്വന്തമായും 7 ഏക്കർ പാട്ടത്തിനും എടുത്ത് നെല്ല്, ഏലം, കാപ്പി, കുരുമുളക്, തീറ്റപ്പുല്ല്, കിഴങ്ങ് വർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ്, ഫല വൃക്ഷങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിനോടൊപ്പം 25 മുന്തിയ ഇനം കറവപ്പശുക്കൾ അടക്കം നാല്പത് പശുക്കളുള്ള ഒരു ഡെയറി ഫാം, 18 മുന്തിയ ഇനം ആടുകൾ, 350 BV 380 മുട്ടക്കോഴികൾ, പത്ത് തേനീച്ചപ്പെട്ടികൾ, ഒരു മീൻകുളം, സ്വന്തമായി ഏലം ഉണക്കാൻ ഉള്ള ഡ്രയർ എന്നിവയൊക്കെ സമ്മേളിപ്പിച്ച് കൃഷി ചെയ്യുന്ന ഇടുക്കി, കട്ടപ്പന, വണ്ടൻമേട്, പുറ്റടി ചെമ്പകശ്ശേരിൽ രവീന്ദ്രൻ നായർ ആണ് കൃഷി വകുപ്പിന്റെ 2023ലെ കർഷകോത്തമ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്.
പതിനെട്ടു സ്ഥിരം തൊഴിലാളികളെ കൂടെ പാർപ്പിച്ചുകൊണ്ടാണ് കൃഷി. കാർഷിക വിളകൾക്കൊപ്പം ഒരു കൊല്ലം ഒരു ലക്ഷം ലിറ്റർ പാലും ഒരു ലക്ഷം മുട്ടയും അദ്ദേഹം ഉത്പാദിപ്പിക്കുന്നു. ഒപ്പം ഏഴ് ഏക്കറിൽ നിന്നുള്ള ഗുണമേന്മയുള്ള ഏലയ്ക്ക, ഒന്നര ടൺ ഉണക്ക കുരുമുളക്, ആറ് ടൺ പാൽതൊണ്ടിയിനം നെല്ല്, തേൻ, പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവ വിളയിക്കുന്നു.
ഭാര്യ ജലജയും, സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ചു കൃഷിയിൽ അച്ഛനെ സഹായിക്കാൻ മകൻ പ്രണവും ഒപ്പമുണ്ട്.
സാമൂഹ്യമാധ്യമങ്ങളിൽ ഒന്നും സജീവമല്ലാത്ത ശ്രീ. രവീന്ദ്രൻ നായരുടെ തോട്ടത്തിലെ ചില ചിത്രങ്ങൾ ഇതോടൊപ്പം പങ്ക് വയ്ക്കുന്നു.
കൂടുതൽ സ്ഥലത്ത്, ശാസ്ത്രീയമായി, സമ്മിശ്രമായി യന്ത്രവത്കരണവും കൂടി സംയോജിപ്പിച്ചു കൃഷി ചെയ്‌താൽ കൃഷി ലാഭകരം തന്നെയാണ്.
ശ്രീ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം ഞാൻ പറയുന്നില്ല. നിങ്ങൾക്ക് കണക്ക് കൂട്ടി എടുക്കാൻ കഴിയും.
എന്നാൽ പിന്നെ വേഗമാകട്ടെ... അടുത്ത കൊല്ലത്തെ കർഷകോത്തമൻ /ക ആകാൻ തയ്യാറെടുത്താട്ടെ...
എന്നാൽ അങ്ങട്..