കരിമ്പിൻ പഞ്ചസാരയും ഷുഗർ ബീറ്റിൽ നിന്നുള്ള പഞ്ചസാരയുമൊക്കെ വ്യാപകമാകുന്നതിന് എത്രയോ മുൻപ്, മനുഷ്യന്റെ രുചിമുകുളങ്ങളെ ത്രസ്സിപ്പിച്ച മധുരമാണ് തേനിന്റേത്. BC 2100 ഓളം പഴക്കമുണ്ട് തേനിന്റെ അറിയപ്പെടുന്ന ചരിത്രത്തിന്.
തേൻ പല വിധത്തിലുണ്ട്. പല തരം ഈച്ചകൾ ഉത്പാദിപ്പിക്കുന്നവ(ചെറുതേൻ, വൻ തേൻ മുതലായവ ), ഒരേ തരം പൂക്കളിൽ നിന്നും ഉണ്ടാകുന്നവ (Unifloral honey ) പലതരം പൂക്കളിൽ നിന്നും ( Multifloral honey ) ഉരുവം കൊള്ളുന്നവ, കാട്ടുതേൻ, നാട്ടുതേൻ, ഇലകളിൽ നിന്നും സ്രവിക്കുന്നവ (റബ്ബർ തേൻ ), ചില തരം ജീവികളിൽ നിന്നും സ്രവിക്കുന്നവ (മുഞ്ഞകൾ).... അങ്ങനെ പോകുന്നു അതിന്റെ വൈവിധ്യം.
ആദിമകാലം മുതൽക്കേ തേനിന്റെ ഔഷധഗുണം മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു. ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകാനും ബാക്റ്റീരിയകളെയും ഫംഗസുകളെയും ചെറുക്കാനും ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സംരക്ഷിക്കാനും ഒക്കെ തേനിന് കഴിയും എന്ന്,അന്നുള്ളവർ മനസ്സിലാക്കിയിരുന്നു എന്നുള്ളതിന് നിരവധി തെളിവുകളുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ തേൻ ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. ആകെ ഉത്പാദനത്തിന്റെ ഏതാണ്ട് 30 ശതമാനം.
എന്നാൽ ഏറ്റവും വിലയേറിയ തേൻ ഏതാണ് എന്ന് ചോദിച്ചാൽ അത് 'എൽവിഷ് ഹണി' എന്ന 'ഭ്രാന്തൻ തേൻ' (Mad Honey )ആണെന്ന് പറയേണ്ടി വരും.
വടക്ക് കിഴക്കൻ ടർക്കിയുടെ, സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് ആയിരത്തി എണ്ണൂറ് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാസ് (Laz), അർവിൻ എന്നീ പ്രദേശങ്ങളിൽ നിന്നാണ് വളരെ ചുരുങ്ങിയ അളവിൽ ഇത് കിട്ടുന്നത്. കരിങ്കടലിന്റെ തീരത്ത് നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാക്കസ്സസ് പർവ്വതനിരകളിൽ, ചെന്നെത്തി ശേഖരിക്കാൻ ദുസ്സഹമായ പാറയിടുക്കുകളിൽ കൂടു കൂട്ടുന്ന Apis mellifera caucasia എന്നറിയപ്പെടുന്ന Caucasian Grey തേനീച്ചകളാണ് ഇതിന്റെ അവകാശികൾ. അവരെ തഞ്ചത്തിൽ മയക്കി, സാഹസികമായി, വർഷത്തിൽ ഒരിക്കൽ മാത്രം ശേഖരിക്കുന്ന ധീരന്മാർ വഴി മാത്രമേ ഇത് കിട്ടുകയുള്ളൂ.
നൂറ് കിലോയിൽ താഴെയാണ് വാർഷിക തേൻ ലഭ്യത. ഈ തേൻ 'Mad honey 'എന്നറിയപ്പെടാൻ ഒരു കാരണമുണ്ട്.എൽവിഷ് എന്ന വാക്കിന് ടർക്കി ഭാഷയിൽ 'fairy 'എന്നാണ് അർത്ഥം.നാവിനെ തരിപ്പിക്കുന്ന, സുഖകരമായ മധുരത്തിനൊപ്പം പതുക്കെ നമ്മളിലേക്ക് ഒരുന്മാദലഹരി പകർന്ന് തരാൻ ഇതിന് കഴിയും. അല്പം കഴിച്ച് കഴിയുമ്പോൾ ഏതോ ഒരു fairy land ൽ ചെന്ന പ്രതീതി ജനിപ്പിക്കും എന്ന് അല്പം അതിഭാവുകത്വത്തോടെ പറയുന്നതാകാം. ഇതിന് കാരണം പറയുന്നത്, ഈ തേനീച്ചകളുടെ പൂവിൽ നിന്നും തേൻ വലിച്ചെടുക്കുന്ന വദനഭാഗത്തിന് സാധാരണയിൽ കവിഞ്ഞ നീളമുണ്ട്. മറ്റ് തേനീച്ചകൾക്ക് ശേഖരിയ്ക്കാൻ കഴിയാത്ത, Komar Flower എന്നറിയപ്പെടുന്ന Rhododendron ponticum എന്ന ചെടിയുടെ പൂക്കളുടെ ആഴങ്ങളിൽ നിന്ന് Caucasian Grey തേനീച്ചകൾ വലിച്ചെടുക്കുന്ന പൂന്തേനിൽ Grayanotoxin എന്ന നാഡികളെ ഉത്തേജിപ്പിക്കുന്ന ഒരു വസ്തു ഇതിലുണ്ട്. അളവിൽ കൂടിയാൽ കഴിയ്ക്കുന്ന ആൾക്ക് ഒരു ചെറിയ ലഹരി ഇതിൽ നിന്നും കിട്ടും.മാത്രമല്ല രാസ മാലിന്യങ്ങൾ ഒന്നും കടന്നെത്താത്ത, ജൈവ വൈവിധ്യം നിറഞ്ഞ പ്രദേശമാണ് Laz ലെ പുൽത്തകിടികൾ. സ്വാഭാവികമായും വിവിധ തരം ഔഷധചെടികളും ഇതിനിടയിലുണ്ട്. അങ്ങനെ ഉണ്ടാകുന്ന പൂക്കളിൽ നിന്നും ഉണ്ടാകുന്ന തേനിൽ ആന്റി ഓക്സിഡന്റുകൾ, പോളിഫീനോൾസ്, ഫ്ലേവനോയ്ഡ്സ്, പ്രോലൈൻ, പാറകളിൽ നിന്നും ഊറി വരുന്ന ഈർപ്പത്തിൽ അലിഞ്ഞ ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയൊക്കെ ഈ തേനിനെ സമ്പുഷ്ടമാക്കുന്നു. ഈ തേൻ രക്തസംക്രമണത്തെയും നാഡീ വ്യൂഹത്തെയും ഒക്കെ ഉദ്ദീപിപ്പിക്കുന്നു.
ചെറിയ പുള്ളികൾ ഒന്നും അല്ല ഇതിന്റെ ഉപഭോക്താക്കൾ. ഹോളിവുഡ് അഭിനേതാക്കൾ, വലിയ ടെന്നീസ്, ഫുട്ബോൾ കളിക്കാർ, വലിയ കോടീശ്വരന്മാർ ഒക്കെയാണ് ഇത് പതിവായി വാങ്ങുന്നത്
.
"വലിയവന്റെ കഴപ്പാണല്ലോ എളിയവന്റെ പിഴപ്പ്".
വാൽകഷ്ണം : ലോകത്തെ വിലകൂടിയ തേനുകൾ നിരവധിയുണ്ട്. ഹവായ് യിലെ കിയാവി തേൻ, തുർക്കിയിലെ തന്നെ 'Centauri ', ന്യൂസീലണ്ടിലെ Manuka ഹണി, മലേഷ്യയിലെ ട്യൂലങ് തേൻ, യെമേനിലെ സിദ്ർ ഹണി അങ്ങനെ പോകുന്നു. ഒരിക്കൽ എന്റെ അളിയൻ, ജയകുമാർ, ഓസ്ട്രേലിയയിൽ നിന്നും ഒരു കുപ്പി Manuka ഹണി കൊണ്ട് വന്നു. അത് രുചിച്ചപ്പോൾ ആണ് നമ്മുടെ പല തേനുകളും എടുത്ത് കിണറ്റിൽ ഇടാൻ തോന്നിയത്. അനിർവചനീയമാണ് അതിന്റെ മണവും രുചിയും. പറഞ്ഞിട്ട് കാര്യമില്ല, ഒരു തേൻ വിശിഷ്ടമാകുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട് രമണാ....
കയ്യിൽ പൂത്ത പണമുള്ള, വേദനിക്കുന്ന കോടീശ്വരർ ആരെങ്കിലും ഇത് വായിക്കുന്നുവെങ്കിൽ ഒരു ഔൺസ് എൽവിഷ് തേൻ മേടിച്ചു കുടിച്ച് അതിന്റെ 'കൊണകണങ്ങൾ' 'ഞങ്ങൾക്ക് കൂടി പറഞ്ഞുതന്നാട്ടെ...
എന്നാൽ അങ്ങട്...
പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ