ഗുണനിലവാരം ഉറപ്പ്, തെറ്റിദ്ധാരണകൾ മാറണം ; ടിഷ്യൂ കൾച്ചർ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tissue culture banana plant



ടിഷ്യുകൾചർ എന്നു കേൾക്കുമ്പോൾ വാഴയുടെ ടിഷ്യുകൾചർ തൈകളാണ് മലയാളികൾ കൂടുതലായി ഓർക്കുക. അതുകൊണ്ടുതന്നെ ടിഷ്യു കൾച്ചർ വാഴ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

അത്യുൽപാദനശേഷിയുള്ളതും രോഗകീടങ്ങൾ ഇല്ലാത്തതുമായ മാതൃവാഴയുടെ മുകുളത്തിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന ടിഷ്യു കൾചർ കുഞ്ഞുങ്ങൾക്ക് നിലവാരം ഉറപ്പാണ്. എന്നാൽ അവയെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്.

• ടിഷ്യുകൾചർ വാഴത്തൈകൾ തണലും വായുസഞ്ചാരവുമുള്ള ഇടങ്ങളിൽ മാത്രം സൂക്ഷിക്കുക

• എല്ലാ ദിവസവും നന നൽകണം.

• ഗുണനിലവാരമുള്ള ലാബുകളിൽ നിന്നുള്ള വൈറസ് പരിശോധനയും ദൃഢീകരണവും നടത്തിയ തൈകൾ മാത്രം നടുക.

• നാലിലേറെ വിരിഞ്ഞ ഇലകളുള്ളതും  ഇലകൾക്ക്  15–20 സെ.മി നീളമുള്ളതുമായ തൈകളാണുത്തമം.

• സൂര്യപ്രകാശം ധാരാളമായി വേണമെങ്കിലും നട്ടശേഷം  2 ആഴ്ചയോളം ചെറിയ തണൽ നൽകണം

• ഒരു വാഴയ്ക്ക് പത്തു കിലോ ജൈവവളം നൽകണം.


വാഴമാണമില്ലാത്തതിനാൽ ടിഷ്യുകൾചർ വാഴത്തൈകൾ ഉൽപാദിപ്പിക്കുന്ന അന്നജം വാഴമാണത്തിൽ ശേഖരിക്കാതെ ഇലകളുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നു. തന്മൂലം ടിഷ്യുകൾചർ തൈകളുടെ ഓരോ ഇലയും കൂടുതൽ വലുപ്പത്തിൽ ആരോഗ്യത്തോടെ തഴച്ചുവളരും.

സൂക്ഷ്മമൂലകങ്ങളുടെ  കുറവുമൂലമുള്ള പ്രശ്നങ്ങൾ ടിഷ്യുകൾചർ വാഴകളിൽ കാണാറുണ്ട്. നട്ടശേഷം 3–4 മാസം കഴിയുമ്പോഴാവും തഴച്ചുവളരുകയായിരുന്ന വാഴത്തൈകളിൽ ഇത് പ്രത്യക്ഷപ്പെടുക. ഇത് രോഗലക്ഷണമായി പലരും തെറ്റിധരിക്കാറുണ്ട്. 

വീതി കുറഞ്ഞതും ആരോഗ്യമില്ലാത്തതുമായ ഇലകൾ,പുതിയ നാമ്പിന്റെ പകുതി മാത്രം വിരിയുക, വാഴനാമ്പിന്റെ അഗ്രഭാഗം വളഞ്ഞു ചുരുളുക, ഇല ഞരമ്പുകളിലെ മഞ്ഞളിപ്പ്, പുതിയ നാമ്പ് വിരിയാതെ ‘റ’ ആകൃതിയിലാവുക, ഇല ഒടിഞ്ഞുതൂങ്ങുക, കുറുനാമ്പ് രോഗമെന്നു സംശയിക്കും വിധം  ഇലകൾ തിങ്ങിവളരുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം തന്നെ സൂക്ഷ്മ മൂലകങ്ങളായ സിങ്ക്, ബോറോൺ, അയൺ, കോപ്പർ എന്നിവയുടെ അഭാവം മൂലമുണ്ടാകാം. അതുകൊണ്ടുതന്നെ ടിഷ്യുകൾചർ വാഴ നട്ട്  മൂന്നാം മാസവും അഞ്ചാം മാസവും സൂക്ഷ്മ മൂലകങ്ങളടങ്ങിയ വളം ഇടാൻ മറക്കരുത്.‌

ടിഷ്യുകൾചർ തൈകളുടെ നിലവാരനിയന്ത്രണത്തിനു ഏറെ പ്രാധാന്യമുണ്ട്. വിത്തുനിയമത്തിന്റെ പരിധിയിലേക്ക് ടിഷ്യുകൾചർ തൈകളെ ചേർത്തിട്ടുണ്ട്. ലാബിൽ നിന്നും പറത്തുവരുന്ന ടിഷ്യുകൾചർ തൈകൾ ബാക്‌ടീരിയയോ ഫംഗസോ ഇല്ലാത്തതാണ്. വൈറസ്, ജനിതക വ്യതിയാനം എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് അടുത്തതായി വേണ്ടത്.

കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സർട്ടിഫിക്കേഷൻ ഫോർ ടിഷ്യുകൾചർ റെയ്‌സ്‌ഡ് പ്ലാൻറ്സ് എന്ന വിഭാഗത്തിനാണ് ഈ പരിശോധന നടത്താനുള്ള അധികാരം. ഇന്ത്യയിൽ പ്രവർത്തിക്കുന്നതും അഞ്ചു ലക്ഷത്തിലേറെ ഉൽപാദനശേഷിയുള്ളതുമായ എല്ലാ ലാബുകളും അവയുടെ ഉൽപാദനസംവിധാനങ്ങൾ എൻസിഎസ്- ടിസിപിയുടെ പരിശോധനയ്ക്കു വിധേയമാക്കി അംഗീകാരം വാങ്ങേണ്ടതുണ്ട്. രണ്ടു വർഷം കൂടുമ്പോൾ ഈ അംഗീകാരം പുതുക്കുകയും വേണം.


ഇപ്രകാരം അംഗീകാരം ലഭിച്ച ഉൽപാദനശാലകൾ അവയുടെ തൈകൾ നിശ്ചിത വളർച്ചാ ഘട്ടത്തിൽ നിശ്ചിത എണ്ണം വീതം സാമ്പിളെടുത്ത് പരിശോധനക്കയക്കണം. വൈറസ് സാന്നിധ്യം, ജനിതകവ്യതിയാനം എന്നിവ സംബന്ധിച്ച ഈ പരിശോധനകൾക്കായി  ഇന്ത്യയിൽ അഞ്ച് സർക്കാർ അംഗീകൃത ലാബുകളുണ്ട്. തൃശിനാപ്പള്ളിയിലെ നാഷനൽ ബനാന റിസർച് സെന്റർ, ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾചർ, പൂനയിലെ ബസന്ത് ടാല ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്,  ലക്നോയിലെ ഷുഗർകെയിൻ റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട്, ഷിംലയിലെ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണവ. ഈ ലാബുകളിലൊന്നിൽ പരിശോധിച്ച സാമ്പിളുകൾക്ക് നിശ്ചിത നിലവാരമുണ്ടെന്ന് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ തൈകൾ വിതരണം ചെയ്യാവൂ.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section