കൊച്ചിയിൽ നേരത്തേ ഓൺലൈൻ അവധിവ്യാപാരം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അത് നിർത്തിയിരുന്നു. ശാസ്ത്രീയപരിശോധന പൂർത്തിയാക്കിയ കുരുമുളക് വെയർഹൗസുകളിൽ ശേഖരിച്ചശേഷമാണ് ഓൺലൈൻ കച്ചവടം നടത്തുക. ഇതിനുള്ള സംവിധാനങ്ങൾ ഇപ്സ്റ്റയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർക്കും വ്യാപാരികൾക്കുമൊക്കെ സുതാര്യമായി ഇടപാടുകൾ നടത്താമെന്നതാണ് സവിശേഷത. കർഷകന് നല്ല വില ലഭിക്കാൻ വഴിയുമൊരുങ്ങും.
കുരുമുളക് വിൽക്കാനുള്ളവർക്ക് അംഗീകൃത വെയർഹൗസുകളിലോ, സ്വന്തം ഗോഡൗണുകളിലോ ചരക്ക് ശേഖരിക്കാം. ഇതിന്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ നൽകുന്ന സർട്ടിഫിക്കറ്റിനൊപ്പമാണ് ഓൺലൈനിൽ ചരക്ക് പ്രദർശിപ്പിക്കുക. ആവശ്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ചശേഷം, വില നിശ്ചയിച്ച് ചരക്ക് വാങ്ങാം. സ്വന്തം ഗോഡൗണുകളിൽ കുരുമുളക് ശേഖരിക്കുന്നവർ 10 ശതമാനം ഡിപ്പോസിറ്റ് നൽകണമെന്നും വ്യവസ്ഥയുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഓൺലൈൻ വ്യാപാരം. ദിവസവും അഞ്ച് മിനിറ്റ് കച്ചവടം നടത്താം. വെള്ളിയാഴ്ച ഓൺലൈൻ വ്യാപാരം തുടങ്ങിയെങ്കിലും വില കുറഞ്ഞതിനാൽ ആരും വിൽക്കാൻ തയ്യാറായില്ല. വാങ്ങലുകാർക്ക് ബാങ്കിൽനിന്ന് വായ്പകൾ ലഭ്യമാക്കുന്നതിന് ഇപ്സ്റ്റ സഹായിക്കും.