സംസ്ഥാനത്ത് നാടൻ മാവ് സംരക്ഷണ ശ്രമങ്ങൾ ഈ അടുത്ത കാലത്ത് സജീവമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല ഇക്കാര്യത്തിൽ അഭിന്ദനീയമായ മുൻകൈ സ്വീകരിച്ചിട്ടുണ്ട്. അന്യം നിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് കാർഷിക സർവകലാശാലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തിന്റെ തനത് മാവിനങ്ങളിൽ ചിലത് ഇപ്പോഴും പല വീടുകളിലുമുണ്ട്. അവയെ നിലനിർത്താൻ വിത്തുകൾ ശേഖരിച്ച് തൈകൾ നട്ടുവളർത്താനുള്ള ശ്രമങ്ങളും സർവകലാശാല ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ നാടൻ മാവുകളെ സംരക്ഷിക്കുന്നതിനായി തൃശൂർ കേന്ദ്രമാക്കി നാടൻ മാവുകൾ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
തൃശൂർ കണിമംഗലം സ്വദേശി എസ് ടി രവിയാണ് നാടൻ മാവുകൾ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് തുടങ്ങിയത്. ഇപ്പോൾ കേരളത്തിന്റെ 14 ജില്ലകളിൽ നിന്നുമുള്ളയാളുകൾ നാടൻ മാവിനങ്ങൾ സംരക്ഷിക്കാനുള്ള Indigenous Mango tree Conservation Project (IMCP) എന്നു പേരിട്ട പദ്ധതിയിൽ പങ്കാളികളാണ്. (ഫോൺ നമ്പർ 8138054072)
നാട്ടുമാവ് പൈതൃക പ്രദേശം
കണ്ണൂർ കണ്ണപുരത്തെ നാട്ടുമാഞ്ചോട്ടിൽ എന്ന കൂട്ടായ്മയും കഴിഞ്ഞ ഏതാനും വർഷങ്ങളായി നാടൻ മാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. നൂറിലധികം നാട്ടുമാവുകൾ സ്വാഭാവിക നിലയിൽ കാണപ്പെടുന്ന കണ്ണപുരം ഗ്രാമ പഞ്ചായത്തിന്റ കിഴക്കൻ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരം നാട്ടുമാവ് പൈതൃക പ്രദേശമാണിന്ന്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര കടുക്കാച്ചി, അങ്ങനെ കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റർ ചുറ്റളവിൽ മാത്രം 500ൽ അധികം മാവുകളിൽ വൈവിധ്യമാർന്ന 107 നാട്ടുമാവിനങ്ങൾ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്‌മ കഴിഞ്ഞ അഞ്ച് വർഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. തിരിച്ചറിഞ്ഞ നാട്ടുമാവുകൾ ഗ്രാഫ്റ്റ് ചെയ്‌ത് വിവിധതരം മാവിനങ്ങൾ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
തഴയല്ലേ നാടൻ മാവുകളെ
നാടൻ മാവുകൾക്ക് ആഴത്തിൽ വളരുന്ന താരുള്ളതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള പ്രത്യേക കഴിവുണ്ട്. മാത്രമല്ല, കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരാനും കായ്ക്കാനും ഇവക്കു കഴിയും. നാരും മാംസളഭാഗങ്ങളും വൈവിധ്യമാർന്ന രുചിയുമുള്ള നാടൻ മാവുകളെ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ അത്യാവശ്യമാണ്. നാടൻ മാവിനങ്ങൾ ഭ്രൂണം ഉപയോഗിച്ച് നട്ടുവളർത്തുന്നതോടൊപ്പം തനത് സ്വഭാവമുള്ള സങ്കരയിനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി പ്രത്യേക ഗുണങ്ങളുള്ള നാടൻ മാവിനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
പൈതൃകം നിലനിർത്താൻ സേന
സ്വദേശി മാവിനങ്ങൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പൈതൃകം നാട്ടുമാവ് സംരക്ഷണ പരിപാടിക്ക് ജീവനായി കണ്ണൂർ ജില്ലയിലെ മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേന. മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങളായ ഷീന കെ വി, സുനില കെ സി, ഷജില എം വി എന്നിവരുടെ സംരക്ഷണത്തിൽ, വംശനാശം സംഭവിക്കാറായ നാൽപ്പതിലധികം കണ്ണപുരം മാവിനങ്ങൾ ഭദ്രമായി വളരുന്നു. നാടൻ മാവിനങ്ങളിൽ കണ്ണപുരം മാവുകളുടെ തണ്ടുകൾ ഗ്രാഫ്ട്‌ട് ചെയ്‌തു പിടിപ്പിച്ചാണ് പൈതൃകം പദ്ധതിയെ പോഷിപ്പിക്കുന്നത്. കണ്ണപുരം മാവിൻ ചോട്ടിൽ കൂട്ടായ ശേഖരിച്ചു നൽകിയ സയോണുകളാണ് മയ്യിൽ നഴ്സറിയിൽ വെച്ചിവർ ഒട്ടിച്ചുവളർത്തുന്നത്. കണ്ണപുരം മാങ്ങ, വെല്ലത്താൻ, മൂവാണ്ടൻ, മധുരക്കോട്ടി, മഞ്ഞ ചോപ്പൻ, വടക്കൻ മധുര കടുക്കാച്ചി തുടങ്ങിയ നാടൻ മാവിനങ്ങളാണ് ഗ്രാഫ്‌ട് ചെയ്തു പുതിയ തൈകൾ ഉത്പാദിപ്പിച്ചിട്ടുള്ളത്.
ഒളോർ മാവ്, കിളിച്ചുണ്ടൻ, താളി മാവ്, ചകിരി മാവ് തുടങ്ങിയ മാവുകളുടെ ഗ്രാഫ്ട് ചെയ്യാത്ത തൈകളും ഈ പൈതൃകം നഴ്സറിയിലുണ്ട്. നാടൻ മാവുകളുടെയും പ്ലാവുകളുടെയും വിത്തുകളുടെ ശേഖരണം ഹരിതകേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺമാർ മുഖാന്തരമാണ് നടത്തുന്നത്. വ്യത്യസ്ത ഇനം മാവുകളുടെ രജിസ്റ്റർ തയ്യാറാക്കാനുള്ള ശ്രമങ്ങൾ ഹരിത കേരളം മിഷൻ ആരംഭിച്ചിട്ടുണ്ട്. ഓർമകളോടിക്കളിക്കുവാനെത്തുന്ന മുറ്റത്തെ ചക്കര മാവിൻചുവട്ടിൽ... ഗൃഹാതുരതയുണർത്ത ആ ഓർമകളിലേക്ക്, കായ്ച്ചു തുടുത്തു നിൽക്കുന്ന നന്മകളുടെ നാട്ടുമാവിൻ ചോട്ടിലേക്ക്, നാട്ടുമാവുകളുടെ നാടെന്ന് അഭിമാനത്തോടെ ഉച്ചരിക്കാവുന്ന നിലയിലേക്ക് നമ്മുടെ നാടെത്തുമെന്ന് നിനയ്ക്കാം.