1980-കളില്‍ വനംവകുപ്പിലെ സാമൂഹികവനവത്കരണ വിഭാഗംതന്നെയാണ് മഞ്ഞക്കൊന്ന നട്ടുപിടിച്ചത്. ഇത് പടര്‍ന്നുപിടിച്ച് കാടിനെ വിഴുങ്ങി. വയനാട്ടിലെ വനമേഖലയുടെ 30 ശതമാനത്തോളം മഞ്ഞക്കൊന്നയാണ്. മഞ്ഞക്കൊന്നകാരണം പച്ചപ്പ് നശിക്കുന്നതിനാല്‍ വന്യജീവികള്‍ തീറ്റനേടി നാട്ടിലിറങ്ങി ആളുകളെ ആക്രമിച്ചതോടെയാണ് മഞ്ഞക്കൊന്ന നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിച്ചത്.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് തൊലി ചെത്തിക്കളഞ്ഞ് ബാക്കി മുറിച്ചെടുക്കുന്ന രീതി നിര്‍ദേശിച്ചത്. 2023-ല്‍ 2.27 കോടിരൂപ ഇതിനായി അനുവദിച്ചു. സ്വകാര്യ ഏജന്‍സിയാണ് കരാറെടുത്തത്. അനുവദിച്ച തുകയുടെ പകുതിയില്‍ അധികം ചെലവായെന്നല്ലാതെ പ്രയോജനമുണ്ടായില്ല.
മുറിച്ചെടുക്കുന്നവ കൊണ്ടുപോവുമെന്ന വ്യവസ്ഥയില്‍ കണ്ണൂരിലെ ഒരു സ്വകാര്യ പ്ലൈവുഡ് സ്ഥാപനം സൗജന്യമായി ഇവ നീക്കംചെയ്യാമെന്നുപറഞ്ഞ് വനംവകുപ്പിനെ സമീപിച്ചിരുന്നു. വനംവകുപ്പ് നിരസിച്ചതോടെ അവര്‍ ബന്ദിപ്പുര്‍ വനമേഖലയില്‍ സമാനമായ പ്രവൃത്തി ഏറ്റെടുത്തു. ഇപ്പോള്‍ ആ മാതൃക ഇവിടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തില്‍ താത്പര്യമറിയിച്ചിട്ടുണ്ട്. ഇതില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
ഒറ്റത്തവണകൊണ്ടുമാത്രം മഞ്ഞക്കൊന്ന പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിയില്ലെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ദിനേഷ് കുമാര്‍ പറഞ്ഞു. ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.