അടക്കക്കു നല്ല വില; കമുകു കൃഷി വ്യാപിക്കുന്നു | Areca Palm farming



അടയ്ക്കയ്ക്കു നല്ല വിലയുള്ളതിനാൽ കമുകുകൃഷി വ്യാപിക്കുകയാണ്. എന്നാൽ, വില എത്രനാൾ ഉയർന്നു നിൽക്കുമെന്നു പറയുക വയ്യ. അതുകൊണ്ടുതന്നെ യോജ്യമായ ഇടവിളകൾ കൂടി ഉള്‍പ്പെടുത്തി കമുകുകൃഷി സുരക്ഷിതമാക്കണം. 

ഇനങ്ങൾ

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപന (CPCRI)ത്തിന്റെ വിട്ടൽ പ്രാദേശികകേന്ദ്രം പുറത്തിറക്കിയ ഇനങ്ങൾ താഴെ:

• മംഗള: ഇടത്തരം ഉയരം, നട്ട് മൂന്നാം വർഷം മുതൽ കായ്‌പിടിത്തം, ശരാശരി വിളവ്, കമുകൊന്നിന് 3.28 കിലോ കൊട്ടടയ്ക്ക.

• ശ്രീമംഗള: ഉയരം കൂടിയ ഇനം, നട്ട് 5-ാം വർഷം കായ്‌പിടിത്തം, ശരാശരി വിളവ് 3.96 കിലോ കൊട്ടടയ്ക്ക, സ്‌ഥിരതയുള്ള വിളവ്, ഇളം അടയ്ക്കയ്ക്കും കൊട്ടടയ്ക്കയ്ക്കും യോജ്യം.

• മൊഹിത് നഗർ: ഉയരം കൂടിയ ഇനം, സ്‌ഥിരമായി ഉയർന്ന വിളവ്, ശരാശരി വിളവ് 3.67 കിലോ കൊട്ടടയ്ക്ക.

• സ്വർണ മംഗള: ഉയരം കൂടിയ ഇനം, ശരാശരി വിളവ് 3.78 കിലോ കൊട്ടടയ്ക്ക

മധുര മംഗള: ഉയരം കൂടിയ ഇനം, നട്ട് 4-ാം വർഷം കായ്‌പിടിത്തം. ഇളം അടയ്ക്കയ്ക്കും കൊട്ടടയ്ക്കയ്ക്കും ഒരുപോലെ യോജിച്ചത്, ശരാശരി വിളവ് 3.54 കിലോ കൊട്ടടയ്ക്ക.

• VTL AH-1, VTL AH-2 എന്നീ കുറിയ സങ്കരയിനങ്ങളും വിട്ടൽ കേന്ദ്രം പുറത്തിറക്കി.

തൈകൾ തിരഞ്ഞെടുക്കൽ

ദീർഘകാല വിളയായതിനാൽ ഗുണമേന്മയുള്ള തൈകൾ നടാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തമായി തൈകൾ തയാറാക്കുന്നുവെങ്കിൽ ശ്രദ്ധിക്കുക: 10 വർഷത്തിലധികം പ്രായമുള്ളതും നേരത്തേ കായ്ച്ചു തുടങ്ങിയതും നന്നായി അടയ്ക്ക പിടിക്കുന്നതുമായ കമുകുകൾ മാതൃവൃക്ഷമായി തിരഞ്ഞെടുക്കുക. ഇവയിൽനിന്നു നന്നായി വിളഞ്ഞു പഴുത്തതും 35 ഗ്രാമിലധികം തൂക്കമുള്ളതുമായ അടയ്ക്കകൾ വിത്തടയ്ക്കയായി ഉപയോഗിക്കാം. വിത്തടയ്ക്ക പറിച്ചയുടൻ പാകണം.

ഒന്നര മീറ്റർ വീതിയും 15 സെ.മീ. ഉയരവും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളിൽ 5 സെ.മീ. അകലത്തിൽ വിത്തടയ്ക്ക പാകാം. മാർച്ച് മാസത്തിലാണ് പ്രാഥമിക നഴ്സറിയിൽ അടയ്ക്ക പാകേണ്ടത്. അടയ്ക്കയുടെ മേൽഭാഗം (ഞെട്ട്) മുകളിലേക്കു വരത്തക്കവിധം വേണം പാകാൻ. പാകിയ അടയ്ക്കയുടെ മേൽ നേരിയ കനത്തിൽ മണൽ വിതറി മൂടുക. ഈ പ്രാഥമിക നഴ്സറിയിൽ മൂന്നു മാസം വളർന്ന തൈകൾ ദ്വിതീയ നഴ്‌സറിയിലേക്കു മാറ്റി നടണം.

ഒന്നര മീറ്റർ വീതിയും സൗകര്യപ്രദമായ നീളവുമുള്ള വാരങ്ങളെടുത്ത് നന്നായി അഴുകിപ്പൊടിഞ്ഞ ചാണകം ഒരു ചതുരശ്ര മീറ്ററിന് 5 കിലോ എന്ന തോതിൽ ചേർക്കണം. മഴക്കാലാരംഭത്തോടെ പ്രാഥമിക നഴ്സറിയിൽനിന്നു പറിച്ചെടുത്ത, 3 മാസം പ്രായമുള്ള തൈകൾ ദ്വിതീയ നഴ്സറിയിലേക്ക് 30x30 സെ.മീ. അകലത്തിൽ നട്ട് തണൽ നൽകണം. മേൽമണ്ണ്, ചാണകം, മണൽ എന്നിവയുടെ 7:3:2 എന്ന അനുപാതത്തിലുള്ള മിശ്രിതം നിറച്ച 25x15 സെ.മീ. വലുപ്പവും 150 ഗേജ് കനവുമുള്ള പോളിത്തീൻ സഞ്ചികളിലും വിത്തടയ്ക്ക പാകാം. അഞ്ചിൽ കൂടുതൽ ഓലകളുള്ളതും ഉയരം കുറഞ്ഞതുമായ തൈകളാണ് നടാനെടുക്കേണ്ടത്.


നല്ലതുപോലെ നീർവാർച്ചയുള്ള മണ്ണിൽ മേയ്-ജൂൺ മാസത്തിൽ കാലവർഷാരംഭത്തോടെ തൈകൾ നടാം. വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളിൽ സെപ്റ്റംബറിൽ നടുന്നതാണു നല്ലത്.

നടീൽ രീതി

നല്ല വിളവു ലഭിക്കുന്നതിനും ഇടവിളകൾ കൃഷി ചെയ്യുന്നതിനും തൈകൾ ശരിയായ അകലത്തി ൽ നടേണ്ടതുണ്ട്. 2.7x 2.7 മീറ്റർ ആണ് ശരിയായ അകലം. അതായത്, രണ്ടു വരികൾ തമ്മിലും ഒരു വരിയിലെ തൈകൾ തമ്മിലും 9 അടി അകലം. സൂര്യാഘാതം തടയുന്നതിനായി തൈകൾ നടുമ്പോൾ തെക്കു വടക്കു വരികൾ പടിഞ്ഞാറുദിശയിലേക്ക് 35 ഡിഗ്രി ചെരിച്ചു നടണം. 90 സെ.മീ. വീതം നീളവും വീതിയും ആഴവുവുള്ള കുഴികളാണ് തൈ നടാൻ ഒരുക്കേണ്ടത്. കുഴിക്ക് വേണ്ടത്ര ആഴം നൽകുന്നതിലൂടെ മേൽവേരുകൾ മണ്ണിനു പുറത്തേക്കു വളരുന്നത് ഒഴിവാക്കാം. കുഴിയുടെ 50 സെ.മീ. വരെ മേൽമണ്ണും ചാണകപ്പൊടിയും മണലും ചേർത്തു മൂടണം. അതിനുശേഷം കുഴിയുടെ നടുവിൽ തൈ നട്ട് കടഭാഗത്തിനു ചുറ്റും മണ്ണ് നേരിയ തോതിൽ അമർത്തി വയ്ക്കണം.

കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനത്തിൻ്റെ വിട്ടൽകേന്ദ്രത്തിൽ നവംബർ മുതൽ ഫെബ്രുവരി വരെ വിത്തടയ്ക്കയും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തൈകളും ലഭിക്കും. അപേക്ഷ മുൻകൂറായി അയ‌യ്ക്കേണ്ട വിലാസം: Head, ICAR-CPCRI Regional Station, Vittal, Dakshina Kannada District, Karnataka 574 242. Phone: 08255239238 / 9623129737. 


കിഡുവിലുള്ള സിപിസിആർഐ ഉപകേന്ദ്രത്തിൽ നവംബർ മുതൽ ഫെബ്രുവരിവരെ വിത്തടയ്ക്ക് വിതരണം ചെയ്യും. അപേക്ഷ മുൻകൂറായി അയ‌യ്ക്കേണ്ട വിലാസം: Scientist-in- charge, ICAR-CPCRI Research Centre, Kidu, Nettana (PO), Dakshina Kannada, Karnataka 574 230 Phone: 08257 298224

ഫോൺ (ഡോ. എം.കെ. രാജേഷ്): 9447285888.

© തയാറാക്കിയത്: ഡോ. സി.തമ്പാൻ (പ്രിൻസിപ്പൽ സയന്റിസ്‌റ്റ്, കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനം, കാസർകോട്), ഡോ. എം.കെ.രാജേഷ് (ഹെഡ്, കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനം, വിട്ടൽ പ്രാദേശിക കേന്ദ്രം), ഡോ. എൻ.ആർ.നാഗരാജ്, (സയന്റിസ്റ്റ‌്, കേന്ദ്ര തോട്ടവിള ഗവേഷണ സ്‌ഥാപനം, വിട്ടൽ പ്രാദേശിക കേന്ദ്രം)





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section