പ്രമേഹ രോഗികൾ മധുരമേറെയുള്ള പഴങ്ങൾ കഴിക്കുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്. പഴങ്ങൾ പൊതുവേ മധുരമുള്ളതിനാൽ ഇവ കഴിച്ചാൽ ഷുഗർ കൂടുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഗ്ലൈസെമിക് ഇൻഡക് കുറഞ്ഞ പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കുന്നതിൽ പ്രശ്‌നമില്ല.
എന്നാൽ പ്രമേഹ രോഗികൾക്ക് മാമ്പഴം കഴിക്കുന്നതിന് മുൻപ് ചിലത് ശ്രദ്ധിക്കാം. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും കലവറയായ പഴമാണ് മാമ്പഴം. ഇരുമ്പും പൊട്ടാസ്യവുമൊക്കെ ഇവയിൽ ധാരാളമുണ്ട്.
എന്നാൽ കാർബോഹൈഡ്രേറ്റും കലോറിയും മധുരവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാമ്പഴം വലിയ അളവിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന സ്ഥിതി വരും. അതുകൊണ്ട് പ്രമേഹ രോഗികൾ പരമാവധി മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും വല്ലപ്പോഴും പ്രമേഹരോഗികൾക്ക് ചെറിയ അളവിൽ മാമ്പഴം കഴിക്കാം.
പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട മറ്റു ചില പഴങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാം. നേന്ത്രപ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളിൽ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പ്രമേഹ രോഗികൾ മിതമായ അളവിൽ മാത്രം കഴിക്കുന്നതാകും നല്ലത്. അതേസമയം ആപ്പിൾ, ഓറഞ്ച്, നാരങ്ങ, മാതളം, ചെറി, പീച്ച്, കിവി തുടങ്ങിയവയൊക്കെ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാവുന്ന പഴങ്ങളാണ്.