സൂര്യനിലെ 'പായല്‍' പാടുകളുടെ രഹസ്യം കണ്ടെത്തി ബംഗാളി ഗവേഷകന്‍ | Souvik bose-a successor of meghnad saha in astrophysics



2017 ഓഗസ്റ്റില്‍ നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയിലെ 'തിയററ്റിക്കല്‍ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ടി'ല്‍ നക്ഷത്രങ്ങളെ കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. ഒരു തണുത്ത പ്രഭാതമായിരുന്നു അത്. പുറകിലില്‍ നോര്‍വെക്കാരനായ ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ 'സാഹയുടെ സമവാക്യം' ('Saha's equation') എന്ന് പറയുന്നത് കേട്ടു. എന്റെ മനസില്‍ ആദരവോടെ ഇടംപടിച്ചിട്ടുള്ള പേരാണ് മേഘനാഥ് സാഹ. അതിനാല്‍, ആ വാക്കുകള്‍ എനിക്ക് ആഹ്ലാദവും അഭിമാനവും നല്‍കി. ബംഗാളില്‍ നിന്നുള്ള ആ ശാസ്ത്രപ്രതിഭയെ ലോകമെങ്ങുമുള്ള ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇപ്പോഴുമോര്‍ക്കുന്നു!

അന്ന് ഓസ്ലോയിലെ താമസസ്ഥലത്തെത്തിയപ്പോള്‍, ചെറുപ്പക്കാരനായ ഒരു ബംഗാളി സുഹൃത്തിനോട് ആ സംഭവം വിവരിച്ചു. അത് കേട്ടപ്പോള്‍ ആ യുവാവ് ചോദിച്ചു: 'ആരാണ് സാഹ!' ഞാന്‍ ശരിക്കും അമ്പരന്നുപോയി. മേഘനാഥ് സാഹയന്നെ ആ അപൂര്‍വ്വപ്രതിഭയെ, സ്വന്തം നാട്ടിലെ യുവതലമുറയ്ക്ക് അറിയില്ലേ! സൂര്യന്‍ ഉള്‍പ്പടെയുള്ള നക്ഷത്രങ്ങളിലെ രാസരഹസ്യങ്ങള്‍ മനസിലാക്കാന്‍ വഴിതുറന്ന ഗവേഷകനാണ് സാഹ.
കൊല്‍ക്കത്തയില്‍ നിന്നുള്ള ടെലഗ്രാഫ് പത്രത്തിലെ ശങ്കര്‍ഷന്‍ താക്കൂറിന് (നിലവിലെ ടെലഗ്രാഫ് എഡിറ്റര്‍), സാഹയെ കുറിച്ച് ഒരു ചെറുലേഖനം എഴുതട്ടേ എന്നാരാഞ്ഞ് അന്ന് രാത്രി ഞാനൊരു ഈമെയില്‍ അയച്ചു. അദ്ദേഹം അനുവാദം നല്‍കുകയും, സയന്‍സ് പേജിന്റെ ചുമതലക്കാരനായ പ്രസൂന്‍ ചൗധരിയെ പരിചയപ്പെടുത്തുകയും ചെയ്തു. 

സാഹയെക്കുറിച്ചും, 'സാഹയുടെ സമവാക്യ'ത്തെ പറ്റിയും ഞാനെഴുതിയ ലേഖനം ഇന്ത്യയ്ക്കകത്തും പുറത്തും അത്യാവശ്യം നന്നായി വായിക്കപ്പെട്ടു. വായിച്ചവരിലൊരാള്‍, സാഹയുടെ ചെറുമകളും ന്യൂയോര്‍ക്കില്‍ അഭിനേത്രിയുമായ ഇഷാനി ദാസ് ആയിരുന്നു.

തന്റെ മുത്തച്ഛന്‍ നടത്തിയ ശാസ്ത്രമുന്നേറ്റം തന്നില്‍ വലിയ മതിപ്പുളവാക്കിയെന്ന്, ലേഖനം വായിച്ചിട്ട് ഇഷാനി എനിക്കെഴുതി. സാഹയെ പറ്റി ഒരു ഫിലിം നിര്‍മിക്കാന്‍ താനാഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചു. ഫിലിമിനായി ഇന്റര്‍വ്യൂ ചെയ്യാന്‍ സാഹയുടെ ഗവേഷണം പരിചയമുള്ള ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നിര്‍ദ്ദേശിക്കാമോ എന്നും ചോദിച്ചു.
ബംഗളൂരുവില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സി'ലെ ശാസ്ത്രജ്ഞരെ ഇഷാനിക്ക് ഞാന്‍ കണക്ട് ചെയ്തുകൊടുത്തു. മുത്തച്ഛന്റെ ശാസ്ത്രവഴികള്‍ തേടി അവര്‍ ഇന്റര്‍വ്യൂകള്‍ നടത്തുന്നതിനിടെ, സൗവിക് ബോസ് (Souvik Bose) എന്നൊരു മിടുക്കനായ വിദ്യാര്‍ഥിയെ കണ്ട കാര്യം ഇഷാനി എന്നോട് പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ 'അസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റെഷനി'ല്‍ എം.ടെക് ചെയ്യുകയായിരുന്നു ആ യുവാവ്. സൗവിക്കിന് വിദേശത്ത് പി.എച്ച്.ഡി.ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍, ഇഷാനി എന്നെ പരിചയപ്പെടുത്തിക്കൊടുത്തു.
ഞാനന്ന് ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആണ്. ഓസ്ലോയില്‍ ഗവേഷണം നടത്താനും ജീവിക്കാനും അത്യാവശ്യം വേണ്ട ചില കാര്യങ്ങള്‍ ഞാന്‍ സൗവിക്കിന് പറഞ്ഞുകൊടുത്തു. ലേശം കരിയര്‍ ഗൈഡന്‍സും നല്‍കി.
പഠനമികവിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നേടിയ സൗവിക്, 2017 ല്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയിലെ തിയററ്റിക്കല്‍ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പി.എച്ച്.ഡി.ക്ക് എത്തി. നോര്‍വെയിലെത്തിയ ആ യുവവിദ്യാര്‍ഥിയെ, ഓസ്ലോയിലെ ഒരു പബ്ബില്‍ വെച്ച് ആദ്യം കണ്ടകാര്യം എനിക്കോര്‍മയുണ്ട്. നക്ഷത്രഭൗതിക (astrophysics) ത്തില്‍ മൗലികഗവേഷണം നടത്താനാഗ്രഹിക്കുന്ന ഒരു പ്രസന്നവ്യക്തിത്വമാണ് ആ യുവാവില്‍ ഞാന്‍ കണ്ടത്. അവിടുത്തെ പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സീനിയറായ മാര്‍ഗ്ഗദര്‍ശി (mentor) ആയാണ് സൗവിക് എന്ന പരിഗണിച്ചത്.
ജീവിതത്തെയും ശാസ്ത്രഗവേഷണത്തെയും കുറിച്ച് സൗവിക് ആര്‍ജിച്ചിട്ടുള്ള അറിവും, അയാളുടെ ഉത്സാഹവും, ഉന്‍മേഷപ്രദമായ കാഴ്ച്ചപ്പാടും മതിപ്പുളവാക്കുന്നതായിരുന്നു. ശാസ്ത്രഗവേഷണ രംഗത്ത് ഏറെ സഞ്ചരിക്കാന്‍ പ്രാപ്തിയുണ്ട് ആ യുവാവിനെന്ന് ഞാന്‍ വിലയിരുത്തി.
എന്റെ പ്രതീക്ഷ തെറ്റിയില്ല. 2021 ല്‍ അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) ഏറ്റവും മികച്ചതായി തിരഞ്ഞെടുത്ത പി.എച്ച്.ഡി.പ്രബന്ധം സൗവിക്കിന്റേതായിരുന്നു. ഓസ്ലോ യൂണിവേഴ്‌സിറ്റിയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയ സൗവിക് പഠനം തുടര്‍ന്നു.
പോസ്റ്റ് ഡോക്ടറല്‍ പൂര്‍ത്തിയാക്കിയ ആ യുവാവ്, യു.എസ്.എ.യിലെ പ്രസിദ്ധമായ 'ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സോളാര്‍ ആന്‍ഡ് അസ്‌ട്രോഫിസിക്‌സ് ലാബി'ല്‍ ഗവേഷകനായി ചേര്‍ന്നു. സൂര്യനെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന സമര്‍ഥനായ ശാസ്ത്രജ്ഞനായി അയാള്‍ വേഗം മാറി. സൗരഗതികം സംബന്ധിച്ചുള്ള സൗവികിന്റെ പുതിയ പഠനം, പ്രശസ്തമായ നേച്ചര്‍ അസ്‌ട്രോണമി ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.
മാത്രവുമല്ല, ആ കണ്ടെത്തലിന്റെ വിവരം ഒരു ഔദ്യോഗിക പ്രസ്സ് റിലീസായി നാസ പുറത്തുവിടുകയും ചെയ്തു. വിവിധ മാധ്യമങ്ങള്‍ സൗവിക്കും സംഘവും നടത്തിയ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തു.

1999 ലാണ്, നാസയുടെ 'ട്രേസ് പേടകം' (TRACE mission) സൂര്യനില്‍ തിളക്കമേറിയ പ്ലാസ്മ തുണ്ടുകള്‍ ഉള്ളതായി കണ്ടെത്തി. നക്ഷത്രഭൗതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ആ പാടുകളെ 'പായല്‍' (moss) എന്ന് വിളിച്ചു. ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ആ ചെറിയ ഭാഗങ്ങള്‍ പായല്‍പ്പോലെ പച്ചകലര്‍ന്ന് കാണപ്പെട്ടതാണ് ആ പേരിന് കാരണം. 'സൂര്യകളങ്കങ്ങള്‍' (sun Spots) ക്ക് സമീപത്താണ് പായല്‍ പാടുകള്‍ കാണപ്പെടുന്നത്.

എന്തുകൊണ്ട് സൂര്യനില്‍ ആ പായല്‍ പാടുകള്‍? ഇതിന്റെ ഉത്തരമാണ് സൗവിക്കും സംഘവും കണ്ടെത്തിയത്.
നാസയുടെ 'ഹൈ റസല്യൂഷന്‍ കൊറോണല്‍ ഇമേജര്‍' (Hi-C) സൗണ്ടിങ് റോക്കറ്റ്, നാസയുടെ തന്നെ സൗരപഠനത്തിനുള്ള 'ഇന്റര്‍ഫേസ് റീജിയന്‍ ഇമേജിങ് സ്‌പെക്ട്രോഗ്രാഫ്' (IRIS) എന്നിവ നല്‍കിയ പുതിയ ഡേറ്റ, സൂര്യനിലെ പായല്‍ പാടുകളെ അതിതാപനിലയിലേയ്ക്ക് എത്തിക്കുന്ന സംവിധാനത്തെ കുറിച്ച് സൂചന നല്‍കി. പുതിയ ഡേറ്റയ്‌ക്കൊപ്പം, ത്രിമാന കമ്പ്യൂട്ടര്‍ മാതൃകാപഠനങ്ങളും സൗവിക്കിന്റെ സംഘം നടത്തി. സൂര്യന്റെ പ്രതലത്തിലെ കാന്തികബലരേഖകള്‍ക്കിടയിലുള്ള വിദ്യുത് പ്രവാഹമാണ് പായല്‍ പാടുകള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി.


സൂര്യനിലെ പ്ലാസ്മയും അയോണുകളും (charged particles) കാന്തികബലരേഖള്‍ക്കൊപ്പമാണ് പ്രവഹിക്കുന്നത്. താപസംവഹനം (convection) വഴി സൂര്യന്റെ ആന്തരഭാഗത്തുനിന്ന് പുറത്തേക്കുള്ള ചൂടേറിയ വാതകപ്രവാഹം, ചില വേളകളില്‍ ശക്തമായ കാന്തികമണ്ഡലം തടസ്സപ്പെടുത്തും. ചൂട് അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകും. അതിനാല്‍, ആ പ്രദേശത്ത് സൂര്യപ്രതലത്തില്‍ ഊഷ്മാവ് ലേശം കുറഞ്ഞുകാണപ്പെടും. ഗ്രഹങ്ങളുടെ വലുപ്പമുള്ള കറുത്ത പുള്ളികള്‍ സൗരപ്രതലത്തിലുണ്ടാകുന്നത് ഇങ്ങനെയാണ്. അവയാണ് 'സൂര്യകളങ്കങ്ങള്‍'.
സൂര്യനിലെ പായല്‍ പാടുകളിലെ താപസംവിധാനം സംബന്ധിച്ചുള്ള ഈ പുതിയ ഗവേഷണഫലം, സൗരഘടനയിലെ താപകൈമാറ്റം (heat transfer) സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ (corona) യുടെ താപനില, സൗരപ്രതലത്തിലേതിനെ അപേക്ഷിച്ച് നൂറുകണക്കിന് മടങ്ങ് കൂടുതലാണ്. ഇതിന്റെ കാരണം വിശദീകരിക്കാനും പുതിയ പഠനം വഴിയൊരുക്കുന്നു.

ഉയര്‍ന്ന റസല്യൂഷനിലുള്ള നിരീക്ഷണ ഡേറ്റയും, പരിഷ്‌ക്കരിച്ച മാതൃകാപഠനവുമാണ്, കാല്‍നൂറ്റാണ്ടായി നിലനില്‍ക്കുന്ന പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിച്ചത്. എന്നിരിക്കലും, ഇതൊരു വിഷമപ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ല' - പഠനപ്രബന്ധത്തിന്റെ മുഖ്യരചയിതാവ് ഡോ.സൗവിക് ബോസ് പറയുന്നു.
സൗവിക്കിന്റെ കാര്യത്തില്‍, ഈ ചെറുപ്രായത്തിനിടെ തന്നെ, നാസയുടെ രണ്ടാമത്തെ ഔദ്യോഗിക പ്രസ്സ് റിലീസാണിത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ നിര്‍മിതബുദ്ധി (AI) പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ശ്രദ്ധേയമായ ഗവേഷണത്തിന് 2019 ല്‍ 'നാസ അവാര്‍ഡ് ഓഫ് മെരിറ്റ്' സൗവികിന് ലഭിച്ചപ്പോഴായിരുന്നു ആദ്യ പ്രസ്സ് റിലീസ്. നാസ ആമെസ് റിസര്‍ച്ച് സെന്ററിന്റെ അസോസിയറ്റ് ഡയറക്ടറാണ് ആ ബഹുമതി നല്‍കിയത്.

വളരെ സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നാണ് സൗവിക് വരുന്നത്. ഇപ്പോഴും ഇന്ത്യന്‍ പൗരത്വവും പാസ്‌പോര്‍ട്ടും നിലനിര്‍ത്തുന്നു. അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗവിക് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിതാവ് സൗമിയന്‍ ബോസ് ചെറുകിട കച്ചവടക്കാരനായിരുന്നു. 15 വര്‍ഷം മുമ്പത് നിര്‍ത്തി. അമ്മ ചന്ദ്ര ബോസ് കുടുംബകാര്യങ്ങള്‍ നോക്കി കഴിയുന്നു. വിദ്യാഭ്യാസം, പഠനം, ബംഗാളി പൗതൃകം - എന്നിവയ്ക്ക് വലിയ മൂല്യം കല്‍പ്പിക്കുന്നവരാണ് മാതാപിതാക്കള്‍.
സൗവികിന്റെ രണ്ടാം പേരായ ബോസ് എന്നത്, ആധുനിക ഇന്ത്യന്‍ ശാസ്ത്രചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയ രണ്ടാംപേരാണ് . ആധുനിക ശാസ്ത്രഗവേഷണം ഇന്ത്യയില്‍ ആരംഭിച്ചവരില്‍ പ്രധാനി ഒരു ബോസാണ് - ജഗദീശ് ചന്ദ്ര ബോസ്. മൈക്രോവേവ് പഠനമാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലെത്തിച്ചത്. ബോസ്-ഐന്‍സ്‌റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്കിന്റെ കണ്ടെത്തലിലേക്ക് നയിച്ച സത്യേന്ദ്രനാഥ് ബോസ് ആണ് മറ്റൊരു ബോസ്.

ഭൗതികശാസ്ത്രത്തിന് നൊബേല്‍ നേടിയ പീറ്റര്‍ ഹിഗ്ഗ്‌സ് (Peter Higgs) അടുത്തയിടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് 'ഹിഗ്ഗ്‌സ് ബോസോണ്‍' എന്ന കണം അറിയപ്പെടുന്നത്. എന്നാല്‍, ഈ പേരിലെ 'ബോസോണ്‍' വരുന്നത് ബംഗാളി ശാസ്ത്രജ്ഞന്‍ സത്യേന്ദ്രനാഥ് ബോസില്‍ നിന്നാണ്.
വളര്‍ന്നു വരുന്ന സോളാര്‍ ഗവേഷകനായ സൗവിക് ബോസിന്റെ പേര് ഒട്ടേറെ പേപ്പറുകളില്‍ പ്രത്യക്ഷപ്പെടുന്നതും, ഇപ്പോള്‍ തന്ന അംഗീകാരങ്ങള്‍ തേടിവരുന്നതും കാണുമ്പോള്‍, തനിക്ക് മുമ്പുള്ള ബോസുകളെ പോലെ ശാസ്ത്രരംഗത്ത് മഹനീയസ്ഥാനം ഈ ഗവേഷകനും നേടുന്നാണ് എന്റെ പ്രതീക്ഷയും പ്രാര്‍ഥനയും.
ഒരു മാര്‍ഗ്ഗദര്‍ശിയെ അല്ലെങ്കില്‍ ഗുരുവിനെ സംബന്ധിച്ച് ഏറ്റവും അഭിമാനവും തൃപ്തിയും നല്‍കുന്നത് തന്റെ ശിഷ്യര്‍ നടത്തുന്ന മുന്നേറ്റമാണ്. സൗവികിന്റെ കാര്യത്തില്‍, ഒരു മാര്‍ഗദര്‍ശിയെന്ന നിലയ്ക്ക് എനിക്കും അഭിമാനിക്കാം.


സൗരപഠനത്തിനായി 'മള്‍ട്ടി-സ്ലിറ്റ് സോളാര്‍ എക്‌സ്‌പ്ലോറര്‍' (MUSE) ദൗത്യം വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) അയച്ച 'ആദിത്യ എല്‍1' സൂര്യനെ നിരീക്ഷിക്കുന്നത് സ്തുത്യാര്‍ഹമായ രീതിയില്‍ തുടരുന്നു. ഒരു സോളാര്‍ സയന്റിസ്റ്റ് എന്ന നിലയ്ക്ക്, ആകാശങ്ങള്‍ കീഴടക്കാനുള്ള പാതയാണ് സൗവിക്കിന് മുന്നിലുള്ളത്.
(ജ്യോതിശാസ്ത്രജ്ഞനും ശാസ്ത്ര ലേഖകനുമാണ് ഡോ.അശ്വിന്‍ ശേഖര്‍)






Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section