കൊടും ചൂടിൽ തോട്ടം മേഖലക്കും ക്ഷീണം, കൃഷികൾ കരിഞ്ഞുണങ്ങുന്നു | Plantation area issues



കൊടുംചൂടിൽ തോട്ടം മേഖലയും വെന്തുരുകുന്നു. റബ്ബർ, കാപ്പി, തേയില, ഏലം തുടങ്ങിയ തോട്ടവിളകളെയും ഉത്പാദനത്തെയും വരൾച്ച കാര്യമായി ബാധിച്ചെന്നാണ് തോട്ടമുടമകൾപറയുന്നത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ വാഴ, നെല്ല്, ഏലം, കാപ്പി, കുരുമുളക്, കൊക്കോ, പച്ചക്കറി തുടങ്ങിയ വിളകളെ കഠിനമായ വരൾച്ചയും അത്യുഷ്ണവും ബാധിച്ചതായി കൃഷിവകുപ്പും വിലയിരുത്തി. 100 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കൃഷിവകുപ്പ് കണക്കാക്കുന്നത്.

കൃഷിനാശം വിലയിരുത്താൻ കൃഷിവകുപ്പ് വിദഗ്‌ധസമിതിക്ക് രൂപംനൽകി. ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ, കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞൻ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻ്റ് എന്നിവർ അടങ്ങിയ സംഘത്തിന് രൂപംനൽകി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് നഷ്ട‌ം വിലയിരുത്തും.

മേയ് ഒമ്പതിനകം വിവരശേഖരണം നടത്തി എത്ര നാശമുണ്ടെന്ന് റിപ്പോർട്ട് നൽകാൻ വിദഗ്ധസംഘത്തോട് ആവശ്യപ്പെട്ടു.

ഏലം ഉത്പാദനം പകുതിയാകും

ഇടുക്കി ജില്ലയിൽ ഏലം കൃഷിചെയ്യുന്ന മേഖലകളിൽ മൂന്നരമാസത്തിലേറെയായി മഴയില്ല. ജലസ്രോതസ്സുകളെല്ലാം വറ്റി. 30 ശതമാനത്തിലേറെ ഏലച്ചെടികൾ കരിഞ്ഞു. വരുന്ന സീസണിൽ 50 ശതമാനം ഉത്പാദനനഷ്ടമുണ്ടാകുമെന്നാണ് അസോസിയേഷൻ ഓഫ് പ്ലാൻ്റേഴ്‌സ് ഓഫ് കേരളയുടെ കണക്കുകൂട്ടൽ.

കാപ്പിയിലും ഇടിവ്

വേനൽമഴയും തുടർമഴകളില്ലാത്തതും റോബസ്റ്റ കാപ്പി ഉത്പാദനത്തെ കാര്യമായി ബാധിക്കും. അടുത്തസീസണിൽ 25 ശതമാനമെങ്കിലും ഉത്പാദനക്കുറവുണ്ടാകുമെന്നാണ് കണക്ക്.

തേയില 30 ശതമാനം കുറഞ്ഞു, റബ്ബറിനും ഭീഷണി

മൂന്നാറിലെ തോട്ടംമേഖലയിൽ സീസണിൽ ഒറ്റപ്പെട്ട മഴമാത്രമാണ് ലഭിച്ചത്. 30 ശതമാനം തേയിലത്തോട്ടങ്ങളും കൊടുംവരൾച്ച നേരിടുകയാണ്. ഏപ്രിലിൽ തേയില ഉത്പാദനം 30 ശതമാനം കുറഞ്ഞു. ഈ മാസവും ഇതേതോതിൽ ഉത്പാദനം ഇടിയുമെന്നാണ് കണക്ക്. റബ്ബറിന് ടാപ്പിങ് സീസൺ അല്ലാതിരുന്നിട്ടുകൂടി ഈ വർഷം ആദ്യംതന്നെ തുടങ്ങിയ ചൂട് റബ്ബർമരങ്ങളെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തൽ.

മാങ്ങയും കുറഞ്ഞു

കണ്ണൂർ: കാലം തെറ്റി പെയ്‌ത മഴയും കാലാവസ്ഥയിൽ വന്ന മാറ്റങ്ങളും കാരണം മാങ്ങയുത്പാദനത്തിൽ വൻ കുറവ്. സംസ്ഥാനത്തെ മാവ് കർഷകരുടെ കമ്പനികളായ 'മുതലമട മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി'യുടെയും 'കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി'യുടെയും കണക്കുകൾ സൂചിപ്പിക്കുന്നത് മുൻവർഷങ്ങളിലെ ഉത്പാദനത്തിന്റെ കാൽഭാഗംപോലും ഈ വർഷം ലഭിച്ചില്ലെന്നാണ്.

16 ടൺ ശേഷിയുള്ള 80 ലോഡ് വരെ പ്രതിദിനം കയറ്റിപ്പോയ സ്ഥാനത്ത് ഇപ്പോൾ ശരാശരി 20 ലോഡ് മാത്രമേ പോകുന്നുള്ളൂ.


പാക്കേജ് വേണം

ഏലം മേഖലയിൽ റീപ്ലാൻ്റിങ്ങിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം. ഏലത്തോട്ടങ്ങളിൽ ജലസേചനത്തിനുള്ള സാധ്യതകൾ ഒരുക്കുകയുംവേണം




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section