രുചി വൈഭവം തീർത്തു മാമ്പഴങ്ങളുടെ രാജാവ് അൽഫോൺസോ | King of mangoes Alfonso
GREEN VILLAGEMay 12, 2024
0
മാമ്പഴക്കാലമെത്തിയതോടെ മധുരം കിനിയുന്ന രുചികൾക്കു പിന്നാലെയാണ് നഗരവാസികൾ. മാമ്പഴങ്ങളുടെ രാജാവ് അൽഫോൻസോയാണ് മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിപണി കീഴടക്കിയിട്ടുള്ളത്. കൊങ്കണിലെ രത്നാഗിരി, റായ്‌ഘഡ് മേഖലയിലാണ് അൽഫോൻസോ മാങ്ങ ഏറ്റവും കൂടുതൽ വിളയുന്നത്. ഇടത്തരം വലിപ്പവും മഞ്ഞയും ഓറഞ്ചും കലർന്ന നിറവും വളരെക്കുറച്ച് നാരുകളുമുള്ളതുമാണ് ഇവ. കൊങ്കണിലെ മണ്ണിലും കാലാവസ്ഥയിലുമാണ് മികച്ചയിനം അൽഫോൻസോ വിളയുന്നത്. ഇവിടെ നിന്നുള്ള മാമ്പഴത്തിന് വിദേശത്തും ആവശ്യക്കാർ ഏറെയാണ്. മികച്ചയിനങ്ങളിലേറെയും വിദേശങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. രത്നഗിരിയിലെ രാജാപുരി അൽഫോൻസോ മാമ്പഴത്തിന് വേറിട്ട രുചിയാണ്.
പാൽഘറിലും ഗുജറാത്തിലും സുലഭമായ ജമാദാർ, കേസർ മാമ്പഴങ്ങളും ഇപ്പോൾ വിപണിയിലുണ്ട്. മധുരവും ചെറുപുളിയുമുള്ള പൈരി മമ്പഴങ്ങൾക്കും ആവശ്യക്കാരേറെ. ദക്ഷിണേന്ത്യൻ കിളിച്ചുണ്ടൻ, ബംഗൽഹള്ളി മാമ്പഴങ്ങളും വിപണിയിലെത്തി. അൽഫോൻസോ മാമ്പഴത്തിന് ഒരു ഡസന് ഇടത്തരം ഇനത്തിന് 300 രൂപ മുതൽ 1000 രൂപ വരെയാണ് വില. മുന്തിയ ഇനം ഒരു ബോക്സിന് വില പിന്നെയും കൂടും.