ഇന്ത്യക്ക് വെല്ലുവിളിയായി യുഎഇ വിപണി കീഴടക്കാൻ പാകിസ്ഥാനി മാമ്പഴം എത്തുന്നു | Pakistani mango to UAE



ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം യു.എ.ഇയിലേക്ക് വീണ്ടും പാകിസ്ഥാനി മാമ്പഴങ്ങളെത്തി. ലോകത്ത് ഏറ്റവുമധികം മാമ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയാണ് യു.എ.ഇ. പാകിസ്ഥാനി മാമ്പഴം വൻതോതിൽ യു.എ.ഇയിലേക്ക് എത്തുന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായേക്കും.

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സിന്ധി (Sindri) മാമ്പഴങ്ങളാണ് യു.എ.ഇയിലെത്തിയത്. കപ്പലിലേറി 192 കണ്ടെയ്‌നറുകളിലായി 4,600 ടൺ സിന്ധി മാമ്പഴങ്ങളാണ് യു.എ.ഇയിൽ വിൽപനയ്ക്കെക്കെത്തിയത്.

ഇന്ത്യക്ക് വൻ വെല്ലുവിളി

'മാമ്പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന അൽഫോൻസോ മാമ്പഴവുമൊക്കെയായി യു.എ.ഇയുടെ വിപണിയും വാഴുന്നത് ഇന്ത്യ തന്നെയാണ്. എന്നാൽ, പാകിസ്ഥാനി മാമ്പഴങ്ങൾക്കും ആഗോളതലത്തിൽ പ്രിയമുണ്ടെന്നത് കനത്ത വെല്ലുവിളിയുമാണ്.

പാകിസ്ഥാനിലെ സിന്ധി, ചൗൻസ, ലാൻഗ്ര, സരോളി, ഫജ്റി, അൻവാർ റതൂൽ മാമ്പഴങ്ങൾ അവയുടെ മധുരംകൊണ്ട് വിപണിയിൽ ഏറെ പ്രിയമുള്ളവയാണ്. മാത്രമല്ല, നിലവാരവും സ്വാദും കൂടുതലുള്ള ഇന്ത്യൻ മാമ്പഴങ്ങളെ അപേക്ഷിച്ച് പാകിസ്ഥാനി മാമ്പഴങ്ങൾക്ക് വിലയും ബോക്സ‌ിന് (5 കിലോഗ്രാം) 5 ദിർഹം വരെ കുറവുമാണ്.

പാകിസ്ഥാൻറെ നേട്ടം

ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി താറുമാറാണ് പാകിസ്ഥാന്റെ സമ്പദ്സ്ഥിതി. പണപ്പെരുപ്പം കുത്തനെ കൂടിയും നിൽക്കുന്നു. കയറ്റുമതി ഉയർത്തി സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നത്.

ഇതിന്റെ ഭാഗമായാണ് യു.എ.ഇയിലേക്ക് അധികമായുള്ള മാമ്പഴക്കയറ്റുമതിയും. കുറഞ്ഞവിലയ്ക്ക് മാമ്പഴം കിട്ടുമെന്നതിനാൽ യു.എ.ഇക്കും പാകിസ്ഥാനി മാമ്പഴ ഇറക്കുമതിയോട് താത്പര്യമുണ്ട്.

യു.എ.ഇക്ക് പുറമേ സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും മാമ്പഴ കയറ്റുമതി നടത്താനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. ഈ വർഷം ആകെ ഒരുലക്ഷം ടൺ മാമ്പഴം കയറ്റുമതി ചെയ്യാനും അതുവഴി 90 മില്യൺ ഡോളർ (ഏകദേശം 750 കോടി ഇന്ത്യൻ രൂപ) വരുമാനം നേടാനുമുള്ള ലക്ഷ്യം പാകിസ്ഥാൻ മുന്നോട്ടുവച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിസന്ധി

ഏതാണ്ട് ആയിരത്തിലധികം മാമ്പഴയിനങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിൻ്റെ മൊത്തം മാമ്പഴക്കയറ്റുമതിയിൽ 40 ശതമാനത്തോളവും യു.എ.ഇയിലേക്കാണ്.


അടുത്തിടെ ചരക്കുനീക്ക ഫീസ് കുത്തനെ കൂടിയത് ഇന്ത്യയുടെ മാമ്പഴക്കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. കിലോയ്ക്ക് 200- 250 രൂപ സാധാരണ കയറ്റുമതി വിലയുള്ള മാമ്പഴത്തിന് ഇതോടെ 500 രൂപയായി ഉയർന്നു. ഇത് ഡിമാൻഡിനെ ബാധിച്ചു.

ഇതിനിടെ കുറഞ്ഞവിലയ്ക്ക് യു.എ.ഇയിലേക്ക് പാകിസ്ഥാനി മാമ്പഴമെത്തുന്നത് ഇന്ത്യൻ മാമ്പഴങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section