ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പൂവിൽ വിഷമുണ്ടെന്നു റിപ്പോർട്ട് കിട്ടിയാൽ നിരോധിക്കാനാണ് തീരുമാനം.
ആലപ്പുഴയിലെ സംഭവ വികാസങ്ങളും തുടർന്ന് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചർച്ച സജീവമായതോടെയാണ് പൂജയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് അരളിപ്പൂ പടിക്ക് പുറത്തായത്. ഇപ്പോൾ പുഷ്പാഭിഷേകത്തിനും നിറമാലയ്ക്കും ഭക്തരുമായി നേരിട്ട് ബന്ധമില്ലാത്ത ചടങ്ങുകൾക്കും മാത്രമാണ് അരളിപ്പൂ ഉപയോഗിക്കുന്നതെന്ന് ദേവസ്വം അധികൃതർ വിശദീകരിക്കുന്നു. വിവിധ പൂജകളുമായി ബന്ധപ്പെട്ട് അരളിപ്പൂവിൻ്റെ സ്ഥാനം പ്രധാനമായതിനാലാണ് ഇതുവരെ ഒരു ദേവസ്വം ബോർഡും ഔദ്യോഗികമായി വിലക്കാത്തത്.
അതിർത്തി ജില്ലയായ തിരുവനന്തപുരത്ത് പ്രധാനമായും തമിഴ്‌നാട്ടിലെ തോവാളയുൾപ്പെടെയുള്ല സ്ഥലങ്ങളിൽനിന്നും കൊല്ലത്തും പരിസരപ്രദേശങ്ങളിലും തെങ്കാശിയിൽ നിന്നുമാണ് അരളി ഉൾപ്പെടെയുള്ല പൂക്കൾ എത്തിക്കുന്നത്. കടകളിലെത്തിക്കുമ്പോൾ കിലോഗ്രാമിന് 300 രൂപവരെ വില നൽകിയാണ് ഇത് വാങ്ങുന്നത്. പുതിയ സാഹചര്യത്തിൽ അരളിപ്പൂ വാങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.