നാണ്യവിളകളുടെ വിലയിടിവിനെത്തുടർന്ന് സമ്മിശ്രകൃഷിയിലേക്ക് കർഷകർ തിരിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അവക്കാഡോ മരങ്ങൾ ഹൈറേഞ്ചിലെ കൃഷിയിടങ്ങളിൽ സ്ഥാനം പിടിച്ചത്. അവക്കാഡോ പഴങ്ങൾ മൂന്നുവർഷമായി വിപണിയിൽ എത്തുന്നു. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ഹൈറേഞ്ചിലെ അവക്കാഡോയുടെ വിളവെടുപ്പ്.
സംസ്ഥാനത്ത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവക്കാഡോ കൃഷി കൂടുതലുള്ളത്. മലയോരത്ത് കൃഷിചെയ്യാൻ അനുയോജ്യമായ ഫലവൃക്ഷമാണ് ഇത്. മരത്തിൽ നിൽക്കുമ്പോൾ തന്നെ ഫലത്തിനുള്ളിൽ തൈ മുളയ്ക്കുന്നത് കർഷകർക്ക് തിരിച്ചടിയാകാറുണ്ട്.
പോഷകസമൃദ്ധമായ അവക്കാഡോ ഫലങ്ങൾ സാലഡ്, ജ്യൂസ് തുടങ്ങിയവയ്ക്കായാണ് ഉപയോഗിക്കുന്നത്. ഹൈറേഞ്ചിലെ വ്യാപാരികൾ ശേഖരിക്കുന്ന അവക്കാഡോ കൊച്ചിയിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.