ആരെയും ആകർഷിക്കും; നമ്മുടെ പൂന്തോട്ടത്തെ മനോഹരമാക്കും കലാഡിയം | Caladium flower plant



ആരേയും ആകര്‍ഷിക്കുന്ന ഇലകളോടുകൂടിയ കലാഡിയം നമ്മുടെ പൂന്തോട്ടത്തെ തന്നെ മനോഹരമാക്കുന്നു.  ഭൂകാണ്ഡമാണ് ഇതിൻറെ നടീൽ വസ്‌തു. ഭൂകാണ്ഡം ഉപയോഗിച്ച് ഈ ചെടി എങ്ങനെ വളർത്താമെന്ന നോക്കാം.

തണുപ്പുകാലങ്ങളിൽ കലാഡിയം ചെടിയുടെ മണ്ണിനടിയിലുള്ള ഭൂകാണ്ഡം കുഴിച്ചെടുത്ത് സൂക്ഷിച്ച് വെച്ച ശേഷം നടാന്‍ ഉപയോഗിക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കാം. വേരുകള്‍ അധികം ആഴത്തില്‍ വളരുന്നതല്ലാത്തതിനാല്‍ കുഴിച്ചെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വേരുകള്‍ക്ക് ക്ഷതം പറ്റാതെ പിഴുതെടുത്ത് ഭൂകാണ്ഡത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് വെള്ളമൊഴിച്ച് കഴുകി കളയണം. അതിനുശേഷം ഈര്‍പ്പമില്ലാത്ത സ്ഥലത്ത് വെച്ച് ഉണക്കിയെടുക്കണം. വേരുകള്‍ പരിശോധിച്ച് അഴുകിയ ഭാഗങ്ങളുണ്ടെങ്കില്‍ മുറിച്ചുകളയണം. ഒരാഴ്ചയില്‍ കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ ഈ കിഴങ്ങ് പോലുള്ള ഭാഗം സൂക്ഷിക്കണം.

ഭൂകാണ്ഡം സൂക്ഷിച്ചുവെയ്ക്കുമ്പോൾ അത് നല്ലവണ്ണം ഉണങ്ങിയെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ ചീഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്. ചെടിയുടെ മുഴുവന്‍ ഭാഗങ്ങളും ഉണങ്ങി ഇലകള്‍ ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ എളുപ്പത്തില്‍ ഭൂകാണ്ഡത്തില്‍ നിന്നും പിഴുതെടുക്കാവുന്നതാണ്. ഉണങ്ങാനെടുക്കുന്ന സമയം വ്യത്യാസപ്പെടാം. മുഴുവന്‍ ഇലകളും ഒഴിവാക്കിയ ശേഷം വേരുകള്‍ ചെത്തിക്കുറച്ച് വെട്ടിയൊരുക്കി നിര്‍ത്തണം.

തയ്യാറാക്കിയ ഭൂകാണ്ഡം അഥവാ ഭൂമിക്കടിയില്‍ വളരുന്ന കിഴങ്ങ് പോലെയുള്ള ഭാഗം വെര്‍മിക്കുലൈറ്റും പീറ്റ് മോസും മണലും കലര്‍ന്ന നടീല്‍ മിശ്രിതത്തില്‍ ഒരിഞ്ച് അകലം വരത്തക്കവിധത്തില്‍ ക്രമീകരിക്കണം. ഈ സമയത്ത് സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനി സ്‌പ്രേ ചെയ്യാറുണ്ട്. ഈ ഭൂകാണ്ഡത്തിന് മുകളില്‍ മൂന്ന് ഇഞ്ച് കനത്തില്‍ നടീല്‍ മിശ്രിതമിട്ട് മൂടണം. ഈ പാത്രം നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കണം. തണുപ്പുകാലത്ത് സൂക്ഷിക്കുമ്പോള്‍ നടീല്‍ മിശ്രിതം ഉണങ്ങിയിരിക്കണം.

മഞ്ഞുകാലം മാറിക്കഴിഞ്ഞാല്‍ സൂക്ഷിച്ചുവെച്ച ഭൂകാണ്ഡം പൂന്തോട്ടത്തിലേക്ക് നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള നടീല്‍ മിശ്രിതം തയ്യാറാക്കി മുകുളങ്ങള്‍ വന്നു തുടങ്ങിയ ഭൂകാണ്ഡത്തിന്റെ ഭാഗം മുകളിലേക്ക് വരത്തക്ക വിധത്തില്‍ നടണം. കൃത്യമായ ഇടവേളകളില്‍ നനയ്ക്കുകയും ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തുകയും ചെയ്യണം. ശലഭത്തിന്റെ ലാര്‍വകളും മുഞ്ഞകളും കലാഡിയത്തിന്റെ ഇലകള്‍ നശിപ്പിക്കാറുണ്ട്. ഇത്തരം കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി ഒഴിവാക്കുകയാണ് നല്ലത്. ആക്രമണം കൂടുതലായാല്‍ ബാസിലസ് തുറിന്‍ജിയെന്‍സിസ് പ്രയോഗിക്കാവുന്നതാണ്. ഭൂകാണ്ഡത്തിനെ ബാധിക്കുന്ന റൈസോക്ടോണിയ, പൈത്തിയം എന്നീ കുമിള്‍ രോഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section