വിത്തു നട്ട് 40–ാം ദിവസം മുതൽ ആദായം തരുന്ന വിള; പൊട്ടുവെള്ളരി | Cucumber - summer season



വേനൽക്കാലത്ത് അതിവേഗം വരുമാനം നേടാൻ പൊട്ടുവെള്ളരിയോളം പറ്റിയ മറ്റൊരു വിളയില്ല. വിത്തു പാകി കേവലം 60 ദിവസത്തിനുള്ളിൽ ആദായം കയ്യിലെത്തും. ശരിയായി പ്ലാൻ ചെയ്താൽ ഒരു സീസണിൽ രണ്ടു കൃഷിയിൽനിന്ന് ആദായമെടുക്കുകയും ചെയ്യാമെന്നു രമേശ്. 
∙ അടിവളമായി ചാണകപ്പൊടിയും ആട്ടിൻകാഷ്ഠവും
∙ വിത്തു പാകി മൂന്നാം ദിവസം മുളച്ചുതുടങ്ങും. അഞ്ചാം ദിനം മുതൽ മുടങ്ങാതെ നനയ്ക്കണം.
∙ വിത്തുപാകി 24 ദിവസം കഴിയുമ്പോൾ പൊട്ടുവെള്ളരിയിൽ പൂവിടും. 40 ദിവസം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങാം.

പാട്ടത്തിനെടുത്ത 2 ഏക്കറിലാണ് ഈ സീസണിൽ കൃഷി. മറ്റു വിളകളിൽനിന്നു വ്യത്യസ്തമായി മഴക്കാലം തുടങ്ങുമ്പോഴാണ് പൊട്ടുവെള്ളരിക്കൃഷി അവസാനിക്കുക. മഴ വൈകിയാൽ വിളവും ആദായവും കൂടും. പാകമായ പൊട്ടുവെള്ളരി പിളർന്ന് കുരു പുറത്തു വരും. അപ്പോൾത്തന്നെ കഴിച്ചില്ലെങ്കിൽ അത് ഉപയോഗശൂന്യമാവും. സൂക്ഷിപ്പുമേന്മ കുറവായതിനാല്‍ വിദൂര ദിക്കുകളിലേക്ക് ഇത് അയയ്ക്കാൻ കഴിയുന്നില്ല, രമേശ് പറഞ്ഞു. 

മറ്റു പച്ചക്കറികളിൽനിന്നു വ്യത്യസ്തമായി പൊട്ടുവെള്ളരിക്കൃഷിക്ക് സ്വകാര്യ വിത്തുകമ്പനികളുടെ സങ്കരവിത്തുകൾ ലഭ്യമല്ല. പാകമായി പൊട്ടിയ കായ്കളിൽനിന്നു കൃഷിക്കാർതന്നെ വിത്തെടുത്ത് സൂക്ഷിക്കുകയാണു പതിവ്. ഒരു കിലോ വിത്തിന് 35,000 രൂപവരെ വിലയുണ്ട്. അതിനാല്‍, വിത്തുവിൽപന കൃഷിക്കാർക്ക് നല്ല വരുമാനം നല്‍കും. കൊടുങ്ങല്ലൂർ ഭാഗത്തു മാത്രം കൃഷി ചെയ്തിരുന്ന പൊട്ടുവെള്ളരി മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നുണ്ടെന്നു രമേശ് ചൂണ്ടിക്കാട്ടി. 

മുണ്ടകൻ നെൽകൃഷി കഴിഞ്ഞ പാടം പാട്ടത്തിനെടുത്താണ് രമേശ് പൊട്ടുവെള്ളരി നടുന്നത്. ട്രാക്ടർ കൊണ്ട് ഉഴുതു മറിച്ച മണ്ണിൽ വാരങ്ങളുണ്ടാക്കി പ്ലാസ്റ്റിക് പുതയിടുന്നു. പുതയിടുന്നതിനു മുന്‍പ് വാരങ്ങളിൽ തുള്ളിനന ഒരുക്കേണ്ടതുണ്ട്. ചാണകപ്പൊടിയും ആട്ടിൻകാഷ്ഠവുമൊക്കെ അടിവളമായി ചേർത്താണ് വാരമൊരുക്കുക. പുതയിൽ നിശ്ചിത അകലത്തിൽ ദ്വാരങ്ങളിലാണ് വിത്തു പാകുന്നത്. വിത്തു പാകി മൂന്നാം ദിവസം മുളച്ചുതുടങ്ങും. അഞ്ചാം ദിനം മുതൽ മുടങ്ങാതെ നനയ്ക്കണം. പത്താം ദിവസം മുതൽ തുള്ളിനനയിലൂടെ വെള്ളവും വളങ്ങളും നല്‍കും. വിത്തുപാകി 24 ദിവസം കഴിയുമ്പോൾ പൊട്ടുവെള്ളരിയിൽ പൂവിടും. 40 ദിവസം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങാം.


ഒരു വെള്ളരിക്ക് 3–5 കിലോ തൂക്കമുണ്ടാവും. ഒരു ഏക്കറിൽനിന്ന് 5 ടൺ കായ്കൾ പ്രതീക്ഷിക്കാം. വേനല്‍കാഠിന്യമനുസരിച്ച് കിലോയ്ക്ക് 45–50 രൂപവരെ വില കിട്ടും. എന്നാൽ, മഴ പെയ്ത് ചൂടു കുറയുന്നതോടെ പൊട്ടുവെള്ളരി ആർക്കും വേണ്ടാതാവും. അതിനാല്‍ നേരത്തേ കൃഷിയിറക്കി വേനൽക്കാലത്തുതന്നെ മുഴുവനായി വിളവെടുക്കുകയാണു നല്ലത്. 

ഫോൺ: 9495169902





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section