2022-23 സാമ്പത്തികവര്‍ഷം 8.39 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. 23-24-ല്‍ 8.57 ലക്ഷം ടണ്ണും. 2012-13 സാമ്പത്തിക വര്‍ഷത്തിനുശേഷം രാജ്യത്തെ ഉത്പാദനം ഒന്‍പത് ലക്ഷം ടണ്‍ കടന്നിട്ടില്ല. അന്ന് 9.13 ലക്ഷം ടണ്‍ ഉണ്ടാക്കാനായി. 2010-11 വര്‍ഷമുണ്ടായ കിലോഗ്രാമിന് 249 രൂപയെന്ന മാജിക്ക് വലിയ പ്രചോദനമായിരുന്നു. 2013 ജൂലായിലും മെച്ചമായ വിലയുണ്ടായി. അന്ന് 196 രൂപവരെ വിലയെത്തി. പക്ഷേ, പിന്നീടിങ്ങോട് വിലയിലും ഉത്പാദനത്തിലും ഇടിവാണ് കാണിച്ചത്.
തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ കാണിക്കുന്ന ഉത്പാദനവര്‍ധനയുടെ പ്രവണത 2024-25 സാമ്പത്തിക വര്‍ഷവും പ്രതീക്ഷിക്കുന്നതായി റബ്ബര്‍ ബോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം. വസന്തഗേശന്‍ പറഞ്ഞു. റബ്ബറിന്റെ വിലയുടെ കാര്യത്തില്‍ പ്രവചനങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പല ഘടകങ്ങള്‍ ചേര്‍ന്നതാണ് വില. നല്ല വില കിട്ടുന്നതിനുള്ള അന്തരീക്ഷം സജ്ജമാക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. അതിന്റെ ഗുണം കണ്ടേക്കാം. കൂടുതല്‍ തോട്ടങ്ങള്‍ വിളവെടുപ്പിന് സജ്ജമാക്കുകയാണ് വേണ്ടത്. കുറഞ്ഞത് 2.5 ശതമാനം ഉത്പാദനവര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡിന്റെ പ്രതീക്ഷ സഫലമാകണമെങ്കില്‍ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി ആഭ്യന്തരവിലയിലും മുന്നേറ്റമുണ്ടാകണമെന്ന് ഉത്പാദകസംഘങ്ങളുടെ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ആര്‍.എസ്.എസ്. നാലിന് ബാങ്കോങ് വില 202 രൂപയായി. ഇവിടെ ഇപ്പോഴും വില 176-177 എന്ന നിലയിലാണുള്ളത്. വിലസ്ഥിരതാ പദ്ധതിയില്‍ താങ്ങുവില 180 രൂപയാണ്. ഇതിന് മേലേക്ക് വില കൂടാന്‍ ടയര്‍ കമ്പനികള്‍ സമ്മതിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഴമറഇടല്‍ കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി പറഞ്ഞു. സെപ്റ്റംബര്‍വരെ അന്താരാഷ്ട്ര വിപണിയില്‍ ചരക്ക് വേണ്ടത്ര ഉണ്ടാവില്ലെന്നാണ് വിവിധ ഉത്പാദകരാജ്യങ്ങളും നല്‍കുന്ന മുന്നറിയിപ്പ്. ഇത് കൃഷിക്കാര്‍ക്ക് ഗുണം ചെയ്‌തേക്കാമെന്ന് അദ്ദേഹം പറഞ്ഞു.