ഇന്ത്യയിലെ ഏറ്റവും നല്ല മാമ്പഴം ഏതാണ്?
കുഴഞ്ഞത് തന്നെ.
സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവ് ആണോ ഗാംഗുലിയുടെ ഓഫ്ഡ്രൈവ് ആണോ ലാറയുടെ പുൾ ഷോട്ട് ആണോ നയനാനന്ദകരം എന്നത് പോലെ ബുദ്ധിമുട്ടാണ് ഇതിനു ഉത്തരം പറയുക എന്നത്.
ഏറിയ കൂറും പറയുക അൽഫോൻസോ എന്നായിരിക്കും. പക്ഷെ രുചിപടുക്കൾ പറയും വെറും അൽഫോൻസോ അല്ല, രത്‌നഗിരി അൽഫോൻസോ എന്ന്. ഗോവ കീഴടക്കിയ പറങ്കിവീരൻ അൽഫോൻസോ ഡി അൽബുക്കർക്കിന്റെ സ്മരണാർത്ഥം ആണത്രേ ആ പേര് നൽകപ്പെട്ടത്.
ഒരു കാർട്ടൺ Hapus ബ്രാൻഡ് അൽഫോൻസോ മാർച്ച് -ഏപ്രിൽ മാസത്തിൽ സമ്മാനമായി കിട്ടിയാൽ ഏത് ദുർമുഖനും ഒന്ന് ചിരിക്കും. (ആ സമയത്ത് കുറഞ്ഞത് രണ്ട് ഗാന്ധി എങ്കിലും കൊടുക്കേണ്ടി വരും ഒരു ഡസന്).
എന്നാൽ തെലുങ്കനോട് ചോദിച്ചാൽ ഉത്തരം??
അത്... . ബംഗനപ്പള്ളി തന്നെ. "നാ പ്രിയമൈന മാമിഡി". തെലുങ്കന്റെ ചങ്ക്.
കുഞ്ഞുവാവമാരുടെ കവിൾത്തടങ്ങൾ പോലെ കോമളമായ, പാടുകളില്ലാത്ത (blemishless) സുവർണ നിറം, പഴച്ചാർ വഴിഞ്ഞൊഴുകുന്ന, നാര് കുറഞ്ഞ (നാര് ഇല്ല എന്ന് തന്നെ പറയാം) ദശ, ഹൃദ്യമായ (അല്പം kachha mango flavour) ഗന്ധമുള്ള, പരന്ന മാങ്ങയണ്ടിയോട് കൂടിയ 350-400 ഗ്രാം ശരാശരി തൂക്കം വരുന്ന രുചിബോംബ്.
ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലെ ബംഗനപ്പള്ളി ഇല്ലത്തിൽ ജനിച്ചവൻ. 2017ൽ ഭൗമ സൂചിക പദവിയും കരസ്ഥമാക്കി.
ആന്ധ്രയിൽ മാത്രം ഏതാണ്ട് മൂന്നര ലക്ഷം ഏക്കർ സ്ഥലത്ത് ഈ ഇനം കൃഷി ചെയ്യുന്നുണ്ട്.ഏതാണ്ട് 8 ലക്ഷം ആൾക്കാർ ഈ ഇനം കൃഷി ചെയ്തു ഉപജീവനം നടത്തുന്നു എന്ന് സർക്കാർ കണക്ക്. ആന്ധ്രയിൽ നിന്നും കഴിഞ്ഞ വർഷം 5500 ടൺ മാങ്ങ അമേരിക്കയിലേക്കും ഇംഗ്ളണ്ടിലേക്കും കയറ്റുമതി ചെയ്തു എന്ന് കാണുന്നു.
സാധാരണ കാലാവസ്ഥയിൽ 10-12 ദിവസം വരെ കേട് കൂടാതെ ഇരിക്കും. പ്രത്യേക ഊഷ്മാവിൽ മൂന്ന് മാസത്തോളവും. അതാണിവന്റെ വിജയം.
കേരളത്തിലെ വിപണിയിലും ഇവൻ തന്നെ മുമ്പൻ. കർശനമായി രുചി വിലയിരുത്തുന്ന ആൾക്കാർ പറയും വെറും ബംഗനപ്പള്ളി പോരാ, കർണൂൽ ബംഗനപ്പള്ളി തന്നെ കഴിക്കണം അവന്റെ തനി ഗുണം അറിയണമെങ്കിലെന്ന്. ദഷേരി മാങ്ങ മലീഹാബാദിൽ വിളഞ്ഞത് തന്നെ കഴിക്കണം എന്ന് പറയുന്ന പോലെ.
'ബനേഷാൻ' എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.
രുചിയുള്ള മാങ്ങാ വിളയണം എങ്കിൽ അത് മൂത്ത് വരുന്ന സമയത്തു അല്പം ചൂട് കൂടിയ, വരണ്ട കാലാവസ്ഥ വേണം. തുടർച്ചയായി മഴ പെയ്താൽ രുചിക്കുറവ് വന്ന് എടുക്കാച്ചരക്കാകും, ചക്കയെപ്പോലെ.
വാൽ കഷ്ണം : കർണൂലിലും കഡപ്പയിലും ബംഗനപ്പള്ളി മാങ്ങ നന്നായി പിടിക്കുമെന്ന് കരുതി അമ്പൂരിയിലും അണ്ടിപിള്ളിക്കാവിലും അത് നന്നായി വരും എന്ന് ഉറപ്പിക്കാൻ കഴിയില്ല. 'ഓരോന്നിനും ഓരോ കാലവും ദേശവും ഉണ്ട് ദാസാ 'എന്ന് പറഞ്ഞ പോലെ. നമുക്ക് പറ്റിയത് മൂവാണ്ടനും കിളിച്ചൂണ്ടനും പ്രിയോറും കർപ്പൂരവും നീലവും കൊട്ടൂർക്കോണവും ഒക്കെ തന്നെ.
പിന്നെ ഒരുപാടു സ്ഥലം കൈവശം ഉണ്ടെങ്കിൽ പേര് കേട്ട എല്ലാ ഇനങ്ങളും പരീക്ഷിക്കാം. ചില വീടുകളിൽ ബംഗനപ്പള്ളി നന്നായി കായ്ച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട്.
✍🏻 പ്രമോദ് മാധവൻ