ആഹാ.. അതെന്നാണ് രമണാ മൽഗോവയെ മറികടന്നു മല്ലിക പ്രിയതരമായത്?
അതേ. ഇപ്പോൾ മല്ലികയാണ് താരം. അച്ഛനും അമ്മയും പ്രശസ്തരെങ്കിൽ മക്കൾ മോശക്കാരാകുമോ?
"പായുന്നവന്റെ മോൻ പറക്കും" എന്നല്ലേ ബനാന ടോക്ക്. (പഴം ചൊല്ല്).
മാമ്പഴത്തിന്റെ ഇനം Table variety (പഴമായി കഴിക്കാൻ പറ്റിയത് ) എന്ന നിലയിൽ മാർക്കറ്റിൽ ക്ലച്ച് പിടിക്കണമെങ്കിൽ മാവിന് അഭികാമ്യമായ കുറച്ച് ഗുണങ്ങൾ ഉണ്ടാകണം.
1. നേരത്തെ മാങ്ങാ പാകമാകണം. (Early variety ). എങ്കിൽ വിപണിയിൽ നല്ല വില കിട്ടും. എല്ലായിടത്തും മാങ്ങാ ആയിക്കഴിയുമ്പോൾ ആണ് വിളവെടുപ്പ് എങ്കിൽ വില കുറയും.
കുറച്ചേ പിടിക്കുന്നുള്ളൂ എങ്കിലും നേരത്തേ പിടിക്കണം.
2. എല്ലാ കൊല്ലവും ഭേദപ്പെട്ട വിളവ് തരണം (Regular Bearing ). ചില മാവിനങ്ങൾക്ക് "ഒന്നിരാടൻ പിടിത്തം (Alternate Bearing ) എന്ന നടപ്പ് ദോഷം ഉണ്ട്.
3. നല്ല തൊലിക്കട്ടിയും സൂക്ഷിപ്പ് കാലാവധിയും. (Long shelf life )
4. ഭേദപ്പെട്ട വലിപ്പം
5. ആകർഷകമായ ആകൃതി
6. പഴുക്കുമ്പോൾ നല്ല നിറം
7. വലിപ്പം കുറഞ്ഞ മാങ്ങയണ്ടി (stone /വിത്ത് )
8. കുറഞ്ഞ നാരിന്റെ അംശം
9. കാമ്പിന് അഭികാമ്യമായ Acid -sugar അനുപാതം.
10. ആകർഷകമായ സുഗന്ധം
11. Mango malformation, spongy tissue disorder, die back disease, fruit fly എന്നീ രോഗങ്ങൾക്കും കീടങ്ങൾക്കും എതിരെ പ്രതിരോധ ശേഷി.
12. മരത്തിന് ഒരുപാട് വലിപ്പം വയ്ക്കാത്ത പ്രകൃതം.
ഏത് മാവിനുണ്ട് ഈ ഗുണങ്ങളെല്ലാം?
'ലക്ഷം മാവുകൾ കൂടുമ്പോൾ അതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ' എന്നല്ലേ കവിവര്യൻ പാടിയത്?
ഈ എല്ലാ ഗുണവും ഉള്ള ഒറ്റ ഇനം എന്ന് ഒന്ന് ഇല്ലെങ്കിലും ഉള്ളതിൽ ഇവൾ, മല്ലിക.. ലക്ഷണമൊത്തവൾ....
അമ്മ നീലം. പാണ്ടി നാട്ടുകാരിയാണ്.വിപണിയിൽ എത്താൻ അല്പം വൈകുമെന്ന് മാത്രം. നല്ല പിടുത്തം. എല്ലാ കൊല്ലവും കായ്ക്കും (Regular Bearer ) . നല്ല തൊലിക്കട്ടി. നല്ല മധുരം.
അച്ഛൻ ദശ്ശേരി (Dusheri ). ഉത്തർ പ്രദേശ് കാരൻ.ഒന്നിരാടൻ ആണ്. Mid season variety. ഒട്ടും നാരില്ലാത്ത കാമ്പ്. കനം കുറഞ്ഞ മാങ്ങയണ്ടി. ഹൃദയഹാരിയായ സുഗന്ധം.ഒട്ടും മോശക്കാരൻ അല്ല കക്ഷിയും.
അരം +അരം =കിന്നരം🤪
അവർക്ക് പിറന്ന കടിഞ്ഞൂൽ സന്തതി മല്ലിക. Indian Agricultural Research Institute ലെ ഗവേഷകൻ Dr. രാംനാഥ് സിംഗ് ആയിരുന്നു ഇവളുടെ പിറവിക്ക് പിന്നിലെ സൂത്രധാരൻ.പിറന്നത് Lucknow വിലെ Central Mango Research Station ൽ (ഇന്നത് Central Institute of Sub Tropical Agriculture ആണ് ).
1979 ൽ Dr. പിയൂഷ് കാന്തി മജുംദാർ മറ്റൊരു ശ്രമം നടത്തി . ഇത്തവണ അച്ഛനെയും അമ്മയെയും ഒന്ന് തിരിച്ചിട്ടു. മമ്മി ദശ്ശേരി. ഡാഡി നീലം. അപ്പോൾ കിട്ടിയ സന്തതിയാണ് കുള്ളൻ മാവ് ആയ അമ്രപാലി. അതി തീവ്ര സാന്ദ്രത നടീൽ രീതി (Ultra High Density Planting )യ്ക്ക് പറ്റിയ ആൾ.
മല്ലിക ഒരു mid -season variety ആണെന്ന് പറയാം.മൂത്ത് വിളഞ്ഞ മാങ്ങാകൾ വിപണിയിൽ എത്തുന്നത് മെയ് -ജൂൺ മാസത്തിൽ. മൂത്ത് പഴുത്താൽ നല്ല മഞ്ഞ നിറം. (Cadmium Yellow ). ചെറിയ വെള്ളക്കുത്തുകൾ തൊലിയിൽ കാണാം.500-700 ഗ്രാം വലിപ്പമുള്ള മാങ്ങകൾ. എല്ലാ കൊല്ലവും ഭേദപ്പെട്ട രീതിയിൽ കായ്കൾ തരും. വലിയ വലിപ്പം വയ്ക്കാത്ത പ്രകൃതമാണ് മരത്തിന് .നാര് തീരെ ഇല്ല. നല്ല തേൻ മധുരം. മാങ്ങയണ്ടി ഇല്ല എന്ന് തന്നെ പറയാം.
നീലവും ബംഗാനപ്പള്ളിയും ഒക്കെ 70-75രൂപ നിരക്കിൽ വിപണിയിൽ കിട്ടുമ്പോൾ മല്ലികയുടെ വില നൂറിന് പുറത്ത് പോകും.ഭേദപ്പെട്ട രോഗ -കീട പ്രതിരോധ ശേഷി. പഴമായും ജ്യൂസ് ആയും മാങ്ങാതെരയായും കേമം.
മാവിൽ നിന്നും തന്നെ വിളഞ്ഞതിന് ശേഷം പറിച്ച് പഴുപ്പിക്കാൻ വയ്ക്കണം.മാവിൽ നിന്ന് പഴുക്കരുത് എന്ന് വിദഗ്ധർ പറയുന്നു. നന്നായി വിളഞ്ഞ് പച്ച നിറം ഉള്ളപ്പോൾ തന്നെ പറിയ്ക്കണം. നാലഞ്ച് ദിവസം ഇരുന്ന് പഴുക്കുമ്പോൾ ആ ആസ്വാദ്യകരമായ മണം ഉണ്ടാകും. എന്നാൽ ശരിക്കും വിളയാതെയാണ് പറിക്കുന്നതെങ്കിൽ പണി പാളും. സുഗന്ധവും ഉണ്ടാകില്ല. അരുചിയും ഉണ്ടാകും. (Reliance Fresh ൽ നിന്നും ഒന്ന് രണ്ട് തവണ വാങ്ങി എനിയ്ക്ക് അബദ്ധം പറ്റിയിട്ടുണ്ട് ).കൃത്രിമ രീതികളൊന്നും തന്നെ പഴുപ്പിക്കാൻ ആവശ്യമില്ല.
ഇപ്പോൾ ഗുജറാത്തിൽ ഒക്കെ വാണിജ്യാടിസ്ഥാനത്തിൽ മല്ലിക കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.ബദാമിയോടും കേസറിനോടുമോപ്പം.
എഴുപതുകളുടെ ആദ്യം ഇറങ്ങിയ ഇനം ആയിരുന്നെങ്കിലും ആരും മല്ലികയ്ക്ക് വേണ്ടത്ര ബഹുമാനവും പ്രചാരണവും കൊടുത്തില്ല.1978 ൽ Frank Smathers Jr ഇവളെ South Florida യിലേക്ക് കൊണ്ട് പോയി. അവിടെ പ്രിയങ്കരിയായി.അവിടെ നിന്നും സ്ഥിരമായി Fairchild Botanic Garden International Mango Festival ൽ മല്ലികചേച്ചി പങ്കെടുക്കാൻ തുടങ്ങിയതോടെ ശുക്രൻ തെളിഞ്ഞു. മല്ലിക തൈകൾ തേടി അമേരിക്കയിൽ നിന്നും ജപ്പാനിൽ നിന്നും വിളികൾ വരാൻ തുടങ്ങിയതോടെ നമ്മുടെ ആൾക്കാരും ഗൗനിക്കാൻ തുടങ്ങി.വിദേശികൾ,പ്രത്യേകിച്ചും ജപ്പാൻകാർ മല്ലികയോട് ഒരു പ്രത്യേക പ്രതിപത്തി കാണിക്കുന്നുണ്ടത്രേ. മിയാസാക്കി മാങ്ങായോളം എത്തിയില്ലെങ്കിലും അതിന്റെ അടുത്തൊക്കെ അവർ ഇവളെയും നിർത്തുന്നുണ്ടാകണം.
വാൽ കഷ്ണം : ഞാനും പ്രിയ സുഹൃത്ത് കൃഷിവകുപ്പിൽ നിന്നും കൃഷി ഫീൽഡ് ഓഫീസർ ആയി വിരമിച്ച അനിൽകുമാർ സാറും (നെടുങ്ങോലം, MLA Jn, അരവിന്ദ് നഴ്സറി) പലപ്പോഴും മാവിനങ്ങളെക്കുറിച്ച് ദീർഘമായി സംസാരിക്കാറുണ്ട്. അപ്പോൾ അദ്ദേഹം പറയാറുണ്ട് നിങ്ങൾക്ക് മൂന്ന് മാവ് വീട്ടിൽ വെയ്ക്കാൻ സ്ഥലസൗകര്യമുണ്ടെങ്കിൽ അതിൽ മൂന്നാമി മല്ലിക തന്നെ ആയിക്കോട്ടേ എന്ന്. പക്ഷെ ആകെ ഒരു മാവിന് മാത്രമേ സ്ഥലം ഉള്ളൂ എങ്കിൽ അത് തെക്കൻ കേരളത്തിൽ ആണെങ്കിൽ, ഒന്നും രണ്ടും കാലപ്പാടിയോ കൊട്ടൂർക്കോണമോ ആകുന്നതാകും നന്ന്.
നല്ല മാവിൻ തൈകൾ അദ്ദേഹത്തിന്റെ നഴ്സറിയിൽ ലഭിക്കും.
✍🏻 പ്രമോദ് മാധവൻ