മാവിനങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ... - പ്രമോദ് മാധവൻ | Pramod Madhavan


ലോകത്തിന്റെ മാമ്പഴക്കൂട ഇന്ത്യയാണ്.കാരണം,
ലോകത്തിലെ മാങ്ങാ ഉൽപ്പാദനത്തിന്റെ നാൽപ്പത് ശതമാനവും ഇന്ത്യയിലാണ്.ചൈനയും തായ്‌ലൻഡ്മൊക്കെ അതിശോകം, ബഹുദൂരം പിന്നിൽ.



മാവിന്റെ ജന്മദേശം തന്നെ ഇന്ത്യ ഉൾപ്പെടുന്ന പ്രദേശമാണെന്ന് കരുതപ്പെടുന്നു. ഇവിടെ നിന്നും അത് ചൈനയിലേക്കും അമേരിക്കയിലേക്കും ഒക്കെ വ്യാപിച്ചു.

വളരെ വ്യത്യസ്തമായ കാലാവസ്ഥകളിൽ, പ്രാദേശിക രുചികളിൽ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മാവിനങ്ങൾ ഇന്ത്യയിൽ ഉള്ളതായി കരുതപ്പെടുന്നു.

കാളിദാസന്റെ രചനകളിൽ മാവിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ട്.

ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലെ പാലക്കാടുള്ള മുതലമടയിൽ ആണ് എന്നാണ് പറഞ്ഞ് കേൾക്കുന്നത്.നവംബർ -ഡിസംബർ മാസങ്ങളിൽ. ജനുവരി അവസാനത്തോടെ മുതലമടയിലെ മാങ്ങകൾ ഡൽഹിയിലും ബോംബെയിലും അഹമ്മദാബാദിലും എത്തും. മാർച്ച്‌- ഏപ്രിൽ ആകുമ്പോഴേക്കും മറ്റ് പ്രദേശങ്ങളിൽ നിന്നും മാങ്ങകൾ എത്തിത്തുടങ്ങും. മഴക്കാലമാകുന്നതോടെ വിപണിയിൽ മാങ്ങയുടെ പെരുമഴക്കാലമാണ്.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യണമെങ്കിൽ ഒരു മാവിനത്തിന് താഴെപറയുന്ന ഗുണഗണങ്ങൾ ഉണ്ടാകണം.

1. മഴക്കാലം തുടങ്ങുന്നതിന് മുൻപ് വിളവെടുത്ത് തീരണം. സ്വാഭാവികമായും നല്ല മധുരം പ്രതീക്ഷിക്കാം.നല്ല വിലയും കിട്ടും.

2. കൂടിയ സൂക്ഷിപ്പ് കാലാവധി (Shelf Life). ദൂരദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇത് സഹായകമാണ്.

3. ഭേദപ്പെട്ട തൊലിക്കട്ടി. കായീച്ചയുടെ ശല്യത്തെ ഒരു പരിധി വരെ പ്രതിരോധിക്കും.

4. കനം കുറഞ്ഞ മാങ്ങയണ്ടി.

5. നല്ല ദശക്കട്ടിയുള്ള, നാര് കുറഞ്ഞ കാമ്പ്.

6. നേരത്തെ കായ്ക്കാനുള്ള മാവിന്റെ കഴിവ്. (Early bearing ).

7. കൂടിയ പഞ്ചസാര -അമ്ലത അനുപാതം. (Total Soluble Sugar/Acidity Ratio)

8.രോഗ- കീട പ്രതിരോധ ശേഷി (ഇത് പലപ്പോഴും കൂടിയ വിളവും രുചിയുമായി ഒത്ത് പോകാറില്ല )

മ്യാങ്ങകളെക്കുറിച്ച് പറയുമ്പോൾ,ആദ്യം പറയേണ്ടത് മാങ്ങായിനങ്ങളിലെ രാജാവായ അൽഫോൻസോ (Alphonso ) യെ ക്കുറിച്ചാണ്. പലയിടത്തും അൽഫോൻസോ ഇനം കൃഷി ചെയ്യുന്നുണ്ടെങ്കിലും മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ രത്‌നഗിരി(Ratnagiri Alphonso ) യിൽ വളരുന്ന അൽഫോൻസോയോളം വരില്ലത്രേ . അവിടുത്തെ സവിശേഷ കാലാവസ്ഥ അതിന് അനുപമമായ രുചി നൽകുന്നു.

രത്‌നഗിരി ഹാപുസ് (Hapus) എന്നും അൽഫോൻസോ അറിയപ്പെടുന്നുണ്ട്.(ചിലർ ആപ്പൂസ് എന്നും പറയും 🤭) അവിടെ തന്നെ 100 കിലോമീറ്റർ മാറിയുള്ള ദേവ്ഗഡ് ഹാപുസ് എന്ന ഒരു അപരനും ഉണ്ട്. ചിലർ പറയുന്നത് രത്‌നഗിരി അൽഫോൺസോയേക്കാൾ രുചിയിൽ ഒരു പണത്തൂക്കം മുന്നിൽ ദേവ്ഗഡ് അൽഫോൻസോ ആണെന്നാണ്. ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലാത്തവർക്ക് എല്ലാം അൽഫോൻസോ തന്നെ.ഏറ്റവും പ്രിയപ്പെട്ടവർക്ക് സമ്മാനമായി കൊടുക്കാൻ പറ്റിയവയാണ് ഹാപുസ് മാങ്ങാ പാക്കറ്റുകൾ.

അതെന്തുമായികൊള്ളട്ടെ, രത്‌നഗിരി, സിന്ധുദുർഗ്, ദേവ്ഗഡ് എന്നിവയാടങ്ങുന്ന 200 കിലോ മീറ്റർ കൊങ്കൺ തീരത്ത് വിളയുന്ന എല്ലാ അൽഫോൻസോ മാങ്ങകളും രണ്ടായിരത്തി പതിനെട്ടിൽ ഭൗമസൂചിക പദവി കരസ്ഥമാക്കിയിട്ടുണ്ട്.
Innotera Tech എന്ന സ്വിസ് -ഇന്ത്യൻ കമ്പനി അവിടെ, സംഘടിതമായി ഉൽപാദിപ്പിക്കുന്ന ഓരോ മാങ്ങയിലും GI മുദ്ര പതിപ്പിച്ച് അതിനെ ആധികാരികമാക്കുന്നു.

(ഇവിടെ നമ്മുടെ മറയൂർ ശർക്കരയിലും അത്തരം മുദ്രകൾ അനിവാര്യമാണ്. കേട്ടുകേൾവി മാത്രമുള്ള സാധാരണക്കാരന് ശർക്കരപ്പുറത്ത് 'കൈവിരൽപ്പാടുകൾ 'ഉള്ളത് എല്ലാം മറയുർ ശർക്കര തന്നെ. ലേബലിൽ അതുണ്ടാകുകയും ചെയ്യും.വ്യാജന്മാർ വിലസ്സുകയാണ്. നിയമങ്ങൾ നോക്കുകുത്തികളാകുന്നു.)

അടുത്ത കേമൻ, ഗുജറാത്തിലെ കേസർ(Kesar) എന്ന മാങ്ങായിനമാണ്. ജുനഗഡ് ജില്ലയിലെ ഗിർന്നാർ മലനിരകളുടെ താഴ്‌വാരകളിൽ വിളയുന്ന കുങ്കുമ നിറമുള്ള മാങ്ങാ.'ഗിർ കേസർ' എന്നും അറിയപ്പെടുന്നു. കക്ഷിയും ഭൗമ സൂചികപദവി കരസ്ഥമാക്കിയിട്ടുണ്ട്.ജുനഗഡ്,അമ്രെലി, സൗരാഷ്ട്ര എന്നീ പ്രദേശങ്ങളിൽ വിളയുന്ന കേസർ മാങ്ങാകൾക്ക് മാത്രമാണ് ഭൗമ സൂചികപദവി ഉപയോഗിക്കാൻ അനുവാദമുള്ളത്.

അടുത്തത്,ഉത്തർ പ്രദേശിലെ മലീഹബാദ് 'ദഷേരി'(Dushehari) മാങ്ങയാണ്.മലീഹാബാദിലെ തൊണ്ണൂറ് ശതമാനം ആൾക്കാരും ഏതെങ്കിലും തരത്തിൽ മാവുമായ ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ഈ മാങ്ങ അമേരിക്കയിലേക്ക് ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്.

അടുത്തത് ബംഗാളിന്റെ ഊഴമാണ്. മാൾഡാ ജില്ലയാണ് മാവ് കൃഷിയുടെ തലസ്ഥാനം. അവിടുത്തെ ഖിർസാപട്ടി (ഹിംസാഗർ) ലക്ഷ്മൺ ഭോഗ്, ഫാസ്ലി, അമ്ര പാലി, ചൗൻസ, ലാങ്ടാ(Langra) എന്നിവയും വിശേഷപ്പെട്ടത് തന്നെ.മാൾഡാ ജില്ലയിൽ ഏതാണ്ട് ഒരു ലക്ഷം ഏക്കറിൽ മാവ് കൃഷി ചെയ്യുന്നു.

ഇന്ത്യക്കാർക്കും പാകിസ്ഥാനികൾക്കും ഒരു പോലെ പ്രിയപ്പെട്ട മാങ്ങയാണ് ചൗൻസ അഥവാ ചൗസ.പാകിസ്ഥാനിലെ റഹിം യാർഖാൻ പ്രവിശ്യയിലും മുൾട്ടാനിലും ഉത്തർപ്രദേശിലും കൂടുതലായി കൃഷി ചെയ്ത് വരുന്നു. ഒരു കാലത്ത് ഇന്ത്യ ഭരിച്ച ഷേർഷാ സൂരി, ഹുമയൂണിനെ തോൽപ്പിച്ചത് ബീഹാറിലെ ചൗസയിൽ വച്ചാണ്. അതിന്റെ സ്മരണയ്ക്ക് തന്റെ പ്രിയ മാങ്ങായ്ക്ക് പുള്ളി ആ പേര് നൽകി എന്ന് പറയുന്നു.നാര് കുറഞ്ഞ, സുവർണനിറമുള്ള, തൊലിക്കടിയിൽ സ്നിഗ്ദ്ധ സൗരഭ്യം നിറഞ്ഞ പ്രകൃതിയുടെ മിശ്രണം. അല്പം വൈകിയാണ് വിപണിയിൽ എത്തുന്നത്. നമ്മുടെ മഴക്കാലത്ത്. ഗൾഫിലേക്കും യൂറോപ്പിലേക്കും ധാരാളം കയറ്റുമതി ചെയ്യപ്പെടുന്നു.ദീർഘ നാൾ സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവുമുണ്ട്.

കർണാടകയുടെ പ്രിയ ഇനമാണ് ബദാമി(Badami ) . സത്യത്തിൽ പുള്ളി ഒരു 'കുമ്പിടി' ആണെന്ന് പറയേണ്ടി വരും. മഹാരാഷ്ട്രയിൽ ഉള്ള അൽഫോൻസോ അല്പസ്വല്പം വ്യത്യാസങ്ങളോടെ കർണാടകയിൽ എത്തുമ്പോൾ ബദാമി ആയി മാറുന്നു.. നമ്മുടെ അൽഫോൻസോ അവരുടെ ബദാമി. അത്ര തന്നെ. (ചിലർ പക്ഷേ ഇക്കാര്യം അത്ര പെട്ടെന്ന് സമ്മതിയ്ക്കില്ല).

അടുത്തത് തെലുങ്കരുടെ 'ഇഷ്ടമൈന മാമിഡി 'ബംഗനപ്പള്ളി'. ബനേഷാൻ, സഫേദാ എന്നും പറയും. ആന്ധ്രയിലെ കർണ്ണൂൽ ജില്ലയിലെ ബംഗനപ്പള്ളി ഗ്രാമം ഇന്ന് ലോകം അറിയുന്നത് ഇവനിലൂടെ. ആന്ധ്രയിലെ മാവുകൃഷിയുടെ എൺപതു ശതമാനവും ഈ ഇനമാണ്. കേരള വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന ഇനവും മറ്റൊന്നല്ല.2017ൽ ഭൗമ സൂചികപദവി ലഭിച്ചു. അല്പം വൈകി മഴക്കാലത്താണ് കേരളത്തിലേക്ക് പുള്ളിയുടെ പള്ളിവരവ്.

അടുത്ത ഊഴം ലാൺഗ്ര(Langra ) യുടേതാണ്. കാശി വിശ്വനാഥൻറെ സ്വന്തം ലാൺഗ്ര. മഴക്കാലത്താണ് എഴുന്നള്ളത്ത്. കാനിങ്ങിനും (Canning ) യോജിച്ച ഇനമാണ്.

അടുത്തത് നമ്മുടെ സ്വന്തം സേലം മാങ്ങാ. തോത്താപൂരി, ബാംഗളോറ, കിളിമൂക്ക്, ഗിനിമൂത്തി, സന്ദർഷാ എന്നൊക്കെ അപര നാമങ്ങൾ.1901ൽ ഇവിടെ നിന്നും അമേരിക്കയ്ക്ക് പോയി അൻഡേഴ്സൺ എന്നും ബ്രൂക്സ് എന്നും രണ്ട് സങ്കര ഇനങ്ങൾക്ക് ജന്മം നൽകി. മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ വലിപ്പം വരും. നല്ല ദശക്കട്ടി. പക്ഷേ നന്നായി വിളഞ്ഞു പഴുത്തില്ല എങ്കിൽ അല്പം പുളി കൂടും. മാങ്ങയണ്ടിയ്ക്ക് കനം കുറവാണ് . കായീച്ച ശല്യവും കലശലാണ്. പൂളി ഉപ്പിലിടാനും വാണിജ്യടിസ്ഥാനത്തിൽ മാങ്ങാ ജ്യൂസ്‌, ഡ്രിങ്ക് ഉണ്ടാക്കാനും ബഹുകേമം.കേരളത്തിൽ ധാരാളമായി വിൽപ്പനയ്‌ക്കെത്തും. വില താരതമ്യേനെ കുറവാണ്‌.


വാൽകഷ്ണം : ഇത് വായിച്ച്, ഈ ഇനങ്ങളുടെ പിന്നാലെ മണ്ടിപ്പായേണ്ട. ഓരോ മാങ്ങായിനത്തിനും യോജിച്ച പാരിസ്ഥിതിക മേഖലകൾ (Agro Ecological Zone ) ഉണ്ട്. അവിടെ അവൻ പുലിയായിരിക്കും. പക്ഷെ തൊഴുത്ത് മാറ്റിക്കെട്ടുമ്പോൾ ചിലപ്പോൾ ചെന പിടിക്കാൻ പാടുപെടും. നമ്മുടെ കാലാവസ്ഥയിൽ മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂരം, സിന്ദൂരം, കൊളമ്പി, ഒളോർ, കുറ്റിയാട്ടൂർ, കോട്ടൂർക്കോണം, പ്രിയൂർ, നീലം, കാലപ്പാടി എന്നിവ പോലെയുള്ള പ്രാദേശിക ഇനങ്ങൾക്ക് മുൻഗണന കൊടുക്കുക. ഒന്നോ രണ്ടോ മാവ് നടാൻ മാത്രം സ്ഥലമുള്ളവർ പ്രത്യേകിച്ചും.

✍🏻 പ്രമോദ് മാധവൻ



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section