ചെറുപയർ പുഴുങ്ങിയോ കറി വച്ചോ അല്ലെങ്കിൽ മുളപ്പിച്ച് സാലഡ് ആക്കിയോ എല്ലാം കഴിക്കാറുണ്ട്. ഫിറ്റ്നസ് പ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ചെറുപയർ മുളപ്പിച്ചത്. പുഴുങ്ങി കഴിക്കുന്നതും മുളപ്പിച്ചു കഴിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ?
ചെറുപയർ എങ്ങനെ ശരിയായി മുളപ്പിക്കാം?
നല്ല ഫ്രഷ് ചെറുപയർ എടുത്ത് ഒരു രാത്രി മുഴുവൻ, അതായത് 8-10 മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ ഇത് ഒരു നേർത്ത മസ്ലിൻ തുണിയിൽ കിഴി കെട്ടി വയ്ക്കുക. 8-10 മണിക്കൂർ കഴിയുമ്പോൾ ചെറിയ മുളകൾ ദൃശ്യമാകും. 16-18 മണിക്കുറിനുള്ളിൽ ഇവ വലുതാകും.
മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ
മുളപ്പിച്ച ചെറുപയർ വേവിക്കുന്നത് അതിന്റെ പോഷകമൂല്യം കുറയ്ക്കാൻ ഇടയാക്കും. അതിനാൽ ഇത് പരമാവധി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്. അതല്ലെങ്കിൽ പോഷകനഷ്‌ടം കുറയ്ക്കാൻ ആവിയിൽ വേവിച്ചും കഴിക്കാം.
മുളപ്പിച്ച ചെറുപയർ കൊണ്ട് തോരൻ ഉണ്ടാക്കാൻ ഇത് ആദ്യം ഒരു ഇഡ്‌ഡലിത്തട്ടിൽ ആവി കയറ്റി വേവിക്കുക. ശേഷം അടുപ്പത്ത് ഒരു ചീനച്ചട്ടി വെച്ച് എണ്ണയൊഴിച്ച് കടുകും വറ്റൽമുളകും ഇടുക.. ഇതിലേക്ക് തേങ്ങ ചിരവിയതും ഇട്ടു നന്നായി ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം നേരത്തെ വേവിച്ച ചെറുപയർ ഇതിലേക്ക് ഇട്ടു ഇളക്കുക. രുചികരമായ മുളപ്പിച്ച ചെറുപയർ തോരൻ റെഡി.
അറിയേണ്ട കാര്യങ്ങൾ
മുളപ്പിക്കുമ്പോൾ ചെറുപയറിന്റെ പോഷകഗുണങ്ങൾ വർധിക്കുന്നു. ഇത് ദഹിക്കാൻ എളുപ്പമാണ്. ഇങ്ങനെ കഴിക്കുമ്പോൾ പോഷകങ്ങളുടെ ജൈവ ലഭ്യത വർദ്ധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ടാനിൻ, ഫൈറ്റേറ്റ്സ്, ലെക്റ്റിൻസ് തുടങ്ങിയ ആൻറിന്യൂട്രിയന്റുകൾ കുറയ്ക്കുന്നു.
കൂടാതെ, സാധാരണ ചെറുപയറിനേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയായതിനാൽ, ഇത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല. അതിനാൽ പ്രമേഹരോഗികൾക്ക് വളരെ മികച്ച ഭക്ഷണമാണ് മുളപ്പിച്ച ചെറുപയർ.