കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോര പഞ്ചായത്തുകളിൽ കോടികണക്കിനു രൂപയുടെ വിളനാശമാണു സംഭവിച്ചത്. കടുത്ത ചൂടിനെ തുടർന്നു കശുവണ്ടി ഉൽപാദനത്തിലും വൻ ഇടിവ് സംഭവിച്ചു. പ്രധാന പുഴകളിലെ നീരൊഴുക്ക് നിലയ്ക്കുകയും കിണറുകൾ വറ്റിവരളുകയും ചെയ്‌തതോടെ മലയോര മേഖലയിൽ കുടിവെള്ളം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ പലരും കുഴൽക്കിണറിൽ നിന്നുള്ള വെളളമാണ് ഉപയോഗിക്കുന്നത്.
ഇതോടെ കൃഷിക്കു നനയ്ക്കാൻ പറ്റാത്ത സ്ഥിതിയായി. വിളകൾ ഉണങ്ങിനശിച്ചതോടെ അടുത്ത വർഷം മലയോരത്തു കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടാകുമെന്ന കാര്യം ഉറപ്പായി. ഇപ്പോൾ അടയ്ക്ക, കശുവണ്ടി എന്നിവയ്ക്കു മാത്രമാണു വിപണിയിൽ നിന്നു നല്ല വില ലഭിക്കുന്നത്. ആയിരക്കണക്കിനു കുമുകുകൾ ആണു മലയോരത്ത് ഉണങ്ങി നശിച്ചത്. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.