ചില്ലറക്കാരല്ല കുരുവികൾ.. തവളകളും | പ്രമോദ് മാധവൻ

ഇന്ന് ലോക കുരുവി ദിനം, ഒപ്പം തവള ദിനവും. കൃഷിയിൽ ഇവർ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്?

നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി ഓട്ടോ പിടിച്ചായാലും അവിടെ വരും എന്നാണ് കാർഷിക വിളകളിലെ കീടാബാധകളെ കുറിച്ച് പറയാനുള്ളത്.

 ആഹാര ശൃംഖലയിൽ ഒന്ന് മറ്റൊന്നിനു ആഹാരമായി മാറുകയാണ് പതിവ്. ഏറ്റവും താഴ്ന്ന തലത്തിൽ (Lower trophic level ) ഉള്ള ജീവികൾ സസ്യങ്ങളെ ആണ് ആഹരിക്കുക. ജലാശയങ്ങളിൽ അത്‌ സസ്യപ്ലവകങ്ങൾ (Phyto planktons)ആണ്. കരയിൽ,ചെറുകീടങ്ങൾ ഏതെങ്കിലും സസ്യത്തെ ആഹാരമാക്കും. ആ കീടങ്ങളെ മറ്റൊരു കീടം തന്നെയോ അല്ലെങ്കിൽ കിളികളോ തവളകളോ മറ്റ് ഇരപിടിയന്മാരോ (Predators ) ഭക്ഷണമാക്കും.

കൃഷി ഇത്രമേൽ പ്രകൃതിവിരുദ്ധമല്ലാതിരുന്ന ഒരു കാലത്ത് കൃഷിയിടങ്ങളിൽ ഈ മിത്രങ്ങൾ, കീടങ്ങൾക്കൊപ്പം തന്നെ പെറ്റുപെരുകി, ജൈവിക കീട നിയന്ത്രണം (Biological Control )സാധ്യമാക്കിയിരുന്നു. എന്നാൽ കാലാന്തരത്തിൽ വിവിധ കാരണങ്ങളാൽ (natural & anthropogenic reasons )ഇവയുടെ എണ്ണം ഭീഷണമാം വിധം കുറയാൻ തുടങ്ങി. അത്‌ ചെടികളെ കൂടുതൽ vulnerable ആക്കി.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന യുടെ പിതാവായ മാവോ സെഡോങ് ചൈന ഭരിക്കുന്ന കാലം. 'നാം മുന്നോട്ട്' (Great Leap Forward')  എന്ന മുദ്രാവാക്യമുയർത്തി ഭരണകൂടം പുതിയ കർമപദ്ധതികൾക്ക് രൂപം നൽകി. അതിൽ പ്രധാനപ്പെട്ട ഒരു നടപടിയായിരുന്നു 'ചതുർ ശത്രു ഉന്മൂലനം (Four Pest Campaign) എന്നത്.

 നാല് ശത്രുക്കൾക്കെതിരെ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.

മലേറിയ പരത്തുന്നതിനാൽ കൊതുകിനെ,

 പ്ളേഗ് പരത്തുന്നതിനാൽ എലിയെ,

 വയറിളിക്കം പരത്തുന്നതിനാൽ ഈച്ചയെ,

 ധാന്യങ്ങൾ തിന്നു മുടിക്കുന്നതിനാൽ കുരുവിയെ (sparrow )

 ഭരണകൂട മുൻകൈയ്യിൽ ജനമൊന്നാകെ തുനിഞ്ഞിറങ്ങി, മാവോ ആഗ്രഹിച്ച രീതിയിൽ നാലിനെയും മുച്ചുടും മുടിപ്പിക്കുവാൻ ആരംഭിച്ചു.

ആദ്യത്തെ മൂന്ന് ശത്രുക്കളുടെയും കാര്യത്തിൽ ആ നടപടി തെറ്റായിരുന്നില്ല എന്ന് തോന്നി. പക്ഷേ നാലാമത്തെ ശത്രു, കുരുവിയുടെ കാര്യത്തിൽ...പക്ഷേ മാവോയ്ക്ക് പിഴച്ചു. ഇത് പിൽക്കാലത്തു ലോകത്തിന് ഒരു വലിയ പാഠവുമായി.

ജനമൊന്നാകെ കുരുവികൾക്കെതിരെ പട നയിക്കാൻ തുടങ്ങി. കൂടുകൾ എല്ലാം തകർത്തു.മുട്ടകൾ എല്ലാം തല്ലിപ്പൊട്ടിച്ചു. കൂട്ടിൽ ഉള്ള കുഞ്ഞുങ്ങളെ കൊന്ന് കളഞ്ഞു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് 600ദശലക്ഷത്തോളം കുരുവികളെ കൊന്നൊടുക്കി എന്ന് ചരിത്രം പറയുന്നു.

രസകരമായ ഒരു സംഭവം ഇതിനിടയിൽ ഉണ്ടായി. ഈ പാവം കിളികളെ ഇങ്ങനെ കൊല്ലുന്നത് ചൈനീസ് തലസ്ഥാനത്തുള്ള പോളിഷ് എംബസിയ്ക്കു രസിച്ചില്ല. എംബസ്സിയുടെ കെട്ടിടത്തിൽ ചേക്കേറിയ കുരുവികളെ കൊല്ലാൻ അവർ സമ്മതിച്ചില്ല. അവരുടെ കെട്ടിടങ്ങളിൽ കയറാൻ അവർ ആരെയും അനുവദിച്ചില്ല. ജനങ്ങൾ എംബസിയ്ക്കു ചുറ്റും തടിച്ചു കൂടി ഡ്രമ്മുകൾ കൊട്ടാൻ തുടങ്ങി.രണ്ട് ദിവസം ഇത് തുടർന്നു.ഭക്ഷണവും വെള്ളവും കിട്ടാതെയും ശബ്ദപീഡനം കൊണ്ടും രണ്ട് ദിവസം കൊണ്ട് കുരുവികൾ എംബസിയ്ക്കുള്ളിൽ ചത്തു വീണു എന്നും ചരിത്രം പറയുന്നു.

മാവോയുടെ തീരുമാനം ചൈനീസ് ജനത അക്ഷരർഥത്തിൽ നടപ്പിലാക്കി.പക്ഷേ, ആന്റി ക്ലൈമാക്സ്‌ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഒരു കുരുവി ഒരു വർഷം ഏതാണ്ട് രണ്ട് കിലോ ധാന്യം ഭക്ഷിക്കുന്നു എന്നായിരുന്നു വിദഗ്ധർ മാവോയെ ധരിപ്പിച്ചിരുന്നത്. അപ്പോൾ കുരുവികളെ മുഴുവൻ കൊന്നാൽ കിട്ടുന്ന ധാന്യലാഭമാണ് അവർ കണക്കു കൂട്ടിയത്. പക്ഷേ 1960ആയപ്പോഴേയ്ക്കും കുരുവികൾ ഏതാണ്ട് വംശനാശത്തിന്റെ വക്കിലെത്തി. ഫലമോ നാട്ടിൽ മുഴുവൻ വെട്ടിക്കിളിശല്യം (Locust Menace ) കൊടുമ്പിരിക്കൊണ്ടു. കുരുവികൾ തിന്നതിനേക്കാൾ ധാന്യങ്ങൾ വെട്ടിക്കിളികൾ തിന്നാൻ തുടങ്ങി. അപ്പോഴാണ് ഇത്രയും നാൾ ഈ വെട്ടിക്കിളികളെ നിയന്ത്രിച്ചു നിർത്തിയിരുന്നത് ഈ പാവം കുരുവികളായിരുന്നു എന്ന് ചൈനക്കാർക്ക് മനസ്സിലായത്. കൂനിന്മേൽ കുരു എന്ന പോലെ 1960 ലെ വരൾച്ചയും കൂടിയായപ്പോൾ ഏതാണ്ട് നാല്പത്തഞ്ച് ദശലക്ഷം ചൈനക്കാർ ഭക്ഷണമില്ലാതെ മരിച്ചു വീണു.

അങ്ങനെ ലോകം ഒരു വലിയ പാഠം പഠിച്ചു. പ്രകൃതിയുടെ നിയമങ്ങൾ വെല്ലുവിളിക്കാൻ മനുഷ്യന് അവകാശമില്ല എന്ന വലിയ പാഠം.

ന്യൂട്ടൻ പറഞ്ഞ തത്വം. For every action, there is an equal and opposite reaction.

വാൽ കഷ്ണം :ഈ ക്ഷാമത്തിന്റെയും കുരുവി ഹത്യയുടെയും പരിണത ഫലം അനുഭവിക്കേണ്ടി വന്നത് ഇന്ത്യ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ പറയുന്നു. മാവോയുടെ തീരുമാനങ്ങളിൽ പൊതുവിൽ അസംതൃപ്തി പുകഞ്ഞപ്പോൾ അത് മാറ്റാനായി അവർ 1962ൽ ഇന്ത്യയേ ആക്രമിച്ചു എന്നും പറയപ്പെടുന്നു.

ഇത് പോലെ തന്നെയാണ് കരജീവികളുടെയും ജലജീവികളുടെയും connecting link ആയ തവളകളുടെയും കാര്യത്തിൽ സംഭവിച്ചത്.

വയലുകളിൽ മുഞ്ഞകളെയും മറ്റും ഗണ്യമായ തോതിൽ തിന്നൊടുക്കിയിരുന്നത് തവളകൾ ആയിരുന്നു. ഇത്തിരിപ്പോന്ന തുടയിലെ മാംസത്തിനായി നമ്മൾ അവറ്റകളെ കൊല്ലാക്കൊല ചെയ്തു. ഫലമോ രാസ-ജൈവ പാഷാണങ്ങൾ കൂടാതെ മുഞ്ഞകളെ നിയന്ത്രിക്കാൻ കഴിയില്ലെന്നായി.

ഏത് ജീവിക്കും ഒരു പരിസ്ഥിതിക ദൗത്യം നിറവേറ്റാനുണ്ടാകും. അതിനവരെ അനുവദിയ്ക്കുക.

എന്നാൽ അങ്ങട്...

പ്രമോദ് മാധവൻ
പടം കടം :ഗൂഗിൾ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section