(നെല്ലിന് ) ചാരമിട്ടാൽ ചട്ടിയിലും ചാണകമിട്ടാൽ പുരപ്പുറത്തും | പ്രമോദ് മാധവൻ


സസ്യ പോഷണത്തെ (Plant Nutrition ) ക്കുറിച്ചോ അവശ്യമൂലകങ്ങളെ
(Essential Plant Nutrients ) ക്കുറിച്ചോ ആധികാരിക  ആംഗലേയ ഗ്രന്ഥങ്ങൾ പ്രചാരത്തിലാകുന്നതിനും എത്രയോ മുൻപേ നെല്ലിൽ നൈട്രജന്റെയും പൊട്ടാസ്യത്തിന്റെയും കളികളെക്കുറിച്ച് നമ്മുടെ പ്രപിതാമഹന്മാർക്ക് നിശ്ചയമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു നെൽകൃഷി  പഴഞ്ചൊല്ലാണിത്.

നൈട്രജൻ എന്ന മൂലകം നെല്ലിന്റെ കായിക വളർച്ചയെയാണ്  ഉദ്ദീപിപ്പിക്കുക എന്നും അത് അളവിൽ കൂടിയാൽ, ചെടികൾ മദിച്ച്  വളർന്ന്, വൈക്കോൽ  അളവ്  കൂടുമെന്നും  (അപ്പോൾ നെൽ വിളവ് കുറയുമെന്നും )  ചാരം കൂടുതൽ ഇട്ടാൽ അതിലുള്ള പൊട്ടാസ്യത്തിന്റെ ഗുണം കൊണ്ട് നെന്മണികളുടെ എണ്ണവും തൂക്കവും  കൂടുമെന്നുമാണ്  ഈ ചൊല്ലിന്റെ പൊരുൾ.

സസ്യമൂലകങ്ങളിൽ 'King Pin 'എന്ന് പറയാവുന്ന പൊട്ടാസ്യത്തിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നു.

വൈക്കോൽ പണ്ടുകാലങ്ങളിൽ പുര മേയാൻ ഉപയോഗിച്ചിരുന്നുവല്ലോ. അതുകൊണ്ടാണ് ചാണകമിട്ടാൽ നൈട്രജൻ കൂടുതൽ കിട്ടുകയും വയ്ക്കോൽ വിളവ് കൂടുകയും ചെയ്യും എന്ന് പറഞ്ഞത്. 

പാടത്ത് ഉമിച്ചാരം വിതറുന്നത് വളരെ നല്ലതാണ്. കാരണം അതിൽ പൊട്ടാസ്യത്തോടൊപ്പം സിലിക്കൺ എന്ന മൂലകവും ഉള്ളത് കൊണ്ട് തണ്ടിന് നല്ല ബലം കിട്ടുകയും കുലവാട്ടം(Blast ) പോലെയുള്ള കുമിൾ രോഗങ്ങൾ കുറയുകയും ചെയ്യും. 

ഉമ പോലെ ഉള്ള മധ്യകാല മൂപ്പുള്ള നെല്ലിനങ്ങൾക്കു പൊതുവിൽ കൊടുക്കേണ്ട സമ്മിശ്ര വളപ്രയോഗ രീതി താഴെ കൊടുക്കുന്നു. 

ഒരു സെന്റ് സ്ഥലത്തേക്ക് കൊടുക്കേണ്ട സാധനങ്ങൾ 

കുമ്മായം /ഡോളോമൈറ്റ് -  2.25 കിലോ 

അഴുകി പൊടിഞ്ഞ ചാണകപ്പൊടി -20കിലോ 

വേപ്പിൻ പിണ്ണാക്ക് -2 കിലോ 

യൂറിയ -800ഗ്രാം (മൂന്ന് തവണ ആയി )

മസൂറിഫോസ് -900ഗ്രാം, ഒറ്റത്തവണ  (മണ്ണ് പരിശോധന പ്രകാരം ചെയ്താൽ ചിലപ്പോൾ അളവിൽ ഗണ്യമായ കുറവ് വരുത്താം.)

പൊട്ടാസ്യം -300ഗ്രാം. (മൂന്ന് തവണ ആയി )

കുമ്മായം രണ്ടു തുല്യ തവണകളായി നിലം ഒരുക്കുമ്പോഴും നട്ട് രണ്ടാഴ്ച കഴിഞ്ഞും മണ്ണിൽ ചേർക്കണം. 

പൂട്ടിയടിക്കുമ്പോൾ കുമ്മായം ചേർത്ത്,  രണ്ട് ദിവസം വെള്ളം കെട്ടി നിർത്തി പിന്നീട് മേൽമട്ട് (scum ) ഒഴുക്കി കളയണം. അപ്പോൾ മണ്ണിന്റെ പുളിപ്പ് കുറയും. ചെടികളുടെ വളാഗിരണ(Nutrient absorption ability ) ശേഷി കൂടുകയും ചെയ്യും. 

അവസാനവട്ട നിലമൊരുക്കൽ സമയത്ത് അടിസ്ഥാന വളമായി  സെന്റിന് 20 കിലോ ചാണകപ്പൊടി, 400ഗ്രാം യൂറിയ, 900ഗ്രാം മസൂറിഫോസ് /രാജ്‌ഫോസ്,150ഗ്രാം പൊട്ടാഷ്,  2 കിലോവേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കൊടുക്കാം. 

നട്ട് രണ്ടാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് കുമ്മായം മണ്ണിൽ ചേർക്കാം. 

നട്ട് നാലാഴ്ച കഴിഞ്ഞ് 200ഗ്രാം യൂറിയ, 150ഗ്രാം പൊട്ടാഷ് എന്നിവ ഒരു സെന്റിൽ ചേർക്കാം. ഈ സമയത്താണ് ചിനപ്പുകൾ (Tillers )  മലര് പൊരിയുന്നതുപോലെ പൊട്ടേണ്ടത്. 

നട്ട് ഏഴാഴ്ച കഴിഞ്ഞാൽ സെന്റിന് 200ഗ്രാം യൂറിയയും 150ഗ്രാം പൊട്ടാഷും കൊടുക്കാം. അപ്പോഴാണ് നെല്ലിന് വയറാകുന്നത്. എത്ര നെന്മണികൾ ഉണ്ടാകണം എന്നത് അപ്പോൾ തീരുമാനിക്കപ്പെടും. വൈകി ചെയ്യുന്ന വളം നെന്മണികളുടെ എണ്ണം കൂട്ടാൻ സഹായിക്കില്ല. 

ഞാറിന്റെ മൂപ്പ്, അടുത്തടുത്തുള്ള രണ്ട് നുരികൾ തമ്മിലുള്ള അകലം, ഒരു നുരിയിലെ ഞാറുകൾ (അലകുകൾ ) എന്നിവ മൂന്നും നെല്ലിന്റെ വിളവിനെ ഗണ്യമായി സ്വാധീനിക്കുന്നു.

 എത്ര ചെറുതിലേ ഞാറുകൾ പറിച്ചു നടാമോ, അത്രയും നന്ന്. അകലം കൂട്ടി നടുന്നത് കൂടുതൽ ചിനപ്പുകൾ പൊട്ടാനും കതിരുകളുടെ എണ്ണം കൂട്ടാനും പതിര് കുറയാനും അവിച്ചിൽ (Sheath blight, sheath rot ) രോഗം കുറയാനും സഹായിക്കും.

ഒരു നുരിയിൽ എത്ര കുറച്ച് ഞാറുകൾ നടുന്നോ അത്രയും  നന്ന്. അതാണ് മഡഗാസ്കറിലെ ഫ്രഞ്ച് ജെസ്യൂട്ട് പാതിരിയായ ഫാദർ ഹെൻറി ഡി ലൗലൈൻ മഡഗാസ്കർ രീതി(ഒറ്റ ഞാർ കൃഷി, System of Rice Intensification ) യിലൂടെ  നമ്മെ പഠിപ്പിച്ചത്. 

വാൽകഷ്ണം :'"നട്ട് നെല്ലുണ്ടാക്കുക, വിതച്ചു പണിതീർക്കുക" എന്നാണ് പഴമൊഴി. വിളവ് കൂടാനും കള കുറയാനും രോഗകീടങ്ങൾ കുറയാനും നടീൽ രീതി തന്നെ ഉത്തമം, ഉത്തമാ... ലതായത്, വിത രീതി അത്ര കേമമല്ല എന്ന്.. 

എന്നാൽ അങ്ങട്.... 

പ്രമോദ് മാധവൻ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section